ഭർത്താവിനാൽ ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ മാനസികാവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

ആഘോഷ് വൈഷ്ണവം സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച ഭാഗാ 2 എന്ന സംഗീത ആൽബം വലിയ ചർച്ചയാവുകയാണ്. ഇന്ത്യൻ നിയമവ്യവസ്ഥയിൽ ശിക്ഷയില്ലാത്ത, പലപ്പോഴും സമൂഹം ചർച്ചചെയ്യാൻ ധൈര്യം കാണിക്കാത്ത മാരിറ്റൽ റേപ്പ് എന്ന പൊള്ളുന്ന വിഷയമാണ് ഭാഗാ 2 മുന്നോട്ട് വയ്ക്കുന്നത്. വിവാഹം എന്നത് സ്ത്രീയുടെ മേൽ പുരുഷന് ആധിപത്യം തീര്‍ക്കാനുള്ളതല്ല എന്നും സ്ത്രീയുടെ സമ്മതം ഇല്ലാതെ വിവാഹത്തിന് ശേഷവും അവളുടെ ശരീരത്തിൽ തൊടാനുള്ള അവകാശം പുരുഷനില്ല എന്നും ഓർമിപ്പിക്കുന്നു ഈ ആൽബം.
ഗൃഹലക്ഷ്മി മിസിസ് കേരള 2019 ഫെെനലിസ്റ്റായ കൃഷ്ണേന്ദു അനൂപാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്ത്രീയുടെ വികാരങ്ങളെയും സ്വപ്നങ്ങളെയും അവർ നേരിടുന്ന അതിക്രമങ്ങളെയും സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നത് തന്നെ സംബന്ധിച്ച് വലിയ ഭാഗ്യമായി തോന്നുന്നുവെന്നും കൃഷ്ണേന്ദു പറയുന്നു.
"മാരിറ്റൽ റേപ്പും ഗാർഹിക പീഡനവുമെല്ലാം ഇന്നും ആളുകൾ ചർച്ച ചെയ്യാൻ മടിക്കുന്ന ഒരു വിഷയമാണ്. ഈ വിഷയത്തിൽ പ്രതികരിക്കുന്നവർ വിരളവും. ഏതെങ്കിലും ഒരു പെൺകുട്ടി ഗാർഹിക പീഡനത്തിൽ കൊല്ലപ്പെട്ടാൽ സമൂഹത്തിൽ വലിയ രോഷമുണ്ടാകും. എന്നാൽ അത് പതിയെ തണുക്കും. പിന്നെയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. സംവിധായകൻ ആഘോഷ് വൈഷ്ണവം സാർ ഭാഗാ സംസാരിക്കുന്ന വിഷയത്തെക്കുറിച്ച് പറഞ്ഞു തന്നപ്പോൾ അത് ചെയ്യണമെന്ന് എനിക്ക് തോന്നാനുണ്ടായ കാരണവും ഇവ തന്നെ. ഭാഗാ സീരീസിലെ രണ്ടാമത്തെ ആൽബമാണ്. ആദ്യത്തേതിലും കാലികപ്രസക്തിയുള്ള വിഷയമാണ് ചർച്ച ചെയ്യുന്നത്.
"എനിക്ക് അഭിനയിക്കാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഗൃഹലക്ഷ്മി മിസിസ് കേരളയിൽ എത്തുന്നതുവരെ കുറച്ച് ഉൾവലിഞ്ഞ പ്രകൃതക്കാരിയായിരുന്നു ഞാൻ. എന്നാൽ അവിടെ ഗ്രൂമിങ് സമയത്ത് ലഭിച്ച പരിശീലനം എന്നിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ഫോട്ടോഷൂട്ടുകൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. ഇത്രയും പക്വതയുള്ള ഒരു വേഷം എന്നെക്കൊണ്ടു ചെയ്യാൻ സാധിക്കുമോ എന്ന സംശയവും ഉണ്ടായിരുന്നു. എന്നാൽ ആഘോഷ് വൈഷ്ണവം സാർ നൽകിയ പിന്തുണ നൽകിയപ്പോൾ എനിക്ക് വലിയ ആത്മവിശ്വാസം തോന്നി. മാതാപിതാക്കളോടും ഭർത്താവിനോടും ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ അവരും എനിക്കൊപ്പം നിന്നു. അങ്ങനെയാണ് ഞാൻ ഭാഗയുടെ ഭാഗമാകുന്നത്. സമൂഹം ചർച്ച ചെയ്യേണ്ട വിഷയമാണ്. സംവിധായകന്റെ മികവ് തന്നെയാണ് ഭാഗയെ വേറിട്ട് നിർത്തുന്നത്. അതുപോലെ ബാച്ചിലർ പാർട്ടി, കൊഹിനൂർ, കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ രാഹുൽരാജിന്റെ സംഗീതവും എടുത്തു പറയേണ്ടതാണ്"- കൃഷ്ണേന്ദു കൂട്ടിച്ചേർത്തു.
സംവിധായകൻ തന്നെയാണ് ഭാഗാ 2 വിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മനോജ് ഗ്രീൻവുഡ്‌സ് എന്ന കലാസംവിധായകന്റെ മികവും എടുത്തു പറയേണ്ടതാണ്. ചമയം രേഷ്മ സുരേഷ് ശങ്കരത്തും എഡിറ്റിങ് ജീവൻ ശങ്കറും ആണ് നിർവഹിച്ചിരിന്നു. സഹസംവിധായകൻ- ഗോവിന്ദ് എസ്.കെ, ഛായാഗ്രഹണ സഹായികൾ- ആദിൽ ഹൈദ്രോസ്, കൃഷ്ണകുമാർ, നിശ്ചലഛായാഗ്രാഹകൻ- ജിതേഷ് കടക്കൽ എന്നിവരും ഭാഗയുടെ ഭാഗമായിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ വളരെയധികം പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിലും എല്ലാ വിധ മുൻകരുതലുകളും സർക്കാരിന്റെ നിബന്ധനകളും മാനിച്ചാണ് ഷൂട്ട് പൂർത്തിയാക്കിയിട്ടുള്ളത്. കേവലം ഒരു ദിവസം മാത്രം കൊണ്ട് വളരെ കുറഞ്ഞ ചിലവിൽ ആറ് പേർ മാത്രമുള്ള സംഘമാണ് ക്യാമറയുടെ മുന്നിലും പിന്നിലമായി പ്രവർത്തിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും മറ്റും ശ്രദ്ധ നേടിയ ഭാഗാ സീരിസിന്റെ അടുത്ത പതിപ്പ് ഉടൻ പ്രേക്ഷകരിലേക്കെത്തും.
Content Highlights: Bhaaga 2 a powerful video against marital rape Rahul Raj, Aghosh Vyshnavam, Krishnendu Anoop
Content Highlights: