പ്രണവിന് വില്ലൻ, നസ്ലിന് ചങ്ക്; എഡിറ്ററാണ് ആക്ടറും, സംഗീത് ഇനി 'ജയ് ഗണേഷി'നൊപ്പം

'ഹൃദയ'ത്തിൽ പ്രണവ് മോഹൻലാലുമായി കൊമ്പുകോർത്ത കലിപ്പൻ സീനിയർ, 'പ്രേമലു'വിൽ നസ്ലിൻ്റെ പ്രണയത്തിനായി ഒപ്പംകൂടിയ ഉയിർ നൻപൻ, കൂടാതെ 'സൂപ്പർ ശരണ്യ'യിലും 'തണ്ണീർ മത്ത'നിലും ശ്രദ്ധേയ വേഷങ്ങൾ. ക്യാമറയ്ക്ക് മുന്നിലിപ്പോൾ സ്റ്റാറായ സംഗീത് പ്രതാപ് എഡിറ്റിങ്ങിലും സൂപ്പറാണ്. സ്പോട്ട് എഡിറ്ററായി തുടങ്ങി സ്വതന്ത്ര എഡിറ്ററായി മാറിയ സംഗീത്, ലിറ്റിൽ മിസ്സ് റാവുത്തർ ഉൾപ്പടെ മൂന്ന് ചിത്രങ്ങളിൽ പ്രവർത്തിച്ചു. ഇനി വരാനുള്ളത് ഉണ്ണി മുകുന്ദൻ്റെ സർപ്രെെസുകൾ ഒളിപ്പിച്ച 'ജയ് ഗണേഷ്'. സിനിമാവിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുകയാണ് സംഗീത് പ്രതാപ്.
'തണ്ണീർ മത്തൻ' ദിനങ്ങൾ മുതലുള്ള പരിചയമാണ് ഗിരീഷ് ഏട്ടനുമായിട്ട്. ചിത്രത്തിൽ ഞാൻ സ്പോട്ട് എഡിറ്ററായിരുന്നു. ഞാൻ സൂപ്പർ ശരണ്യയിൽ അഭിനയിക്കുമ്പോൾ എന്റെ ആദ്യചിത്രമായ 'ഹൃദയം' പുറത്തിറങ്ങിയിട്ടില്ല. എഡിറ്റ് ചെയ്യുന്നതിനയിലെ സൗഹൃദവും എന്റെ മാനറിസങ്ങളും ഒക്കെ കൊണ്ടാകണം ചിത്രത്തിലേയ്ക്ക് എന്നെ വിളിക്കുന്നത്. പിന്നീട് പൂവന്റെ സംവിധായകൻ വിനീത് വാസുദേവൻ സംവിധാനം ഒരുക്കിയ 'വശീകരണം' എന്ന ഹ്രസ്വ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു. ഗിരീഷേട്ടൻ എഴുതുകയും അതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഹ്രസ്വചിത്രം ആണെങ്കിലും ഒരു മുഴുനീള വേഷം എന്നെ ഏൽപ്പിക്കുന്നത് ഗിരീഷേട്ടനാണ്. അദ്ദേഹമാണ് സംവിധായകനോട് എൻ്റെ കാര്യം പറയുന്നത്. പിന്നീട് സൂപ്പർ ശരണ്യയിലും എനിക്ക് ആ പിന്തുണ കിട്ടി. പ്രേമലുവിന്റെ സമയത്ത് ഒരു ഓഡിഷൻ ഉണ്ടെന്ന് പറഞ്ഞ് എന്നെ വിളിക്കുകയും ഓഡിഷനിലൂടെ ഞാൻ സിനിമയിലേയ്ക്ക് എത്തുകയുമായിരുന്നു.
