'റഹ്‌മാന്റെ പാട്ട് സ്വപ്‌നം കാണാൻപോലും കഴിയുമായിരുന്നില്ല’; ‘രാമായണ’ത്തിലെ മലയാളി സ്വരം

ജീവിതത്തിലെ ഓരോ നിർണായക ഘട്ടങ്ങളിലും വെളിച്ചമായി സാക്ഷാൽ എ.ആർ. റഹ്‌മാൻ വന്ന യാദൃച്ഛികതയുടെ കഥ പറയാനുണ്ട് ഗായിക അമൃത രാജന്. സംഗീതമാണ് തന്റെ വഴി എന്ന് തീരുമാനിച്ചെങ്കിലും സ്വയം അടയാളപ്പെടുത്താൻ അവസരം തേടി നടക്കുമ്പോഴാണ് ആദ്യമായി റഹ്‌മാൻ അമൃതയ്ക്ക് മുന്നിൽ തെളിയുന്നത്. പിന്നീടൊരിക്കൽ, പതിവുപോലെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പാട്ടുകേട്ട് റഹ്‌മാൻ അമൃതയെ ഫോളോ ചെയ്തു. അന്നുമുതൽ പലതവണ അമൃതയും പാട്ടും സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായി, ആരാധകരെ നേടി. ഇന്ന് ബ്രഹ്‌മാണ്ഡ സിനിമ 'രാമായണ'ത്തിലെ എ.ആർ. റഹ്‌മാന്റെ ഗാനത്തിന് ശബ്ദം നൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പെരുമ്പാവൂരുകാരിയായ ഈ ഗായിക. അമൃത പാടിയ ‘ജയ് ജയ് രാമ’ എന്ന ഗാനം മില്യൺ കാഴ്ചകൾ പിന്നിട്ട് തരംഗമാവുകയാണ്.
ഹിന്ദി ടെലിവിഷൻ റിയാലിറ്റി ഷോ ഇന്ത്യൻ ഐഡലിലൂടെയാണ് അമൃത ശ്രദ്ധ നേടുന്നത്. ഷോയിൽ വിധി കർത്താക്കളായിരുന്ന ശ്രേയാ ഘോഷാലിനെയും വിശാൽ ദദ്‌ലാനിയെയും ഉൾപ്പെടെ പലരെയും പല തവണ ഞെട്ടിച്ചിട്ടുണ്ട്, അവർ ‘ക്യൂൻ’ എന്ന് വിളിക്കുന്ന ഈ ഗായിക. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ബി.ഫാം ബിരുദധാരിയായ കലാകാരിയിന്ന് തന്റെ സംഗീതത്തിലൂടെ ലോകങ്ങൾ സഞ്ചരിക്കുകയാണ്. പുതിയ പാട്ടിന്റെ വിശേഷങ്ങൾ അമൃത മാതൃഭൂമി ഡോട്ട്‌കോമിനോട് പങ്കുവെക്കുന്നു.
പാട്ടിലേക്ക്
ഇന്ത്യൻ ഐഡൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന സമയത്ത് ഒരു ബംഗാളി പാട്ട് പാടിയ റീൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അത് ശ്രദ്ധയിൽപ്പെട്ട എ.ആർ. റഹ്‌മാൻ സർ എന്നെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തു. അന്നുമുതലേ സാറുമായി ബന്ധമുണ്ടായിരുന്നു. രണ്ടാഴ്ചമുമ്പ് റഹ്‌മാൻ സാറിന്റെ പിതാവ് ആർ.കെ. ശേഖറിന്റെ 50-ാം ചരമവാർഷികത്തോട് അനുബന്ധിച്ച് ചെന്നൈയിൽ നടന്ന ഗാനാഞ്ജലിയിലേക്ക് ക്ഷണം ലഭിച്ചു. ആർ.കെ. ശേഖർ സർ സംഗീതം നൽകി ശ്രീകുമാരൻ തമ്പി സാർ എഴുതി ജാനകിയമ്മയും എസ്.പി. ബാലസുബ്രഹ്‌മണ്യം സാറും പാടിയ പാട്ടുപാടാൻ എനിക്ക് അവസരം ലഭിച്ചു.
