അജു വര്‍ഗീസിന്റെ പ്രണയഗാനം; 'ആമോസ് അലക്‌സാണ്ടറി'ലെ ആദ്യ വീഡിയോഗാനം പുറത്തിറങ്ങി

വീഡിയോസോങ്ങില്‍നിന്ന്‌
വീഡിയോസോങ്ങില്‍നിന്ന്‌

പൂര്‍ണമായും ഡാര്‍ക്ക് ക്രൈം ത്രില്ലര്‍ ജോണറില്‍ അജയ് ഷാജി കഥയെഴുതി സംവിധാനംചെയ്ത് മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കല്‍ നിര്‍മിച്ച 'ആമോസ് അലക്‌സാണ്ടര്‍' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'കനിമൊഴിയേ എന്നോ എന്നില്‍ നിറയഴകായ് വന്നുമെല്ലേ', എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രശാന്ത് വിശ്വനാഥ് രചിച്ച് മിനി ബോയ് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് സിനോപോളാണ്.

പ്രശസ്ത കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ഗായകനായ സിനോപോള്‍. ആകെ അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗാനരംഗത്തില്‍ അജു വര്‍ഗീസും പുതുമുഖം താരാ അമലാ ജോസഫുമാണ് അഭിനയിച്ചിരിക്കുന്നത്. സുജാത മോഹന്‍, നരേഷ് അയ്യര്‍, ദീപക് നായര്‍ തുടങ്ങിയവരുടെ പാട്ടുകളും ചിത്രത്തിലുണ്ട്.

അജു വര്‍ഗീസിന്റെ ഒരു പ്രണയമാണ് ഗാനരംഗത്തില്‍ അവതരിപ്പിക്കുന്നത്. അഭിനയ രംഗത്ത് ഇത്രയും കാലമായിട്ടും ഒരു പ്രണയ രംഗത്തില്‍ അജു അഭിനയിക്കുന്നത് ഇതാദ്യമാണ്. ഒരു മാധ്യമ പ്രവര്‍ത്തകനായിട്ടാണ് അജു വര്‍ഗീസ് ചിത്രത്തിലെത്തുന്നത്.

മാധ്യമപ്രവര്‍ത്തനത്തിനിടയിലാണ് ആമോസ് അലക്‌സാണ്ടറിനെ ഇയാള്‍ കണ്ടു മുട്ടുന്നത്. പിന്നീടുണ്ടാവുന്ന അവിചാരിത സംഭവങ്ങളാണ് 'ആമോസ് അലക്‌സാണ്ടറി'ലൂടെ പറയുന്നത്. ജാഫര്‍ ഇടുക്കിയാണ് ആമോസ് അലക്‌സാണ്ടര്‍ എന്ന അതിശക്തമായതും അസാധാരണവുമായകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കലാഭവന്‍ ഷാജോണ്‍, ഡയാനാ ഹമീദ്, സുനില്‍ സുഗത, ശ്രീജിത്ത് രവി, അഷറഫ് പിലാക്കല്‍, രാജന്‍ വര്‍ക്കല എന്നിവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. തൊടുപുഴയിലും പരിസരങ്ങളിലും, രാജസ്ഥാന്‍, ഡല്‍ഹി, കാശ്മീര്‍ തുടങ്ങി രാജ്യത്തിലെ 14 സംസ്ഥാനങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. ചിത്രം നവംബര്‍ ആദ്യം തീയേറ്ററുകളില്‍ എത്തും.

Content Highlights: First song from the dark crime thriller `Amos Alexander`, featuring Aju Varghese`s debut romantic scene. Watch the romantic track now!