മൾട്ടിസ്റ്റാറും കഥയുമാണ് ആകർഷിച്ചത്; ഡാൻസ് മാത്രമല്ല 'ഡാൻസ് പാർട്ടി'-റെജി, നെെസി | Interview

റെജിയും നെെസിയും
റെജിയും നെെസിയും

അഭിനേതാക്കളുടെയും സംവിധായകന്റേയും പോലെ നിർമാതാക്കളുടെ കൂടി സ്വപ്നവും അധ്വാനവുമാണ് ഓരോ സിനിമയും. ഒരുപാട് ആ​ഗ്രഹങ്ങളുമായി സിനിമയെന്ന കലയെ സ്നേഹിച്ചുകൊണ്ട് കടന്നുവരുന്ന നിർമാതാക്കളുടെ നിരയിലേയ്ക്ക് 'ഡാൻസ് പാർട്ടി'യുമായി രം​ഗപ്രവേശം ചെയ്യുകയാണ് കോട്ടയം സ്വദേശികളായ റെജി പ്രോത്താസിസും നൈസി റെജിയും. 

സിനിമാ മോഹികളായ ഈ ദമ്പതികളുടെ ഏറെനാളത്തെ സ്വപ്നസാക്ഷാത്കാരമാണ് വലിയൊരു താരനിരയുമായി ഡിസംബർ ഒന്നിന് തിയേറ്ററുകളിലെത്തുന്ന സോഹൻ സീനുലാൽ ചിത്രം 'ഡാൻസ് പാർട്ടി'. ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, പ്രയാ​ഗ മാർട്ടിൻ, ജൂഡ് ആന്റണി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു ഫൺ എന്റർടെയിനറായാണ് റിലീസിനൊരുങ്ങുന്നത്. 

മലയാളസിനിമയിലേയ്ക്ക് ചുവടുവെച്ച ഈ നിർമാതാക്കൾ ആദ്യ ചിത്രം തീയേറ്ററുകളിലെത്തുന്നതിന് മുൻപേ തങ്ങളുടെ രണ്ടാമത്തെ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ്. തങ്ങളുടെ ആദ്യനിർമാണ സംരംഭത്തിന്റെ പ്രതീക്ഷകളും സിനിമാവിശേഷങ്ങളും റെജി പ്രോത്താസീസും നൈസി റെജിയും മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു.  

ഒരുപാട് കഥ കേട്ടു, ഇഷ്ടമായത് 'ഡാൻസ് പാർട്ടി' 

റെജി: ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് ഞങ്ങൾ ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങിയത്. ഒത്തിരി കഥകൾ കേട്ടു. പക്ഷേ ഒന്നും ഇഷ്ടപ്പെട്ടില്ല. നാല് മാസം കഥയൊന്നും കേൾക്കാതെയിരിക്കുമ്പോഴാണ് സോഹൻ സീനുലാൽ തിരക്കഥയുമായി വന്നത്. ഞങ്ങൾക്ക് കഥ വളരെയധികം ഇഷ്ടപ്പെട്ടു. വിഷ്ണു, ഷൈൻ ടോം പോലുള്ള വൻതാരനിര ചിത്രത്തിലുണ്ടെന്നതും ആകർഷിച്ചു. ഇത്ര വലിയ താരനിര വെച്ച് ചിത്രം സാധ്യമാണോയെന്ന് സോഹനോട് ചോദിച്ചപ്പോൾ ഒന്നും പേടിക്കേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. 

'ഡാൻസ് പാർട്ടി' പോസ്റ്റർ

നൈസി: ഇത്ര വലിയൊരു താരനിര കോമ്പിനേഷനായി എത്തുന്നത് കൊണ്ടും കഥ ഇഷ്ടപ്പെട്ടതുകൊണ്ടും ഉറപ്പായും ഈ ചിത്രം ചെയ്യാമെന്ന് ഞങ്ങൾ സമ്മതിച്ചു. 

