വെല്ലുവിളികൾ കൂടുന്നതിന് അനുസരിച്ച് സന്തോഷം കണ്ടെത്തുന്ന അഭിനേതാവാണ് പൃഥ്വി- അമല പോൾ

അമല പോൾ | photo: Jaiwin T Xavier/mathrubhumi
അമല പോൾ | photo: Jaiwin T Xavier/mathrubhumi

ആടുജീവിതം ഒരു യാത്രയാണ്. നജീബിൽ തുടങ്ങി നോവലിലൂടെ ഒരുപാട് ഹൃദയങ്ങളെ തൊട്ട് ഇപ്പോൾ സിനിമയായി ബിഗ് സ്ക്രീൻ വരെ എത്തി നിൽക്കുന്ന യാത്ര. ആ യാത്രയുടെ ഒരു ഭാഗമായതിലെ സന്തോഷം പങ്കിടുകയാണ് നടി അമല പോൾ.

വർഷങ്ങൾ നീണ്ട യാത്രയാണ് ആടുജീവിതം 

എൻ്റെ ഷെഡ്യൂൾ താരതമ്യേന എളുപ്പമുള്ളതായിരുന്നു. കേരളത്തിലായിരുന്നു എന്റെ രംഗങ്ങളെല്ലാം ചിത്രീകരിച്ചത്. നമ്മുടെ നാടിന്റെ ചുറ്റുപാട് തരുന്ന ഒരു കംഫർട്ട് സോൺ ഉണ്ടായിരുന്നു. മാത്രമല്ല, സൈനുവിന്റെയും നജീബിന്റെയും പ്രണയകാലമായിരുന്നു ആദ്യ ഷെഡ്യൂളുകളിൽ ചിത്രീകരിച്ചത്. അതുകൊണ്ടുതന്നെ സന്തോഷം നിറഞ്ഞ ഷൂട്ടിങ്ങ് അനുഭവമായിരുന്നു.

ശാരീരികമായും മാനസികമായും പൃഥ്വിരാജ് എന്ന നടന് ഏറെ വെല്ലുവിളി നിറഞ്ഞ ചിത്രമാണ്. അമലയുടെ അനുഭവം എങ്ങനെയായിരുന്നു 

സൈനുവിന് ശാരീരികമായി വലിയ മാറ്റങ്ങൾ ഒന്നും വേണ്ടി വന്നിട്ടില്ലെങ്കിലും വൈകാരികമായ ഒരു യാത്രയുണ്ടായിരുന്നു ചിത്രത്തിൽ. മധുവിധു നാളുകളിലാണ് സൈനുവും നജീബും വേർപിരിയുന്നത്. നജീബ് പോകുമ്പോൾ സൈനു ഗർഭിണിയാണ്. ആ വേർപിരിയൽ വരുത്തുന്ന മാനസിക സംഘർഷങ്ങൾ സൈനുവിന് ഉണ്ട്. വിശ്വസനീയമായ അഭിനയമായിരിക്കണം എന്ന് നിർബന്ധമുള്ളയാളാണ് ബ്ലെസി. 80 കാലഘട്ടത്തിലെ മുസ്ലിം കഥാപാത്രമാണ് സൈനു. 2018ലാണ് നമ്മളിത് ഷൂട്ട് ചെയ്യുന്നത്. ലൈവ് സൗണ്ട് ആണ്. അതെല്ലാം വലിയ വെല്ലുവിളികൾ തന്നെയായിരുന്നു. എങ്കിലും പൃഥ്വി ഉൾപ്പടെയുള്ളവർ നേരിട്ട ബുദ്ധിമുട്ടുകളൊന്നും എനിക്ക് വേണ്ടി വന്നിട്ടില്ല. വളരെ ആസ്വദിച്ച് ചെയ്ത ചിത്രം തന്നെയായിരുന്നു.

