ശുചിത്വത്തിന് ആഹ്വാനം ചെയ്ത് യുവസംവിധായകന്റെ കാമ്പയിന്‍; ഒപ്പം ചേര്‍ന്ന് താരങ്ങളും

ബിഗില്‍ സിനിമയുടെ സഹസംവിധായകനും കലാകാരനുമായ കാര്‍ത്തികേയന്‍ വേലപ്പനാണ് വ്യത്യസ്തമായ ബോധവത്കരണവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ശുചിത്വം പാലിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.
'കവര്‍ യുവര്‍ ഫേയ്‌സ്' എന്ന ഹാഷ്ടാഗില്‍ തുടങ്ങിയ കാമ്പയിന്‍ ആദ്യം കലാകാരന്മാരെ കേന്ദ്രീകരിച്ചാണ് ചെയ്തതെന്ന് പറയുകയാണ് കാര്‍ത്തികേയന്‍. എന്നാല്‍ ഡിജിറ്റല്‍ ആര്‍ട്ട് ഉപയോഗിച്ചുള്ള പ്രചാരണം പെട്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയും കൂടുതല്‍ ആളുകള്‍ ഇതിന്റെ ഭാഗമാവുകയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വണ്‍ ആര്‍ട്ടിസ്റ്റ് വണ്‍ ഹണ്‍ഡ്രഡ് ഫേയ്‌സസ്' എന്നാണ് കാര്‍ത്തികേയന്‍ പ്രചാരണത്തിന് നല്‍കിയിരിക്കുന്ന പേര്. എന്നാലിപ്പോള്‍ നൂറിലധികം ആളുകള്‍ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞു. ബിഗില്‍ സിനിമയില്‍ അഭിനയിച്ച നടിമാരായിരുന്നു ആദ്യം ഭാഗമായ സിനിമാ താരങ്ങള്‍ തുടര്‍ന്ന് മറ്റുള്ളവരും അണിചേരുകയായിരുന്നു. മലയാളത്തിലെ നടിമാരായ കല്യാണി പ്രിയദര്‍ശന്‍, മഞ്ജിമ മോഹന്‍, നിക്കി ഗല്‍റാണി, അഹാന കൃഷ്ണ എന്നിവരും ഇതില്‍പ്പെടും.
കാമ്പയിന്‍ ചെയ്യാനുള്ള പ്രചോദനം
മാസ്‌ക് ഉപയോഗിച്ച് വായും മൂക്കും മറച്ച് ശുചിത്വത്തിന് നല്ല മാതൃക കാണിക്കുകയാണ് അടിസ്ഥാനപരമായി ഇതിലൂടെ ഉദ്ദേശിച്ചത്. ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും നമ്മളോട് ആവശ്യപ്പെടുന്നതും അത് തന്നെയാണല്ലോ. മാസ്‌ക് ഇല്ലെങ്കിലും വൃത്തിയുള്ള ഒരു തുണിയാണെങ്കിലും നമ്മള്‍ക്ക് ഇതിനായി ഉപയോഗിക്കാം. ഇതിലൂടെ അസുഖം പകരാതെയും പടര്‍ത്താതെയും നോക്കാം. ഫോട്ടോ മാനിപുലേഷന്‍, ഡിജിറ്റല്‍ ആര്‍ട്ട് തുടങ്ങിയവയൊക്കെ പരീക്ഷിക്കുന്ന ആളാണ് ഞാന്‍. അതുമായി ബന്ധപ്പെട്ട് പിന്റ്‌റെസ്റ്റില്‍ കാണുന്ന ചിലതൊക്കെ ഞാന്‍ ചെയ്തു നോക്കാറുണ്ട്. ആളുകള്‍ക്കിടയില്‍ ഇതിന്റെ പ്രാധാന്യം എത്തിക്കണമെങ്കില്‍ എന്തെങ്കിലും വ്യത്യസ്തത പരീക്ഷിക്കണമെന്ന് തോന്നി.
മാസ്‌ക് ഇട്ടിട്ട് അതുപോലെ ചെയ്യണമെന്ന് ആളുകളോട് പറഞ്ഞിട്ട് കാര്യമില്ല. അത് ചിലപ്പോള്‍ അവര്‍ ശ്രദ്ധിക്കണമെന്നില്ല. സാധാരണ എല്ലാവരും പറയുന്ന കാര്യമായിട്ട് തോന്നും. ഇത് ആളുകളുടെ ശ്രദ്ധ പിടിക്കുമെന്നതില്‍ എനിക്ക് സംശയമില്ലായിരുന്നു. അങ്ങനെ എന്റെ തന്നെ ഫോട്ടോയില്‍ ഒരു പരീക്ഷണം പോലെ ചെയ്തു നോക്കുകയായിരുന്നു ആദ്യം. അത് വിജയിക്കുകയും ചെയ്തു.