റെജി: ഈ കഥയുമായി വരുമ്പോഴാണ് ആദ്യമായി സോഹനെ പരിചയപ്പെടുന്നത്. ആദ്യം പറഞ്ഞ തീയതിക്കുള്ളിൽ തന്നെ അദ്ദേഹം ചിത്രം പൂർത്തിയാക്കി തന്നു. മുൻകൂട്ടി നിശ്ചയിച്ച താരങ്ങളെ തന്നെ കഥാപാത്രങ്ങളായി കിട്ടുകയും ചെയ്തു. 

ഒരു സിനിമ നിർമിക്കണമെന്ന ആ​ഗ്രഹം, ഓൾ​ഗ പ്രൊഡക്ഷൻസിന്റെ തുടക്കം

റെജി: ഞങ്ങളുടെ ഏറെനാളത്തെ ആഗ്രഹമായിരുന്നു ഒരു സിനിമ നിർമിക്കണം എന്നത്. വർഷങ്ങളോളം ഞങ്ങൾ വിദേശത്തായിരുന്നു. തിരിച്ച് നാട്ടിൽ വന്ന് പത്തുവർഷമാകുന്നു. അപ്പോഴാണ് ഒരു പ്രൊഡക്ഷൻ ബാനർ തുടങ്ങണമെന്ന തീരുമാനത്തിലെത്തിച്ചേർന്നത്. ഒരു യൂത്ത് ഫാമിലി ഫൺ എന്റർടെയ്‌നർ എന്ന നിലയ്ക്കാണ് 'ഡാൻസ് പാർട്ടി' തിരഞ്ഞെടുക്കുന്നത്. വലിയ പ്രതീക്ഷയാണ് ഞങ്ങൾക്ക് സിനിമയെക്കുറിച്ചുള്ളത്. വലിച്ചുവാരി പടങ്ങൾ ചെയ്യാതെ നല്ല ചിത്രങ്ങൾ സമ്മാനിക്കുകയെന്ന ലക്ഷ്യമാണ് ഈ പ്രൊഡക്ഷൻ കമ്പനിക്കുള്ളത്. പണ്ടുമുതലേ ഒത്തിരി സിനിമകൾ കാണുമായിരുന്നു. 

നൈസി: സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനി രജിസ്റ്റർ ചെയ്തതിന് ശേഷമാണ് 'ഡാൻസ് പാർട്ടി' ഞങ്ങളിലേയ്ക്ക് എത്തുന്നത്. 

വലിയ താരനിര, സിനിമ ഭംഗിയാക്കിയ സോഹൻ

റെജി: വലിയ താരനിരയെന്നത് ഒരു പരിധി വരെ ഞങ്ങളെ ആകർഷിച്ചിരുവെന്നത് സത്യമാണ്. അതിലുപരി ഇഷ്ടമായത് കഥയാണ്. അങ്ങനെയാണ് ആദ്യ സിനിമ 'ഡാൻസ് പാർട്ടി'യാകട്ടെയെന്ന് തീരുമാനിച്ചത്.  

നൈസി: ഈ കഥയ്ക്ക് ഷൈൻ, വിഷ്ണു പോലുള്ള താരങ്ങളെ ലഭിച്ചാൽ സിനിമ ഹിറ്റാകുമെന്ന് ശുഭപ്രതീക്ഷയുണ്ടായിരുന്നു. അവർക്ക് ചേരുന്ന കഥയാണ് 'ഡാൻസ് പാർട്ടി'യുടേത്.  

റെജി: സംവിധായകൻ സോഹൻ നല്ലൊരു മനുഷ്യനാണ്. നമ്മൾ പറഞ്ഞ കാര്യങ്ങൾ എല്ലാം അതേപടി ചെയ്തുതന്നു. ഞങ്ങളുടെ അഭിപ്രായങ്ങൾ ഒക്കെ അദ്ദേഹം സ്വീകരിച്ചു. 

നൈസി: വളരെ കൂളായിട്ടുള്ള ഒരാളാണ് സോഹൻ. 

