ഉണ്ണിമേനോന്‍ പറഞ്ഞു: 'പാട്ടില്ലെങ്കിലും എക്‌സ്ട്രാ നടനാകേണ്ട ഗതികേടൊന്നുമില്ല'; ചെമ്പനീര്‍പ്പൂ വിരിഞ്ഞതിങ്ങനെ

മലയാളത്തിലെ ഏറ്റവും ആര്‍ദ്രമായ പ്രണയഗാനങ്ങളില്‍ ഒന്നിന്റെ പിറവി ഒരു ഞെട്ടലില്‍നിന്നായിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? സത്യമാണ്. ഞെട്ടിയത് ഉണ്ണിമേനോന്‍; കേരളത്തില്‍ ജനിച്ചു തെന്നിന്ത്യയുടെ മുഴുവന്‍ അഭിമാനമായി വളര്‍ന്ന ഗായകന്‍. പാട്ടുകള്‍ക്ക് പിറകെയുള്ള യാത്രയിലെ മറക്കാനാവാത്ത അനുഭവമായി ആ ഞെട്ടല്‍ ഇന്നുമുണ്ട് എന്റെ ഓര്‍മ്മയില്‍.
കഥ തുടങ്ങുന്നത് സുഹൃത്തായ സംവിധായകന്‍ ആര്‍. ശരത്തിന്റെ അപ്രതീക്ഷിതമായ ഒരു ഫോണ്‍കോളില്‍ നിന്നാണ്. 'സ്ഥിതി'യുടെ ആലോചനകള്‍ നടക്കുന്ന വേളയിലാണ് ശരത്തിന്റെ ഫോണ്‍ വിളി. വര്‍ഷം 2003. 'എന്റെ പുതിയ പടത്തില്‍ നായകനായി ഒരു പാട്ടുകാരനെ വേണം. കാണാന്‍ കൊള്ളാവുന്ന ഒരാള്‍. അഭിനയപ്രതിഭയൊന്നും ആവണമെന്നില്ല. പക്ഷെ നല്ല സ്‌ക്രീന്‍ സാന്നിധ്യം അത്യാവശ്യം. ആരെയെങ്കിലും ഓര്‍മ്മ വരുന്നുണ്ടോ?', കൗതുകം തോന്നി എനിക്ക്.
പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞത് ജി. വേണുഗോപാലിന്റെ മുഖമാണ്. 'വേണു എന്റെയും സുഹൃത്താണ്', ശരത് പറഞ്ഞു. `പക്ഷെ, ഈ സിനിമയിലെ കഥാപാത്രം വേണുവിന് ഇണങ്ങില്ല. കുറച്ചുകൂടി മുതിര്‍ന്ന ആളാണ് എന്റെ നായകന്‍, കാഴ്ചയിലും പ്രായത്തിലും. ഒരേ സമയം മെച്യൂരിറ്റിയും ആകര്‍ഷണീയമായ വ്യക്തിത്വവും വേണം അയാള്‍ക്ക്. അങ്ങനെ ഒരാളുടെ പേരു പറയാമോ?'.
ഉണ്ണിമേനോന്‍ എന്ന് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അടുത്ത സുഹൃത്താണ്; സഹൃദയനും. മലയാള സിനിമയില്‍ അന്ന് ഉണ്ണിയുടെ സാന്നിധ്യം മരുന്നിനു പോലുമില്ല. തമിഴില്‍ എ.ആര്‍. റഹ്‌മാന്റെ പ്രിയഗായകനായി തിളങ്ങിനില്‍ക്കുകയാണ് അദ്ദേഹം. 'നന്നായി. ഞാനും ഉണ്ണിയെയാണ് മനസ്സില്‍ കണ്ടത്', ചിരിയോടെ ശരത് പറഞ്ഞു. 'ഒരു ഉപകാരം കൂടി ചെയ്തു തരണം. എനിക്ക് അദ്ദേഹത്തെ അടുത്തുപരിചയമില്ല. ഒന്ന് ഉണ്ണിയോട് സംസാരിച്ചു സമ്മതം വാങ്ങിത്തരണം. ബാക്കി ഞാന്‍ നോക്കിക്കൊള്ളാം'.
