‘സ്റ്റാൻലിക്ക് റെഡ് വൈൻ, നത്തിന് പച്ച, സ്‌ക്രിപ്റ്റിനൊപ്പം സഞ്ചരിക്കുകയായിരുന്നു വെല്ലുവിളി’

#ഷിനില മാത്തോട്ടത്തില്‍
ഫൈസല്‍ അലി | Photo: instagram/ faisal ali
ഫൈസല്‍ അലി | Photo: instagram/ faisal ali

''ഇറ്റാലിയൻ സംവിധായകൻ ബർണാർഡോ ബർട്ടൊലൂച്ചിയുടെ 'ദി ലാസ്റ്റ് എംപറർ' കണ്ടപ്പോഴാണ് എനിക്കാദ്യം ഛായാഗ്രാഹകനാവണമെന്ന് തോന്നിയത്. പത്താംക്ലാസിൽ പഠിക്കുകയാണന്ന്. ആ സിനിമയുടെ വിഷ്വൽ ലാംഗ്വേജും ക്യാമറാമൂവ്‌മെന്റും ലൈറ്റിങ്ങും കണ്ട് അമ്പരന്നുപോയി, അന്നുവരെകണ്ട ചിത്രങ്ങളിലെ ലൈറ്റിങ്ങും എയ്‌സ്‌തെറ്റിക്കുമൊന്നുമല്ല, കുറെദിവസം അതിനെപ്പറ്റി ആലോചിച്ചുനടന്നു.'' -ഫൈസൽ അലിയെന്ന ഛായാഗ്രാഹകന്റെ വാക്കുകളിൽ കുട്ടിക്കാലംമുതൽകണ്ട സ്വപ്നമുണ്ട്. വിറ്റോറിയോ സ്റ്റൊരാരോ എന്ന ഇറ്റാലിയൻ ക്യാമറാമാന്റെ കരവിരുതിൽ പിറന്ന ദൃശ്യങ്ങൾ തന്നെയും ലൈറ്റിങ് ലോകത്തിലേക്ക് കൊണ്ടുവന്നുവെന്നാണ് ഫൈസൽ പറയുന്നത്. കളങ്കാവൽ സിനിമയുടെ ഛായാഗ്രാഹകനെന്നനിലയിൽ അനുഭവങ്ങൾ പങ്കിടുകയാണ് അദ്ദേഹം.

കളങ്കാവലിന്റെ തിരക്കഥ വായിച്ചപ്പോൾ ആദ്യം മനസ്സിലേക്കുവന്ന ചിത്രം

'ഡ്രൈവ്' എന്നൊരു ഇംഗ്ലീഷ് ആക്ഷൻ സിനിമയുണ്ട്. അതിൽ നിറങ്ങൾ ഉപയോഗിച്ച രീതി എനിക്ക് ആകർഷകമായിത്തോന്നി. തിരക്കഥ വായിക്കുമ്പോൾ ഞാനും ഡയറക്ടർ ജിതിൻ ജെ. ജോസും ഇത്തരം വിഷ്വലിനെപ്പറ്റി ചർച്ചചെയ്തിരുന്നു. അദ്ദേഹത്തിനുമത് താത്പര്യമായി. കളങ്കാവലിൽ ഞാൻ കുറച്ചെങ്കിലും ഫോളോ ചെയ്തിട്ടുള്ളത് ഈ ചിത്രമാണ്. ലൈറ്റിങ്ങിലും നിറങ്ങൾ ഉപയോഗിച്ച രീതിയിലുമെല്ലാം 'ഡ്രൈവ്' പ്രചോദനമായി.