മൾട്ടിസ്റ്റാർ ചിത്രങ്ങൾ, ഡാൻസ് മാത്രമല്ല 'ഡാൻസ് പാർട്ടി'

റെജി: മൾട്ടിസ്റ്റാർ ചിത്രങ്ങൾ വരുമ്പോൾ പ്രതിഫലം ഒരു വലിയ ഘടകമാണ്. താരങ്ങളുടെ പ്രതിഫലം കൂടുമ്പോൾ നിർമാതാക്കളുടെ റിസ്കും വർധിക്കും. പക്ഷേ ഒന്നിലധികം താരങ്ങൾ വരുന്നത് പ്രേക്ഷകന്റെ ആസ്വാദനം മെച്ചപ്പെടുത്തുമെന്ന് കരുതുന്നു.

നൈസി: ഒന്നിലേറെ താരങ്ങൾ സിനിമയിലുള്ളത് അവരുടെ ആരാധകരെ തൃപ്തിപ്പെടുത്തുന്നതിന് കാരണമാകുന്നുണ്ട്. 

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, സീനു സോഹൻലാൽ, ഷെെൻ ടോം, നൈസി റെജി, റെജി പ്രോത്താസീസ്

റെജി: നല്ലൊരു കഥയും സംഗീതവും ഒക്കെയായി പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള എല്ലാ ചേരുവകകളും ചിത്രത്തിലുണ്ട്. ഇതുവരെ റിലീസ് ചെയ്ത നാലുപാട്ടുകളും ഹിറ്റാണ്. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രം കൂടിയാകും 'ഡാൻസ് പാർട്ടി'. ഡാൻസ് മാത്രം പറയുന്ന ചിത്രമാണോയെന്ന് നിരവധിയാളുകൾ ചോദിക്കുന്നുണ്ട്. എന്നാൽ അത് മാത്രമല്ല, 'ഡാൻസ് പാർട്ടി'. കഥയിൽ അൽപ്പം ഡാൻസ് എന്നൊക്കെ വേണമെങ്കിൽ പറയാം. ഫൈനൽ വർക്ക് കഴിഞ്ഞ് ചിത്രത്തിന്റെ പ്രിവ്യൂ കണ്ടിരുന്നു. ഞങ്ങൾ പ്രതീക്ഷിച്ച എല്ലാ ഘടകങ്ങളും അതിലുണ്ട്. 

ആദ്യ സിനിമയിലൂടെ ഒരുപാട് പഠിച്ചു, രണ്ടാമത്തെ ചിത്രം വരുന്നു

റെജി: സിനിമയെ സംബന്ധിച്ച് മാർക്കറ്റിങ് വളരെ പ്രധാനമാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ 'ആടാം പാടാം ചലഞ്ച്' യൂട്യൂബിലും ഇൻസ്റ്റയിലും വൈറൽ ആയിരുന്നു. കോളേജ് വിദ്യാർഥികളടക്കം അതിൽ പങ്കാളികളായി. പടത്തിന് ഇത് ​ഗുണകരമായെന്ന് കരുതുന്നു. 

ഷൂട്ടിങ് സമയത്ത് പറയത്തക്ക പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒന്നും നേരിടേണ്ടി വന്നിട്ടില്ല. നിർമാണ വേളയിലടക്കം ഞാനും ഭാര്യയും സജീവമായിരുന്നു. ഒരുപാട് കാര്യങ്ങൾ ആദ്യ സിനിമയിൽ നിന്ന് ഞങ്ങൾക്ക് പഠിക്കാൻ പറ്റി. എവിടെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഒരു ഏകദേശ ധാരണ ഇപ്പോഴുണ്ട്. 

'ദി ഡോണർ' ടെെറ്റിൽ പ്രഖ്യാപനം

ഞങ്ങളുടെ രണ്ടാമത്തെ ചിത്രം 'ദി ഡോണർ' വരാൻ പോവുകയാണ്. മികച്ച തിരക്കഥയാണ് ചിത്രത്തിന്റേത്. ഏത് ഭാഷയിൽ നിർമിച്ചാലും അതിന് സ്വീകാര്യതയുണ്ടെന്ന് തോന്നുന്നു. ചിത്രത്തിന്റെ കാസ്റ്റിങ് കഴിഞ്ഞിട്ടില്ല. 'ഡാൻസ് പാർട്ടി'യുടെ റിലീസിന് ശേഷം രണ്ടാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലേയ്ക്ക് കടക്കും.

