ബസിലോ തീവണ്ടിയിലോ വെച്ച് കഥയെഴുതുമ്പോഴാവും വിചാരിക്കാത്ത ക്ലൈമാക്സ് ഉണ്ടാവുന്നത് -ദീപു പ്രദീപ്

നീലമലനിരകൾക്ക് കീഴെ പച്ചപുതച്ച ഗ്രാമം...ഇവിടെനിന്ന് പുറപ്പെടുന്ന വഴികളും ഇങ്ങോട്ടെത്തുന്ന വഴികളും മാത്രം.. കുഞ്ഞിരാമായണത്തിലെ ദേശത്ത് നിന്ന് പേരില്ലൂർ വരെ കേരളത്തിൽ എവിടേയും ആവാം ഈ ഗ്രാമങ്ങളും ഇരട്ടപ്പേരുള്ള തനിനാടൻ കഥാപാത്രങ്ങളും. ഏഴുവർഷം മുമ്പിറങ്ങിയ കുഞ്ഞിരാമായണം മുതൽ ഇപ്പോൾ ചർച്ചയായ പേരില്ലൂർ പ്രീമിയർ ലീഗ് എന്ന വെബ് സീരീസ് വരെ ദീപു പ്രദീപ് എന്ന യുവതിരക്കഥാകൃത്ത് മലയാള സിനിമയിൽ വേറിട്ടുനിൽക്കുന്നത് എക്കാലവും ഓർത്തോർത്തുചിരിക്കുന്ന സന്ദർഭങ്ങളും കാരികേച്ചർ കഥാപാത്രങ്ങളിലൂടെയുമാണ്. ദീപു തിരക്കഥയൊരുക്കിയ ആദ്യ ചിത്രത്തിന്റെ സംവിധായകനായ ബേസിൽ ജോസഫും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളാവുന്ന ഗുരുവായൂരമ്പലനടയിൽ ആണ് ഇനി വരാനിരിക്കുന്ന ചിത്രം. മറ്റ്ചില കഥകളുടേയും ചർച്ച പൂർത്തിയാവുന്നു . കഴിഞ്ഞ വർഷം രണ്ട് സിനിമകൾ, ഒരു വെബ് സീരീസ്-ദീപുവിന് മലയാളസിനിമയിൽ തിരക്കുള്ള കാലമാണ്. മലയാളസിനിമരംഗത്ത് കമ്പ്യൂട്ടർ എൻജിനിയർമാർ ഒട്ടേറെപേരുണ്ടെങ്കിലും, ദീപു സനിമയിലും ജീവിതത്തിലും നാട്ടിൽപുറത്തുകാരനാണ്. ദീപു പ്രദീപ് എന്ന പേര് കേട്ടാൽ ബ്ലോഗെഴുത്തിന്റെ സുവർണകാലത്തെ വായനക്കാർ ഒരു നിമിഷം നിൽക്കും. ആ ദീപു പ്രദീപ് തന്നെയാണോ ഈ സിനിമാതിരക്കഥാകൃത്തെന്ന്. ദീപുവിന് അത്രവലിയ വായനാലോകത്തെയാണ് ബ്ലോഗെഴുത്ത്കാലം നൽകിയത്. ദീപു പ്രദീപ് സിനിമാജീവിതത്തെക്കുറിച്ച് മാതൃഭൂമിയോട് സംസാരിക്കുന്നു
കഥ ടിക്കറ്റെടുക്കാതെ കയറും
ഒരിക്കൽ കെ. എസ്. ആർ. ടി. സി. ബസ് യാത്രക്കിടെ അടുത്തിരിക്കുന്ന യാത്രക്കാരൻ ടിക്കറ്റ് മടക്കി മോതിരത്തിനുള്ളിൽ വെക്കുന്നത് കണ്ടു. ഉടൻ ഞാൻ മൊബൈൽ എടുത്ത് അത് വികസിപ്പിച്ച് കഥയെഴുതാൻ തുടങ്ങി. ഒരു ചൂയിംഗം ചവച്ചാണ് ഭാവനയെഴുത്ത്. ടിക്കറ്റ് പരിശോധിക്കാൻ ചെക്കർ കയറുന്നുവെന്ന് എഴുതി