'ബെത്‌ലഹേ'മിൽ നമ്മൾ കാണാൻ ആഗ്രഹിച്ച നിവിനുണ്ട്, എന്റെ ആദ്യചിത്രമാവേണ്ടിയിരുന്നത് ഇതാണ്-ഗിരീഷ് എ.ഡി

"എന്റെ കരിയറിലെ ആദ്യചിത്രമായി വരേണ്ടിയിരുന്നതാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. അത് അന്ന് നടക്കാതിരുന്നതോടെ ഇപ്പോൾ സ്കൂൾ, കോളേജ്, ഐടി, കുടുംബം എന്നിങ്ങനെയൊരു പാറ്റേണിൽ എന്റെ സിനിമകൾ സംഭവിച്ചതാണ്, പല കാരണങ്ങൾ കൊണ്ടും എനിക്കേറെ സ്പെഷ്യൽ ആണ് ബെത്‌ലഹേം." സംവിധായകൻ ഗിരീഷ് എ.ഡിയുടെ വാക്കുകളാണിത്. 2 കോടി മുടക്കി 50 കോടി വാരിയ തണ്ണീർമത്തൻ ദിനങ്ങളിൽ തുടങ്ങിയ ഹിറ്റുകളുടെ യാത്ര ഇപ്പോൾ ബെത്‌ലഹേം കുടുംബ യൂണിറ്റിൽ എത്തി നിൽക്കുന്നു. സിനിമാ വിശേഷങ്ങളുമായി ഗിരീഷ് മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു.
ബെത്‌ലഹേമിന്റെ പശ്ചാത്തലവും പ്രമേയവും
എന്റെ മുൻപത്തെ സിനിമകളെപ്പോലെ തന്നെ ഒരു ഫീൽ ഗുഡ്, ഹാപ്പി എൻഡിങ്ങ് സിനിമയായിരിക്കും ബെത്‌ലഹേം കുടുംബ യൂണിറ്റും. ഒരു പ്രണയകഥ തന്നെയാണ്. നായകനും നായികയും തമ്മിലുള്ള വലിയ പ്രായവ്യത്യാസമാണ് ഇവിടത്തെ പ്രധാന വ്യത്യാസം. പിന്നെ എന്റെ ബാക്കി സിനിമകളെ അപേക്ഷിച്ച് ഇത് കുറച്ചുകൂടി റൂട്ടഡ് ആണ്. ഞാൻ കണ്ടുവളർന്ന സാഹചര്യങ്ങളും അനുഭവങ്ങളും ഇതിലുണ്ട്. അതിന്റെ ഡാർക്ക് സൈഡുകൾ ഒഴിവാക്കിയുള്ള ഒരു 'ഫിൽറ്റേഡ് വേർഷൻ' എന്ന് ബെത്‌ലഹേമിനെ വിളിക്കാം.
കഥ നടക്കുന്നത് അങ്കമാലി ഏരിയയിലാണ്. ഒരു കത്തോലിക്കാ പള്ളി പരിസരത്തെ 'കുടുംബ യൂണിറ്റുകളെ' കേന്ദ്രീകരിച്ചാണ് കഥ പോകുന്നത്. പള്ളിയിലെ വിവിധ യൂണിറ്റുകൾ തമ്മിലുള്ള മത്സരങ്ങളും വടംവലി, പൂക്കളമത്സരം പോലുള്ളവ, മാസാവസാനമുള്ള മീറ്റിംഗുകളും ഒക്കെ ഈ സിനിമയുടെ ഭാഗമാണ്. ഞാൻ അങ്ങനയുള്ള ഒരു പരിസരത്ത് വളർന്നതുകൊണ്ട് എനിക്ക് ഇതൊക്കെ വളരെ പരിചിതമാണ്. പിന്നെ ഒരു വിശ്വാസം പടത്തിലുള്ളത്, കുറേ കാലത്തിന് ശേഷമാണ് ഇങ്ങനെയൊരു പടം കാണുന്നതെന്ന് പലരും പറയും. എനിക്കല്പം സ്പെഷ്യൽ ആണ് ഈ പടം
ഗിരീഷ് എ.ഡി ചിത്രങ്ങളിൽ അത്തരത്തിൽ പരിചയക്കാർ സ്ഥിരം കടന്നുവരാറുണ്ടോ?
