'ഇന്ത്യക്കാരായതുകൊണ്ടോ മൂന്നാംലോക രാഷ്ട്രമായതുകൊണ്ടോ നമ്മൾ പിന്തള്ളപ്പെടില്ല' -അൽഫോൺസ്

'ഫെയ്സ് ഓഫ് ദി ഫെയ്സ്ലെസ്' എന്ന ചിത്രത്തിലെ ഗാനങ്ങൾ ഒസ്കർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചതിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഒറിജിനൽ സോങ്ങ്, ഒറിജിനൽ സ്കോർ വിഭാഗങ്ങളിലായി ഷോർട്ട്ലിസ്റ്റ് ചെയ്തിരിക്കുന്ന 94 ചിത്രങ്ങളിലാണ് 'ഫെയ്സ്ലെസ്സും' എത്തിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ചും ഓസ്കറിൽ ലിസ്റ്റ് ചെയ്യപ്പെട്ടതിനെ കുറിച്ചും സംഗീതസംവിധായകൻ അൽഫോൺസ് ജോസഫ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
പ്രതീക്ഷിക്കാതെ ഓസ്കറിലേക്ക്
ഒട്ടും പ്രതീക്ഷിച്ചതല്ല ഇത്. നോമിനേഷന് അയക്കണം എന്ന് തന്നെ ചിന്തിച്ചിരുന്നില്ല, പക്ഷേ സിനിമ തുടങ്ങിയ സമയം തന്നെ ഇതിന്റെ പ്രമേയം എന്നെ വല്ലാതെ സ്പർശിച്ചിരുന്നു.ഇതിനകത്ത് ഒരു സത്യമുണ്ട്. യഥാർഥ കഥയാണ്. സഹനത്തിന്റെ കഥയാണ്. ആരുമില്ലാത്തവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച അവർക്കായി രക്തസാക്ഷിത്വം വഹിച്ച സിസ്റ്റർ റാണി മരിയയുടെ ജീവിതമാണ് ചിത്രം പറയുന്നത്. സിനിമയുടെ വർക്കെല്ലാം കഴിഞ്ഞ സമയത്ത് ഇതിന്റെ സംവിധായകനോട് യുഎസിലുള്ള ചില സാങ്കേതിക പ്രവർത്തകരാണ് ചിത്രം ഓസ്കറിന് അയക്കണമെന്ന് നിർബന്ധിക്കുന്നത്. ആ അഭിപ്രായത്തിൽ നിന്നാണ് നോമിനേഷന് പോകുന്നത്. കുറേയേറെ പേപ്പർ വർക്കുകൾ ഉണ്ടായിരുന്നു. അവസാനനിമിഷം ചെയ്ത കാരണം കുറേ തെറ്റുകൾ സംഭവിച്ചിരുന്നു. പക്ഷേ അക്കാദമിയുടെ ഭാഗത്ത് നിന്ന് നല്ല സഹകരണമാണ് ലഭിച്ചത്. 94 ഗാനങ്ങളാണ് നോമിനേഷൻ പട്ടികയിലുള്ളത്. അതിലെന്റെ മൂന്ന് ഗാനങ്ങളുണ്ട്. ഒപ്പം ഒറിജിനൽ സ്കോർ വിഭാഗത്തിൽ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഇടം പിടിച്ചിട്ടുണ്ട്. ലോകത്തെ എല്ലാ ഭാഷയിൽ നിന്നുമുള്ള എല്ലാ വിഭാഗത്തിൽ നിന്നുമുള്ള മികച്ച ചിത്രങ്ങളാണ് പട്ടികയിലെത്തുക. അതിൽ ഇടം നേടാനായത് വലിയ നേട്ടമാണ്. നമുക്ക് കിട്ടാക്കനിയായിരുന്ന, അല്ലെങ്കിൽ എത്തിച്ചേരാൻ പറ്റുമോ എന്ന് കരുതിയിരുന്ന ഒന്നിലാണ് നമ്മൾ എത്തിച്ചേർന്നിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഒറിജിനൽ സോങ്ങ് വിഭാഗത്തിൽ ഉള്ള ഏക ചിത്രവും ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ് ആണ്. അത് അഭിമാനിക്കാവുന്ന കാര്യമാണ്. ചിത്ര ചേച്ചി. ഹരിഹരൻ സർ, കൈലാഷ് ഖേർ തുടങ്ങിയവർ ചിത്രത്തിൽ പാടിയിട്ടുണ്ട്.