വ്യത്യസ്തത വേണമെന്ന് നിർബന്ധമുണ്ട്, പുതുമുഖങ്ങൾക്ക് സ്വാ​ഗതം

നൈസി: ജനങ്ങൾ എപ്പോഴും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ്. അവർക്ക് വ്യത്യസ്ത തരത്തിലുള്ള ചിത്രം നൽകണമെന്നാണ് ആ​ഗ്രഹം. 

റെജി: ഒരേ പാറ്റേൺ പിന്തുടർന്നാൽ അത് വിജയിക്കുമോയെന്ന് അറിയില്ല. അതുകൊണ്ട് വ്യത്യസ്തത പരീക്ഷിക്കും. രണ്ട് ചിത്രങ്ങളുടേയും തിരക്കഥ വളരെ ഇഷ്ടപ്പെട്ടിരുന്നു. ജനങ്ങൾ ഈ ചിത്രങ്ങൾ എങ്ങനെ സ്വീകരിക്കുമെന്നത് കണ്ടതിന് ശേഷം ആലോചിച്ച് മാത്രമേ അടുത്ത ചിത്രങ്ങൾ തിരഞ്ഞെടുക്കൂ. വർഷത്തിൽ ഒരു പടം ചെയ്യണമെന്നതാണ് ആ​ഗ്രഹം. 

റെജിയും നെെസിയും കുടുംബത്തോടൊപ്പം

ആർ.ഡി.എക്‌സ് സംവിധാനം ചെയ്തത് ഒരു പുതുമുഖ സംവിധായകനാണ്. പക്ഷേ പടം ഹിറ്റായി. ഞങ്ങളുടെ രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ നല്ല ആത്മവിശ്വാസമുള്ള ആളാണ്. പുതിയ ഒരാൾ നല്ലൊരു കഥയുമായി വന്നാൽ ഞങ്ങൾ സ്വീകരിക്കുമെന്നതിൽ സംശയമില്ല. 

സിനിമകളുടെ ലോങ് റണ്ണും ഒ.ടി.ടിയും, നല്ല ചിത്രങ്ങളെ നെ​ഗറ്റീവ് റിവ്യൂകൾ ബാധിക്കില്ല

റെജി: ഇന്ന് ഒത്തിരി സിനിമകൾ ഇറങ്ങുന്നുണ്ട്. ഒരുപാട് സിനിമകൾ വരുമ്പോൾ ലോങ് റൺ കിട്ടണമെന്നില്ല. 'ഡാൻസ് പാർട്ടി'യിൽ പ്രതീക്ഷയുണ്ട്. നല്ല രീതിയിൽ ജനങ്ങൾ ഏറ്റെടുക്കുമെന്ന് വിശ്വസിക്കുന്നു. നല്ല പടമാണെങ്കിൽ നെഗറ്റീവ് റിവ്യൂവൊന്നും ബാധിക്കില്ല. മൗത്ത് പബ്ലിസിറ്റി എന്നൊന്ന് ഉണ്ടല്ലോ. പിന്നെ മനപൂർവം ഒരു ചിത്രത്തെ അടിച്ചമർത്തുന്നതും തെറ്റാണ്.

തീയേറ്ററിൽ എത്തുന്നതിന് മുൻപ് ചിത്രങ്ങൾ ഒ.ടി.ടിയിലൂടെയാണ് ഇന്ന് സേഫ് ആക്കുന്നത്. ഒരു നിർമാതാവ് രക്ഷപ്പെടണമെന്ന ആഗ്രഹമാണ് ഇതിന് പിന്നിൽ. ഒ.ടി.ടി എപ്പോഴും ഇൻഡസ്ട്രിക്ക് ​ഗുണകരമാണെന്ന് കരുതുന്നു. പക്ഷേ, അതിനുവേണ്ടി മാത്രം ചിത്രമെടുക്കുന്നത് താത്പര്യമില്ല.

Content Highlights: dance party movie producers Reji Prothasis naisey Reji interview olga productions