'എൻ മുറിവെല്ലാമേ മാഞ്ഞേ നിന്നാലേ...'; ദുൽഖർ ചിത്രം 'ഐ ആം ഗെയി'മിലെ ആദ്യഗാനം പുറത്ത്

#Movies Desk
'ഐ ആം ​ഗെയിം' പോസ്റ്റർ, ​ഗാനരം​ഗത്തിൽനിന്ന്
'ഐ ആം ​ഗെയിം' പോസ്റ്റർ, ​ഗാനരം​ഗത്തിൽനിന്ന്

ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയി'മിലെ ആദ്യഗാനം പുറത്ത്. ജേക്‌സ് ബിജോയ് ഈണം നൽകിയ 'മഴവില്ലായേ' എന്ന ഗാനം ആലപിച്ചത് അർമാൻ മാലിക് ആണ്. ഷർഫു ആണ് ഗാനത്തിന്റെ വരികൾ രചിച്ചത്.

ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ഓഗസ്റ്റ് 20-ന് ഓണം റിലീസായി ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ആദ്യ കേൾവിയിൽ തന്നെ പ്രേക്ഷകരുടെ മനസ്സിലിടം പിടിക്കുന്ന ഗാനം, റിലീസ് ചെയ്ത നിമിഷം മുതൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ പുറത്തു വിട്ട ഗാനം ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ, ചിത്രത്തിന്റെ ട്രെയ്ലറിനും വമ്പൻ സ്വീകരണവും പ്രതികരണവുമാണ് പ്രേക്ഷകർ നൽകിയത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പുറത്തുവന്ന ട്രെയ്ലർ പാൻ- ഇന്ത്യൻ ശ്രദ്ധയാണ് നേടിയെടുത്തത്.

മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത തരത്തിലുള്ള സ്‌റ്റൈലിഷ് ഫാന്റസി ത്രില്ലർ ആയാവും ചിത്രം എത്തുക. ആരാധകരും സിനിമാ പ്രേമികളും ആവേശം കൊള്ളുന്ന തരത്തിൽ മെഗാ സ്‌റ്റൈലിഷ് മാസ്സ് ലുക്കിലാണ് ദുൽഖർ സൽമാനെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ 'ഐ ആം ഗെയിം' മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് എത്തുന്നത്. ചിത്രത്തിന്റെ സ്‌റ്റൈലിഷ് പോസ്റ്ററുകൾക്കും വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

ദുൽഖർ സൽമാന്റെ 40-ാം ചിത്രമാണ് 'ഐ ആം ഗെയിം'. ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിൻ, കയാദു ലോഹർ, കതിർ, പാർഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ജേക്‌സ് ബിജോയ് ഒരുക്കിയ സംഗീതവും ജിംഷി ഖാലിദിന്റെ ദൃശ്യങ്ങളും അൻപറിവ് മാസ്റ്റേഴ്‌സ് ഒരുക്കിയ ആക്ഷനും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ട്രെയ്ലർ, ഗാനം എന്നിവ നൽകുന്ന സൂചന.

മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ലോക'ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമിച്ചു പുറത്തുവരാൻ പോകുന്ന ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'. 'ആർ.ഡി.എക്‌സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഐ ആം ഗെയിം'. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ- ഇന്ത്യൻ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

ലൈൻ പ്രൊഡ്യൂസർ: ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം: ജിംഷി ഖാലിദ്, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റിങ്: ചമൻ ചാക്കോ, ആക്ഷൻ: അൻപറിവ് മാസ്റ്റേഴ്‌സ്, പ്രൊഡക്ഷൻ ഹെഡ്: സുജോയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ, ഗാനരചന: മനു മഞ്ജിത്ത്, വിനായക് ശശികുമാർ, വി.എഫ്.എക്‌സ്: തൗഫീഖ്, എഗ്വൈറ്റ്, പോസ്റ്റർ ഡിസൈൻ: ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്‌സ്: കണ്ണൻ ഗണപത്, സ്റ്റിൽസ്: എസ്.ബി.കെ, മാർക്കറ്റിങ് ഹെഡ്: വിജിത് വിശ്വനാഥൻ, പി.ആർ.ഒ: ശബരി.

Content Highlights: First song 'Mazhavillaye' from Dulquer Salmaan's 'I'm Game' released. Composed by Jakes Bejoy and sung by Armaan Malik. Directed by Nahas Hidayath and produced by Wayfarer Films. Scheduled for a worldwide pan-Indian theatrical release on August 20 as an Onam treat.