ഹൃദയത്തിൽ നിന്നുള്ള ഗോത്ര ഗാനം
ഒരു പാട്ടിനെക്കുറിച്ച് പറഞ്ഞേ മതിയാകൂ. അതൊരു ട്രൈബൽ സോങ്ങ് ആണ്. ബരാളാ ഗോത്രവിഭാഗത്തിന്റെ ഗാനം. ആ ഗ്രാമത്തിൽ പോയി അവരുടെ ഇടയിലിരുന്ന് അവരോടൊപ്പം ജീവിച്ച് കണ്ടെത്തിയ ഈണമാണ്. ഭയങ്കര നാണമാണ് അവർക്ക് നമ്മുടെ മുന്നിൽ പെർഫോം ചെയ്യാൻ. പ്രത്യേകിച്ച് അക്കൂട്ടത്തിൽ ഒരു സ്ത്രീയുണ്ടായിരുന്നു അവർ രണ്ട് വരി പാടും അകത്തേക്ക് ഓടി പോവും അങ്ങനെയായിരുന്നു. പക്ഷേ ഹൃദയത്തിൽ നിന്ന് വരുന്ന ഈണമായിരുന്നു അത്. അതിൽ നമ്മുടേതായ സംഗീതം കൂട്ടിച്ചേർത്താണ് ഗാനം ചിട്ടപ്പെടുത്തിയത്. അതെനിക്ക് വളരെ പ്രതീക്ഷയുള്ള ഗാനമാണ്. ഹൃദയങ്ങളെ സ്പർശിക്കുക ടെക്നോളജിയല്ല. ഇത്തരത്തിൽ സത്യമുള്ള കാര്യങ്ങളാകും. ദൈവസഹായത്താൽ അത് അംഗീകരിക്കപ്പെട്ടാൽ വലിയ സന്തോഷം
ഇന്ത്യക്കാരായതുകൊണ്ട് പിന്തള്ളപ്പെടില്ല
പ്രതീക്ഷയുണ്ടായിരുന്നില്ല. ഒപ്പം നിൽക്കുന്ന വലിയ ബഡ്ജറ്റുള്ള വലിയ വലിയ ബാനറിന്റെ ചിത്രങ്ങളാണ്. അവിടെ നമുക്കെന്ത് സ്ഥാനം എന്നായിരുന്നു ആദ്യ ചിന്ത. പക്ഷേ അക്കൂട്ടത്തിലേക്ക് നമ്മുടെ ചിത്രവും ഇടം നേടിയപ്പോൾ െനിക്ക് തോന്നിയത് സത്യസന്ധമായ പ്രയത്നങ്ങളൊന്നും വെറുതെയാവില്ല എന്നാണ്. ആത്മാർഥമായി ചെയ്തതാണെങ്കിൽ അത് അംഗീകരിക്കപ്പെടുക തന്നെ ചെയ്യും. ഇന്ത്യക്കാരായതുകൊണ്ടോ മൂന്നാം ലോക രാഷ്ട്രമായതുകൊണ്ടോ നമ്മൾ പിന്തള്ളപ്പെടില്ല എന്നുള്ളത് ഉറപ്പായ കാര്യമാണ്.
നാട്ടു നാട്ടുവും ഓസ്കറും വിമർശനങ്ങളും
റഹ്മാൻ സാറിന്റെ തന്നെ എത്രയോ മികച്ച കംപോസിഷൻസ് ഉണ്ടായിട്ടുണ്ട്. പക്ഷേ ജയ് ഹോ ക്ക് ഓസ്കർ കിട്ടിയപ്പോൾ പലരും വിമർശനങ്ങളും താരതമ്യങ്ങളുമായി വന്നു. ഇതിലും എത്രയോ മികച്ച ഗാനങ്ങൾ വന്നു. ഇതിനെന്താണ് ഇത്ര പ്രത്യേകത എന്നെല്ലാം പറഞ്ഞു. പാട്ടിന്റെ മഹത്വമല്ല ശരിയായ അവസരവും സാഹചര്യവുമാണ് പ്രധാനം. ആ സിനിമയിൽ ആ പാട്ട് വന്നു, ആ സിനിമയ്ക്ക് ഓസ്കർ വേദിയിലേക്ക് എത്താൻ പറ്റി. അതാണ് വലിയ കാര്യം. നാട്ടു നാട്ടു ഇന്റർനാഷണൽ ക്രൗഡിന് ഇതുവരെ കണ്ട് പരിചയിച്ച ഈണമോ നൃത്തമോ റിഥമോ അല്ല. നമ്മൾ കണ്ട് പരിചയിച്ചതാവാം അത്. പക്ഷേ ആ വേദിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മറ്റ് എൻട്രികളുമായി താരതമ്യം ചെയ്യുമ്പോൾ നാട്ടു നാട്ടു വ്യത്യസ്തപ്പെട്ടിരിക്കാം. പിന്നെ കീരവാണി സർ. അദ്ദേഹത്തിന്റെ തന്നെ മറ്റ് എത്രയോ മികച്ച കമ്പോസിഷൻസ് ഉണ്ട്. അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ പ്രയത്നത്തിനുള്ള അംഗീകാരം ഇതിലൂടെ ലഭിച്ചുവെന്നേ ഞാൻ കരുതുന്നുള്ളൂ.
ഇന്ത്യൻ സംഗീതം അംഗീകരിക്കപ്പെടണം
നമ്മുടെ പാരമ്പര്യവും സംസ്കാരവും വളരെ മഹത്വപൂർണമാണ്. ലോകത്ത് തന്നെ അത്രയേറെ ഡെപ്ത് ഉള്ള ഒരു സംഗീത പാരമ്പര്യം നമുക്കുണ്ട്. അത്തരത്തിൽ ഇന്റർനാഷണൽ ലെവലിൽ തിരിച്ചറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും വേണം. അതിനോടൊപ്പം ഒരു ബിസിനസ് ആസ്പെക്ടും ഉണ്ട്. ഇന്ത്യ എല്ലാംകൊണ്ടും ഒരുപാട് സാധ്യതകളുള്ള സ്ഥലമാണ്. ഇവിടേക്ക് ലോകശ്രദ്ധ എത്തിച്ചേരാനുള്ള എല്ലാ വഴികളും ഉണ്ട്. സംഗീതജ്ഞർക്ക് വേണ്ട അംഗീകാരം ലഭിക്കണമെന്നുള്ളതാണ് എന്റെ ദൗത്യം. ഒരു ഡോക്ടർക്കോ എഞ്ചിനീയർക്കോ വക്കീലിനോ ലഭിക്കുന്ന അംഗീകാരങ്ങൾക്ക് മീതേ സംഗീതജ്ഞർ തിരിച്ചറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും വേണം.
Content Highlights: music director Alphonse Interview about Oscar nomination the face of faceless movie