നിർത്തിയയുടൻ ബസ് നിർത്തുന്നു മുന്നിൽനിന്നും പിന്നിൽനിന്നും ചെക്കർമാർ ശരിക്കും ബസിൽ കയറിയതും ഒന്നിച്ചാണ്. എന്റടുത്ത് ചെക്കർ എത്തിയപ്പോൾ ടിക്കറ്റിൽ ചൂയിംഗം പൊതിഞ്ഞുകഴിഞ്ഞിരുന്നു. പുറത്തെടുക്കാൻ വയ്യ. കളഞ്ഞുപോയെന്ന് പറഞ്ഞപ്പോൾ കണ്ടക്ടർക്കും ചെക്കർക്കും അവിശ്വസനീയത. എന്നാലും പൈസ നീട്ടിയപ്പോൾ പുതിയ ടിക്കറ്റ് തന്നു. ഞാൻ നോക്കിയപ്പോൾ അടുത്തിരുന്ന ആശാനതാ മോതിരം ഉയർത്തിക്കാട്ടുന്നു, അതിനിടയിൽ ടിക്കറ്റ് സേഫ്. ചിലപ്പോൾ കഥ ബസിലോ ട്രെയിനിലിലോ വെച്ച് എഴുതുമ്പോഴാവും വിചാരിക്കാത്ത ക്ലൈമാക്സ് ഉണ്ടാവുന്നത്. ഞാൻ നന്നായി സംസാരിക്കും. ആരോട് സംസാരിക്കുമ്പോഴും ഞാനിങ്ങനെ കഥകൾ പറയും. പലരുടേയും സംസാരത്തിൽനിന്നാണ് പലതും വീണുകിട്ടുക. അവരുടെ പരിചയത്തിലെ ആരുടേയെങ്കിലും അനുഭവമോ സ്വഭാവസവിശേഷതയോ ഒക്കെ ആവാം. ബ്ലോഗ് എഴുതുമ്പോൾ ആ കഥാപാത്രത്തിന് ഒരു പിൻചരിത്രമൊക്കെ കൊടുക്കും., സത്യത്തിൽ എന്റെ കഥകൾ വേറിട്ടുനിൽക്കണമെന്ന വിചാരത്തിൽനിന്നാണ് ഇത്ര വിശദാംശമൊക്കെ കൊടുത്തത്. ചിലരുടെ ഇരട്ടപ്പേര് കേൾക്കുമ്പോൾ ഒന്ന് സ്‌ട്രൈക്ക് ചെയ്യും. അതിൽനിന്ന കഥാപാത്രങ്ങൾക്ക് ഒരു ഭൂതകാലമൊക്കെ ഉണ്ടാക്കും. കുഞ്ഞിരാമായണത്തിൽ മാമുക്കോയ അവതരിപ്പിച്ച വെൽഡൺ വാസു , എന്റെ നാടിനടുത്ത വട്ടംകുളത്തെ വെൽഡൺ ഹംസയിൽനിന്നുണ്ടായതാണ്. നാട്ടിലൊരു ടൈലർ സുഹൃത്തുണ്ട്, അതുപോലെ ഭീകരൻ എന്ന് ഞങ്ങൾ പേരിട്ട് വിളിക്കുന്ന സഹൃത്തുണ്ട്. എന്റെ നാടായ കാലടിയിൽ അന്ന് ബൈക്കിൽ വന്ന് ആളുകളെ പേടിപ്പിക്കുന്ന ഒരാളുണ്ടായിരുന്നു. ഇതൊക്കെ ബ്ലോഗിൽ വന്ന കഥാപാത്രങ്ങളാണ്.ഇവരെയെല്ലാം സിനിമയിലും എടുത്തു. സീരീസിൽ നൂറിലേറെ കഥാപാത്രങ്ങളുണ്ട്. ഇതിൽ വെറുതെ പിന്നിൽ വന്നുപോകുന്ന മീൻകാരനുപോലും പശ്ചാത്തലത്തിൽ മുഴുവൻജീവിതമുണ്ട്. സാധാരണ സിനിമയായിക്കഴിഞ്ഞാൽപിന്നെ ആ കഥാപാത്രങ്ങളെ ഓർക്കാറില്ല. പക്ഷേ ഈ കഥാപാത്രങ്ങളെ വീണ്ടും വികസിപ്പിച്ചേക്കും. സീരിസിൽ അതിനുള്ള സാധ്യതയുണ്ടല്ലോ.