കളങ്കാവലിൽ സ്വന്തമായി കൊണ്ടുവന്ന പരീക്ഷണമെന്താണ്

കഥാപാത്രങ്ങൾക്ക് നൽകിയ നിറങ്ങളാണത്. മമ്മൂട്ടിയുടെ കഥാപാത്രമായ 'സ്റ്റാൻലി'യെ കാണിക്കുന്ന രംഗങ്ങളിലെല്ലാം റെഡ് വൈൻ നിറം മുന്നിൽനിൽക്കുന്നതു കാണാം. വിനായകന്റെ 'നത്തി'ന് നൽകിയത് പച്ചനിറമാണ്. സിനിമ തുടങ്ങുന്ന ആദ്യ ഫ്രെയിം തൊട്ട് ഈ നിറങ്ങളുമുണ്ട്. മമ്മൂട്ടി വരുമ്പോൾ ചുവപ്പുനിറം ഷോട്ടിൽ കൂടിനിൽക്കും, അദ്ദേഹത്തിന്റെ കാറിന്റെ നിറവും റെഡ് വൈനാണ്. വിനായകന്റെ വണ്ടിക്ക് പച്ചനിറമാണ്. മമ്മൂട്ടിക്ക് ആധിപത്യമുള്ള രംഗങ്ങൾ ചുവപ്പിലാണ്. വിനായകന് ആധിപത്യമുള്ള രംഗങ്ങളിൽ പച്ചയ്ക്കാണ് മുൻകൈ. ക്ലൈമാക്‌സിലേക്കെത്തുമ്പോൾ, ചുവപ്പിന് ആധിപത്യം കുറഞ്ഞ്, പച്ചയ്ക്ക് കൂടിവരുന്നുണ്ട്.

മുൻപുചെയ്ത സിനിമകളും കളങ്കാവലും താരതമ്യം ചെയ്താൽ

ഇതുവരെചെയ്ത ചിത്രങ്ങളെല്ലാം കുറച്ചൊക്കെ കളർഫുൾ പാറ്റേണിലുള്ളതാണ്. കളങ്കാവൽ കുറച്ച് ഡാർക്കാണ്. വിന്റേജാണ്. കോസ്റ്റ്യൂം, ചെറിയ കളർ ആർട്ടുകൾ, ലൊക്കേഷൻ തുടങ്ങിയവയിൽ അതിന്റേതായ കുറച്ചു വർക്കുകൾ പ്രത്യേകം ശ്രദ്ധിച്ചു. തമിഴ്‌നാടും കേരളവും മാറിമാറിയാണ് ഷൂട്ട്. ലൈറ്റിങ്, ആർട്ടിലെ കളർ തുടങ്ങിയവയിലടക്കം ഇത്രയും മുഴുകിച്ചെയ്ത സിനിമ വേറേയില്ല. എല്ലാരീതിയിലും ആസ്വദിച്ചുചെയ്ത ചിത്രമാണിത്.

ഏറ്റവും വെല്ലുവിളിയായി തോന്നിയതെന്തായിരിക്കും

സ്‌ക്രിപ്റ്റിനൊപ്പം സഞ്ചരിക്കുകയായിരുന്നു, അത് ശരിക്കും ആസ്വദിച്ചു. ലൈറ്റിങ്ങിലും ഫ്രെയ്മിങ്ങിലും ലൊക്കെഷനിലും ക്യാമറ ചലിപ്പിക്കുന്നതിലുമൊക്കെ ഒരു മൂഡ് ക്രിയേറ്റ് ചെയ്തു. അത് ആദ്യവസാനം നിലനിർത്തുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ആദ്യം കാണുന്ന കൊലപാതകംതൊട്ട് ഒരു മൂഡിലേക്ക് സിനിമ കയറുകയാണ്. ക്ലൈമാക്‌സ് വരെ അത് നിലനിർത്തണം. പിന്നെ കേരളത്തിലെ ഒരു സീൻ കട്ടുചെയ്ത് നേരേവരുന്നത് തമിഴ്‌നാട്ടിലെ സീനിലേക്കായിരിക്കും, ഒപ്പം രണ്ടു സംസ്‌കാരങ്ങളും കൊണ്ടുവരണം. ഇതുമൊരു വെല്ലുവിളിയായിരുന്നു.

സംവിധായകനൊപ്പംചേർന്ന് വിഷ്വൽ ലാംഗ്വേജ് വികസിപ്പിക്കുന്നതിനെപ്പറ്റി

ഒരു സിനിമയുടെ ആദ്യവിഷ്വൽ വരുന്നത് സംവിധായകന്റെ ഉള്ളിലായിരിക്കും. പിന്നീട് മറ്റുള്ളവർ വരുന്നു, സ്‌ക്രിപ്റ്റ് വായിക്കുന്നു, ലൊക്കേഷൻ കാണുന്നു, എല്ലാത്തിനുമിറങ്ങുന്നു. ആദ്യം ഡയറക്ടറുടെ വിഷ്വൽ, അതിൽ നമ്മുടെ ആശയങ്ങളും ചേരുന്നു, എല്ലാ കാര്യങ്ങളും തീരുമാനിച്ചുകഴിഞ്ഞാൽ പിന്നീട് നമ്മൾ ഒറ്റവണ്ടിയിൽ യാത്രചെയ്യുകയാണ്.

