ഈണവുമായി അക്ഷമനായി സലില്‍ദാ; ചെന്നൈയില്‍ വയലാറിന്റെ പൊടിപോലുമില്ല, പകരം വന്നത് ചൊവ്വല്ലൂര്‍

ചൊവ്വല്ലൂര്‍ കൃഷ്ണൻകുട്ടി യേശുദാസിനും പി. ജയചന്ദ്രനുമൊപ്പം | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്
ചൊവ്വല്ലൂര്‍ കൃഷ്ണൻകുട്ടി യേശുദാസിനും പി. ജയചന്ദ്രനുമൊപ്പം | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്

സാക്ഷാല്‍ വയലാര്‍ രാമവര്‍മ്മയാണ് തന്നെ സിനിമാപ്പാട്ടെഴുത്തുകാരനാക്കിയതെന്നു പറയും ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി. എന്‍. ശങ്കരന്‍ നായര്‍ സംവിധാനംചെയ്ത 'തുലാവര്‍ഷ'ത്തില്‍ വയലാറിന് എഴുതാന്‍വെച്ച പാട്ട് അദ്ദേഹം സമയത്തിന് എത്തിച്ചേരാത്തതുകൊണ്ട് ചൊവ്വല്ലൂരിനെ തേടിവരികയായിരുന്നു.

'യമുനേ നീയൊഴുകൂ', 'കേളീ നളിനം വിടരുമോ' എന്നീ പാട്ടുകള്‍ എഴുതി സ്ഥലം വിട്ടതാണ് വയലാര്‍. ഒരു പാട്ട് കൂടിയുണ്ട് എഴുതിക്കിട്ടാന്‍. ഈണവുമായി ഹോട്ടല്‍ മുറിയില്‍ അക്ഷമനായി കാത്തിരിക്കുന്നു, സംഗീതസംവിധായകന്‍ സലില്‍ ചൗധരി. പാട്ടൊരുക്കി അന്നുതന്നെ മുംബൈയിലേക്ക് തിരിച്ചുപോകണം സലില്‍ദായ്ക്ക്. ചെന്നൈ നഗരം അരിച്ചുപെറുക്കിയിട്ടും വയലാറിന്റെ പൊടി പോലുമില്ല. 'ഗത്യന്തരമില്ലാതെ പടത്തിന്റെ നിര്‍മാതാവ് ശോഭന പരമേശ്വരന്‍ നായര്‍, സ്ഥലത്തുണ്ടായിരുന്ന എന്നോട് പാട്ടെഴുതാന്‍ ആവശ്യപ്പെടുന്നു. അത്യാവശ്യം ലളിതഗാനങ്ങളൊക്കെ എഴുതുന്നയാളാണ് ഞാനെന്ന് അദ്ദേഹത്തിനറിയാം. നിര്‍മാണവേളയില്‍ സദാസമയവും കൂടെ ഉണ്ടായിരുന്ന രാമു കാര്യാട്ടിന്റെ പ്രേരണ കൂടിയായപ്പോള്‍ ഒരു കൈ നോക്കിക്കളയാം എന്ന് എനിക്ക് തോന്നി. രണ്ടു പേര്‍ക്കും എന്നെ തൃശ്ശൂരില്‍വെച്ച് 1950-കളുടെ അവസാനം മുതലേ അറിയാം', ചൊവ്വല്ലൂര്‍ പറഞ്ഞു.

ഹാര്‍മോണിയത്തിന്റെ കട്ടകളില്‍ സലില്‍ദായുടെ നേര്‍ത്ത വിരലുകള്‍ ഒഴുകി അപ്രത്യക്ഷമാകുന്നത് ചെറിയൊരു ഉള്‍ക്കിടിലത്തോടെ നോക്കിയിരിക്കെ ചൊവ്വല്ലൂര്‍ സ്വയം പറഞ്ഞു: 'ഇതാ നിന്റെ പരീക്ഷണഘട്ടം. ഇവിടെ ജയിച്ചു കയറുക. ഇല്ലെങ്കില്‍ സിനിമാപ്പാട്ടെഴുത്തുകാരനാകാനുള്ള മോഹം എന്നെന്നേക്കുമായി ഉപേക്ഷിച്ചു നാട്ടിലേക്ക് വണ്ടി കയറിക്കൊള്‍ക'.