'വണ്‍ ആര്‍ട്ടിസ്റ്റ് വണ്‍ ഹണ്‍ഡ്രഡ് ഫേയ്‌സസ്' എന്ന ആശയം
ഫോട്ടോ പങ്കുവെച്ച് കഴിഞ്ഞപ്പോള്‍ സുഹൃത്തുകളും അവരുമായി ബന്ധപ്പെട്ടവരും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ ഒട്ടേറെ പേരില്‍ നിന്നും മെസേജുകള്‍ വരാന്‍ തുടങ്ങി. ആദ്യ ദിവസം മുപ്പതിലധികം പേരുടെ ഫോട്ടോയാണ് എഡിറ്റ് ചെയ്തത്. 4-5 മിനിറ്റാണ് ഒരോ ഫോട്ടോയ്ക്കും വേണ്ടി വന്നത്. ആ സമയത്താണ് ഇതൊരു കാമ്പയിന്‍ പോലെ ആകാമെന്ന ചിന്ത വന്നത്.
മുഖം മറയ്ക്കണമെന്നും അതിന് മാസ്‌ക് നിര്‍ബന്ധമല്ലെന്നും വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ചാല്‍ മതിയെന്നുമെല്ലാം ഇതിലൂടെ ആളുകളിലെത്തിക്കുന്നതായിരുന്നു ഒരു വെല്ലുവിളി. അത് പിന്നീട് ഫോട്ടോയോടൊപ്പം അടിക്കുറിപ്പായിട്ട് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആര് ഫോട്ടോ പങ്കുവെയ്ക്കുന്നുവോ അവരോട് ഈ ഒരു കാര്യവും അതിനോടൊപ്പം ചേര്‍ക്കാന്‍ പറയുകയായിരുന്നു. നൂറെണ്ണം ചെയ്യാമെന്ന് കരുതി. പക്ഷേ ഇതിനകം നൂറ്റമ്പതിലധികം മുഖങ്ങള്‍ ചെയ്തു കഴിഞ്ഞു. കാമ്പയിന്‍ ഇപ്പോള്‍ വണ്‍ ഹണ്‍ഡ്രഡ് പ്ലസ് എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി.
പ്രചാരണത്തിലൂടെ ഉദ്ദേശിച്ചത് കൃത്യമായി ആളുകളിലെത്തി എന്ന് തോന്നുന്നുണ്ടോ
അങ്ങനെയൊരു സംശയം ആദ്യം തോന്നിയിരുന്നു. കാരണം കുറെ ആളുകള്‍ കൈകൊണ്ട് മുഖം പൊത്തി ഫോട്ടോ പങ്കുവെയ്ക്കുന്നു. അപ്പോള്‍ കൈ കൊണ്ട് വായും മൂക്കും മറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന തെറ്റായ സന്ദേശം ആളുകളില്‍ എത്തുമെന്ന ഭയം തീര്‍ച്ചയായും ഉണ്ടായിരുന്നു. പക്ഷേ അടിക്കുറിപ്പോടെ ഇടുമ്പോള്‍, കുറച്ചു ചിന്തിക്കുന്നവരാണേല്‍ ഇത് എന്താണെന്ന് നോക്കാന്‍ അത് വായിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. കാരണം ഇങ്ങനെയൊരു സംഭവം കാണുമ്പോള്‍ സാധാരണ നമ്മള്‍ ആണെങ്കിലും അറിയാന്‍ ശ്രമിക്കുമല്ലോ. ആ സഹജമായ ജിജ്ഞാസയില്‍ വിശ്വാസമുണ്ടായിരുന്നു.
ഇനിയും ആളുകള്‍ ഇതിനായി ബന്ധപ്പെടുന്നുണ്ടോ
തീര്‍ച്ചയായും ഉണ്ട്. നിരവധി ആളുകള്‍ ഇപ്പോഴും ഇതിനായി മെസേജ് അയ്ക്കുന്നുണ്ട്. മറ്റു കാര്യങ്ങളും ചെയ്തു തീര്‍ക്കാനുള്ളത് കൊണ്ട് പലതിനോടും പ്രതികരിക്കാന്‍ പറ്റുന്നില്ല. ലക്ഷ്യം നൂറായിരുന്നുവെങ്കിലും ഇപ്പോള്‍ അതും കടന്നിരിക്കുകയാണ്. ഇനിയും ധാരാളം ചെയ്യാന്‍ ബാക്കിയുമുണ്ട്. എന്നാലും കഴിയുന്ന പോലെ കുറേയൊക്കെ ചെയ്യുന്നുണ്ട്. ആരേയും നിരാശരാക്കാന്‍ ആഗ്രഹമില്ല. ഇത് അത്രയും കൂടി ആളുകളില്‍ എത്തുമല്ലോ എന്നാണ് കരുതുന്നത്.
Content Highlights: Young filmmaker Karthikeyan Velappan speaks about his coveryourface campaign on social media
Content Highlights: