സ്ക്രീനില് കാണിക്കാത്ത ആ അമ്മയായിരിക്കാം ഏറ്റവുമധികം വേദനിച്ചിരിക്കുക - കവിപ്രസാദ് ഗോപിനാഥ്

ഇടുക്കിയുടെ മലയോര മേഖലയുടെ പശ്ചാത്തലത്തില് ഒരു മലയാളചിത്രം കൂടി എത്തിയിരിക്കുന്നു. തിരക്കഥയെഴുതിയിരിക്കുന്നതും ഇടുക്കിക്കാരന്. പറഞ്ഞുവരുന്നത് അം അഃ എന്ന ചിത്രത്തേക്കുറിച്ചും തിരക്കഥാകൃത്തായ കവിപ്രസാദ് ഗോപിനാഥിനെക്കുറിച്ചുമാണ്. എഞ്ചിനീയറായ കവിപ്രസാദ് തന്റെ ജോലിയില്നിന്നും അവധിയെടുത്താണ് സിനിമാ രംഗത്തെത്തിയത്. കൂടുതല് തിരക്കഥകളെഴുതാന് തന്നെയാണ് സിനിമ സ്വപ്നം കാണുന്ന ഈ ചെറുപ്പക്കാരന്റെ തീരുമാനം. കവിപ്രസാദ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
കുടിയേറ്റം നടന്നയിടത്ത് കുടിയിറക്കം നടക്കുന്നു
ഒറ്റപ്പെട്ട ഒരു മലയോരഗ്രാമത്തില് നടക്കുന്ന കഥയാണ് അം അഃ എന്ന സിനിമയുടേത്. ഇടുക്കി ജില്ലയിലെ മൂലമറ്റം എന്ന സ്ഥലത്ത് ജനിച്ചുവളര്ന്നയാളാണ് ഞാന്. മൂലമറ്റം ഈസ്റ്റില്, ആശ്രമം ഭാഗത്തു നടക്കുന്ന കഥയാണിത്. ഇനിയും പണി പൂര്ത്തിയാവാത്ത, എന്നാല് ടാര് ചെയ്താല് ഇടുക്കിയുടെ മറ്റു സ്ഥലങ്ങളിലേക്കെത്താനുള്ള ദൂരം കുറയ്ക്കുന്ന ഒരു റോഡുണ്ടിവിടെ - മൂലമറ്റം-കോട്ടമല റോഡ്. അത് ഏതാണ്ട് അമ്പത് വര്ഷത്തിനു മുകളിലായിട്ടും ഇപ്പോഴും പണി പൂര്ത്തിയാവാതെ കിടക്കുകയാണ്. ആ റോഡിന്റെ നിര്മാണ പൂര്ത്തീകരണത്തിനുവേണ്ടി ദിലീഷ് പോത്തന്റെ കഥാപാത്രം വരുന്നതാണ് സിനിമ. പണ്ട് കുടിയേറ്റം നടന്നതുപോലെ ഇപ്പോള് കുടിയിറക്കം നടക്കുകയാണ്. പലയിടങ്ങളിലും കാടു വളര്ന്നു കഴിഞ്ഞിരിക്കുന്നു. വീടുകളില് പ്രായമായവര് മാത്രമാവുന്നു. ഇതുപോലുള്ള യാഥാര്ത്ഥ്യങ്ങളെ കൊണ്ടുവരാനാണ് ശ്രമിച്ചത്. രണ്ടുകാരണങ്ങളാലാണ് ഈ പ്രദേശം കഥാപശ്ചാത്തലമാക്കിയത്. കഥയിലെ മിസ്റ്ററി എലമെന്റാണ് ഒരു കാരണം. എനിക്ക് പരിചയമുള്ള പശ്ചാത്തലമാണെങ്കില് അവിടുത്തെ ജനജീവിതം കുറച്ചുകൂടി റിയലിസ്റ്റിക്കായി പറയാന് പറ്റുമല്ലോ എന്നതാണ് മറ്റൊന്ന്.
Content Highlights: script writer Kaviprasad Gopinath Talking About His First Film Am Ah