'ഇനി കുറച്ചുനാൾ അഭിനയിക്കണം, സംവിധാനത്തിരക്കിൽ മൂന്ന് നല്ല സിനിമകൾ ചെയ്യാനായില്ല'

വിനീത് കുമാർ | ഫോട്ടോ: www.instagram.com/vineethkumar_official/
വിനീത് കുമാർ | ഫോട്ടോ: www.instagram.com/vineethkumar_official/

നാം ജീവിതത്തിൽ എപ്പോഴോ കണ്ടുമറന്ന മനുഷ്യർ, അവരുടെ ജീവിതങ്ങളെ വീണ്ടും വെള്ളിത്തിരയിൽ കാണുന്നപോലെയൊരു അനുഭവമാണ് വിനീത് കുമാറിന്റെ സിനിമകൾ. ‘അയാൾ ഞാനല്ല’യിലെ പ്രകാശൻ, ‘ഡിയർ ഫ്രണ്ടി’ലെ വിനോദ്... ആദ്യ രണ്ടുസിനിമകളിലും വിനീത് പരിചയപ്പെടുത്തിയവർ നമുക്ക് അപരിചിതരായിരുന്നില്ല. അഭിനേതാവിൽനിന്ന് സംവിധായകനിലേക്ക് ഗിയർമാറ്റിയ വിനീത്, ചെറുകഥകൾപോലെ ആസ്വാദ്യകരമായ കഥകളാണ് സിനിമകളിലൂടെ പ്രേക്ഷകരോട് പറയാൻ ഇഷ്ടപ്പെടുന്നത്. അത്തരമൊരു കഥയുമായാണ് പവി കെയർടേക്കർ എന്ന സിനിമയും പ്രദർശനത്തിനെത്തിയിരിക്കുന്നത്. പവിത്രൻ എന്ന കേന്ദ്രകഥാപാത്രമായി ദിലീപ് എത്തുന്ന ചിത്രം കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഫാമിലി എന്റർടെയ്‌നറാണെന്ന് സംവിധായകൻ പറയുന്നു.

ആരാണ് പവി, എവിടെനിന്നാണ് അയാളെ കണ്ടെത്തിയത്...

ഡിയർ ഫ്രണ്ട് ചെയ്യുന്നതിനുമുമ്പേ എന്റെ അടുെത്തത്തിയ കഥയാണിത്. എന്റെ രണ്ടാമത്തെ സിനിമയായി ചെയ്യാനിരുന്നത്. രാജേഷ് രാഘവനാണ് കഥയുമായിവരുന്നത്. ആദ്യം പറഞ്ഞ കഥ എനിക്ക് വർക്കായില്ല, അപ്പോഴാണ് രാജേഷ് ഈ സിനിമയുടെ കഥപറഞ്ഞത്. അത് കേട്ടപ്പോൾ പവിത്രൻ എന്ന കഥാപാത്രത്തെ എനിക്ക് വളരെ ഇഷ്ടമായി. 18 വർഷം പ്രവാസജീവിതം നയിച്ച് നാട്ടിലേക്ക് മടങ്ങിവരുന്ന സാധാരണക്കാരൻ. സമ്പാദിച്ച പണമെല്ലാം വീട്ടിലെ ബാധ്യതകൾതീർക്കാൻ ചെലവഴിച്ചതല്ലാതെ സ്വന്തമായി ഒന്നും സമ്പാദിച്ചിട്ടില്ല. നാട്ടിലേക്ക് മടങ്ങിയെത്തിയ പവിത്രൻ കൊച്ചിയിൽ ഒരു ഫ്‌ളാറ്റിൽ കെയർടേക്കറായും നൈറ്റ് സെക്യൂരിറ്റിയായും ജോലിചെയ്യുന്നു. ദീർഘകാലം പ്രവാസലോകത്തായതിനാൽ നാട്ടിൽ സംഭവിച്ച മാറ്റങ്ങെളക്കുറിച്ചൊന്നും പവിത്രന് അറിയില്ല. അയാളിപ്പോഴും കുറെ ചിട്ടകളും പഴഞ്ചൻ ചിന്തകളുമായാണ് ജീവിക്കുന്നത്. ഇതുവരെ അയാൾ ആരെയും പ്രണയിച്ചിട്ടില്ല. അയാൾക്ക് ആകെയുള്ള കൂട്ട് ഒരു പട്ടിയാണ്. അങ്ങനെ ഒറ്റപ്പെട്ട് ജീവിക്കുന്ന പവിത്രന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രണയവും കുറെ രസകരമായ സംഭവങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.

ആദ്യചർച്ചയിലേ ദിലീപ് തന്നെയായിരുന്നോ പവി...

