'മയിലാ, സിനിമയിലാ'; പ്രതിഷേധവും ആക്ഷേപഹാസ്യവും സമാസമം; 'ആശാനി'ലെ റാപ്പ് വീഡിയോ ഗാനം പുറത്തിറങ്ങി

#Movies Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സിനിമയ്ക്കുള്ളിലെ പൊള്ളത്തരങ്ങളേയും സിനിമാ മോഹികളുടെ അതിജീവന പോരാട്ടങ്ങളെയും ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന 'ആശാൻ' എന്ന ചിത്രത്തിലെ പുതിയ റാപ്പ് വീഡിയോ ഗാനം പുറത്തിറങ്ങി. ജോൺ പോൾ ജോർജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'മയിലാ സിനിമയിലാ' എന്ന് തുടങ്ങുന്ന റാപ്പ് ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമ പ്രമേയമാകുന്ന ചിത്രത്തിൽ, സിനിമാലോകത്തെ വിരോധാഭാസങ്ങളെയും കപടതകളെയും നിശിതമായി വിമർശിക്കുന്ന വരികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സിനിമയെ അതിതീവ്രമായി പ്രണയിക്കുന്നവരും ആത്മാർഥമായി സമീപിക്കുന്നവരും നേരിടുന്ന അവഗണനയും വേദനയും ഗാനത്തിലുടനീളം പ്രകടമാണ്.

ഒരേസമയം ഗൗരവമേറിയ പ്രതിഷേധം രേഖപ്പെടുത്തുമ്പോൾ തന്നെ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന എന്റർടെയ്ൻമെന്റ് ഘടകങ്ങളും ഗാനത്തിൽ സമന്വയിപ്പിച്ചിരിക്കുന്നു. സംവിധായകൻ ജോൺ പോൾ ജോർജ് തന്നെ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത റാപ്പർ എം.സി.ആർ.സി.എൽ ആണ്. എം.സി.ആർ.സി.എല്ലും വിനായക് ശശികുമാറും ചേർന്നാണ് ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത്. ഗാനരംഗത്തിലെ വേഗതയാർന്ന ഡാൻസ് സ്റ്റെപ്പുകളും ഒപ്പം പ്രധാന വേഷങ്ങളിൽ എത്തുന്ന ഇന്ദ്രൻസ്, അബിൻ, ജ്യോതിഷ് എന്നിവരുടെ പ്രകടനവും പാട്ടിനെ മികവുറ്റതാക്കുന്നു.

റീത്ത റെക്കോർഡ്‌സ് എന്ന യുട്യൂബ് ചാനലിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. സൂപ്പർഹിറ്റായ 'രോമാഞ്ച'ത്തിനു ശേഷം ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രമാണ് 'ആശാൻ'. പ്രേക്ഷകഹൃദയം കവർന്ന 'ഗപ്പി', 'അമ്പിളി' എന്നിവയ്ക്കുശേഷം ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുൻ സിനിമകളിൽനിന്ന് വ്യത്യസ്തമായ പാതയാകും ജോൺപോൾ ജോർജ് പിന്തുടരുകയെന്നാണ് സൂചന. ഡ്രാമയും കോമഡിയും ചേർന്ന ഡ്രാമഡി വിഭാഗത്തിലുള്ള, സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന 'ആശാൻ' പൂർണമായും നർമത്തിന്റെ മേമ്പൊടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇന്ദ്രൻസിനൊപ്പം ജോമോൻ ജ്യോതിർ, തമിഴ് യുട്യൂബർ ആയ മദാൻ ഗൗരി, ഷോബി തിലകൻ, അബിൻ ബിനോ, കനകം, ബിപിൻ പെരുമ്പള്ളി തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലുണ്ട്. ഗപ്പി സിനിമാസിന്റെ ബാനറിൽ ജോൺപോൾ ജോർജ്, അന്നം ജോൺപോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

മ്യൂസിക് പ്രൊഡക്ഷൻ, പശ്ചാത്തലസംഗീതം: അജീഷ് ആന്റോ, ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എം.ആർ. രാജശേഖരൻ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ. റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈൻസ്: അഭിലാഷ് ചാക്കോ, വിതരണം: വെയ്‌ഫെറർ ഫിലിംസ്, ഓവർസീസ് പാർട്ണർ: ഫാർസ് ഫിലിംസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പിആർഒ:ഹെയിൻസ്.

Content Highlights: Mayila Cinemayila songs from Aashaan movie released