ആദ്യമായി സിനിമക്ക് ഗാനമെഴുതുകയാണ്; അതും സലില്‍ ചൗധരിയെ പോലുള്ള ഒരു ജീനിയസ്സിന്റെ ഈണത്തിനൊത്ത്. ശൈലേന്ദ്രയും മജ്രൂഹ് സുല്‍ത്താന്‍പുരിയും ജാന്‍ നിസാര്‍ അക്തറും ഖമര്‍ ജലാലാബാദിയും ഇന്ദീവറും ഗുല്‍സാറും വയലാറും ഒ.എന്‍.വിയുമൊക്കെ ഇരുന്ന കസേരയില്‍ ഒടുവിലിതാ ഒരു പാവം ചൊവ്വല്ലൂര്‍ക്കാരന്‍. മൂന്നു തവണ സലില്‍ദാ ഈണം മൂളിക്കേള്‍പ്പിച്ചിട്ടും, എത്തും പിടിയും കിട്ടാതെ മിഴിച്ചിരുന്ന പാട്ടെഴുത്തുകാരന് നേര്‍ക്ക് രാമു കാര്യാട്ട് ഒരു നോട്ടുബുക്കും പെന്‍സിലും നീട്ടുന്നു: 'വാര്യരുട്ടീ, പേടിക്കേണ്ട. ഈശ്വരന്മാരെ മുഴുവന്‍ ധ്യാനിച്ച് അപ്പുറത്തെ മുറിയില്‍ പോയിരുന്ന് എഴുതിക്കോളൂ'.

അടുത്ത മുറിയുടെ ഏകാന്തതയില്‍, ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞ കടലാസുതുണ്ടുകള്‍ക്കിടയില്‍ ഇരുന്നു വാക്കുകള്‍ക്കു വേണ്ടി പരതവേ മനസ്സില്‍ വന്നു നിറഞ്ഞത് രാഘവന്‍ മാഷിന്റെ രൂപമാണെന്നോര്‍ക്കുന്നു ചൊവ്വല്ലൂര്‍; ലളിതഗാന രചനയില്‍ തന്നെ `പിച്ചവച്ചു നടത്തിയ' സംഗീത സംവിധായകന്‍. ആകാശവാണിക്കാലത്തൊരിക്കല്‍ ലളിതസംഗീതപാഠത്തിനുവേണ്ടി ഒരു പാട്ടെഴുതിത്തരാന്‍ മാഷ് അപ്രതീക്ഷിതമായി ആവശ്യപ്പെട്ടപ്പോള്‍ സര്‍ഗഭാവനയുടെ ഒരു സാഗരം തന്നെ കടലാസിലേക്ക് ഒഴുക്കിവിടുകയായിരുന്നു താന്‍. എഴുതിക്കൊണ്ടുകൊടുത്ത കടലാസിലേക്കും രചയിതാവിന്റെ മുഖത്തേക്കും മാറിമാറി നോക്കി മാഷ് പറഞ്ഞു: 'ഇതെന്താ മഹാകാവ്യമോ? പാട്ടല്ലേ തന്നോട് എഴുതാന്‍ പറഞ്ഞത്?'.

ശരിയാണ്. 24 വരിയുണ്ടായിരുന്നു ചൊവ്വല്ലൂര്‍ എഴുതിയ പാട്ടിന്. മാഷ് നിര്‍ദയം മഹാകാവ്യത്തിന്റെ പകുതിക്കുവെച്ച് വെട്ടി. എന്നിട്ട് പറഞ്ഞു: 'ഇതിത്ര മതി.' പല്ലവി, അനുപല്ലവി, ചരണം എന്നിങ്ങനെയുള്ള ചിട്ടവട്ടങ്ങള്‍ ലളിതഗാനത്തിനുണ്ടെന്നു മനസ്സിലായത് അന്നാണ്. അതിനുശേഷം ആ മേഖലയില്‍ പിന്നോട്ട് പോയിട്ടില്ല. പക്ഷേ, ഈണത്തിന്റെ സ്‌കെയിലില്‍ പാട്ട് എഴുതുക- അതത്ര എളുപ്പമുള്ള ഇടപാടല്ലെന്നു തിരിച്ചറിഞ്ഞത് ചെന്നൈ പാംഗ്രൂവ് ഹോട്ടലിലെ മുറിയില്‍ ഒറ്റക്കിരുന്നു സലില്‍ദായുടെ ഈണവുമായി മല്ലിടേണ്ടിവന്നപ്പോഴാണ്. ഏതായാലും ഏറ്റു പോയില്ലേ? ഇനി കീഴടങ്ങിക്കൂടാ.

