‘കുൻ ഫയാ കുൻ’ ഉൾപ്പെട്ട ചിത്രം; ‘റോക്ക്സ്റ്റാറി’ലെ ഗാനങ്ങൾ നിർമാതാവിന് ഇഷ്ടമായിരുന്നില്ലെന്ന് റഹ്മാൻ

#മൂവീസ് ഡെസ്‌ക്
'കുൻ ഫയാ കുൻ' ​ഗാനരം​ഗത്തിൽ രൺബീർ കപൂർ, എ.ആർ. റഹ്മാൻ | Photo: Screen grab/ YouTube: T-Series, PTI
'കുൻ ഫയാ കുൻ' ​ഗാനരം​ഗത്തിൽ രൺബീർ കപൂർ, എ.ആർ. റഹ്മാൻ | Photo: Screen grab/ YouTube: T-Series, PTI

2011-ൽ പുറത്തിറങ്ങിയ 'റോക്ക്സ്റ്റാർ' എന്ന ചിത്രത്തിന്റെ സംഗീതം നിർമാതാവിന് ഇഷ്ടമായിരുന്നില്ലെന്ന് വെളിപ്പെടുത്തി സംഗീതസംവിധായകൻ എ.ആർ. റഹ്‌മാൻ. സിനിമ റിലീസ് ചെയ്ത് എട്ട് മാസം കഴിഞ്ഞാണ് തനിക്ക് പ്രതിഫലം ലഭിച്ചതെന്നും റഹ്‌മാൻ പറഞ്ഞു. ഡെറാഡൂൺ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംവിധായകൻ ഇംതിയാസ് അലിക്കൊപ്പം സെഷനിൽ സംസാരിക്കവെയാണ് അറിയാക്കഥകൾ അദ്ദേഹം പങ്കുവെച്ചത്. റഹ്‌മാന്റെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന 'കുൻ ഫയാ കുൻ' ഉൾപ്പെടെ ‘റോക്ക്സ്റ്റാറി’ലെ ഗാനങ്ങൾ വൻ ശ്രദ്ധനേടിയിരുന്നു.

''റോക്ക്സ്റ്റാർ' സിനിമയ്ക്കുവേണ്ടി നിർമാതാവ് എനിക്ക് പണം നൽകിയിരുന്നില്ല. 'എനിക്ക് സംഗീതം ഇഷ്ടമായില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ കാലയളവിലത്രയും ഒപ്പമുള്ള സംഗീതജ്ഞർക്കുള്ള പ്രതിഫലവും എന്റെ യാത്രാച്ചെലവുകളും ഞാൻ തന്നെയാണ് വഹിച്ചത്. സിനിമയ്ക്ക് പ്രതിഫലം ലഭിച്ചിട്ടില്ലെന്ന കാര്യം ഞാൻ അലിയോട് പോലും പറഞ്ഞിരുന്നില്ല,' റഹ്‌മാൻ പറഞ്ഞു. ഒടുവിൽ ചിത്രം റിലീസ് ചെയ്ത് എട്ട് മാസത്തിന് ശേഷമാണ് തനിക്ക് ചെക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ കഥ പറഞ്ഞെങ്കിലും ചെയ്യാമെന്ന് റഹ്‌മാൻ ആദ്യം വാക്കുതന്നിരുന്നില്ലെന്ന് സംവിധായകൻ ഇംതിയാസ് അലി ഓർത്തെടുത്തു. പ്രൊജക്റ്റ് ഏറ്റെടുക്കാൻ മടിയുള്ളതുകൊണ്ടാണ് റഹ്‌മാൻ പ്രതികരിക്കാത്തതെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ ദർഗയിൽ ലൊക്കേഷൻ കാണാൻ പോയപ്പോഴാണ്, ദർഗയുമായി ബന്ധപ്പെട്ട ഒരു ഗാനത്തിന്റെ പണിപ്പുരയിലാണ് റഹ്‌മാൻ എന്നറിഞ്ഞത്. അവിടുത്തെ പരിചാരകനിൽനിന്നാണ് അസിസ്റ്റന്റ് ഡയറക്ടർ ഇക്കാര്യം അറിഞ്ഞത്. തുടർന്ന് റഹ്‌മാനെ വിളിച്ചപ്പോൾ, നമ്മൾ ഈ സിനിമ ചെയ്യുന്നുണ്ടെന്നും ഇതിനോടകം മൂന്ന് പാട്ടുകൾ തയ്യാറാക്കിക്കഴിഞ്ഞുവെന്നും പറഞ്ഞുവെന്നും ഇംതിയാസ് അലി ഓർത്തെടുത്തു.

'ഹൈവേ' എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചതിനെക്കുറിച്ചും ഇംതിയാസ് അലി മനസ്സുതുറന്നു. 'റോക്ക്സ്റ്റാറി'നുശേഷം സ്‌കൈപ്പിലൂടെ ബന്ധപ്പെട്ട റഹ്‌മാൻ, പുതിയ സിനിമ ചെയ്യുന്നുണ്ടോ എന്നും താൻ സംഗീതം ചെയ്യേണ്ടതുണ്ടോ എന്നും ചോദിച്ചു. ചിത്രത്തിൽ ആകെ ഒരു പാട്ട് മാത്രമേയുള്ളൂ എന്ന് താൻ മറുപടി നൽകി. 'അത് കുഴപ്പമില്ല, എന്താണ് കഥ?', എന്നായിരുന്നു റഹ്‌മാന്റെ മറുചോദ്യം. എന്നാൽ, സിനിമ പൂർത്തിയായപ്പോൾ ഒരു പാട്ട് എന്നത് 14 പാട്ടുകളായി മാറിയെന്നും, ഇപ്പോൾ 'റോക്ക്സ്റ്റാറി'നേക്കാൾ കൂടുതൽ പാട്ടുകൾ 'ഹൈവേ'യിലാണുള്ളതെന്നും ഇംതിയാസ് അലി പറഞ്ഞു.

മണിരത്‌നത്തിന്റെ 1995-ലെ ക്ലാസിക് ചിത്രമായ 'ബോംബെ'യുടെ അനുഭവവും റഹ്‌മാൻ പങ്കുവെച്ചു. പാട്ടുകളില്ലാതെ, 20 ദിവസം കൊണ്ട് ചിത്രീകരിക്കുന്ന ഒരു ഡോക്യുമെന്ററി ശൈലിയിലുള്ള സിനിമയായിരുന്നു മണിരത്‌നം ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ പിന്നീട് ചിത്രത്തിൽ അഞ്ച് ഗാനങ്ങൾ ഉൾപ്പെടുത്തുകയായിരുന്നു. അവയ്ക്ക് നിരവധി പുരസ്‌കാരങ്ങൾ ലഭിക്കുകയും ചെയ്തുവെന്നും റഹ്‌മാൻ പറഞ്ഞു. മണിരത്‌നത്തെ തന്റെ ഗുരുവെന്നാണ് റഹ്‌മാൻ പരിപാടിയിൽ വിശേഷിപ്പിച്ചത്.

Content Highlights: Speaking alongside director Imtiaz Ali at the Dehradun Literature Festival, composer A.R. Rahman revealed that the producer of the 2011 film Rockstar disliked the music and paid him eight months after the movie's release. Rahman said he covered musicians' fees and his own travel expenses during that period without telling Imtiaz Ali about the unpaid dues.