നൃത്തം സ്വന്തം മേഖലയാക്കാൻ അസാമാന്യമായ ആത്മധൈര്യം വേണം -രാജശ്രീ വാര്യർ

മലയാള കലാരംഗത്തെ പരിചിതമായ പുഞ്ചിരിക്കുന്ന മുഖമാണ് രാജശ്രീ വാര്യർ. സ്കൂൾ തലം മുതൽ നൃത്ത പരിപാടികൾ ചെയ്യുന്നു. ഗുരുനാഥയോടൊപ്പം, പത്താം ക്ലാസ് എത്തുന്നതിനു മുൻപേ 300 ലേറെ വേദികൾ. ഏറെക്കലമായി നൃത്തരംഗത്ത് പഠനവും ഗവേഷണവും അധ്യാപനവുമായി സജീവം. രാജശ്രീ വാര്യർ സംസാരിക്കുന്നു
വീണ്ടും കലോത്സവ കാലമാണ്. എന്തുകൊണ്ടാണ് യുവജനോത്സവങ്ങളിലെ നർത്തകികളെ പിന്നീട് കാണാത്തത് ?
കലോത്സവ വേദിയിലെ പ്രകടനം 10 മിനിറ്റ് നേരത്തെ കലയാണ്. പക്ഷേ വേദിയിലെ ആ തിളക്കത്തിന് പരിശീലനം വേണം. തുടച്ചുമിനിക്കിയാലേ തിളക്കം ഉണ്ടാകും. നിരന്തരം പരിശീലിക്കാത്ത ഒന്നിനെ കല എന്ന് വിളിക്കാൻ പറ്റില്ല. പത്രത്തിൽ ഒരു പടം ഗ്രേഡ് എന്നിവ മാത്രം മതിയെങ്കിൽ പിന്നൊന്നും പറയാനില്ല. പക്ഷേ കല അതിനപ്പുറം ഉള്ളതാണ്.
നൃത്തം ഒരു കർമ്മമേഖലയായി തിരഞ്ഞെടുക്കുമ്പോൾ ...
തുടർവിദ്യാഭ്യാസം ആ കുട്ടിയുടെ തെരഞ്ഞെടുപ്പാണ് അതിന് രക്ഷിതാക്കളും ഒപ്പം നിൽക്കണം. കല വിട്ടുകളയരുത്. പക്ഷേ,
നൃത്തം സ്വന്തം മേഖലയാക്കാൻ അസാമാന്യമായ ആത്മധൈര്യം വേണം. ആരാണ് ഉപജീവനമാർഗമാക്കി കലയെ തെരഞ്ഞെടുക്കുക എന്ന ചോദ്യമുണ്ട്. സിനിമ പോലുള്ള മാധ്യമങ്ങളുടെ ബലം ഉണ്ടെങ്കിലേ പലരും അവരെ ശ്രദ്ധിക്കൂ എന്നതാണ് കേരളത്തിലെ ഇന്നത്തെ നില.
നൃത്തത്തോടുള്ള മലയാളിയുടെ കാഴ്ചപ്പാട്
മലയാളിയുടെ പൊതു കാഴ്ചപ്പാടിന് പ്രശ്നങ്ങൾ ഒന്നുമില്ല. പ്രബുദ്ധരാണ്, നല്ല കലാസ്വാദകരുമാണ്. പലയിടത്തും ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും നല്ല കലാകേന്ദ്രങ്ങൾ ഉണ്ട്. പക്ഷേ ഗൗരവമുള്ള കലാപ്രവർത്തകരെ കുറിച്ച് പറയുമ്പോൾ കലാനിരൂപകർ വെളിയിലേക്ക് വിരൽചൂണ്ടുന്നതെന്തേ? നമ്മുടെ നാട്ടിൽ കലയ്ക്ക് വേണ്ടി ആത്മസമർപ്പണം ചെയ്യുന്നവരെ കാണുന്നില്ല എന്നത് ഒരു സത്യമാണ്.
പലരും ചെന്നൈയെ കുറിച്ച് പറയാറുണ്ട്...
എല്ലാ ക്ലാസിക്കൽ കലാരൂപങ്ങൾക്കും ചെന്നൈ ഇടം നൽകുന്നുണ്ട്. സിനിമയോട് അന്ധമായി ആരാധനയുള്ളവർ നിൽക്കുമ്പോൾ തന്നെ, കലയെ നിശബ്ദമായി ഉപാസിക്കുന്നവർക്കും അവിടെ വേ ദിയൊരുക്കും. ചെന്നൈയിൽ മാർഗഴി ഉത്സവത്തിനും രജനീകാന്തിനും ആളുണ്ട്. അവർക്ക് അതിൽ ആശയക്കുഴപ്പമില്ല. അതെല്ലാം നമ്മൾ കണ്ടു പഠിക്കേണ്ടതാണ്.
നർത്തകി എന്ന ജീവിതം
നൃത്ത പരിപാടികൾക്ക് പലയിടത്തും യാത്രകൾ ഉണ്ട്. ഒപ്പം നല്ല വിദ്യാർത്ഥികൾക്കായി പരിശീലനവും നൽകുന്നുണ്ട്. എന്റെ പെർഫോമൻസുകൾക്ക് 17 വർഷമായി ഞാൻ തന്നെയാണ് കൊറിയോഗ്രാഫി ചെയ്യുന്നത്. ക്രിയേഷൻ കൂടുതൽ സമയം ആവശ്യപ്പെടുന്നു. പഠനം, നൃത്താഭ്യസനം, പഠനം, വീട്ടിലെ ജോലികൾ .... മൊബൈൽ ഫോൺ നോക്കാതെ അതെല്ലാം തീർക്കേണ്ടതുണ്ട്. ഞാൻ അന്തർമുഖി എന്ന് ചിലർ പറയാറുണ്ട്, എനിക്ക് അതിൽ പരാതിയില്ല.
Content Highlights: interview of dancer rajashree warrier, rajashree warrier about dance