സൈനുവാകാൻ നടത്തിയ തയ്യാറെടുപ്പുകൾ 

ആടുജീവിതം ഞാൻ വായിച്ചിരുന്നു. പക്ഷേ അതിൽ സൈനുവിനെക്കുറിച്ച് ഒരുപാട് വിവരങ്ങളൊന്നുമില്ല. എനിക്കെല്ലാ റെഫറൻസും തന്നത് ബ്ലെസിച്ചേട്ടനാണ്. സൈനുവിന്റെ ബാക്ക്ഗ്രൗണ്ട്, കുടുംബം തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തമായ വിവരങ്ങൾ തന്നിരുന്നു. അവരുടെ കല്യാണത്തിന്റെ അന്നാണ് സൈനുവും നജീബും ആദ്യമായി കാണുന്നത്. ഭയങ്കര കാവ്യാത്മകമായാണ് ആ രംഗങ്ങളെല്ലാം ചിത്രീകരിച്ചിരിക്കുന്നത്. ബ്ലെസിച്ചേട്ടൻ നന്നായി അഭിനയിക്കും, അഭിനയിച്ചു കാണിച്ചു തരും. സൈനുവിന്റെ ഭാഷ രസകരമാണ്. ഇക്ക എന്നല്ല ഇക്ക്യ എന്നാണ് സൈനു പറയുക. ലൈവ് സൗണ്ടായതു കൊണ്ട് തന്നെ സംസാരരീതി കൃത്യമായി പഠിച്ചെടുക്കേണ്ടിയിരുന്നു.

ആടുജീവിതത്തിൽ നിന്ന്



പൃഥ്വി നടത്തിയ തയ്യാറെടുപ്പകൾ നേരിൽ കണ്ടപ്പോൾ 

മികച്ച അഭിനേതാവാണ് പൃഥ്വി. പക്ഷേ അധികമാരും അത് ഉപയോഗിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. ക്ലാസ്മേറ്റ്സ്, ഇന്ത്യൻ റുപ്പി തുടങ്ങിയ ചില ചിത്രങ്ങൾ മാത്രമേ പൃഥ്വിയിലെ അഭിനേതാവിനെ ശരിക്കും ഉപയോഗപ്പെടുത്തിയിട്ടുള്ളൂ. ആടുജീവിതവും അതുപോലൊരു ചിത്രമാണ്. പൃഥ്വിയിലെ അഭിനേതാവിനെ പൂർണമായും ഉപയോഗപ്പെടുത്തിയ ചിത്രമാണിത്. എനിക്ക് പൃഥ്വി എപ്പോഴും നജീബാണ്. കാരണം, ഞാൻ ഷെഡ്യൂളിൽ കണ്ടതെല്ലാം നജീബിനെയാണ്. ബാക്കി രംഗങ്ങൾ കാണാൻ ഞാനും നിങ്ങളെപ്പോലെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒരു അഭിനേതാവെന്ന നിലയിൽ പൃഥ്വി അർഹിക്കുന്നതെന്തോ അത് ആടുജീവിതം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ആശംസിക്കുന്നു.

ഇത്ര വലിയ കാൻവാസ്, മികച്ച അഭിനേതാക്കൾ, മറ്റ് ക്രൂ അംഗങ്ങൾ, മികച്ച കഥ.. ഒരു അഭിനേതാവിന് വല്ലപ്പോഴും കിട്ടുന്ന ഭാഗ്യങ്ങളാണ് 

