മുഖ്യവേഷത്തിൽ ഷാജു ശ്രീധർ; 'ഫ്രെംയിസ്' മ്യൂസിക് വീഡിയോ ഒരുങ്ങുന്നു

അകകണ്ണിൽ കാലം കോറിയിട്ട ചിത്രങ്ങളെ തേടി പിന്നോട്ട് സഞ്ചരിക്കുന്ന ഒരാളുടെ ആത്മസംഘർഷങ്ങളാണ് 'ഫ്രെയിംസ്'. അവിടെ അയാളെ പലതും കാത്ത് നിൽപ്പുണ്ട്. ജീവൻ്റെ വിലയുള്ള നഷ്ടങ്ങൾ, അയാൾ നിഷേധിച്ച സൗഭാഗ്യങ്ങൾ, അങ്ങനെ പലതും..… നിമിഷങ്ങളെ ചിത്രങ്ങളാക്കി ഉള്ളിൽ സൂക്ഷിച്ച ഒരാളുടെ ഓർമ്മകളിലൂടെ കഥ പറയാൻ ഒരുങ്ങുകയാണ് 'ഫ്രെയിംസ്' എന്ന മ്യൂസിക് വീഡിയോ. ഡ്രീം സിനിമാസ് അവതരിപ്പിക്കുന്ന ഫ്രെയിംസ് സംവിധാനം ചെയ്യുന്നത് നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മഹേഷ് പാറയിലാണ്. നിജയ് ഘോഷ് നാരായണൻ്റേതാണ് കഥയും തിരക്കഥയും.
മലയാള സിനിമയിൽ വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ച ചലച്ചിത്ര താരം ഷാജു ശ്രീധറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്ന ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ്റെയും ആ യാത്ര അയാളിലുണ്ടാക്കുന്ന പഴയ കാല ഓർമ്മകളിലൂടെയുമാണ് ഫ്രെയിംസിൻ്റെ കഥ മുന്നേറുന്നത്. അയാളുടെ ജീവിതത്തിലുണ്ടാകുന്ന വൈകാരിക ബന്ധങ്ങളും നിമിഷങ്ങളുമാണ് ഓരോ ഫ്രെയിമുകളും. എട്ട് മിനിറ്റ് ദൈർഘ്യമുള്ള മ്യൂസിക് വീഡിയോയിൽ സംഗീതത്തിനൊപ്പം സംഭാഷണത്തിനും പ്രാധാന്യം നൽകുന്നു. മലയാള സിനിമയിലെ മുൻനിര താരങ്ങളും ഫ്രെയിംസിൻ്റെ ഭാഗമാകും.
പുലരിപ്പൂ പോലെ ചിരിച്ചും എന്ന ഗാനത്തിലൂടെ കേരള സംസ്ഥാന സർക്കാരിൻ്റെ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടിയ സുജേഷ് ഹരിയുടെതാണ് ഫ്രെയിംസിൻ്റെ വരികൾ. റെട്രോയുടേതാണ് സംഗീതം. മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിട്ടുള്ള പി.വി. ഷൈജാൽ ആണ് ഗാനത്തിൻ്റെ എഡിറ്റിങ്. മാരിവില്ലിൻ ഗോപുരങ്ങൾ, ഷീ ടാക്സി, മാൽഗുഡി ഡെയ്സ് എന്നീ ചിത്രങ്ങളുടെ എഡിറ്റിങ് നിർവഹിച്ചിട്ടുള്ളത് ഷൈജാലാണ്. വാങ്ക്, കുങ്ഫു മാസ്റ്റർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അർജുൻ രവിയാണ് ഛായാഗ്രാഹകൻ. നിതിൻ സൈനു മുണ്ടക്കലാണ് ആണ് വീഡിയോ നിർമ്മിക്കുന്നത്.
മഹേഷ് പാറയിൽ, നിജയ് നാരായണൻ കൂട്ടുകെട്ടിൽ നേരത്തെ പുറത്തിറങ്ങിയ ഹെൽമെയ്റ്റ് പ്രേക്ഷകരിൽ ഏറെ സ്വീകാര്യത ഉണ്ടാക്കിയ വെബ്സീരീസായിരുന്നു. ഒരു കൊലപാതകിയുടെ ജീവിതത്തെ ആധാരമാക്കി ഒരുക്കിയ ഹെൽമെയ്റ്റ് മലയാളത്തിലെ ആദ്യ വെബ്സീരിസ് എന്ന് വിശേഷിപ്പിക്കാവുന്നതാണ്. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളകളിൽ ഉൾപ്പെടെ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
അടുത്ത വർഷം മേയ് മാസത്തോടെ ഫ്രെയിംസ് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സോഷ്യൽ മീഡിയയിൽ നിന്നും വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനുൾപ്പെടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Content Highlights: 'Frames' is a music video exploring a man's inner conflicts as he revisits memories of lost opportunities and cherished moments. Directed by Mahesh Parayil, with a story by Nijay Ghosh Narayanan, it stars Shaju Sreedhar as a forest officer returning home. The video, featuring retro music and dialogues, includes lyrics by Sujesh Hari and editing by P.V. Shaijal. Set for release next May, it has received positive social media feedback.