ആഹ്ലാദം തോന്നി. മലയാള സിനിമയ്ക്ക് കുറെ നല്ല ഹിറ്റുകള്‍ സമ്മാനിച്ചിട്ടും അര്‍ഹിച്ച അംഗീകാരങ്ങള്‍ നേടാതെ പോയ ഗായകനാണ് ഉണ്ണിമേനോന്‍. ഉണ്ണിയുടെ കഴിവുകള്‍ മലയാളം വേണ്ട വിധം പ്രയോജനപ്പെടുത്തിയില്ല എന്ന് തോന്നിയിട്ടുണ്ട്. ഗ്രൂപ്പുകളുടെയും കോക്കസ്സുകളുടെയും ഭാഗമാകാന്‍ മിനക്കെടാത്തത് കൊണ്ടാകാം. വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള അവസരമാണ് ഉണ്ണിയ്ക്ക് വീണുകിട്ടാന്‍ പോകുന്നത്. ഒരു പ്രശ്‌നം മാത്രം. ക്ഷണം പാടാന്‍ വേണ്ടിയല്ല, അഭിനയിക്കാനാണ്. നടനെ പാടാന്‍ വിളിക്കുന്നത് പോലെയല്ല പാട്ടുകാരനെ അഭിനയിക്കാന്‍ വിളിക്കുന്നത്. സ്റ്റുഡിയോയുടെ ഏകാന്ത നിശബ്ദതയില്‍നിന്ന് ആര്‍ക്ക് ലൈറ്റുകളുടെ പൊള്ളുന്ന ചൂടിലേക്കുള്ള പറിച്ചുനടല്‍ എത്രത്തോളം ഉള്‍ക്കൊള്ളാനാകും ഉണ്ണിയെപ്പോലെ സൗമ്യനായ ഒരു ഗായകന്?
പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു പ്രതികരണം. എന്റെ ചോദ്യത്തിന് മുന്നില്‍ ഒരു നിമിഷം പകച്ചുനിന്ന ശേഷം പൊട്ടിച്ചിരിച്ചുകൊണ്ട് ഉണ്ണി ഫോണിലൂടെ പറഞ്ഞു: 'രവി എന്താ കളിയാക്കുകയാണോ? എനിക്ക് പാട്ടേ ഇല്ല മലയാളത്തില്‍. അപ്പോഴാണ് അഭിനയം. പാട്ടില്ലെങ്കിലും എക്‌സ്ട്രാ നടനാവേണ്ട ഗതികേടൊന്നും തത്കാലം ഇല്ല ട്ടോ', പറഞ്ഞത് തമാശയായിട്ടാണെങ്കിലും സിനിമയുടെ പുറമ്പോക്കിലേക്ക് ബോധപൂര്‍വമോ അല്ലാതെയോ മാറ്റിനിര്‍ത്തപ്പെട്ടതിന്റെ ആത്മവേദന മുഴുവന്‍ ഉണ്ടായിരുന്നു ആ വാക്കുകളില്‍. 'അങ്ങനെ നെഗറ്റീവ് ആയി കാണേണ്ട. ഇതൊരു സീരിയസ് സിനിമയാണ് എന്ന് തോന്നുന്നു', ഞാന്‍ പറഞ്ഞു. 'ആദ്യചിത്രത്തിന് അവാര്‍ഡുകള്‍ കിട്ടിയ സംവിധായകന്റെ അടുത്ത ചിത്രം. പടത്തില്‍ നായകനായി ഉണ്ണി അഭിനയിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ആഗ്രഹമല്ല, നിര്‍ബന്ധം എന്ന് കൂട്ടിക്കോളൂ'.
ഇത്തവണ ഉണ്ണി ശരിക്കും ഞെട്ടി. നിമിഷങ്ങള്‍നീണ്ട മൗനം. മധുരിച്ചിട്ട് ഇറക്കാനും വയ്യ കയ്ച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയില്‍പെട്ടുപോയിരിക്കണം അദ്ദേഹം. മൗനത്തിനൊടുവില്‍ സമനില വീണ്ടെടുത്ത് ഉണ്ണി പറഞ്ഞു: 'രാവിലെ തന്നെ വലിയൊരു ഷോക്കാണ് രവി തന്നത്. ഒരു കാര്യം സംവിധായകനോട് പറഞ്ഞാല്‍ മതി. അത്രയും വലിയ റോളൊന്നും അഭിനയിച്ചു ഫലിപ്പിക്കാനുള്ള പ്രതിഭ എനിക്കില്ല. ആകെ അറിയാവുന്ന തൊഴില്‍ പാട്ട് പാടുകയാണ്. നമ്മളെന്തിന് വെറുതെ ആളുകളുടെ ക്ഷമ പരീക്ഷിക്കണം?'.