പ്രേമലുവിലൂടെ സുഹൃത്തുക്കൾ കുടുംബമായി മാറി
ലൊക്കേഷൻ അനുഭവങ്ങളൊക്കെ അടിപൊളിയായിരുന്നു. എനിക്ക് നേരത്തെ അറിയാവുന്നവർ ആയിരുന്നു എല്ലാവരും, പ്രത്യേകിച്ച് ശ്യാം, ഗിരീഷേട്ടൻ, നസ്ലിനൊക്കെ. ശ്യാം എന്റെ കൂടെ 'പത്രോസിന്റെ പടപ്പുകളെ'ന്ന സിനിമയിലുണ്ടായിരുന്നു. തണ്ണീർമത്തൻ ദിനങ്ങൾ, പത്രോസിന്റെ പടപ്പുകൾ എന്നീ ചിത്രങ്ങളിലൂടെ നസ്ലിന്റെ വളർച്ച കാണാനും എനിക്ക് സാധിച്ചു. നസ്ലിന്റെ അടുത്തിറങ്ങിയ ചിത്രങ്ങളിൽ പോലും എനിക്ക് പരിചയമുള്ള സുഹൃത്തുക്കളും ഭാഗമായിരുന്നു.
നസ്ലിനെന്ന സുഹൃത്ത് ഒരു കുടുംബാംഗമായി മാറുന്നത് 'പ്രേമലു'വിലൂടെയാണ്. ഗിരീഷേട്ടനും ശ്യാമുമായിട്ടുമൊക്കെ ഇത്ര അടുക്കുന്നത് പ്രേമലു എന്ന ചിത്രത്തിലൂടെയാണ്. കാരണം സിനിമയുടെ ഏറിയ ഭാഗം ഷൂട്ടിനും ഹൈദരാബാദിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. കേരളം പോലുമല്ലെന്നത് ഓർക്കണം. നാട്ടിൽ നിന്ന് മാറിയപ്പോൾ താമസം പോലും ഒരു അപ്പാർട്ട്‌മെന്റിലായിരുന്നു. അങ്ങനെയൊക്കെ അവരുമായി കൂടുതൽ അടുത്തു. മമിതയുമായി ചെറിയ പരിചയമുണ്ട്. സൂപ്പർ ശരണ്യയിൽ മമിതയുമായിട്ടായിരുന്നു എനിക്ക് കോംബിനേഷൻ. അഖിലയെയും പരിചയമുണ്ടായിരുന്നു. പക്ഷേ പ്രേമലുവിൽ എത്തിയപ്പോഴേക്കും ഇവരുമായും കൂടുതൽ അടുത്തു. അത് മാത്രമാണ് വ്യത്യാസം. ലൊക്കേഷനിൽ ഒരുപാട് രസകരമായ സംഭവങ്ങൾ നടന്നിട്ടുണ്ട്.
ആ സീനിൽ ആളുകൾ ചിരിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതേയില്ല
ഞങ്ങൾ ഒത്തുള്ള മിക്ക സീനുകളിലും എനിക്ക് നസ്ലിനൊപ്പം തന്നെ തുല്യമായ ഡയലോഗുകളുണ്ട്. നസ്ലിൻ കരയുന്ന ആ ഒരു സീൻ തിരക്കഥയിൽ വായിക്കുമ്പോഴേ നസ്ലിന് പെർഫോം ചെയ്യാനുള്ള രംഗമായാണ് ഞാൻ മനസ്സിലാക്കിയത്. ഇതൊഴികെയുള്ള ബാക്കി എല്ലാ സീനുകളിലും ഡയലോഗ് നന്നായി പഠിക്കണം. അമൽ ഡേവിസ് നസ്ലിൻ്റെ കഥാപാത്രം പറയുന്നതെല്ലാം കേട്ട് വിഷമിച്ചിരിക്കുന്നു എന്ന ഒറ്റവരി മാത്രമേ ആ സീനിലുണ്ടായിരുന്നുള്ളൂ എന്നാണ് എന്റെ ഓർമ. അതായത് റിയാക്ഷൻ മാത്രമാണ് ആ രംഗത്തെ പറ്റി തിരക്കഥയിൽ രേഖപ്പെടുത്തിയിരുന്നത്.
