ശ്രേയ, സുനീതി, അരിജീത്; ഇവരാരുമല്ല, ഇന്ത്യയിലെ വിലയേറിയ ഗായകന്‍ ഈ സംഗീതസംവിധായകന്‍

ശ്രേയ ഘോഷാല്‍, സുനീതി ചൗഹാന്‍, അരിജീത് സിങ്‌ | Photo: ANI, Instagram/ Sunidhi Chauhan, AFP
ശ്രേയ ഘോഷാല്‍, സുനീതി ചൗഹാന്‍, അരിജീത് സിങ്‌ | Photo: ANI, Instagram/ Sunidhi Chauhan, AFP

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായകരില്‍ ഒരാളായിരുന്നു ലതാ മങ്കേഷ്‌കര്‍. പാട്ടെഴുത്തുകാര്‍ക്കും സംഗീതസംവിധായകര്‍ക്കും തുല്യമായ പ്രതിഫലം ലഭിക്കണമെന്നാവശ്യപ്പെട്ട് ലതാ മങ്കേഷ്‌കര്‍ ഉയര്‍ത്തിയ കലാപത്തിന്റെ കഥ പ്രസിദ്ധമാണ്.  ജനപ്രീതിയില്‍ മുന്നിലായിരുന്നെങ്കിലും വളരെ തുച്ഛമായ പ്രതിഫലമായിരുന്നു അന്ന്‌ ഗായകര്‍ക്ക് ലഭിച്ചത്.  ഒരുപാട്ടിന് മുഹമ്മദ് റഫിയും മന്നാഡേയും കേവലം 300 രൂപ മാത്രം വാങ്ങിയ കാലമുണ്ടായിരുന്നു. എന്നാല്‍, ലതാ മങ്കേഷ്‌കറുടെ നിലപാടിന് പിന്നാലെ സിനിമ മേഖലയില്‍ കാര്യങ്ങളാകെ മാറി.

ഇന്നിപ്പോള്‍ ലക്ഷങ്ങളാണ് ഗായകര്‍ ഓരോ പാട്ടിനും വാങ്ങുന്നത്. എന്നാല്‍, പ്രതിഫലത്തിന്റെ കാര്യമെടുക്കുമ്പോള്‍, മുഴുവന്‍ സമയ ഗായകരേക്കാള്‍ മുന്നില്‍ ഒരു സംഗീതസംവിധായകനാണെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സംഗീതസംവിധായകന്‍ മറ്റൊരു സംവിധായകന്റെ ഗാനം ആലപിക്കാന്‍ മൂന്നു കോടി രൂപവരെയാണ് വാങ്ങുന്നതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ വിലയേറിയ ഗായകന്‍ മറ്റാരുമല്ല, എ.ആര്‍. റഹ്‌മാനാണ്. മറ്റേതൊരു ഗായകനേക്കാളും 12 മുതല്‍ 15 വരെ മടങ്ങ് കൂടുതലാണ് 'ഗായകന്‍ റഹ്‌മാന്റെ' പ്രതിഫലം.  ഇത്രയും വലിയ തുക കാരണം മറ്റ് സംഗീതസംവിധായകര്‍ സമീപിക്കാന്‍ മടിക്കും. ഇതിലൂടെ സ്വന്തം പ്രൊജക്ടുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഇത്രയും ഉയര്‍ന്ന തുക പ്രതിഫലമായി റഹ്‌മാന്‍ നിശ്ചയിച്ചതെന്നാണ് പറയപ്പെടുന്നത്. റഹ്‌മാന്‍ മിക്കവാറും സ്വന്തം ഗാനങ്ങള്‍ മാത്രമേ പാടാറുള്ളൂ എന്നതാണ് വാസ്തവം.

മുഴുവന്‍ സമയ ഗായകരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ശ്രേയാ ഘോഷാലാണ്. 25 ലക്ഷം രൂപവരെയാണ്‌ ഒരുപാട്ടിന് ശ്രേയയുടെ പ്രതിഫലം. 18 മുതല്‍ 20 ലക്ഷംവരെ വാങ്ങുന്ന സുനീതി ചൗഹാനാണ് മൂന്നാമത്. അരിജീത്‌ സിങ്ങും ഏതാണ്ട് ഇതേ തുകയാണ് പ്രതിഫലമായി വാങ്ങുന്നത്. 15 മുതല്‍ 18 ലക്ഷംവരെയാണ് സോനു നിഗത്തിന്റെ പ്രതിഫലം.

Content Highlights: A.R. Rahman commands a whopping ₹3 Crore per song, surpassing even full-time singers like Shreya