പ്രേക്ഷകർക്ക് പ്രവചനാതീതനായ നടനാവാനാണ് ശ്രമിക്കുന്നത്- ടൊവിനോ തോമസ്

ടൊവിനോ തോമസ്| Photo: B.Muralikrishnan
ടൊവിനോ തോമസ്| Photo: B.Muralikrishnan

രുട്ടിലും വെളിച്ചത്തിലും മാന്ത്രികതനിറയുന്ന ചിയോതിക്കാവെന്ന മായാലോകം, അവിടെ വ്യത്യസ്തകാലത്ത് ജീവിച്ച മൂന്നുപേർ, യോദ്ധാവായ കുഞ്ഞികേളു, കള്ളനായ മണിയൻ, അധ്യാപകനായ അജയൻ... നിഗൂഢതകളുടെ പൂട്ടുതുറക്കാൻ അൻപതാം സിനിമയുമായി ടൊവിനോ തോമസ് തിയേറ്ററുകളിലേക്ക് എത്തുകയാണ്, അതും ട്രിപ്പിൾ റോളിൽ. നവാഗതനായ ജിതിൻ ലാൽ സംവിധാനംചെയ്യുന്ന ‘എ.ആർ.എം. (അജയന്റെ രണ്ടാം മോഷണം)’ ത്രീഡി രൂപത്തിലാണ് ബഹുഭാഷാ റിലീസായി ഓണം ആഘോഷമാക്കാൻ എത്തുന്നത്. പ്രണയവും ആക്‌ഷനും ഫാന്റസിയും എല്ലാം നിറഞ്ഞ ത്രില്ലർ വഴിയിൽ കഥപറയുന്ന ചിത്രം ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ റിലീസാണ്. അൻപതാം സിനിമയുടെ സന്തോഷം പങ്കുവെച്ച്‌ ടൊവിനോ സംസാരിക്കുന്നു.

കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം അൻപതാം സിനിമയായി എത്തുന്നു, ഇതുവരെയുള്ള യാത്രയിൽ സന്തോഷവാനാണോ...

= തീർച്ചയായും. അൻപതാമത്തെ സിനിമയിൽ എത്തിനിൽക്കുന്നതിൽ സന്തോഷമുണ്ട്. ഒരുകാലത്ത് സിനിമ സ്വപ്നമായി കൊണ്ടുനടന്ന ഒരാളാണ് ഞാൻ. പിന്നീട് സഹനടവേഷങ്ങളും വില്ലൻവേഷങ്ങളുമൊക്കെ ചെയ്താണ് സിനിമയിലേക്ക് വന്നത്. ആ കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിച്ചതുകൊണ്ടാണ് പിന്നീട് ഞാൻ നായകനായിമാറിയത്. നായകകഥാപാത്രങ്ങൾ ചെയ്തുതുടങ്ങിയശേഷവും അതേ ഇഷ്ടം പ്രേക്ഷകർ നൽകി, ഒരുപിടി നല്ലസിനിമകൾ ചെയ്യാൻ സാധിച്ചു. ഇനിയും ഒരുപാടുദൂരം മുന്നോട്ടുപോകാനുണ്ട്. കരിയറിലെ ഏറ്റവും വലിയ സിനിമയുമായാണ് ഇത്തവണ തിയേറ്ററിൽ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലുള്ള സിനിമയായിരിക്കും ഇതെന്നാണ് പ്രതീക്ഷ. കരിയറിലെ ആദ്യ ത്രീഡി ചിത്രംകൂടിയാണ് എ.ആർ.എം. പ്രേക്ഷകർക്ക് ഈ സിനിമ പുതുമയാർന്ന ദൃശ്യ, ശ്രവ്യ അനുഭവമായിമാറും. ഈ ഓണക്കാലത്ത് എല്ലാവരും തിയേറ്ററിലെത്തി ചിത്രത്തെ സ്വീകരിക്കുമെന്നു കരുതുന്നു.

ട്രിപ്പിൾ റോളിലാണ് സിനിമയിൽ, എന്തായിരുന്നു ഈ സിനിമയിലേക്ക് ആകർഷിച്ചത്...

= ഈ സിനിമയുടെ കഥ ആദ്യമായി കേട്ടപ്പോൾ ഞാൻ സംവിധായകനായ ജിതിനോട് പറഞ്ഞത് ഒരു കഥാപാത്രം ഞാൻ ചെയ്യാം എന്നാണ്. ബാക്കി രണ്ടും വേറെ രണ്ട് വലിയ താരങ്ങളെക്കൊണ്ട് ചെയ്യിക്കാം എന്നും പറഞ്ഞു. എന്നാൽ, ഈ മൂന്ന് കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധവും മൂന്നും ഒരാൾ ചെയ്യേണ്ടതിന്റെ പ്രധാന്യവുമെല്ലാം വിശദീകരിച്ചതോടെയാണ് ട്രിപ്പിൾ റോൾ ചെയ്യാൻ തീരുമാനിച്ചത്. അങ്ങനെ അജയനും കുഞ്ഞികേളുവും മണിയനുമായി. മൂന്ന് കഥാപാത്രങ്ങളും വ്യത്യസ്ത ഗെറ്റപ്പും മാനറിസങ്ങളും സ്വഭാവ സവിശേഷതകളുമുള്ളവരാണ്. അതിനാൽ ഓരോന്നിലേക്കും എത്താൻ കുറച്ച് സമയം ആവശ്യമായിരുന്നു. മൂന്നുപേരുടെ സീനുകളും മൂന്ന് സിനിമപോലെ ഷൂട്ടുചെയ്താൽ സഹായകമാകും എന്ന നിർദേശം ജിതിനും സ്വീകാര്യമായിരുന്നു. അതെനിക്ക് അഭിനയിക്കുമ്പോൾ ഏറെ സഹായകമായി. ചിയോതിക്കാവെന്ന സ്ഥലത്താണ് ഈ കഥ നടക്കുന്നത്. മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കഥപറയുന്നത്. പ്രണയം, സംഘട്ടനം, ഫാന്റസി, ത്രില്ലർ തുടങ്ങി എല്ലാതരം ജോണറിലും ഉൾപ്പെടുത്താവുന്ന സിനിമയാണിത്.

