'പ്രേമം ചെയ്തശേഷം ട്രോളുകള്‍ കാരണം മലയാളത്തില്‍ സിനിമ ചെയ്യാന്‍ മടിയുണ്ടായിരുന്നു'

''മലയാളസിനിമയില്‍ ഒരുപാടുപേര്‍ എന്നെ ഒഴിവാക്കിയിരുന്നു, എനിക്ക് അഭിനയിക്കാനറിയില്ലെന്നു പറഞ്ഞു, ട്രോളുകള്‍ ഏറ്റുവാങ്ങി... അന്നത്തെ പതിനെട്ടുകാരിയെ മാനസികമായി തളര്‍ത്താന്‍ അതൊക്കെത്തന്നെ ധാരാളമായിരുന്നു. പക്ഷേ, അവള്‍ പിന്നെയും സ്വപ്നംകണ്ടു. കഠിനാധ്വാനം ചെയ്തു. ലഭിച്ച അവസരങ്ങളില്‍ മികച്ചുനിന്നു. പേരുനേടി. ഇന്ന് അവളെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനമുണ്ട്. അവളുടെ പോരാട്ടമാണ് എന്നെ ഇപ്പോള്‍ മുന്നോട്ടുനയിക്കുന്നത്'' -തെന്നിന്ത്യന്‍ താരം അനുപമാ പരമേശ്വരന്റെ വാക്കുകളില്‍ സന്തോഷവും അഭിമാനവും നിറയുന്നു.
പത്തു വര്‍ഷങ്ങള്‍ക്കുശേഷം ജെഎസ്‌കെ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയ അനുപമയുടെ ഏറ്റവും പുതിയ ചിത്രമാണ് പെറ്റ് ഡിക്ടറ്റീവ്. ഷെറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ഷെറഫുദീന്‍, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. മലയാളസിനിമയില്‍ മടങ്ങിയെത്തിയതിന്റെ സന്തോഷവും പ്രതീക്ഷകളും പങ്കുവെക്കുകയാണ് അനുപമ.
മലയാളത്തില്‍ പെറ്റ് ഡിക്ടറ്റീവ്, തമിഴില്‍ ബൈസണ്‍...ഇത്തവണ ദീപാവലി 'തൂക്കി'യല്ലോ
അപ്രതീക്ഷിതമായി സംഭവിച്ചുപോയതാണ്. സമാന്തരമായി അഭിനയിച്ച ചിത്രങ്ങളാണ് രണ്ടും. ഒരുമിച്ച് റിലീസിനെത്തുമെന്ന് കരുതിയതല്ല. തീര്‍ത്തും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളാണ്. തമാശ നിറഞ്ഞ ചിത്രമാണ് പെറ്റ് ഡിറ്റക്ടീവ്. പത്തുവര്‍ഷം മുന്‍പ് പ്രേമത്തില്‍ ഒരുമിച്ച ക്രൂ അംഗങ്ങള്‍ തന്നെയാണ് ഈ സിനിമയ്ക്കുപിന്നിലും പ്രവര്‍ത്തിച്ചത്. ഷെറഫുക്ക, വിനയ് ചേട്ടന്‍(വിനയ് ഫോര്‍ട്ട്), ക്യാമറാമാന്‍ ആനന്ദ് സി. ചന്ദ്രന്‍, സംഗീതസംവിധായകന്‍ രാജേഷ് മുരുകേശന്‍, വിഷ്ണുഗോവിന്ദ് തുടങ്ങിയവര്‍ക്കൊപ്പം ആസ്വദിച്ച് ചെയ്‌തൊരു സിനിമയാണ് പെറ്റ് ഡിറ്റക്ടീവ്. അതേസമയത്ത്, തന്നെയാണ് മാരി സെല്‍വരാജ് സാറിന്റെ ഗൗരവമുള്ള സ്‌പോര്‍ട്‌സ് സിനിമ ബൈസണിലും അഭിനയിച്ചത്.