സാധാരണ എല്ലാ ഇമോഷണൽ സീനുകളിലും നമ്മൾ തയ്യാറെടുക്കും. നസ്ലിനും അവിടെ തയ്യാറെടുപ്പ് നടത്തി. ഞാൻ അത്ര ഭയങ്കരമായി തയ്യാറെടുത്തിരുന്നില്ല. നസ്ലിനാണ് കൂടുതൽ ഡയലോഗും ഇമോഷൻസും നോക്കേണ്ടത്. ഞാനും നസ്ലിന്റെ അടുത്ത് പോയിരുന്നു. അത് കഴിഞ്ഞാണ് പെർഫോം ചെയ്തത്. അതിന് മുൻപ് ഷൂട്ട് കഴിഞ്ഞാലും ഞങ്ങൾ തമാശ പറയുമായിരുന്നു. പക്ഷേ ഈ രംഗം അതേ തീവ്രതയിൽ നസ്ലിൻ അവതരിപ്പിച്ചപ്പോൾ ഞാൻ ശരിക്കും കരഞ്ഞുപോയി. ഒന്നോ രണ്ടോ ഷോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നെ വെെകാരികമായി തൊട്ട രംഗമായിരുന്നു അത്. നസ്ലിനോടോ അതോ അവൻ്റെ കഥാപാത്രമായ സച്ചിനോടോയുള്ള അടുപ്പം കൊണ്ട് തോന്നിയ വിഷമം കൊണ്ട് വന്ന റിയാക്ഷനാണ് അത്. ഷൂട്ട് ചെയ്യുമ്പോൾ ഈ സീനിന് ചിരിയുണ്ടാകുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല.
പ്രേക്ഷകർക്ക് റിയൽ ലൈഫുമായി കണക്ട് ചെയ്യാവുന്നത് കൊണ്ടാകണം ആ സീനിൽ ചിരിച്ചത്. 'പൂവൻ' എന്ന ചിത്രത്തിന്റെ സംവിധായകൻ വിനീതേട്ടൻ വിളിച്ചപ്പോൾ പറഞ്ഞത് ആ സീനിൽ എല്ലാവരും ചിരിച്ച് കഴിഞ്ഞിട്ട് അമൽ ഡേവിസിന്റെ റിയാക്ഷൻ വന്നപ്പോഴാണ് അത് ചിരിക്കേണ്ട രംഗമല്ലെന്ന് ആളുകൾ തിരിച്ചറിഞ്ഞിട്ടുണ്ടാവുകയെന്നാണ്. സച്ചിൻ എന്ത് ചെയ്താലും ട്രോളുന്ന അമൽ അവിടെ ചിരിക്കുന്നില്ല. അമൽ ഈ രംഗത്തിൽ കുറച്ച് ഗൗരവ ഭാവത്തിലാണ്. ആ റിയാക്ഷനിലൂടെ ഇമോഷൻ മനസിലാക്കാൻ ആളുകൾക്ക് സാധിച്ചെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി. ഗിരീഷേട്ടനും ആകാശേട്ടനുമൊക്കെ എഡിറ്റ് സമയത്തൊക്കെ ആ വിഷൻ ഉണ്ടായിരുന്നിരിക്കണം. നസ്ലിനും ഗംഭീരമായി പെർഫോം ചെയ്തു. നസ്ലിന്റെ പ്രകടനവും ആ രംഗത്തെ സ്വാധീനിച്ചിട്ടുണ്ട്.
ചിലപ്പോൾ സുഹൃത്തുക്കൾക്ക് മോട്ടിവേഷൻ കൊടുക്കണം, ചിലപ്പോൾ താങ്ങാകണം
ഞാൻ ജീവിതത്തിൽ സൗഹൃദങ്ങൾക്ക് വളരെയധികം വിലകൽപ്പിക്കുന്ന ഒരാളാണ്. പണ്ടുമുതലേ അങ്ങനെയാണ്. അതുകൊണ്ടുതന്നെ അമൽ ഡേവിസ് എന്ന കഥാപാത്രം എനിക്ക് ഒത്തിരി ക്ലോസാണ്. പിന്നെ സിനിമയിലുള്ളവരായാലും അല്ലാത്തവരായാലും സുഹൃത്തുക്കൾക്ക് ഇടയ്ക്ക് അവർക്ക് മോട്ടിവേഷനൊക്കെ കൊടുക്കേണ്ടി വരും. അവർക്കൊരു താങ്ങായും നിൽക്കേണ്ട സാഹചര്യങ്ങൾ വരും. നസ്ലിന്റെ കഥാപാത്രമായ സച്ചിന്റെ അവസ്ഥയിലൂടെ പോലും ജീവിതത്തിൽ എനിക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്.
