പ്രിയഗായിക മടങ്ങി; അനുശോചിച്ച് ചലച്ചിത്ര മേഖല, അന്ത്യകർമങ്ങൾ വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ

മുംബൈ: സംഗീതാസ്വാദകരെ കണ്ണീരണിയിച്ചുകൊണ്ടാണ് ഞായറാഴ്ച ആശാ ഭോസ്‌ലെയുടെ മരണവാർത്ത എത്തിയത്. അവർ ചികിത്സയിലായിരുന്ന ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഡോ. പ്രതീത് സമ്ദാനിയാണ് വാർത്ത ആദ്യമറിയിച്ചത്. ‘‘ആശാ ഭോസ്‌ലെ അന്തരിച്ചുവെന്നത് ദുഃഖകരമായ വാർത്തയാണ്. ഒന്നിലധികം അവയവങ്ങളുടെ പരാജയം കാരണമാണ് അവർ മരിച്ചത്’’-അദ്ദേഹം പറഞ്ഞു.
പിന്നീട് അവിടെ എത്തിയ മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി ആശിഷ് ഷെലാറും ആശുപത്രിക്ക് പുറത്തെത്തി മരണവാർത്ത അറിയിച്ചു. തുടർന്ന്, ആശയുടെ മകൻ ആനന്ദ് വാർത്ത സ്ഥിരീകരിക്കുകയും അന്തിമോപചാരം അർപ്പിക്കുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെക്കുകയും ചെയ്തു. ‘‘എന്റെ അമ്മ ആശാ ഭോസ്‌ലെ അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് വസതിയിൽ അന്തിമോപചാരം അർപ്പിക്കാം. വൈകുന്നേരം നാലു മണിക്ക് ദാദറിലെ ശിവജി പാർക്കിൽ അന്ത്യകർമങ്ങൾ നടക്കും’’ -അദ്ദേഹം പറഞ്ഞു. പ്രിയഗായികയുടെ വിയോഗവാർത്തയറിഞ്ഞ് ബ്രീച്ച് കാൻഡി ആശുപത്രി പരിസരത്ത് ഒട്ടേറെപ്പേർ എത്തിയിരുന്നു.
പിന്നീട്, പ്രധാനമന്ത്രി നരേന്ദ്രമോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഉൾപ്പെടെ വലിയ നേതാക്കളുടെ അനുശോചന സന്ദേശമെത്തി. വിയോഗ വാർത്ത ഹൃദയഭേദകമാണെന്ന് മുതിർന്ന ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി എക്‌സ് പോസ്റ്റിൽ പറഞ്ഞു. മുംബൈയിൽ തന്റെ 61-ാം ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഒരു ഗാനം നൽകി അനുഗ്രഹിക്കുകയും ചെയ്ത അവരുമായി തനിക്ക് കുടുംബബന്ധമുണ്ടെന്ന് ഗഡ്കരി പറഞ്ഞു.
മഹാരാഷ്ട്ര ഗവർണർ ജിഷ്ണു ദേവ് വർമയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ഗായികയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. ‘‘ഞങ്ങൾ ലോക റേഡിയോദിന പരിപാടിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു. അവിടെവെച്ച് ഞാൻ ‘അഭി നാ ജാഓ ഛോഡ്കർ’ പാടണമെന്ന് അവർ നിർബന്ധിച്ചു. എന്നിട്ട് ‘നോക്കൂ, ഞാൻ മുഖ്യമന്ത്രിയെ പാടിപ്പിച്ചു’ എന്ന് പുഞ്ചിരിയോടെ പറഞ്ഞു.
അവരുടെ സാന്നിധ്യം ഇനി നമുക്കിടയിൽ ഉണ്ടാകില്ലെന്ന് വിശ്വസിക്കാൻ പ്രയാസമാണ്’’ -ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും പ്രഗല്ഭ പിന്നണിഗായകരിൽ ഒരാളായിരുന്നു ആശാ ഭോസ്‌ലെയെന്ന് ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. തലമുറകളെ വിസ്മയിപ്പിച്ച ദിവ്യശബ്ദം നിശ്ശബ്ദമായെന്ന് ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ പറഞ്ഞു. ‘ഗാനങ്ങളുടെ ചക്രവർത്തിനി’ ചരിത്രത്തിലേക്ക് കടന്നുപോയി എന്ന് ഉപമുഖ്യമന്ത്രി സുനേത്ര പവാർ അനുസ്മരിച്ചു.
അനുശോചിച്ച് ചലച്ചിത്ര മേഖല
മുംബൈ: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. അഭിനേതാക്കളായ ഹേമമാലിനി, അക്ഷയ് കുമാർ, ജൂനിയർ എൻ.ടി.ആർ., വിക്കി, സംവിധായകൻ കരൺ ജോഹർ എന്നിവരുൾപ്പെടെയുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ അന്തരിച്ച ഗായികയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു.
ഭോസ്‌ലെയുമായി ആഴത്തിലുള്ള വൈകാരിക ബന്ധം പുലർത്തിയിരുന്നെന്നും അവർ മരിച്ചെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും ഹേമമാലിനി പറഞ്ഞു. ‘‘അതുല്യമായ ശബ്ദവും ശൈലിയുംകൊണ്ട് അവർ എന്റെ പല ഗാനങ്ങളും ജനപ്രിയമാക്കിയിട്ടുണ്ട്. ചലച്ചിത്രമേഖലയിൽ എന്റെ വളർച്ചയ്ക്ക് സംഭാവന നൽകിയ ലതാജിയുമായും ആശാജിയുമായും എനിക്ക് വളരെ സവിശേഷമായ ബന്ധമുണ്ടായിരുന്നു’’- ഹേമമാലിനി പറഞ്ഞു.
