'ഹിമാചലിൽ നിന്ന് മടങ്ങുമ്പോൾ യാദൃച്ഛികമായി മനസിലുണ്ടായ ചിന്തയാണ് വാരാണസിയിലേക്ക് എത്തിച്ചത്'

#പി. പ്രജിത്ത്
ചിന്ന ചിന്ന ആസൈയില്‍ നിന്നുള്ള രംഗം/ വര്‍ഷാ വാസുദേവ് | Photo: instagram/ varsha
ചിന്ന ചിന്ന ആസൈയില്‍ നിന്നുള്ള രംഗം/ വര്‍ഷാ വാസുദേവ് | Photo: instagram/ varsha

ജനിമൃതികളുടെ മോക്ഷതീരത്ത്, കാശിയുടെ മണ്ണിൽ, മലയാളസിനിമ വീണ്ടുമെത്തി. ഭക്തിയും വിശ്വാസവും ജീവിതവും മരണവും ഇടകലർന്ന ഗംഗാതീരത്ത്, മനുഷ്യബന്ധങ്ങളുടെ കഥപറയുന്ന സിനിമയാണ് ഇത്തവണ പിറന്നത്. ഇന്ദ്രൻസിനെയും മധുബാലയെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ വർഷാ വാസുദേവ് സംവിധാനംചെയ്ത ചിത്രം 'ചിന്ന ചിന്ന ആസൈ' ആണ് വാരാണസിയുടെ പശ്ചാത്തലത്തിൽ കഥപറയുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വെയ്‌ഫേറർ ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിച്ചു. എം.ടി.യുടെ ചെറുകഥകൾ ആസ്പദമാക്കി ഒരുക്കിയ ആന്തോളജി ചിത്രം 'മനോരഥങ്ങൾ'ക്കുശേഷം മധുബാല വീണ്ടും ഒരു സംവിധായകയ്‌ക്കൊപ്പം മലയാളത്തിലേക്കെത്തുകയാണ്. പാട്ടും പ്രണയവും വൈകാരികനിമിഷങ്ങളും കോർത്തിണക്കിയ ചിത്രത്തിൽ, സൂക്ഷ്മാഭിനയംകൊണ്ട് ഇന്ദ്രൻസും കൈയടിനേടുന്നു.

യുട്യൂബിൽ ശ്രദ്ധനേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ഒരുക്കിയ വർഷാ വാസുദേവ് കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'ചിന്ന ചിന്ന ആസൈ'. കോവിഡ് പശ്ചാത്തലത്തിൽ ക്വാറന്റീനിൽ കഴിയുന്ന രണ്ടുപേരുടെ കഥ പറഞ്ഞ ഹ്രസ്വചിത്രമായിരുന്നു 'എന്റെ നാരായണിക്ക്'. ബഷീർ-നാരായണി കൂട്ടിനെ പുതിയപശ്ചാത്തലത്തിൽ അവതരിപ്പിച്ച, വൈകാരികതയ്ക്ക് പ്രാധാന്യം നൽകിയ ചിത്രമായിരുന്നു അത്. മിനി സ്‌ക്രീനിൽനിന്ന് ബിഗ് സ്‌ക്രീനിലേക്കെത്തുമ്പോഴും മനുഷ്യസ്‌നേഹത്തിന്റെ കഥതന്നെയാണ് സംവിധായക പറയുന്നത്. പുതിയ സിനിമയുടെ വിശേഷങ്ങളുമായി വർഷാ വാസുദേവ്.

നവാഗത സംവിധായകയായുള്ള അരങ്ങേറ്റത്തെക്കുറിച്ച്

പാലക്കാട് പട്ടാമ്പി സ്വദേശിനിയാണ്. എൻജിനിയറിങ് പഠിച്ച് ഐ.ടി. ജോലിചെയ്ത് മുന്നോട്ടുപോകുന്നതിനിടെ, ഒരാഗ്രഹത്തിന്റെ പുറത്ത് സിനിമയിലേക്ക് എത്തുകയായിരുന്നു. സിനിമാപശ്ചാത്തലം ഒന്നുമില്ലെങ്കിലും കഥകളെഴുതാനും എഴുതിയ രംഗങ്ങൾ ദൃശ്യവത്കരിക്കാനുമെല്ലാം വലിയ താത്പര്യമായിരുന്നു. അങ്ങനെയാണ് ടെലിവിഷൻ ജോലിയിലേക്കെത്തുന്നത്. ചാനലുകളിൽ അസോസിയേറ്റായി പ്രവർത്തിച്ചുകൊണ്ടായിരുന്നു തുടക്കം.