ഞാൻ ഭാഗ്യം ചെയ്തവളാണെന്ന് എനിക്ക് തോന്നുന്നുണ്ട്. മികച്ച ടെക്നീഷ്യൻസ്, ക്യാമറ, മ്യൂസിക്, സംവിധാനം. ടെക്നീഷ്യൻസ് മാത്രമല്ല, ഒരുപാട് ഇന്റർനാഷണൽ ആക്ടേഴ്സും ചിത്രത്തിന്റെ ഭാഗമാണ്. അത്തരമൊരു പ്രൊജക്ടിന്റെ ഭാഗമാവാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. ഒരുപാട് പഠിക്കാൻ പറ്റി.  2018ൽ ആടുജീവിതത്തിനായി കോൾ വരുമ്പോൾ പുസ്തകമാണ് ആദ്യം വായിക്കുന്നത്. കൊച്ചിയിൽ നിന്നും ഡൽഹിയിലേക്കുള്ള ഫ്ലൈറ്റ് യാത്രയ്ക്കിടയിലുള്ള മൂന്ന് മണിക്കൂറിൽ ആ പുസ്തകം ഞാൻ വായിച്ചു തീർത്തു. ആ പുസ്തകം എന്നിലുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. എല്ലാവർക്കും ഒരു പ്രതീക്ഷ തരുന്ന പുസ്തകം. യഥാർഥ നജീബ് ആ കഷ്ടപ്പാടുകൾ സഹിച്ച് പുറത്ത് വന്നത് വലിയ അത്ഭുതമാണ്. സൈനുവിനെക്കുറിച്ച് അധികമൊന്നും പുസ്തകത്തിൽ കണ്ടില്ലെങ്കിലും ഒരു ബാക്ക്ഗ്രൗണ്ട് സ്റ്റോറി ഉണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. ഈ സിനിമയുടെ  ഭാഗമാവണം എന്ന് മാത്രമായിരുന്നു ആ സമയം മനസിൽ. തിരിഞ്ഞു നോക്കുമ്പോൾ ഞാൻ എന്റെ കരിയറിലെടുത്ത മികച്ച തീരുമാനങ്ങളിലൊന്ന് ഇതായിരുന്നു എന്നെനിക്ക് അറിയാം.

ആടുജീവിതം അമലയുടെ കരിയറിനെ, പാഷനെ എങ്ങനെ സ്വാധീനിക്കും 

ആടുജീവിതം തീർച്ചയായും എന്റെ കരിയറിനെ സ്വാധീനിക്കും. കാരണം ഈ സിനിമയിൽ നിന്ന് ഞാൻ ജീവിതത്തിലേക്ക് ചേർക്കുന്ന ചില പാഠങ്ങളുണ്ട്. റസൂൽ പൂക്കുട്ടി സർ, നമ്മുടെ സൗണ്ട് ഡിസൈനർ. അദ്ദേഹത്തിന്റെ ഡെഡിക്കേഷൻ അത്ഭുതപ്പെടുത്തും. രണ്ടുമൂന്ന് കിലോമീറ്റർ റേഡിയസിലുള്ള ശബ്ദങ്ങൾ വരെ പിടിച്ചെടുക്കുന്ന മൈക്ക് ആണ് അദ്ദേഹത്തിന്റെ കയ്യിലുള്ളത്. എല്ലാവരും നിശബ്ദരാകുന്നത് വരെ, അദ്ദേഹം ഉദ്ദേശിക്കുന്ന ഓഡിയോ ക്വാളിറ്റി ലഭിക്കുന്നതുവരെ കാത്തിരിക്കാൻ അദ്ദേഹം തയ്യാറാണ്. അതിലൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. അതുപോലെ തന്നെയാണ് ബ്ലെസിച്ചേട്ടനും , സംവിധായകനായിക്കഴിഞ്ഞാൽ പിന്നെ ഹൈപ്പർ ആയ കുഞ്ഞിനെ പോലെയാണ് അദ്ദേഹം. പൃഥ്വി ആണെങ്കിൽ ഭയങ്കര ക്ഷമയുള്ള, ഡെഡിക്കേറ്റഡ് ആയ അഭിനേതാവാണ്. ഒരിക്കൽപോലും പൃഥ്വി ഒരു മടുപ്പ് കാണിക്കുന്നതോ, പരാതി പറയുന്നതോ ഞാൻ കണ്ടിട്ടില്ല. എത്രത്തോളം വെല്ലുവിളികൾ വരുന്നോ അത്രയും സന്തോഷവാനാകുന്ന ഒരു അഭിനേതാവാണ് പൃഥ്വി. ഇതെല്ലാം ഞാൻ പകർത്തുന്ന പാഠങ്ങളാണ്. 

Content Highlights: adujeevitham movie actress amala paul interview