പവിത്രൻ എന്ന കഥാപാത്രം ചെയ്യാൻ ഏറ്റവും അനുയോജ്യനായ നടൻ ദിലീപാണെന്ന് ആദ്യ കേൾവിയിൽത്തന്നെ ഞാൻ തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ മാനറിസങ്ങളും എല്ലാ സാധ്യതകളും ഉപയോഗിക്കാൻപറ്റിയ കഥാപാത്രമാണിത്. വളരെ മികച്ചരീതിയിൽത്തന്നെ അദ്ദേഹം ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്. അഞ്ച് നായികമാരാണ് ചിത്രത്തിലുള്ളത്. ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമേഖലയിൽ ജോലിചെയ്യുന്നവരും അവരുടേതായ സ്വഭാവസവിശേഷതകൾ ഉള്ളവരുമാണ്. ആദ്യം മലയാളത്തിൽനിന്നും തമിഴിൽനിന്നും നായികമാരെ കാസ്റ്റ്‌ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ, ഇത്രയും നായികമാരുടെ ഡേറ്റും മറ്റുകാര്യങ്ങളും ഒത്തുവരാൻ അത്ര എളുപ്പമായിരുന്നില്ല. അങ്ങനെയാണ് അഞ്ച്‌ പുതുമുഖനായികമാരിലേക്ക് നീങ്ങിയത്. ഒാഡിഷനിലൂടെയും സോഷ്യൽമീഡിയയിലൂടെയുംമറ്റും ഏറ്റവും അനുയോജ്യരായ അഞ്ചുപേരെ കണ്ടെത്തുകയായിരുന്നു.

പവി കെയർടേക്കർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വിനീത് കുമാർ, ദിലീപ്

വ്യത്യസ്തരായ മനുഷ്യരുടെ മാനസികസംഘർഷങ്ങളോട് ഇഷ്ടക്കൂടുതലുണ്ടോ...

പൊതുവേ നോവലുകളെക്കാൾ ചെറുകഥകൾ വായിക്കാനിഷ്ടപ്പെടുന്ന ആളാണ് ഞാൻ. ചെറുകഥകളുടെ ഒരു സ്വഭാവം അതുകൊണ്ട് എന്റെ സിനിമകൾക്കും കഥാപാത്രങ്ങൾക്കുമൊക്കെവരും. വ്യത്യസ്തമായ ജീവിതങ്ങൾ കാണുക, അവയെ ആഴത്തിൽ അറിയുക എന്നതാണ് ഏറ്റവും ഇഷ്ടമുള്ള കാര്യം. ത്രില്ലർ സിനിമകളെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് മനുഷ്യന്റെ മനസ്സിലെ സംഘർഷങ്ങളെക്കുറിച്ച് സംസാരിക്കുന്ന സിനിമകളാണ്. അത്തരം കഥകൾ കേൾക്കാനും കാണാനും വളരെ ഇഷ്ടമാണ്. സിനിമകൾ ചെയ്യുമ്പോഴും അത്തരം കഥകളോടാണ് താത്പര്യം. അയാൾ ഞാനല്ല, ഡിയർ ഫ്രണ്ട് എന്നീ ചിത്രങ്ങളിൽ അത്തരം മനുഷ്യരുടെ കഥകളാണ് പറയാൻ ശ്രമിച്ചത്. ഈ സിനിമയിലെ പവിത്രന്റെതും അത്തരത്തിൽ വ്യത്യസ്തമായ ജീവിതമാണ്.

തുടർച്ചയായ വിജയങ്ങൾ, മലയാള സിനിമയുടെ വസന്തകാലമാണോ...

മലയാള സിനിമയുടെ ഏറ്റവും നല്ല കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. കുറെ വർഷങ്ങൾക്കുശേഷമാണ് ഇത്തരമൊരു നല്ലസമയം വരുന്നത്. ഒന്നിൽക്കൂടുതൽ നല്ലസിനിമകൾ ഒരുമിച്ച് ഹിറ്റാകുന്ന കാഴ്ച. ആളുകളുടെ പ്രധാന എന്റർടെയ്‌ൻമെന്റ് മീഡിയ വീണ്ടും സിനിമയായി നിൽക്കുന്ന സമയത്താണ് എന്റെസിനിമയും തിയേറ്ററിലേക്ക് എത്തിയിരിക്കുന്നത്. ഈ സിനിമ പൂർണമായും ഫാമിലി എന്റർടെയ്‌നർ എന്ന ജോണറിൽപ്പെെട്ടാരു സിനിമയാണ്. ഈ വർഷം വിജയിച്ച ഓരോ സിനിമകളും പരിശോധിച്ചാൽ ഓരോന്നും വ്യത്യസ്ത ജോണറിൽ​െപ്പട്ടവയാണ്. ആ വ്യത്യസ്തതയെ പ്രേക്ഷകർ ഇഷ്ടപ്പെടുന്നുണ്ട്. ഫാമിലി എന്റർടെയ്‌നർ എന്ന ജോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല. അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാം എന്നാണ് പ്രതീക്ഷ.

അടുത്ത സിനിമ...

കുറച്ചുനാൾ ഇനി അഭിനയവഴിയിലാണ്. ഈ സിനിമയുടെ ഷൂട്ടിങ്തിരിക്കിനിടയിൽ മൂന്ന് നല്ല സിനിമകൾ അഭിനയിക്കാൻ കഴിയാതെപോയി. മൂന്നും പ്രധാന കഥാപാത്രങ്ങളായിരുന്നു. അവയെല്ലാം വലിയ ഹിറ്റാവുകയുംചെയ്തു. ഇപ്പോൾ ആഷിഖ് അബു സംവിധാനംചെയ്യുന്ന റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം ചെയ്യുകയാണ്.

Content Highlights: actor director vineeth kumar interview