മനപ്പൂർവ്വം അങ്ങനെ ചെയ്യാൻ ശ്രമിക്കാറില്ലെങ്കിലും എഴുതി വരുമ്പോൾ ചില സാഹചര്യങ്ങളും കഥാപാത്രങ്ങളും കടന്നുവരാറുണ്ട്. ബെത്‌ലഹേമിലെ ചില കഥാപാത്രങ്ങളെ ഞാൻ പണ്ട് തണ്ണീർമത്തനൊക്കെ ചെയ്യുന്നതിന് മുമ്പ് ചാലക്കുടിയിലും മറ്റും നടക്കുന്ന സമയത്ത് കണ്ടിട്ടുള്ള ചിലരിൽ നിന്ന് കടമെടുത്തതാണ്.
നിവിൻ പോളി-മമിത ബൈജു എന്ന ഫ്രഷ് കോംബോയിലേക്ക് എങ്ങനെയാണ് എത്തിയത്?
മമിതയെ ഞാൻ 'സൂപ്പർ ശരണ്യ'യുടെ സമയത്ത് തന്നെ ഈ റോളിലേക്ക് ഉറപ്പിച്ചിരുന്നു. മമിതയുടെ നാടായ കോട്ടയം കിടങ്ങൂർ ഭാഗത്തെ ശൈലിയും ചിത്രത്തിലെ മുണ്ടക്കയം പശ്ചാത്തലമുള്ള കഥാപാത്രവും തമ്മിൽ നല്ല സാമ്യമുണ്ട്. ജസ്റ്റിൻ എന്ന നായക വേഷത്തിന് നിവിൻ ചേട്ടനല്ലാതെയും ഓപ്ഷൻ ഉണ്ടായിരുന്നു. പക്ഷേ ചേട്ടനായിരുന്നു ആദ്യത്തെ ഓപ്ഷൻ. അദ്ദേഹം ആലുവക്കാരനായതും ചേട്ടന്റെ കത്തോലിക്ക പശ്ചാത്തലവും ഈ കഥാപാത്രത്തിന് അനുയോജ്യമാണ്. കൂടാതെ പുള്ളിയുടെ ആ ഒരു ആകർഷണീയത എന്റെ സിനിമയിലെ കഥാപാത്രത്തിന് ചേരുന്നതാണ്. നിവിൻ ചേട്ടൻ ഈ റോൾ വളരെ ലളിതമായി ചെയ്തിട്ടുണ്ട്. നമ്മൾ കാണാൻ ആഗ്രഹിച്ച ഒരു നിവിൻ പോളി തന്നെ ആയിരിക്കും ബെത്‌ലഹേമിലേത്.
നിവിനെ വിമർശിച്ചവർക്കുള്ള മറുപടിയാകുമോ?
അല്ല ആ മറുപടി സർവ്വം മായയിലൂടെ കിട്ടിയല്ലോ. എങ്കിലും അതിന്റെ ഒരു തുടർച്ച ബെത്‌ലഹേമിന് ഉണ്ടാകും എന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്.
സ്കൂൾ (തണ്ണീർ മത്തൻ), കോളേജ് (സൂപ്പർ ശരണ്യ), ഐടി (പ്രേമലു), ഇപ്പോൾ കുടുംബം - ഇങ്ങനെ ഒരു അപ്ഗ്രേഡിങ് ഗിരീഷിന്റെ സിനിമകളിൽ നടക്കുന്നുണ്ടല്ലോ?