പരിപാടിക്കുശേഷം റഹ്‌മാൻ സാറിന്റെ സൗണ്ട് എൻജിനിയർ എന്നെ സമീപിച്ചു. 'ഇന്ന് തന്നെ ചെന്നൈയിൽനിന്ന് തിരിക്കുന്നുണ്ടോ', എന്ന് ചോദിച്ചു. ദുബായിൽനിന്ന് ചെന്നൈയിലെ പരിപാടിക്ക് വേണ്ടി എത്തിയതായിരുന്നു ഞാൻ. മറ്റൊരു സംഗീത പരിപാടിക്കായി അന്ന് തന്നെ എനിക്ക് ഖത്തറിലേക്ക് തിരിക്കേണ്ടിയിരുന്നു. അക്കാര്യം പറഞ്ഞപ്പോൾ, പോയി തിരിച്ചുവരൂ എന്ന് പറഞ്ഞു. കാര്യം തിരക്കിയെങ്കിലും പാട്ടിനെക്കുറിച്ചുള്ള ഒരു സൂചനയും എനിക്ക് തന്നിരുന്നില്ല.
ഖത്തറിൽനിന്ന് തിരിച്ചെത്തിയപ്പോൾ 'രാമായണ' സിനിമയുടെ ടീമിൽനിന്ന് ഒരു കോൾ വന്നു. ആദ്യമെന്നോട് ഒരു പാട്ടുണ്ടെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ, 'രാമായണ' സിനിമയിലേക്കാണെന്ന് പറഞ്ഞിരുന്നില്ല. പിന്നീട് സിനിമയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞപ്പോൾ, എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
റെക്കോർഡിങ്
റഹ്‌മാൻ സാറിന്റെ പഞ്ചതൻ സ്റ്റുഡിയോയിൽ കഴിഞ്ഞ ആഴ്ചയായിരുന്നു 'ജയ് ജയ് രാമ' പാട്ടിന്റെ റെക്കോർഡിങ്. സ്വപ്‌നതുല്യമായ നിമിഷമായിരുന്നു. സന്തോഷംകൊണ്ട് കരഞ്ഞുപോയി. സ്റ്റുഡിയോയിൽ എത്തിയപ്പോഴാണ് എനിക്ക് വരികൾ കിട്ടിയത്. വളരെ കുറച്ച് സമയംകൊണ്ടുതന്നെ പാട്ടുപഠിച്ച് റെക്കോർഡ് ചെയ്തു.
റഹ്‌മാന്റെ പാട്ട്
കുട്ടിക്കാലത്തേ റഹ്‌മാൻ സാറിന്റെ പാട്ടുകൾ കേട്ടിരുന്നു. കോളേജ് കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ഗാനങ്ങളോട് ഭ്രാന്തമായ ഇഷ്ടമുണ്ടാവുന്നത്. അക്കാലത്ത് അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ കാണുക, പാട്ടുകേട്ടുറങ്ങുക പതിവായിരുന്നു. ഒരുദിവസം അദ്ദേഹത്തെ നേരിൽ കാണുന്നതായി ഞാൻ സ്വപ്‌നം കണ്ടു. ഇക്കാര്യം അച്ഛനോട് പറഞ്ഞപ്പോൾ, 'ഏത് റഹ്‌മാൻ', എന്നായിരുന്നു സ്വാഭാവിക മറുപടി. റഹ്‌മാനെ നേരിൽ കാണുന്നത് ചിന്തിക്കുകപോലും ചെയ്യാൻ കഴിയാത്ത, സംഗീതം ചർച്ചപോലുമാവാത്ത ഒരു കുടുംബ പശ്ചാത്തലമായിരുന്നു എന്റേത്. അവിടെനിന്നാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പാട്ട് പാടാൻ അവസരം ലഭിക്കുന്നതിലേക്ക് എത്തിയത്. സ്വപ്‌നം കാണാൻ പോലും കഴിയാത്ത കാര്യത്തിന് വേണ്ടി അന്നുമുതൽ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുപാടാൻ കഴിയുക എന്നത് അന്നത്തെ അമൃതയ്ക്ക് അവിശ്വസനീയമാണ്. ആ അമൃതയിപ്പോൾ സന്തോഷംകൊണ്ട് കരയുകയാണ്.