അവരുടെ മരണത്തെ ‘ഇതിഹാസത്തിന്റെ നഷ്ടം’ എന്ന് വിശേഷിപ്പിച്ച കരൺ ജോഹർ, ഭോസ്‌ലെയുടെ ശബ്ദം മറ്റാരെക്കാളും വ്യത്യസ്തമാണെന്ന് പറഞ്ഞു. ‘‘നിങ്ങളുടെ സംഗീതം എന്നെന്നേക്കുമായി നിലനിൽക്കും, നിങ്ങൾ അവശേഷിപ്പിച്ച മാന്ത്രികത അനുഭവിക്കാൻ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്’’ -അദ്ദേഹം പറഞ്ഞു.
ഇതിഹാസ ഗായിക ശബ്ദംനൽകിയ ഒട്ടേറെ വനിതാ താരങ്ങളിൽ ഒരാളായ നടി കാജോൾ, തന്റെ 19-ാം വയസ്സിൽ ആശാ ഭോസ്‌ലെ ഒരു ഗാനം റെക്കോഡ് ചെയ്യുന്നത് കണ്ടതിന്റെ ഓർമ്മ പങ്കുവെച്ചു. ഒരു ഗായിക എന്ന നിലയിലും ഒരു വ്യക്തിത്വം എന്ന നിലയിലും ഒരു മനുഷ്യൻ എന്ന നിലയിലും അവരുടെ ജീവിതത്തോടുള്ള സ്‌നേഹം, ഭക്ഷണം, നർമബോധം എന്നിവയെല്ലാം ഇഷ്ടപ്പെട്ടുവെന്ന് കാജോൾ പറഞ്ഞു.
പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയുടെ ഹൃദയമിടിപ്പാണ് അവരുടെ മാന്ത്രികശബ്ദമെന്ന് ജൂനിയർ എൻ.ടി.ആർ. പറഞ്ഞു. തലമുറകളായി നിലനിൽക്കുന്ന ഒരു പാരമ്പര്യം അവർ അവശേഷിപ്പിക്കുന്നു. അത് എല്ലായ്‌പ്പോഴും ബഹുമാനത്തോടും സ്‌നേഹത്തോടുംകൂടി ഓർമ്മിക്കപ്പെടും. അവരുടെ കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്ത്യകർമങ്ങൾ ഇന്ന് ഔദ്യോഗിക ബഹുമതികളോടെ
മുംബൈ: ആശാ ഭോസ്‌ലെയുടെ അന്ത്യകർമങ്ങൾ തിങ്കളാഴ്ച വൈകുന്നേരം നാലിന് ദാദറിലെ ശിവാജിപാർക്കിൽ നടക്കുമെന്ന് മകൻ ആനന്ദ് ഭോസ്‌ലെ അറിയിച്ചു. രാവിലെ 11-ന് ലോവർ പരേലിലെ കാസ ഗ്രാൻഡിൽ അന്തിമോപചാരം അർപ്പിക്കാനാവും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. ആശയുടെ സഹോദരി ലതാ മങ്കേഷ്‌കറിന്റെ സംസ്കാരവും ദാദറിലെ ശിവാജി പാർക്കിലായിരുന്നു.
250 കോടിയുടെ സാമ്രാജ്യം
മുംബൈ: അന്തരിച്ച വിഖ്യാതഗായിക ആശാ ഭോസ്‌ലെയുടെ ആസ്തി 200-250 കോടി രൂപയാണെന്ന് സാമ്പത്തികവിദഗ്ധർ. 12,000-ത്തിലേറെ ഗാനങ്ങൾ റെക്കോഡ്ചെയ്ത, സംഗീതവ്യവസായത്തിലെ ദീർഘവും സമൃദ്ധവുമായ യാത്രയാണ് അവരുടെ വരുമാനത്തെ രൂപപ്പെടുത്തിയത്. ആലാപനജീവിതത്തിനുപുറമേ, ‘ആശാസ്’ എന്നപേരിൽ ഒരു അന്താരാഷ്ട്ര റസ്റ്ററന്റ് ശൃംഖല അവർ നടത്തുന്നുണ്ട്. 2002-ൽ ദുബായിൽ സ്ഥാപിതമായ ഈ ബ്രാൻഡ് യു.എ.ഇ., കുവൈത്ത്, ബഹ്‌റൈൻ, യു.കെ. എന്നിവയുൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ വ്യാപിച്ചു. മുംബൈയിലും പുണെയിലും വിലയേറിയ താമസക്കെട്ടിടങ്ങളും അവർക്കുണ്ട്.
Content Highlights: Iconic Indian playback singer Asha Bhosle passed away due to multi-organ failure. Official state funeral scheduled at Shivaji Park, Dadar. Widespread tributes from Prime Minister Narendra Modi, political leaders, and film industry stalwarts. Bhosle leaves behind a vast legacy of over 12,000 songs and a successful global restaurant chain. Estimated net worth valued between 200-250 crore rupees