ഏകാന്തധ്യാനത്തിന്റെ ഏതോ ഘട്ടത്തില്‍ `സ്വപ്‌നാടനം' എന്നൊരു വാക്ക് വീണു കിട്ടുന്നു കവിക്ക്. തലേന്നത്തെ സൊറ പറച്ചിലിനിടയില്‍ മനസ്സില്‍ തങ്ങിയ പദമാണ്. 'ദൈവാനുഗ്രഹത്താല്‍ അടുത്ത വാക്കുകളും പിന്നാലെ വന്നു', ചൊവ്വല്ലൂര്‍ ഓര്‍ക്കുന്നു:

'സ്വപ്‌നാടനം ഞാന്‍ തുടരുന്നു,
എന്റെ സ്വപ്‌നാടനം ഞാന്‍ തുടരുന്നു,
വിട തന്നാലും വിട തന്നാലും
എന്റെ വിരഹ ദുഃഖസ്മരണകളേ
'

പല്ലവി പാടിക്കേള്‍പ്പിച്ചപ്പോള്‍ സലില്‍ദായുടെ പ്രതികരണം ഓര്‍മ്മയുണ്ട്: 'അപ്പോള്‍ ആദ്യമായി പാട്ടെഴുതുകയാണ് എന്ന് പറഞ്ഞത് വെറുതെയാണ്, അല്ലേ?'. എന്ത് മറുപടി പറയണം എന്നറിയാതെ നിന്നപ്പോള്‍ കാര്യാട്ട് പുറത്തുതട്ടി പറഞ്ഞു: 'പോരെ? തനിക്ക് ഇതിലും വലിയ ഒരു അവാര്‍ഡ് വേണോ?'.

അടുത്ത വരികളും മോശമായിരുന്നില്ല. ഈണത്തിന്റെ ചട്ടക്കൂടില്‍ കൃത്യമായി ഒതുങ്ങിനിന്ന ഭാവന.

'വിടരും മുന്‍പേ കൊഴിയുന്നൂ രാഗം
വിരല്‍ തൊടും മുന്‍പേ വിതുമ്പുന്നൂ
അടുക്കും മുന്‍പേ അകലുന്നൂ മോഹം
ഉണരും മുന്‍പേ മരിക്കുന്നു എന്നില്‍
ഉണരും മുന്‍പേ മരിക്കുന്നു

തനിച്ചിരിക്കുമ്പോള്‍ മിഴി പൊത്തുന്നൂ
തിരിഞ്ഞു നോക്കുമ്പോള്‍ മറയുന്നൂ
എങ്കിലുമൊരുനോക്കു കാണാന്‍ കൊതിച്ചെന്റെ
സങ്കല്പനടനം തുടരുന്നു എന്റെ
മൗനസംഗീതം തുടരുന്നു
'

'തുലാവര്‍ഷത്തിലൂടെ' (1976) അങ്ങനെ മലയാള സിനിമക്ക് പുതിയൊരു ഗാനരചയിതാവിനെ ലഭിക്കുന്നു. ജാനകി പാടിയ ആ ഗാനം വയലാര്‍ രാമവര്‍മ്മ എഴുതിയതാണെന്ന് വിശ്വസിക്കുന്നവര്‍ ഇന്നുമുണ്ട്. പടത്തിലെ മറ്റു രണ്ടു ഹിറ്റ് പാട്ടുകള്‍ (കേളീ നളിനം, യമുനേ നീ ഒഴുകൂ) എഴുതിയത് വയലാര്‍ ആയതുകൊണ്ടാകാം. ഈ അടുത്ത കാലം വരെ എസ്. ജാനകിയും അങ്ങനെയാണ് ധരിച്ചിരുന്നതെന്ന് ചിരിയോടെ വെളിപ്പെടുത്തുന്നു ചൊവ്വല്ലൂര്‍. 'പക്ഷേ, സത്യം മനസ്സിലായതിനു തൊട്ടുപിന്നാലെ ഒരു ഗാനമേളാ വേദിയില്‍ സ്വപ്‌നാടനം ആലപിച്ചു അതിന്റെ യഥാര്‍ഥ സ്രഷ്ടാവിന് സമര്‍പ്പിക്കാനുള്ള സന്മനസ്സ് അവര്‍ കാണിച്ചു'.