ശരിയാണ്, അങ്ങനെ ഒരു പാറ്റേൺ ഉണ്ട്. പക്ഷെ അത് മനപ്പൂർവ്വം ചെയ്തതല്ല. അങ്ങന ഒരു ഓർഡർ തന്നെയുണ്ടാവില്ലായിരുന്നു. കാരണം തണ്ണീർമത്തൻ നടന്നില്ലെങ്കിൽ ആദ്യം ചെയ്യാം എന്ന് വിചാരിച്ച സിനിമയാണ് ഇത്. സ്ക്രിപ്റ്റ് ഒന്നും ആയിരുന്നില്ല, പക്ഷേ തണ്ണീർമത്തൻ കുട്ടികളെ വച്ചുള്ള സിനിമയാണല്ലോ അത് നടന്നില്ലെങ്കിൽ, ഒരു സ്റ്റാർ ഉണ്ടെങ്കിലേ സിനിമ നടക്കുകയുള്ളൂ എന്നുണ്ടെങ്കിൽ ഈ കഥ ഡെവലപ്പ് ചെയ്ത് ഏതെങ്കിലും ഒരു സ്റ്റാറിനെ കൺവിൻസ് ചെയ്ത് ചെയ്യാം എന്നൊക്കെ വിചാരിച്ചിരുന്നതാണ്. പിന്നെ തണ്ണീർമത്തന് ശേഷം ചെയ്യാം എന്ന് തീരുമാനിച്ചു, അതും നടന്നില്ല സൂപ്പർ ശരണ്യ സംഭവിച്ചു. പിന്നെ പ്രേമലു വന്നു. അങ്ങനെ ഇപ്പോഴാണ് കറക്ട് സമയമായത്. അതിപ്പോ ഒരു ഓർഡർ പോലെയായി. 'പ്രേമലു'വിന്റെ കഥ പറയുന്ന സമയത്താണ് ഭാവനാ സ്റ്റുഡിയോസിനോട് ഈ കഥയും പറഞ്ഞത്. അവർക്ക് രണ്ടും ഇഷ്ടപ്പെടുകയായിരുന്നു. അങ്ങനെ ഭാവനാ സ്റ്റുഡിയോസും ബെത്‌ലഹേമിന്റെ ഭാഗമായി.
എന്തുകൊണ്ടാണ് ആളുകളെ സന്തോഷിപ്പിക്കാനുള്ള സിനിമകൾ എടുക്കുന്നത്?
എന്റെ ഇഷ്ട ജോണർ, അല്ലെങ്കിൽ ഞാൻ കാണാൻ ആഗ്രഹിക്കുന്ന സിനിമകൾ ഇങ്ങനെയുള്ളതല്ല. സത്യത്തിൽ എനിക്ക് ഡാർക്ക് സിനിമകൾ കാണാനാണ് ഇഷ്ടം. ഈ ടൈറ്റാനിക് ദുരന്ത പടമല്ലേ, പക്ഷേ അത് നമ്മളെ അങ്ങനെ വേട്ടയാടാറില്ലല്ലോ. പക്ഷേ മലയാളത്തിലെ ചില ഡാർക്ക് പടങ്ങൾ നമ്മളെ ഭയങ്കരമായി അസ്വസ്ഥപ്പെടുത്താറുണ്ട്. ചില സിനിമകൾ നൽകുന്ന മാനസിക സംഘർഷം എനിക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് സമാധാനമായി കണ്ട് ഇറങ്ങി വരാൻ പറ്റുന്ന പടങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത്
ഹിറ്റ് സിനിമകളുടെ സംവിധായകനെന്ന ലേബൽ സമ്മർദമാണോ?