കോവിഡുകാലത്ത് റിലീസ് ചെയ്ത 'എന്റെ നാരായണിക്ക്' എന്ന ഷോർട്ട് ഫിലിമിന് സോഷ്യൽ മീഡിയയിൽ സ്വീകാര്യതലഭിച്ചു. ഷോർട്ട് ഫിലിംകണ്ട സുഹൃത്തുക്കളുടെ പ്രോത്സാഹനം മുന്നോട്ടുപോകാനുള്ള ഊർജം നൽകി. നല്ല കഥയുണ്ടെങ്കിൽ സിനിമയായി ആലോചിക്കാമെന്ന് സുഹൃത്ത് അഭിജിത് ബാബുജി പറഞ്ഞതോടെ, ആ വഴിയിലൂടെ ഗൗരവമായി സഞ്ചരിക്കാൻ തുടങ്ങി. പലതരം കഥകൾ ആലോചിച്ചതിനിടെ യാദൃച്ഛികമായാണ് വാരാണസി പശ്ചാത്തലത്തിലുള്ള രണ്ട് അപരിചിതരുടെ ജീവിതത്തിലേക്കെത്തുന്നത്.

ആദ്യസിനിമയിൽ പ്രധാന അഭിനേതാക്കളായി മധുബാലയും ഇന്ദ്രൻസും. എങ്ങനെയാണ് അവരിലേക്കെത്തുന്നത്

കഥ എഴുതുമ്പോൾത്തന്നെ മനസ്സിൽ പ്രധാനകഥാപാത്രമായി ഇന്ദ്രൻസ് സാറിന്റെ മുഖമായിരുന്നു. അദ്ദേഹം സമ്മതിച്ചാൽമാത്രം ഈ സിനിമയുമായി മുന്നോട്ടുപോകാം എന്നതായിരുന്നു തീരുമാനം. അദ്ദേഹം ഓക്കെ പറഞ്ഞതിൽനിന്നാണ് പ്രോജക്ട് ആരംഭിക്കുന്നത്.

ഞാൻ വലിയൊരു മണിരത്‌നം ആരാധികയാണ്. സിനിമയ്ക്കായി ഒരുക്കിയ കഥയിലെ പ്രധാന സ്ത്രീകഥാപാത്രത്തിന് എതാണ്ട് അൻപത്, അൻപത്തിമൂന്ന് വയസ്സ് പ്രായം വരും. മണിരത്‌നം സിനിമകളിലെ പഴയ നായികമാരെക്കുറിച്ച് ആലോചിച്ചു. അങ്ങനെയാണ് മധുബാലാ മാമിലേക്ക് എത്തുന്നത്. അവർ തിരുവനന്തപുരത്ത് ഒരു ചടങ്ങിനെത്തിയപ്പോൾ നേരിൽപ്പോയി കണ്ടു. കഥ പറഞ്ഞു. അവർക്ക് കഥ ഇഷ്ടപ്പെടുമോ, ഡേറ്റുണ്ടാകുമോ, വലിയ ശമ്പളം ചോദിക്കുമോ എന്നൊന്നും അറിയില്ലായിരുന്നു. അവർ അവതരിപ്പിച്ചാൽ കഥാപാത്രം നന്നാകുമെന്ന ബോധ്യത്തിൽ സമീപിക്കുകയായിരുന്നു. 'ചിന്ന ചിന്ന ആസൈ' എന്ന പേരും കഥയും കഥാപാത്രവും മധു മാമിന് ഇഷ്ടമായതോടെ, സിനിമ എന്ന സ്വപ്നത്തിലേക്ക് ഞാനടുത്തു. ആദ്യ കൂടിക്കാഴ്ച കഴിഞ്ഞ് പിരിയുമ്പോൾ 'നമ്മൾ ഈ പടം ചെയ്യുന്നു' എന്നാണ് അവർ പറഞ്ഞത്.