മൂന്നുകഥാപാത്രങ്ങളും വ്യത്യസ്ത കാലഘട്ടത്തിലുള്ളവരാണ്, ഏറെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നോ...

= ഒരുപാട് മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ആദ്യം ഒരു വർക്‌ഷോപ്പ് നടത്തി. അവിടെെവച്ച് കഥ വായിക്കുകയും റിഹേഴ്സലുകൾ ചെയ്തുനോക്കുകയും ചെയ്തു. യോദ്ധാവ്, കള്ളൻ, ട്യൂഷൻ അധ്യാപകൻ എന്നിങ്ങനെ മൂന്നുരീതിയിൽ ജീവിക്കുന്ന കഥാപാത്രങ്ങളാണ് കുഞ്ഞികേളുവും മണിയനും അജയനും. അതിനാൽ ഓരോ കഥാപാത്രത്തെയും ഏറെ സൂക്ഷ്മതയോടെയാണ് ആ വർക്‌ഷോപ്പിൽ​െവച്ച് ഡിസൈൻ ചെയ്തത്. സിനിമയ്ക്കുവേണ്ടി ഞാൻ കളരിപ്പയറ്റ് പഠിച്ച് ആറുമാസം പരിശീലിച്ചു. അതുപോലെ കൃത്യമായ സ്റ്റോറി ബോർഡും പ്രീവിഷ്വലൈസേഷനുമൊക്കെ ജിതിനും ടീമും ചെയ്തിരുന്നു. അതൊക്കെ എന്നെ ഈ കഥാലോകത്തേക്ക് എത്താൻ ഏറെ സഹായിച്ചിട്ടുണ്ട്. ഈ മുന്നൊരുക്കങ്ങളെല്ലാം നടത്തിയശേഷമാണ് ഷൂട്ടിങ്ങാരംഭിച്ചത്. അതുകൊണ്ടുതന്നെ നല്ലരീതിയിൽ ഷൂട്ട് പൂർത്തിയാക്കാനും കഴിഞ്ഞു.

മിന്നൽമുരളിക്കുശേഷം ടൊവിനോയുടെ ചിത്രങ്ങൾക്ക് പാൻ ഇന്ത്യൻ സ്വീകാര്യത ലഭിക്കുന്നുണ്ട്, എ.ആർ.എം. ബഹുഭാഷാ റിലീസാണ്, കരിയറിലെ ഈ മാറ്റത്തെ എങ്ങനെ കാണുന്നു...

= മിന്നൽ മുരളിക്ക് കിട്ടിയ പാൻ ഇന്ത്യൻ സ്വീകാര്യത ഒരേസമയം എനിക്ക് പുതിയ സാധ്യതകളും ഉത്തരവാദിത്വങ്ങളും നൽകിയിട്ടുണ്ട്. എന്റെ സിനിമ കാണുന്ന പ്രേക്ഷകരുടെ എണ്ണം അതിനുശേഷം വർധിച്ചിട്ടുണ്ട്. കൂടുതൽ നല്ല സിനിമകൾ ചെയ്യാനുള്ള ഉത്തരവാദിത്വമാണത്. അജയന്റെ രണ്ടാം മോഷണം പോലൊരു ബിഗ് ബജറ്റ് ചിത്രം വ്യത്യസ്ത ഭാഷകളിൽ പുറത്തിറക്കാൻ സാധിക്കുന്നതും അത്തരമൊരു മാർക്കറ്റ് തുറന്നുകിട്ടിയതു കൊണ്ടുകൂടിയാണ്. എ.ആർ.എമ്മിനുശേഷം ഐഡന്റിറ്റി എന്ന സിനിമയാണ് അടുത്ത റിലീസ്. ഫൊറൻസിക് സിനിമയുടെ സംവിധായകരാണ് ആ ചിത്രത്തിനുപിന്നിൽ. അജയന്റെ രണ്ടാം മോഷണത്തിൽനിന്ന് ഏറെ വ്യത്യസ്തമായ ചിത്രമായിരിക്കും അതും. പ്രേക്ഷകർക്ക് പ്രവചനാതീതനായ നടനാവാണ് ശ്രമിക്കുന്നത്. ഓരോ സിനിമയും കഥാപാത്രവും തൊട്ടുമുൻപേ ചെയ്തവയിൽനിന്ന് വ്യത്യസ്തമായി ചെയ്യണം എന്നാണ് ആഗ്രഹം.

Content Highlights: Tovino Thomas Interview Ajayante Randam moshanam