എന്നും എന്റെ മുന്നിൽ ഒരു വെളിച്ചമായി റഹ്‌മാൻ സർ ഉണ്ടായിരുന്നു. സംഗീതമാണ് എന്റെ വഴി എന്ന് തീരുമാനിക്കുന്ന സമയത്തും അതിനുവേണ്ടി ശ്രമിക്കുമ്പോഴും എനിക്ക് ഒരുപാട് തടസ്സങ്ങളും സമ്മർദങ്ങളുമുണ്ടായിരുന്നു. ഗായിക എന്ന നിലയിൽ എനിക്ക് സ്വയം അടയാളപ്പെടുത്തേണ്ടിയിരുന്ന സമയത്താണ് റഹ്‌മാൻ സാറിന്റെ 99 സോങ്‌സ് കവർ മത്സരം വരുന്നത്. എത്രയോ ആളുകൾ പങ്കെടുത്ത മത്സരത്തിൽ റഹ്‌മാൻ സർ തിരഞ്ഞെടുത്ത ആദ്യ പത്തുപേരിൽ ഒരാളാവാൻ സാധിച്ചു.
സംഗീതം എന്റെ കരിയറായി സ്വീകരിക്കാൻ തീരുമാനിച്ച കാര്യം ഞാൻ സാറിനെ നേരിൽ കണ്ടപ്പോൾ പറഞ്ഞു. സംഗീതം ജീവിത വഴിയായി തിരഞ്ഞെടുക്കാൻ ഒരുപാട് ധൈര്യം ആവശ്യമാണെന്നും അത്തരമൊരു തീരുമാനം നിങ്ങൾ എടുത്തതിൽ സന്തോഷമുണ്ടെന്നുമായിരുന്നു സാറിന്റെ മറുപടി.
വീണ്ടും ജീവിതത്തിലെ മറ്റൊരു നിർണായക ഘട്ടത്തിലാണ് റഹ്‌മാൻ സർ എന്റെ മുന്നിലേക്ക് വരുന്നത്. ഏതു പ്രതിസന്ധിയിലും ഇഷ്ടമുള്ളത് ചെയ്യാൻ എന്റെ മനസാക്ഷി എന്നോട് പറഞ്ഞുകൊണ്ടിരുന്നു. ഇന്ത്യൻ ഐഡലിൽ പങ്കെടുക്കുന്ന സമയത്ത് വളരെ യാദൃച്ഛികമായി ഒരു ബംഗാളി ഗാനം പാടി. അത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.
ഷോയുടെ ഷൂട്ട് കഴിഞ്ഞ് എല്ലാവരും ഉറങ്ങാൻ പോയ സമയത്താണ് ആ പാട്ട് പാടുന്നത്. 12.30 വരെ ഷൂട്ട് ഉണ്ടായിരുന്നു. അതുകഴിഞ്ഞ് അർധരാത്രി എപ്പോഴോ ആണ് ഞാൻ എന്റെ യുകുലേലെ കൈയിലെടുത്ത് പാട്ടുപാടി റെക്കോർഡ് ചെയ്യുന്നത്.