കോമഡി ട്രാക്ക് വിടും
തോന്നുന്ന കഥകളൊക്കെ ബ്ലോഗിലും ഫേസ് ബുക്കിലും അപ്പോൾതന്നെ എഴുതിയിടാറാണ് പതിവ്. അതിന് അപ്പോൾതന്നെ ലഭിക്കുന്ന പ്രതികരണങ്ങൾ വലിയ ഊർജമാണ്. കോമഡി ട്രാക്കിലുള്ളതുകൊണ്ടാവാം ഇതുവരെ ഞാൻ കാണുന്ന സിനിമസാധ്യത മറ്റാർക്കും തോന്നാത്തത്. കുറെക്കാലം കഴിയുമ്പോൾ ഞാനെഴുതിയ ബ്ലോഗ് വാട്‌സ്ആപ് ഫോർവാഡായി എനിക്ക് തന്നെ കിട്ടാറുണ്ട്. മുമ്പെഴുതിയ ബ്ലോഗുകളിൽനിന്ന് പത്തോളം സീരീസിൽ ഉപയോഗിച്ചുണ്ട്. ചിലപ്പോൾ ബ്ലോഗ് കഥയിലെ നായകൻ സിനിമയിൽ എത്തുമ്പോൾ ചെറിയ സ്വഭാവകഥാപാത്രമാവും. ഞാൻ കാണുന്ന കഥ അതേപടി ആവില്ല, സിനിമയിൽ ആവിഷ്‌കരിക്കുന്നത്. സിനിമയായി കഴിയുമ്പോൾ ആ കഥാപാത്രങ്ങൾക്ക് കൃത്യം മുഖഛായയൊക്കെ വരുമല്ലോ. സാധാരണ പിന്നെ അതേക്കുറിച്ച് ആലോചിക്കാറില്ല. ഈയടുത്ത് വിക്ടർ എന്നൊരു കഥ നാലു ഭാഗങ്ങളായി ഫേസ് ബുക്കിൽ എഴുതി തുടങ്ങിയിരുന്നു. വായിച്ചവരൊക്കെ ബാക്കി ഭാഗം ചോദിക്കുന്നുണ്ട്. അതൊരു ത്രില്ലറാണ്. കുറെക്കാലമായി മനസ്സിലുള്ള വിക്ടർ എന്നാ കഥാപാത്രത്തിലേക്ക് എറണാകുളത്തും കൊച്ചിയിലുമുണ്ടായ സംഭവങ്ങൾ ചേർത്തതാണ്. പദ്മിനിയും ഗുരുവായൂരമ്പല നടയിലും ബ്ലോഗിൽ വന്നതല്ല, സിനിമകൾക്കായി എഴുതിയതാണ്. ഗുരുവായൂരമ്പലനടയിൽ ഇതുവരെയുള്ള ഗ്രാമീണപശ്ചാത്തലം വിട്ടുപിടിച്ചതാണ്. കുറെക്കൂടി നഗരജീവിതമാണ്. മാത്രമല്ല ഗുരുവായൂരിൽ വിവാഹവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്. പൃഥ്വിരാജിനും ബേസിലിനും പുറമേ യോഗീബാബു, അനശ്വര രാജൻ ഒക്കെയുള്ള സിനിമ വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഉത്സവചിത്രമാണ്. ഇനി വരാനിരിക്കുന്ന സിനിമകളും ഗ്രാമീണജീവിതം പ്രമേയമാക്കിയുള്ളല്ല.
