നിവിൻ പോളിക്കായി എം.ജി ശ്രീകുമാറിന്റെ ശബ്ദം; ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മാന്ത്രികം പുറത്തിറങ്ങി

#Movies Desk
'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ മാന്ത്രികം ലിറിക്കല്‍ വീഡിയോയില്‍നിന്ന്‌ | Photo: Screen grab/ YouTube: BHAVANA STUDIOS
'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ മാന്ത്രികം ലിറിക്കല്‍ വീഡിയോയില്‍നിന്ന്‌ | Photo: Screen grab/ YouTube: BHAVANA STUDIOS

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന 'ബെത്ലഹേം കുടുംബ യൂണിറ്റ്' സിനിമയിലെ ആദ്യ ഗാനം പുറത്ത്. എം.ജി. ശ്രീകുമാറിന്റെ ശബ്ദത്തിൽ എത്തിയിരിക്കുന്ന 'മാന്ത്രികം' എന്ന ഗാനം ഒരുക്കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. വിനായക് ശശികുമാറിന്റേതാണ് വരികൾ. ഓണം റിലീസായി ചിത്രം ഓഗസ്റ്റ് 21-ന് തിയേറ്ററുകളിലെത്തും.

റോം- കോം ജോണറിൽ എത്തുന്ന ചിത്രം ഇക്കുറി ഓണത്തിന് തിയേറ്ററുകളിൽ ചിരിയുത്സവം തന്നെ തീർക്കുമെന്നാണ് കരുതപ്പെടുന്നത്. ഒട്ടേറെ നർമ്മ മുഹൂർത്തങ്ങളും പ്രണയനിമിഷങ്ങളുമൊക്കെയായാണ് ചിത്രം എത്തുന്നത് എന്നാണ് ഗാനത്തിൽ നിന്ന് അറിയാനാകുന്നത്.

ഏതാനും നാളുകൾ കൊണ്ടുതന്നെ ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ.ഡിയാണ് സിനിമയുടെ സംവിധായകൻ. 'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർഹിറ്റ് സിനിമളിലൂടെയാണ് ഗിരീഷ് എ.ഡി. ശ്രദ്ധനേടിയത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോൾ പ്രേക്ഷകരും മികച്ചൊരു സിനിമ തന്നെയാണ് കാത്തിരിക്കുന്നത്.

ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രമാണിത്. സൂപ്പർഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് രചന.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുള്ളത്.

ഛായാഗ്രഹണം: അജ്മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: ജംഷീർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർഥൻ, വി.എഫ്.എക്‌സ്: എഗ് വൈറ്റ് വിഎഫ്എക്‌സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്‌സ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.

Content Highlights: First song 'Manthrikam' from Bethlehem Kudumba Unit released. Sung by MG Sreekumar, composed by Vishnu Vijay. Directorial venture by Girish AD after Premalu. Theatrical release scheduled for Onam, August 21. Produced by Bhavana Studios