വർഷം 36 ചിത്രങ്ങൾ വരെ; 73-ാം വയസ്സിൽ വീഡിയോ ഗെയിമിനും സംഗീതം നൽകി; ഹിറ്റുകൾക്ക് പിന്നിലെ ദേവ

ചെന്നൈ: സാധാരണക്കാരായ ജനങ്ങളിലേക്ക് തമിഴ് സിനിമാ സംഗീതത്തെ കാന്തംപോലെ വലിച്ചടുപ്പിച്ച സംഗീതസംവിധായകനായിരുന്നു ദേവ. കർണാടകസംഗീതവും പാശ്ചാത്യസംഗീതവും നാടോടിസംഗീതവും ഒരു പോലെ സന്നിവേശിപ്പിച്ചതാണ് ദേവയുടെ സിനിമാഗാനങ്ങൾ ഏറെ ജനകീയമായിത്തീരാനുള്ള പ്രധാനകാരണം.
’മദ്രാസ് നാടൻ ശൈലി’യുടെ താളലയങ്ങൾ പാട്ടിൽ ലയിപ്പിച്ചതും ദേവയ്ക്ക് ഗുണംചെയ്തു. അതുവരെ കേട്ട തമിഴ് ഗാനങ്ങളിൽനിന്നു ദേവസംഗീതം വ്യത്യസ്തമായി. ഇളയരാജ ജ്വലിച്ചുനിന്ന കാലത്തു തന്നെയാണ് ദേവയും തന്റെ വരവറിയിച്ചത്. പെട്ടെന്നുതന്നെ അദ്ദേഹം വാണിജ്യസിനിമകളുടെ അനിവാര്യതയായി. രജനീകാന്തിനെപ്പോലുള്ള സൂപ്പർസ്റ്റാറുകൾ തീയേറ്ററിൽ വൻ കൈയടി നേടുമ്പോൾ അവരുടെ കഥാപാത്രങ്ങളുടെ പ്രകടനങ്ങൾക്കു മൂർച്ച കൂട്ടിയത് ദേവയുടെ പശ്ചാത്തലസംഗീതം കൂടിയായിരുന്നു.
കമൽഹാസൻ, വിജയകാന്ത്, വിജയ്, അജിത് കുമാർ, ശരത്കുമാർ തുടങ്ങി ഒട്ടേറെ അഭിനേതാക്കൾക്ക് താരപദവിയിലേക്കുള്ള ചവിട്ടുപടിയായി മാറി ദേവയുടെ സംഗീതം. രജനീകാന്തിന്റെ ’അണ്ണാമലൈ’ എന്ന സിനിമ ദേവയുടെ കരിയർഗ്രാഫ് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇതിലെ പാട്ടുകൾക്കൊപ്പം പശ്ചാത്തലസംഗീതവും വൻ ഹിറ്റായി. തീം മ്യൂസിക്കിന്റെ പുതുമയും ശ്രദ്ധിക്കപ്പെട്ടു. രജനീകാന്ത് തുടർന്നുള്ള തന്റെ സിനിമകളിലേക്ക് ദേവയുടെ പേരു നിർദേശിച്ചു. ’ബാഷ’, ’അരുണാചലം’ തുടങ്ങിയ സിനിമകളിൽ രജനിയും ദേവയും ഒരുമിച്ചു. അവയൊക്കെ സൂപ്പർ ഹിറ്റുകളുമായി.
മെലഡിയും ഫാസ്റ്റ് നമ്പറുകളും ശോകവുമൊക്കെ അളന്നു മുറിച്ച് സിനിമയിൽ ഉപയോഗിക്കാൻ ദേവയ്ക്കു പ്രത്യേക കഴിവുണ്ടായിരുന്നു. റോജയിലൂടെ എ.ആർ. റഹ്മാൻ തരംഗമുണ്ടാക്കിയ കാലത്തു തന്നെയാണ് ദേവയുടെ ’അണ്ണാമലൈ’യിലെ ഗാനങ്ങളും ഹിറ്റുകളായത്. ഒരു വർഷം 36 സിനിമകൾക്കു വരെ അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ച സമയമുണ്ടായിരുന്നു. നിർമാതാവ് കെ. ബാലചന്ദറും അദ്ദേഹത്തിന്റെ സ്ഥിരം സംഗീതസംവിധായകൻ ഇളയരാജയും തമ്മിലുണ്ടായ തെറ്റിദ്ധാരണ ദേവ എന്ന പ്രതിഭയുടെ ഉദയത്തിനു കാരണമായതായി പറയപ്പെടുന്നുണ്ട്. ഇളയരാജ സംഗീതം നിർവഹിക്കേണ്ട സിനിമയിലേക്ക് അങ്ങനെ ദേവ പകരക്കാരനായി എത്തിയതായി കഥകളുണ്ട്.
മലയാളത്തിൽ മോഹൻലാൽ ചിത്രമായ ദി പ്രിൻസ്, മമ്മൂട്ടി ചിത്രമായ ഫാന്റം, റഹ്മാൻ നായകനായ കിങ് സോളമൻ എന്നീ ചിത്രങ്ങളിൽ ദേവയുടെ മനോഹര ഗാനങ്ങൾ പുറത്തുവന്നു. ’ദി പ്രിൻസിലെ ചിത്ര പാടിയ ’ശ്യാമയാം രാധികേ...’ എന്ന ഗാനവും ഫാന്റം’ സിനിമയിലെ ’വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ...എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടു. വിജയ്യെ രസികൻ എന്ന ചിത്രത്തിലൂടെ ആദ്യമായി ഗായകനാക്കിയതും ദേവയാണ്. അണ്ണാമലൈയിലെ ’വന്തേണ്ടാ പാൽക്കാരൻ’, ’ബാഷ’യിലെ ’രാ...രാ.. രാമയ്യ...’, ആശ’യിലെ മീനമ്മാ മീനമ്മാ..’ കൊഞ്ച നാൾ പൊറു തലൈവാ, കാതൽക്കോട്ടയിലെ ’കവലപ്പെടാതെ സഹോദരാ..’ കതിരവനിലെ സലോമിയാ... എട്ടുപ്പട്ടി രാസയിലെ ’പഞ്ചുമിഠായ് ചേലകെട്ടി..’ തുടങ്ങി ദേവയുടെ ഒട്ടേറെ ഹിറ്റു ഗാനങ്ങളുണ്ട്.
1985-ൽ ചെന്നൈയിലെ തിരുവേർക്കാട് ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മലയാളി സംഗീത സംവിധായകൻ എം.എസ്. വിശ്വനാഥനാണ് അദ്ദേഹത്തിന് ’തേനിസൈ തെൻട്രൽ’ എന്ന വിശേഷണം നൽകുന്നത്. ഇതിന്റെ നന്ദിസൂചകമായി ’വൈദേഹി വന്താച്ച് ’ എന്ന തന്റെ സിനിമയിലെ ഒരു ഗാനം എം.എസ്. വിശ്വനാഥനെക്കൊണ്ട് ദേവ പാടിപ്പിച്ചു. പുതിയ തലമുറയിലെ അനിരുദ്ധ് രവിചന്ദർ ഉൾപ്പെടെയുള്ള സംഗീതസംവിധായകരോട് ദേവ അടുപ്പം പുലർത്തി. 73 വയസ്സുള്ളപ്പോൾ ’വെൻബ’ എന്ന വീഡിയോ ഗെയിമിനായി പാട്ടുകൾ ചിട്ടപ്പെടുത്തി പുതിയ കാലത്തിനൊപ്പവും സഞ്ചരിച്ചു. രണ്ടു വർഷം മുൻപ് ’ക്യാപ്റ്റൻ മില്ലർ’, ’ബോട്ട് ’ എന്നീ സിനിമകളിൽ ദേവ പാടിയിട്ടുണ്ട്.
Content Highlights: Highlights Deva's signature blend of Gaana, Folk, Carnatic, and Western music elements in Tamil cinema. Notes his major breakout with Rajinikanth starrers like Annamalai, Baasha, and Arunachalam. Mentions his songs in Malayalam movies including The Prince, Phantom, and King Solomon. Details how MS Viswanathan honored him with the title "Thenisai Thendral" in 1985. Highlights his continued relevance, including composing for the video game Venba and recent playback singing.