പ്രേമലുവിൽ പല സ്ഥലങ്ങളിലും ഞങ്ങൾ ഇംപ്രൊവൈസ് ചെയ്തിട്ടുണ്ട്. റിയാക്ഷനും എക്‌സ്പ്രഷനുമൊക്കെ തിരക്കഥയിൽ ഡീറ്റെയിൽ ചെയ്തിരുന്നില്ല. ഒന്നുങ്കിൽ ഗിരീഷേട്ടൻ പറഞ്ഞുതരുന്നതോ നമ്മൾ ഇംപ്രൊവൈസ് ചെയ്യുന്നതോ ആകും. കല്യാണവീട്ടിലെ റിയാക്ഷൻ മാത്രം ഞാനും നസ്ലിനും ഇംപ്രൊവൈസ് ചെയ്തതാണ്. ആ സീനിൽ മമിതയുടെയും അഖിലയുടെയും ഡാൻസ് ഷൂട്ട് ചെയ്യാനായിരുന്നു കൂടുതൽ സമയമെടുത്തത്. അതിനൊരു കൊറിയോഗ്രഫർ വന്ന് സമയമെടുത്താണ് ഷൂട്ട് ചെയ്തത്. ഓഡിയൻസായി ആ സീനിൽ ഞാനും നസ്ലിനും വേണം. അങ്ങനെ ഓഡിയൻസായി ഇരുന്നപ്പോഴാണ് ആ എക്‌സ്പ്രഷൻസ് രൂപപ്പെടുത്തിയത്. ഡാൻസ് സ്റ്റെപ്പിന് അനുസരിച്ച് ഞങ്ങൾ എക്‌സ്പ്രഷൻ ഇട്ടു. ഗിരീഷേട്ടന് സംഭവം ഇഷ്ടപ്പെട്ടു. പിന്നെ അത് വേറെ തന്നെ ഷോട്ടായി ചിത്രീകരിച്ചു. ഗിരീഷേട്ടനും ചില നിർദേശങ്ങൾ തന്നിരുന്നു.
വഴിത്തിരിവായ തണ്ണീർമത്തൻ ദിനങ്ങൾ, ഫിലിം മേക്കറാവാൻ ആഗ്രഹം
'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ചിത്രം ഒരു വഴിത്തിരിവായിരുന്നു. പുതുമയുള്ള പ്രമേയങ്ങളുമായി ധാരാളം ചിത്രങ്ങൾ ആ സമയം ഇറങ്ങി. ഞങ്ങളെല്ലാം അടുത്തൊക്കെയുള്ളവരാണ്. എങ്ങനെയൊക്കെയോ ഞങ്ങൾ തമ്മിൽ ഒരു കണക്ഷൻ വന്നു. തണ്ണീർമത്തനിൽ അവർ ആസ്വദിച്ച കോമഡിയെല്ലാം എനിക്കും ആസ്വദിക്കാനായി. സ്‌പോട്ട് എഡിറ്ററായി ഞാൻ കുറെ സംവിധായകരുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്.
നമ്മൾ എപ്പോഴും ഫോളോ ചെയ്യുകയും മേക്കിങ് സ്റ്റൈൽ പിന്തുടരുകയും ചെയ്യുന്ന സംവിധായകരുണ്ട്. ഗിരീഷേട്ടൻ പണ്ട് മുതലേ എന്റെ പേഴ്‌സണൽ ഫേവ്‌റൈറ്റാണ്. ഞാനൊരു ഫിലിം മേക്കറാകാൻ ആഗ്രഹിച്ചിരുന്ന ആളാണ്. നമ്മുടെ ചിന്തകളെയൊക്കെ മെച്ചപ്പെടുത്തുന്ന സംവിധായകർ വരുമ്പോഴാണല്ലോ നമ്മൾ അവരെ ഫോളോ ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോൾ ആദ്യം മനസിലെത്തുന്നത് ഗിരീഷേട്ടൻ തന്നെയാണ്.