വ്യക്തിപരമായി സ്വാധീനിച്ചിട്ടുള്ള സിനിമാറ്റോഗ്രാഫർമാരും സംവിധായകരും

മണിരത്‌നം, ഭരതൻ, വെട്രിമാരൻ, കെ.ജി. ജോർജ്, സത്യൻ അന്തിക്കാട്, പ്രിയദർശൻ ഇവരൊക്കെ എന്റെ പ്രിയപ്പെട്ട സംവിധായകരാണ്. സിനിമാറ്റോഗ്രാഫർമാരിൽ, പി.സി. ശ്രീറാം, സുദീപ് ചാറ്റർജി, കെ.യു. മോഹനൻ, എസ്. കുമാർ ഇവരൊക്കെ പലഘട്ടങ്ങളിലും സ്വാധീനിച്ചവരാണ്.

ഓർഡിനറി തൊട്ട് 20-ഓളം ചിത്രങ്ങൾചെയ്തു, കരിയറിലും കാഴ്ചപ്പാടിലുമുണ്ടായ മാറ്റങ്ങൾ

ടെക്‌നിക്കൽ സൈഡ്, സ്റ്റോറി ടെല്ലിങ് സ്‌റ്റൈൽ തുടങ്ങി സിനിമ ഒരുപാട് മാറ്റങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഇതൊക്കെ പോസിറ്റീവായി കാണുന്നൊരു ആളാണ് ഞാൻ. പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കാറുണ്ട്. ആവേശമുണ്ടാക്കുന്ന തിരക്കഥകൾ തേടിപ്പോവാറുണ്ട്. എപ്പോഴും നമ്മൾ സ്വയം നവീകരിക്കുക എന്നതാണ് പ്രധാനം.

മമ്മൂട്ടിയെ ആദ്യമായി ക്യാമറയിലൂടെ കണ്ടപ്പോഴുള്ള അനുഭവം

എന്റെ ആദ്യചിത്രം 'ഓർഡിനറി' ആയിരുന്നു. ഒരുപാട് യാത്രചെയ്തും ലൊക്കേഷനുകൾ കാണാൻ പോവുകയുമൊക്കെ ചെയ്ത ചിത്രമാണത്. മമ്മൂട്ടിയിലേക്ക് വരുമ്പോൾ ഒരുപാട് തരം കഥാപാത്രങ്ങളിലൂടെ നമ്മെ അമ്പരപ്പിച്ച, ഇപ്പോഴും പുതിയ പരീക്ഷണങ്ങൾ നടത്തുന്ന വലിയ താരമാണ് അദ്ദേഹം. ക്യാമറയിലൂടെ നോക്കുമ്പോൾ നൂറുശതമാനം ക്യാരക്ടറായി മാറിവരുന്ന വ്യക്തിയാണ് മുൻപിൽ. സിനിമയിൽ എത്ര സ്ത്രീകളുണ്ടോ, അവരോടെല്ലാം ഓരോ രീതിയിലാണ് സ്റ്റാൻലിയെന്ന കഥാപാത്രം സംസാരിക്കുന്നത്.

സിനിമാറ്റോഗ്രാഫി വശം നോക്കുമ്പോൾ ഇന്നത്തെ മലയാളം സിനിമ എങ്ങനെ മാറി

മലയാളം സിനിമ ഇന്ത്യയിൽ നമ്പർ വൺ ആണ്. നല്ല കഥകളുടെ ഒരു ബാക്കപ്പ് നമുക്കുണ്ട്, നല്ലൊരു സ്‌ക്രിപ്റ്റ് വന്നാലേ നല്ലൊരു സിനിമ പുറത്തേക്കുവരൂ. ഇന്ത്യയിൽ ഏറ്റവും നല്ല സ്‌ക്രിപ്റ്റ് സംഭവിച്ചുകൊണ്ടിരിക്കുന്നത് മലയാളത്തിലാണ്. സിനിമാറ്റോഗ്രാഫിയും മലയാളത്തിലാണ്.

ഭാവിയിലെ സ്വപ്നപദ്ധതികൾ?

സ്വപ്നപദ്ധതികൾ ഒരുപാടുണ്ട്, നല്ല തിരക്കഥകൾ ചുറ്റും സംഭവിക്കുന്നുണ്ട്. ഇപ്പോൾ മുഴുവനായും വെളിപ്പെടുത്താനായിട്ടില്ല. മലയാളം, തമിഴ് ചിത്രങ്ങളുടെ ചർച്ചകൾ നടക്കുന്നുണ്ട്.

Content Highlights: kalamkaval cinematographer faisal ali interview