ദേശം... പേരില്ലാ ഊര്
ഞാനെഴുതുമ്പോൾ ഒരു കവലയാണെങ്കിൽ എന്റെ നാട്ടിലെ കവലയാണ് മനസ്സിലുണ്ടാവുക. മൈതാനമാണെങ്കിലും നാട്ടിലെ തന്നെയാണ് മനസ്സിലേക്ക് വരിക. ആദ്യകാലത്തെ ബ്ലോഗുകളിൽ എന്റെ നാട് അതിന്റെ പരിസരപ്രദേശങ്ങളുമൊക്കെ ചുറ്റിപ്പറ്റിയുള്ള കഥകളാണ് എഴുതിയിരുന്നത്. കഥകൾ കൂടുതൽ നാട്ടിൻപുറത്തുള്ളവർക്കാണെന്ന് തോന്നുന്നു. കുഞ്ഞിരാമായണത്തിലെ ദേശവും പേരില്ലൂരുമെല്ലാം സാങ്കൽപകനാടുകളാണ്. പി.എൽ എന്ന സ്വന്തം രജിസ്‌ട്രേഷൻ തന്നെയുണ്ട് അവിടെ. കുഞ്ഞിരാമായണം കഴിഞ്ഞ് ഏഴുവർഷമായി. സിനിമയിലും നാട്ടിലുമെല്ലാം വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഗ്രാമീണതയൊക്കെ സ്വീകരിക്കപ്പെടുമോയെന്ന് സംശയമുണ്ടായിരുന്നു. പൊതുവേ സീരീസുകൾ, നാലഞ്ച് മണിക്കൂർ അടുപ്പിച്ചിരുന്ന് കാണാൻ പ്രേഷകരെ പ്രേരിപ്പിക്കാൻ ത്രില്ലറുകളേ പറ്റൂവെന്ന തോന്നലുണ്ട്. പക്ഷേ, കോമഡി, ഗ്രാമീണപശ്ചാത്തലത്തിൽ പറഞ്ഞത് വർക്കായെന്നാണ് പ്രതികരണം കാണിക്കുന്നത്. കാണുന്നവർക്കെല്ലാം അവരുടെകൂടി നാടിനെ കാണാനായതുകൊണ്ടാവാം ഇതെല്ലാം സ്വീകരിക്കപ്പെട്ടത്.
സിനിമാവഴി
ഞാനും ബേസിലും ഷോർട്ട് ഫിലിമുകൾ ആദ്യം ചെയ്തിരുന്നത് കൊണ്ട് അതുവഴി അറിയാമായിരുന്നു. ഞങ്ങളുടെ രണ്ടാളുടെയും ഷോർട്ട് ഫിലിമുകൾക്ക് കാമറ ചെയ്ത വിഷ്ണുവഴിയാണ് പരിചയപ്പെടുന്നത്. ബ്ലോഗ് വായിച്ചാണ് ബേസിൽ കുഞ്ഞിരാമായണം സിനിമയാക്കുന്നത് അതിന്റെ കാമറയും വിഷ്ണുവായിരുന്നു. കഥ കേട്ടാൽ മോശം എന്നുതന്നെ തുറന്ന് പറയുന്ന ഒട്ടേറെ സുഹൃത്തുക്കൾ ചുറ്റിലുമുണ്ട്. പ്ലസ്ടുകാലം മുതലുള്ളവരുമായി സൗഹൃദം മുറിയാതെ കാക്കുന്നുണ്ട്. ബ്ലോഗെഴുത്തുകാലം കഴിഞ്ഞും അന്നെഴുതിയിരുന്നവർക്കിടയിൽ കൂട്ടായ്മയും ബന്ധവുമൊക്കെയുണ്ട്.ഒരു കഥ ആദ്യതോന്നൽ തന്നെ സിനിമയാക്കിയാൽ പരാജയപ്പെട്ടേക്കും. അത് പലവഴി ചർച്ചചെയ്താണ് അവസാനരൂപമെത്തുന്നത്. അങ്ങനെ എന്നെ കേൾക്കാൻ, എനിക്ക് കേൾക്കാൻ എപ്പോഴും സുഹൃത്തുക്കളുണ്ട്.