വൈകിയാണ് വെളിച്ചം കണ്ടതെങ്കിലും സാമ്പത്തികമായി ഭേദപ്പെട്ട വിജയം നേടിയ സിനിമയായിരുന്നു 'തുലാവര്‍ഷം'. അന്ന് താരതമ്യേന പുതുമുഖമായിരുന്ന ശ്രീദേവിയാണ് ചൊവ്വല്ലൂരിന്റെ ആദ്യഗാനതിനൊത്തുചുണ്ടനക്കിയത് എന്നത് മറ്റൊരു പ്രത്യേകത. അതേസിനിമയില്‍ പി. ഭാസ്‌കരന്‍- ദക്ഷിണാമൂര്‍ത്തി കൂട്ടുകെട്ടിന്റെ രണ്ടു പാട്ടുകള്‍ കൂടിയുണ്ടായിരുന്നു. തുലാവര്‍ഷത്തിന് പിന്നാലെ കുറച്ചു ചിത്രങ്ങള്‍ക്ക് കൂടി പാട്ടെഴുതി. 'കലോപാസന'യില്‍ ജയചന്ദ്രന്‍ പാടിയ ഉഷമലരികളുടെ നടുവില്‍ (സംഗീതം: ആഹ്വാന്‍ സെബാസ്റ്റ്യന്‍) ഇറങ്ങിയ കാലത്ത് ശ്രദ്ധിക്കപ്പെട്ട പാട്ടായിരുന്നു. രഘുകുമാര്‍ (നദി മുതല്‍ നദി വരെ), ജെറി അമല്‍ദേവ് (ആന), എം.ബി. ശ്രീനിവാസന്‍ (പഞ്ചവടിപ്പാലം), രവീന്ദ്രന്‍ (ചൈതന്യം), എ.ടി. ഉമ്മര്‍ (അഷ്ടബന്ധം) എന്നിവരും ചൊവ്വല്ലൂരിനൊപ്പം സംഗീതസൃഷ്ടിയില്‍ പങ്കാളികളായവരാണ്.

പക്ഷേ, ജനപ്രീതിയില്‍ ഈ സിനിമാപ്പാട്ടുകളെ പോലും അതിശയിക്കുന്നവയാണ് ചൊവ്വല്ലൂരിന്റെ ഭക്തിഗാനങ്ങള്‍ എന്നതാണ് സത്യം. 'തുളസീതീര്‍ഥം' എന്ന തരംഗിണി ആല്‍ബത്തിന് വേണ്ടി ടി.എസ്. രാധാകൃഷ്ണന്‍ ഈണമിട്ടു യേശുദാസ് പാടി അവിസ്മരണീയമാക്കിയ 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം', 'അമ്പലപ്പുഴയിലെന്‍ മനസ്സോടിക്കളിക്കുന്നു', 'മൂകാംബികേ ദേവി ജഗദംബികെ', 'അഷ്ടമിരോഹിണി നാളിലെന്‍ മനസ്സൊരു' തുടങ്ങിയ ഗാനങ്ങള്‍ ചൊവ്വല്ലൂര്‍ എഴുതിയതാണെന്ന് അറിയുന്നവര്‍ ചുരുങ്ങും.

'മൂവായിരത്തില്‍ അധികം ഭക്തിഗാനങ്ങള്‍ എഴുതി. പലതിലും എന്റെ ആത്മാംശമുണ്ടായിരുന്നു. 'ഒരു കൃഷ്ണ തുളസീദളമായ് ഞാന്‍ ഒരു ദിനം' എന്ന പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ മൈക്കിനു മുന്നില്‍ നില്‍ക്കെ ഗായകന്‍ ജയചന്ദ്രന്‍ കരച്ചിലടക്കാന്‍ പ്രയാസപ്പെട്ടത് ഓര്‍മയുണ്ട്. ആ വരികള്‍ അദ്ദേഹത്തെ അത്രയേറെ സ്പര്‍ശിച്ചുവത്രേ. അതുപോലെ ചിത്രയ്ക്ക് ഏറെ പ്രിയമുള്ള പാട്ടാണ് 'ഗുരുവായൂര്‍ ഓമന കണ്ണന്‍'. തിരക്കഥാകൃത്ത് (ശ്രീരാഗം), സംഭാഷണ രചയിതാവ് (സര്‍ഗം) എന്നീ നിലകളിലും സിനിമയുമായി ബന്ധപ്പെട്ടിട്ടുള്ള ചൊവ്വല്ലൂര്‍ പറഞ്ഞു.

2022 ജൂണ്‍ 26 നായിരുന്നു ചൊവ്വല്ലൂരിന്റെ വിയോഗം.

Content Highlights: Discover ChowalloorKrishnaankutty`s debut Malayalam film song for composer Salil Chowdhury. A story of urgency, inspiration, and carving a niche beyond Vayalar`s legacy