സ്പോട്ട് എഡിറ്ററിൽ നിന്ന് നടനിലേയ്ക്ക്, എനിക്കിപ്പോൾ ഡ്യുവൽ ലെെഫ്
സ്പോട്ട് എഡിറ്റർ ആയി വർക്ക് ചെയ്തതിന് ശേഷം 'ഫോർ ഇയേർസ്', 'ലിറ്റിൽ മിസ്സ് റാവുത്തർ' എന്നീ ചിത്രങ്ങളിൽ ഇൻഡിപെൻഡന്റ് എഡിറ്ററായി. ഇപ്പോൾ 'ജയ് ഗണേഷ്' എന്ന ചിത്രത്തിൽ എഡിറ്ററായി വർക്ക് ചെയ്യുന്നു. ഇതിനിടയിലാണ് അഭിനയിക്കാൻ സമയം കണ്ടെത്തുന്നത്. എഡിറ്റിങ്ങും അഭിനയവും രണ്ടും രണ്ടറ്റത്ത് നിൽക്കുന്നവയാണ്.
എഡിറ്റിങ്ങിൽ നമ്മൾ എത്ര അധ്വാനിച്ചാലും ആളുകൾ ചിലപ്പോൾ തിരിച്ചറിയില്ല. പക്ഷേ ഒരു സീനിൽ വന്നാൽ പോലും ആളുകൾ ഏറ്റെടുക്കുന്ന മേഖലയാണ് അഭിനയം. ഡ്യുവൽ ലൈഫ് എന്നൊക്കെ പറയാം. ജയ് ഗണേഷിന്റെ എഡിറ്റും ചർച്ചകളും ഒക്കെ നടക്കുന്നുണ്ട്. അതുകഴിഞ്ഞ് പുറത്തിറങ്ങിയാൽ ആളുകൾ അമൽ ഡേവിസേ എന്നാണ് വിളിക്കുന്നത്.
ഷമീർ മുഹമ്മദിൻ്റെ ശിഷ്യൻ, ഗൗരവക്കാരനായ സീനിയറിനെ തന്ന വിനീത്
ഞാൻ എഡിറ്റർ ഷമീർ മുഹമ്മദിന്റെ അസോസിയേറ്റായിരുന്നു. 'സ്വാതന്ത്ര്യം അർദ്ധരാത്രി'യിലാണ് ആദ്യം വർക്ക് ചെയ്യുന്നത്. പിന്നീട് പത്തോളം ചിത്രങ്ങൾ ഷമീറിക്കയുടെ കൂടെ ചെയ്തു. പത്രോസിന്റെ പടപ്പുകളിലൂടെയാണ് സ്വതന്ത്ര്യ എഡിറ്ററായത്. 'ജയ് ഗണേഷ്' ഞാൻ എഡിറ്റ് ചെയ്യുന്ന നാലാമത്തെ ചിത്രമാണ്. 'ഹൃദയ'ത്തിലേക്ക് വിനീതേട്ടൻ തണ്ണീർമത്തനിലെ പരിചയം കൊണ്ട് വിളിച്ചതാണ്. എന്റെ പെർഫോമൻസ് കണ്ടാണെന്ന് വിശ്വസിക്കുന്നില്ല, റിയൽ ലൈഫിൽ നമ്മുടെ മാനറിസം കണ്ടിട്ടാകണം. അഭിനയമോഹം തീരെയില്ലായിരുന്നു. ഞാൻ തന്നെ സംവിധാനം ചെയ്ത ഒരു ഷോർട്ട്ഫിലിൽ അഭിനയിച്ചിരുന്നു. അത് കണ്ടതോടെ ഇനി അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചു. തണ്ണീർമത്തനിലും ചില രംഗങ്ങൾ ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ മടിച്ചു. വിനീതേട്ടൻ വിളിച്ച് ഒരു വേഷമുണ്ടെന്ന് പറഞ്ഞു. കുറച്ച് ഗൗരവക്കാരനായ കഥാപാത്രമായതിനാൽ ചെയ്യാമെന്ന് വെച്ചതാണ്.