കഥയെഴുത്താണ് എന്റെ വഴി
ഒരു ടീമിനെ നയിക്കുന്ന സിനിമയുടെ എല്ലാ മേഖലയും അറിയുന്ന ആളാവണം സംവിധായകൻ. എനിക്ക് കഥയെഴുതി നിൽക്കാനാണ് താൽപര്യം. അത് നന്നായി സംവിധാനം ചെയ്യാനറിയുന്ന ഗംഭീരസംവിധായകർ ഇവിടെ ഉണ്ടല്ലോ. എഴുത്തിൽ കൂടുതൽ സ്വാതന്ത്ര്യം ഉണ്ട്. ഒരു തിരഞ്ഞെടുപ്പ് പൊതുയോഗം അലങ്കോലമാക്കുന്ന കാളയെക്കുറിച്ച് തിരക്കഥയിൽ ധൈര്യമായി എഴുതി വെക്കാം. പക്ഷേ, ഞാൻ തന്നെയാണ് സംവിധായകൻ എങ്കിൽ അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൂടി നോക്കി അതെഴുതാതിരക്കാൻ വഴിയുണ്ട്. എഴുത്തിലാണ് സ്വാതന്ത്ര്യം കൂടുതൽ. ഷോട്ട് ആയി ആലോചിക്കാനെനിക്കാവില്ല. എനിക്ക് കഥ പറച്ചിൽ വലിയ ഭൂമികയിലാണ് വരുന്നത്. ആദ്യമെഴുതിയ തിരക്കഥകൾ അതേരൂപത്തിൽ പുസ്തകമാക്കാൻ പദ്ധതിയുണ്ട്. അതിൽനിന്ന് സിനിമയിൽ എന്തൊക്കെ കൂട്ടിച്ചേർത്തു, എന്തൊക്കെ ഒഴിവാക്കി എന്നൊക്കെ പഠിക്കാനാഗ്രഹിക്കുന്നവർക്ക് അറിയാലോ.
കാലത്തിനനുസരിച്ച് മാറണം
ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലമാണല്ലോ. അതിൽ ഏറെക്കാര്യങ്ങൾ പഠിച്ചെടുക്കാനുണ്ട്. ഭാവനയേയും നമ്മുടെ ക്രിയേറ്റിവിറ്റിയേയുമൊന്നും കീഴടക്കാൻ അതിനാവില്ല. പക്ഷേ, പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം പോയില്ലെങ്കിൽ പിന്നോട്ടടിക്കപ്പെട്ടേക്കാം. ഇപ്പോളുള്ള ശ്രമം എങ്ങനയാണ് അതിനെ രചനയിൽ ഉപയോഗപ്പെടുത്തുകയെന്നുതന്നെയാണ്.
ദീപു പ്രദീപിന്റെ സിനിമകൾ
കുഞ്ഞിരാമായണം, പദ്മിനി, അജയന്റെ രണ്ടാം മോഷണം, ദി പ്രീസ്റ്റ്, ഗുരുവായൂർ അമ്പലനടയിൽ. ഒരു ഐ .ടി. സ്റ്റാർട്ട് അപിൽ പങ്കാളിയായ ദീപു പ്രദീപ് തിരക്കഥയിലും സിനിമയിലും സജീവമായെങ്കിലും വിടാത്തത് ജോലിയും സമൂഹമാധ്യമങ്ങളിലെ കഥയെഴുത്തുമാണ്. എടപ്പാളിനടുത്ത കാലടി പണിക്കർ വളപ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടേയും പദ്മിനിയുടേയും മകനാണ്. ഭാര്യ ഇന്ദു ഫറൂഖ് കോളേജിൽ ഗവേഷകയാണ്. മകൻ തൻമയ്.
Content Highlights: writer deepu pradeep about his film career, deepu pradeep movies