മലയാളത്തിലെ 'ജയ് ജയ് രാമ'
വിനായക് ശശികുമാറിന്റെതാണ് വരികൾ. ഒരുതരത്തിലും ഡബ്ബ് ചെയ്ത പാട്ടായി തോന്നുകയേ ഇല്ല. അതാണ് പാട്ടിന്റെ ഹൈലൈറ്റ്. കേവലം മൊഴിമാറ്റം എന്നതിന് പകരം മലയാളത്തിന്റേതായ ഭാവങ്ങൾ ചേർത്താണ് പാട്ടുപാടാൻ ശ്രമിച്ചത്.
എന്നും ആരാധനയോടെ നോക്കിക്കാണുന്ന ശ്രേയാ ഘോഷാലും ചിന്മയിയുമാണ് മറ്റ് ഭാഷകളിൽ പാടിയിരിക്കുന്നത്. ഹരിചരണാണ് കൂടെപ്പാടിയിരിക്കുന്നത്. വളരെ ആസ്വദിച്ചാണ് പാട്ടുപാടിയത്.
ആർ.കെ. ശേഖർ ഗാനാഞ്ജലി
അപ്രതീക്ഷിതമായാണ് ആർ.കെ. ശേഖറിന്റെ ചരമവാർഷിക പരിപാടിയിലേക്ക് അവസരം ലഭിക്കുന്നത്. വളരെക്കുറിച്ച് ദിവസമേ തയ്യാറെടുപ്പിനായി ലഭിച്ചിരുന്നുള്ളൂ. റിഹേഴ്‌സലുകൾ ആസ്വദിച്ചു.
കാണണം എന്ന് ആഗ്രഹിച്ച ഇതിഹാസതുല്യരായ പലരെയും പരിചയപ്പെട്ടു. പരിപാടിക്കിടെ നടി അഭിരാമി അടുത്ത് വന്ന് താൻ അമൃതയുടെ ഫാൻ ആണെന്ന് പറഞ്ഞു. 'എന്റെ കുട്ടിയാണ്', എന്നായിരുന്നു സുജാതാ മാം എന്നെക്കുറിച്ച് പറഞ്ഞത്. ഞാൻ പെർഫോം ചെയ്യുന്ന രീതികൾ ഇഷ്ടമാണെന്ന് ഉണ്ണി മേനോൻ സാറും പറഞ്ഞു. സൺഷൈൻ ഓർക്കസ്ട്രയുടെ കൂടെ വേദി പങ്കിടാൻ കഴിഞ്ഞു. എന്നെ സംബന്ധിച്ച് വലിയ കാര്യമാണത്. ഒരു പാട്ട് മാത്രമേ പാടാൻ ഉണ്ടായിരുന്നുള്ളൂവെങ്കിലും അത് വലിയ അനുഭവമായിരുന്നു.
‘എന്നെക്കാൾ സന്തോഷം അവർക്ക്’
എന്നെ അറിയുന്ന പലരും അവരുടെ വ്യക്തിപരമായ നേട്ടം പോലെയാണ് എന്റെ ആദ്യ പിന്നണി ഗാനത്തെ സ്വീകരിക്കുന്നത്. ഞാൻ ആഗ്രഹിച്ചതിനെക്കാൾ ഏറെ അവർ കൊതിച്ചതുപോലെയാണ് പ്രതികരണങ്ങൾ. തെലുങ്കിലും കന്നഡയിലും ഉൾപ്പെടെ ഇനി പാട്ടുകൾ വരാനുണ്ട്.
Content Highlights: Amritha Rajan lent her voice for the song 'Jai Jai Rama' composed by AR Rahman for the movie Ramayana. Rahman noticed Amritha through an Instagram reel during her Indian Idol days and started following her. Amritha was invited to perform at AR Rahman's father R.K. Shekhar's 50th death anniversary event in Chennai. The recording for the song took place at AR Rahman's Panchathan Record Inn studio. The Malayalam lyrics for 'Jai Jai Rama' were penned by Vinayak Sasikumar, with co-singer Haricharan.