എനിക്കേറ്റവും പ്രിയപ്പെട്ടത് 'സൂപ്പർ ശരണ്യ'യിലെ കഥാപാത്രമാണ്. ഒരു ഡിലീറ്റഡ് സീനുമുണ്ടായിരുന്നു ചിത്രത്തിൽ. ആ സിനിമയിൽ കോമഡി ചെയ്തപ്പോൾ എനിക്ക് സംതൃപ്തി തോന്നി. 'വശീകരണ'ത്തിൽ അഭിനയിച്ചപ്പോൾ ആക്ടിങ്ങിനോട് കുറച്ചുകൂടി അറ്റാച്ച്‌മെന്റ് തോന്നിയിരുന്നു. ആളുകൾ അമൽ ഡേവിസ് എന്ന കഥാപാത്രം സ്വീകരിച്ചപ്പോൾ ഉറപ്പായിട്ടും ഇത് നമ്മൾക്ക് ഇഷ്ടപ്പെടാതിരിക്കാൻ തരമില്ലെന്ന് പറയുന്നത് പോലെയായി. കാരണം ആളുകൾ നമ്മളെ സ്വീകരിക്കുമ്പോൾ നമ്മൾക്ക് കുറച്ചുകൂടി ഉത്തരവാദിത്വം വരും. അതുകൊണ്ട് ഇവിടെ അവസാനിപ്പിക്കുന്നത് ശരിയല്ലെന്ന് തോന്നി. ആളുകൾക്ക് ഇനിയും ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട്.
അച്ഛൻ മോഹൻലാലിൻ്റെ 'രാജാവിന്റെ മകനി'ൽ, മകൻ പ്രണവിൻ്റെ 'ഹൃദയ'ത്തിൽ
വീട്ടിൽ നിന്ന് സപ്പോർട്ട് കുറവൊന്നും നേരിടേണ്ടി വന്നിട്ടില്ല. നാട്ടുകാരുടെ സംശയങ്ങൾ പോലും എന്റെ കാര്യത്തിൽ ഇല്ലായിരുന്നു. എന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും പ്രതീക്ഷ കൈവിടാതെ ഇരുന്നത് അച്ഛനും അമ്മയും തന്നെയാണ്. അവർ പിന്തുണച്ചത് കൊണ്ടുതന്നെ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് പോലും എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. അച്ഛൻ ക്യാമറാമാനായിരുന്നു. ജയനൻ വിൻസന്റ് സാറിന്റെ അസോസിയേറ്റ് ആയിരുന്നു. രാജാവിന്റെ മകൻ, പൂക്കാലം വരവായി തുടങ്ങിയ ചിത്രങ്ങളിലൊക്കെ അച്ഛൻ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്.
ഞാൻ ബി.എസ്.സി ആനിമേഷനാണ് പഠിച്ചത്. മിമിക്രി ജീവിതത്തിൻ്റെ ഒരു ഭാഗമായിരുന്നു. ഇപ്പോൾ തമാശയ്ക്ക് പോലും മിമിക്രി ചെയ്യാറില്ല. കുറെ നാളുകൾക്ക് ശേഷം പ്രേമലുവിലാണ് മിമിക്രി ചെയ്യുന്നത്. അതിന് മുൻപ് തണ്ണീർമത്തന്റെ സെറ്റിലൊക്കെ ചെയ്യുമായിരുന്നു. ഷമീറിക്ക മറ്റുള്ളവരുള്ളപ്പോൾ എന്നോട് മിമിക്രി കാണിക്കാൻ പറയുമായിരുന്നു. ചില മിമിക്രി മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 2011-ലോ 12-ലോ ഞാൻ എറണാകുളം ജില്ലയിൽ മിമിക്രിക്ക് ഒന്നാമനായിരുന്നു. സംസ്ഥാനതലത്തിലും മത്സരിച്ചു.
ഒരുപാട് സർപ്രെെസുകളുള്ള ജയ് ഗണേഷ്
എഡിറ്റിങ്ങിൽ 'ജയ് ഗണേഷ്' ആണ് പുതിയ ചിത്രം. 'ജയ് ഗണേഷി'ന്റെ വിഷയത്തിൽ ടീസറിന് അപ്പുറം സർപ്രൈസിങ്ങായിട്ടുള്ള ഒരുപാട് കാര്യങ്ങൾ റിലീസ് ചെയ്യുമ്പോൾ കാണാൻ സാധിക്കും. ഉണ്ണി ചേട്ടന്റെ വൺ ഓഫ് ദി ബെസ്റ്റ് ചിത്രമായിരിക്കും ഇത്.
Content Highlights: premalu actor sangeeth prathap interview