വിശേഷിപ്പിക്കാൻ വൈറൽ എന്ന വാക്കൊന്നും പോര; 100 മില്ല്യൺ കാഴ്ചക്കാരും കടന്ന് 'ഒള്ളുള്ളേരു'

പുറത്തിറങ്ങിയ അന്നേ വൈറലായതാണ് അജഗജാന്തരം എന്ന ചിത്രത്തിലെ ഒള്ളുള്ളേരു എന്ന ഗാനം. പരമ്പരാഗതമായ നാടൻപാട്ടിനെ റീമിക്സ് ചെയ്താണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ അടുത്തകാലത്തൊന്നും ഒരു മലയാളഗാനത്തിനും എത്തിപ്പിടിക്കാനാവാത്ത നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് 'ഒള്ളുള്ളേരു'. യൂട്യൂബിൽ 100 മില്ല്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് അജഗജാന്തരത്തിലെ ഈ ഗാനം.
മാവില ഗോത്രവിഭാഗത്തിന്റെ പരമ്പരാഗത നൃത്തഗാനമാണ് 'അജഗജാന്തര'ത്തിനുവേണ്ടി ജസ്റ്റിൻ വർഗീസ് റീമിക്സ് ചെയ്തത്. നാടൻപാട്ട് കലാകാരികൂടിയായ പ്രസീത ചാലക്കുടിയാണ് ഗാനം ആലപിച്ചത്. പ്രസീതയുടെ ആലാപനമികവും ഗാനത്തിന്റെ താളാത്മകതയും ചേർന്ന് ഗാനത്തെ ജനപ്രിയമാക്കി. പുറത്തിറങ്ങി രണ്ട് വർഷമാകാറാവുമ്പോഴും 'ഒള്ളുള്ളേരു'വിന് ആരാധകർ ഏറെയാണ്.
നടൻ കിച്ചു ടെല്ലസിന്റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രമാണ് അജഗജാന്തരം. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരുകൂട്ടം യുവാക്കളും എത്തുന്നതും തുടർന്ന് അവിടെ നടക്കുന്ന സംഭവവികാസങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. വിവാഹ വീട്ടിലെ ആഘോഷത്തിന്റെ ഭാഗമായുള്ള ഗാനമെന്ന നിലയിലാണ് ‘ഒള്ളുള്ളേരു’ സിനിമയിൽ അവതരിപ്പിച്ചത്. മറ്റുരണ്ടിടങ്ങളിൽ നടക്കുന്ന ആഘോഷവും ഗാനരംഗത്തിൽ കാണാം.
ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, അർജുൻ അശോകൻ, കിച്ചു ടെല്ലസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവരായിരുന്നു അജഗജാന്തരത്തിലെ മറ്റ് അഭിനേതാക്കൾ.
Content Highlights: ajagajantharam movie song, ollulleru crossed 100 million views in youtube