ഇല്ല. അങ്ങനെ പ്രഷർ വന്നുകഴിഞ്ഞാൽ കുഴപ്പമാണെന്നേ. നമ്മൾ എന്തൊക്കെയാണ് കാട്ടിക്കൂട്ടുക. അങ്ങനത്തെ പ്രഷർ എടുക്കാതിരിക്കുന്നതാണ് നല്ലത്. ഇപ്പോൾ ഒരു സിനിമ ചെയ്യുമ്പോൾ ആ പടത്തിനോട് അനുബന്ധിച്ച് പ്രഷർ എടുക്കുക എന്നുള്ളതാണ് ഞാൻ നോക്കാറുള്ളത്. അത് വിജയിപ്പിക്കണം എന്നതിലുപരി കഴിഞ്ഞ പടത്തിന്റെ കളക്ഷൻ റെക്കോർഡ് ഈ പടം കൊണ്ട് ഭേദിക്കണം എന്നുള്ള ഒരു സാധനം ഒക്കെ നമ്മൾ തലയിൽ എടുത്തു വെച്ചു കഴിഞ്ഞാൽ ചിലപ്പോ അതൊരു അനാവശ്യ സംഭവം ആയി പോകും. ഓരോ പടവും നമ്മളെക്കൊണ്ട് കഴിയുന്ന വിധത്തിൽ മികച്ചതാക്കാൻ മാത്രമേ ശ്രമിക്കാറുള്ളൂ. അതിനുവേണ്ടി പരമാവധി ശ്രമിക്കും,
ഹൃദയത്തോട് ചേർന്നുനിൽക്കുന്ന സിനിമ ഏതാണ്?
'തണ്ണീർ മത്തൻ ദിനങ്ങൾ' ആദ്യത്തെ പടമായതുകൊണ്ട് എനിക്ക് വൈകാരികമായി വലിയൊരു അടുപ്പമുണ്ട്. അന്ന് ഷൂട്ടിങ്ങിന് പോകുമ്പോൾ കേട്ട പാട്ടുകളൊക്കെ ഭയങ്കര നൊസ്റ്റാൾജിയയാണ്. പിന്നീട് ഞങ്ങളാ ലൊക്കേഷൻ ഒക്കെ റീ വിസിറ്റ് ചെയ്യാനൊക്കെ പോയിട്ടുണ്ട്. പ്രേമലു എനിക്ക് അതിഗംഭീര ഹിറ്റ് തന്ന സിനിമയാണ്. അതുകൊണ്ട് അതും എനിക്കേറെ പ്രിയപ്പെട്ടതാണ്. പക്ഷേ കാഴ്ചയിൽ കുറച്ചുകൂടി ഏസ്തെറ്റിക്കലി നന്നായി തോന്നിയത് 'ബെത്‌ലഹേം' ആണ്.
അഭിനയത്തിലേക്ക് ഇനിയും പ്രതീക്ഷിക്കാമോ?
'ബാലൻ' എന്ന സിനിമയിൽ അഭിനയിച്ചത് ആ ടീമിനോടുള്ള ഇഷ്ടം കൊണ്ടാണ്. അത് നല്ലൊരു അനുഭവമായിരുന്നു. ഇനി ആരെങ്കിലും വിളിച്ചാൽ പോകണം എന്നാണ്. പക്ഷേ ഇപ്പോൾ അതിനെപ്പറ്റി ചിന്തിക്കാനുള്ള സമയമില്ല.
ഓണത്തിന് പൃഥ്വിരാജ്, ദുൽഖർ ചിത്രങ്ങൾക്കൊപ്പമാണ് ബത്ലഹേം വരുന്നത്?
ഓപ്പോസിറ്റ് വലിയ പടങ്ങൾ വരുന്നത് കൊണ്ട് ചെറിയ ടെൻഷൻ ഒക്കെ ഉണ്ട്. എങ്കിലും മൂന്ന് സിനിമകൾക്കും ഇവിടെ സ്പേസ് ഉണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്. മൂന്നും മൂന്ന് ജോണറാണ്. അത്യാവശ്യം കൊള്ളാം എന്ന റിപ്പോർട്ട് വന്നാൽ തന്നെ ആളുകൾ സിനിമ കാണുമെന്ന് വിശ്വസിക്കുന്നു.
Content Highlights: Director Girish A.D. reveals that his upcoming feel-good romance Bethlehem Kudumba Unit, starring Nivin Pauly and Mamitha Baiju, was originally meant to be his debut film before turning into a highly special project rooted in his own life experiences.