വാരാണസി പശ്ചാത്തലത്തിൽ ആദ്യ സിനിമ. എങ്ങനെയാണ് അത്തരമൊരു കഥയിലേക്കെത്തുന്നത്

വാരാണസി പശ്ചാത്തലത്തിൽ എന്തുകൊണ്ട് ആദ്യ സിനിമ ഒരുക്കിയെന്നു ചോദിച്ചാൽ, കൃത്യമായ ഒരുത്തരം പറയാനില്ല. ആഗ്രഹിക്കുമ്പോഴോ പ്രതീക്ഷിക്കുമ്പോഴോ പലപ്പോഴും എത്തിപ്പെടാൻപറ്റുന്ന ഒരിടമല്ല വാരാണസി. സിനിമയ്ക്കായി ആദ്യം മനസ്സിൽ കൊണ്ടുനടന്ന കഥ ഹിമാചൽ പശ്ചാത്തലത്തിലുള്ളതായിരുന്നു. അതിന്റെ എഴുത്തുജോലികളും ഏതാണ്ട് പൂർത്തിയായിവന്നതാണ്. വർഷത്തിൽ കുറച്ചുമാസങ്ങൾ ഹിമാചലിൽപ്പോയി താമസിക്കുന്ന പതിവുണ്ട്. ഇത്തവണ ഹിമാചലിൽനിന്ന് മടങ്ങുമ്പോൾ, യാദൃച്ഛികമായി മനസ്സിലുണ്ടായ ഒരു ചിന്തയാണ് വാരാണസിയിലേക്ക് എത്തിച്ചത്. ജീവിതത്തിൽ ചില കാര്യങ്ങൾ വളരെ യാദൃച്ഛികമായി സംഭവിക്കുന്നതാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അങ്ങനെ, യാദൃച്ഛികമായി കാശിയുടെ മണ്ണിൽ വന്നിറങ്ങി.

രാത്രിയിൽ ഗംഗയുടെ തീരത്തിരിക്കുമ്പോൾ മനസ്സിലേക്കുവന്ന ചില ചിന്തകൾ പിന്നീട് കഥയായി രൂപപ്പെട്ടു. വാരാണസിയിലെ കാഴ്ചകൾ ചേർത്തുവെച്ചൊരു സിനിമ ഒരുക്കണമെന്ന് മനസ്സ് ആഗ്രഹിച്ചു.

മനസ്സിലേക്കെത്തിയ ചിന്തകൾക്ക് സിനിമയുടെ സാധ്യതയുണ്ട് എന്നറിഞ്ഞപ്പോൾ, സുഹൃത്തുക്കളുമായി ആ വിവരം പങ്കുവെച്ചു. ചെറിയ സിനിമയാണ് എന്നറിഞ്ഞുകൊണ്ടുതന്നെ വലിയൊരു ടീം ഞങ്ങൾക്കൊപ്പം വന്നുചേർന്നു. ഗോവിന്ദ് വസന്ത, രംഗനാഥ് രവി, രഞ്ജിത്ത് അമ്പാടി, റെക്ക്സൺ ജോസഫ്, സമീറാ സനീഷ്, അൻവർ അലി, ചിന്മയി ശ്രീപദ, കപിൽ കപിലൻ... കഥ കേട്ട് ഞങ്ങളുടെ ശ്രമത്തിന് പിന്തുണയുമായി എത്തിയവരാണ് ഇവരെല്ലാം.

Content Highlights: Directorial debut of Varsha Vasudev featuring a unique Varanasi backdrop., Starring veteran actors Indrans and Madhoo in lead roles., Produced and distributed by Dulquer Salmaan's Wayfarer Films., A soulful exploration of human relationships and emotions., Features a stellar technical team including Govind Vasantha and Chinmayi Sripada.