മാരി സെല്‍വരാജിനൊപ്പമുള്ള ചിത്രീകരണ അനുഭവങ്ങള്‍
മുന്‍പ് അദ്ദേഹത്തിന്റെ പരിയേറും പെരുമാള്‍ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നു. ആ സമയത്ത് തെലുങ്കില്‍ സിനിമകള്‍ ചെയ്യുന്ന തിരക്കിലായിരുന്നു. അന്ന് ആ അവസരം എനിക്ക് നഷ്ടമായി. പിന്നീട് കുറെനാളുകള്‍ കഴിഞ്ഞ് വീണ്ടും അദ്ദേഹത്തിന്റെ ടീം എന്നെ വിളിച്ചു. കബഡി പശ്ചാത്തലമാക്കി മാരി സര്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. ധ്രുവ് വിക്രം ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ വലിയൊരു ആരാധികയാണ് ഞാന്‍.
പരിയേറും പെരുമാള്‍, വാഴൈ എല്ലാം എന്റെ പ്രിയപ്പെട്ട സിനിമകളാണ്. മാരി സാറിന്റെ കഥാവതരണവും മേക്കിങ്ങും ഒരുപാടിഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമകളുടെ പോസ്റ്റര്‍ തൊട്ട് റിലീസാകുന്നതുവരെ ഓരോ അപ്‌ഡേറ്റ്‌സും ആവേശത്തോടെ കാത്തിരുന്ന് ശ്രദ്ധിക്കാറുണ്ട്. ബൈസണിന്റെ കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അഥവാ കഥ ഇഷ്ടമായില്ലെങ്കില്‍ക്കൂടി ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ചേനേ. കാരണം അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ വലിയൊരു സ്വപ്നമായിരുന്നു. മാരി സാറിന്റെ സംവിധാനരീതി കണ്ടുപഠിക്കണമെന്നത് ആഗ്രഹമായിരുന്നു.
ജെഎസ്‌കെ, പെറ്റ് ഡിറ്റക്ടീവ്...ഒന്നിനുപുറകെ ഒന്നായി സിനിമകള്‍, മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണോ
എല്ലാറ്റിനും അതിന്റേതായ സമയമുണ്ടെന്നല്ലേ. ഇതൊന്നും ബോധപൂര്‍വമെടുത്ത തീരുമാനങ്ങളല്ല. പലപ്പോഴായി എന്നിലേക്ക് വന്നുചേര്‍ന്ന തിരക്കഥകള്‍ ഒരേസമയത്ത് സിനിമയായി റിലീസാവുന്നുവെന്നേയുള്ളൂ. മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ ഞാന്‍ എന്നും തയ്യാറാണ്. നല്ല കഥാപാത്രങ്ങള്‍ ലഭിക്കാത്തതുകൊണ്ടാണ് ചെയ്യാത്തത്. ചിലപ്പോഴൊക്കെ ഡേറ്റിന്റെ പ്രശ്‌നവും വരാറുണ്ട്.
പ്രേമം ചെയ്തശേഷം ട്രോളുകള്‍ കാരണം മലയാളത്തില്‍ സിനിമ ചെയ്യാന്‍ മടിയുണ്ടായിരുന്നു. പേടിയായിരുന്നു. ആ സമയത്തുതന്നെ തെലുഗ്, തമിഴ്, കന്നട ഭാഷകളില്‍നിന്ന് അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇന്ന് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കോ സോഷ്യല്‍മീഡിയയിലെ കമന്റുകള്‍ക്കോ അനുസരിച്ച് ജീവിക്കുന്നയാളല്ല ഞാന്‍. എന്നില്‍ എനിക്ക് വിശ്വാസമുണ്ട്. ഈയടുത്തായി ടിലു, പര്‍ദ, ജെഎസ്‌കെ തുടങ്ങിയ സിനിമകളില്‍ കരുത്തുറ്റ കഥാപാത്രങ്ങളവതരിപ്പിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇനി മലയാളത്തിലും തെലുങ്കിലുമായി രണ്ട് സിനിമകള്‍ വീതം ചെയ്യാനിരിക്കുന്നു. അഭിനയജീവിതം പുതിയൊരു വഴിത്തിരിവിലേക്ക് മാറുകയാണ്.
Content Highlights: anupama parameswaran interview