ഒഴിഞ്ഞു മാറാനുള്ള ശ്രമമാണെന്ന് മനസ്സിലായപ്പോള്‍ ഉള്ളില്‍ ഒരാശയം തോന്നി. 'ഒരു കാര്യം ചോദിച്ചോട്ടെ? മലയാളത്തില്‍ ഉണ്ണി നല്ലൊരു പാട്ട് പാടിയിട്ട് കാലം എത്രയായി? ഈ പടത്തില്‍ അഭിനയത്തോടൊപ്പം ഒരു പാട്ട് കൂടി പാടാന്‍ അവസരം കിട്ടിയാല്‍ സ്വീകരിച്ചു കൂടെ? പിന്നെ, അഭിനയം, അതത്ര ശ്രമകരമായ ഏര്‍പ്പാടൊന്നും ആവില്ലെന്നാണ് സംവിധായകന്‍ നല്‍കുന്ന ഉറപ്പ്', ഉണ്ണി സംശയിച്ചുനിന്നപ്പോള്‍ ഞാന്‍ പറഞ്ഞു: 'ആലോചിച്ചു പറഞ്ഞാല്‍ മതി.'
സംവിധായകനെ കൊണ്ട് സമ്മതിപ്പിച്ചെടുക്കണം ഇനി. ഭാഗ്യവശാല്‍ അതൊരു പ്രശ്‌നമായില്ല. പടത്തിലെ നായകന് സ്വന്തം ശബ്ദത്തില്‍ പാടാനുള്ള അവസരംകൂടി നല്‍കാന്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ ശരത്തിന്. സ്വയം സംഗീത സംവിധാനം ചെയ്തു പാടുകയാണെങ്കില്‍ അങ്ങനെയുമാകാമെന്ന് നിര്‍ദേശിച്ചതും ശരത്ത് തന്നെ. ഒരു വെല്ലുവിളിയായിത്തന്നെ ആ ദൗത്യം ഏറ്റെടുത്തു ഉണ്ണിമേനോന്‍. ആലാപനത്തില്‍നിന്ന് ഈണങ്ങളുടെ ലോകത്തേക്കുള്ള ഒരു തീര്‍ഥയാത്ര.
'ആരെങ്കിലും ചിട്ടപ്പെടുത്തിയ പാട്ട് പാടിവെക്കുന്നതു പോലെയല്ല സംഗീതസംവിധാനം. ഏകാഗ്രമായ ഒരു തപസ്യയാണത്'. ആ നാളുകളില്‍ ഒരിക്കല്‍ ഉണ്ണി പറഞ്ഞു. ആശങ്കകള്‍ പൂര്‍ണ്ണമായി അകന്നിരുന്നില്ല അപ്പോഴും. 'ഞാന്‍ സംഗീതം ചെയ്യുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ പലതും പ്രതീക്ഷിച്ചേക്കാം. അവരുടെ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരാന്‍ കഴിയുമോ എന്നാണു ഇപ്പോള്‍ എന്റെ ഭയം'. പക്ഷെ ഉണ്ണിയുടെ സംഗീത സങ്കല്‍പ്പങ്ങള്‍ ഉണ്ണിയില്‍നിന്ന് തന്നെ കേട്ടറിഞ്ഞിരുന്ന എനിക്ക് സംശയമില്ലായിരുന്നു, ഈണങ്ങള്‍ ആ വിരല്‍ത്തുമ്പില്‍വന്നു നൃത്തംചെയ്യുമെന്ന്.
പാട്ടിന്റെ വരികളെഴുതുന്നത് പ്രഭാവര്‍മ്മയാണ്. മലയാളത്തിലെ തലമുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ ഒരാള്‍. അഞ്ചുവര്‍ഷം മുന്‍പ് താന്‍ തന്നെ എഴുതിയ 'മുല്ലപൂത്തു നാം കാണ്മതില്ലെങ്കിലും' എന്ന കവിതയുടെ ആശയം സിനിമയിലെ സന്ദര്‍ഭത്തിന് ഇണങ്ങുംവിധം ഗാനത്തില്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു വര്‍മ്മ. കാമുകിക്കു പൂവും മനസ്സും സമര്‍പ്പിക്കുന്നവരാണ് സാധാരണ സിനിമാപ്പാട്ടുകളിലെ കാമുകര്‍. എന്നാല്‍, ഇവിടെ കാമുകന്‍ പൂവിറുത്തു നീട്ടാതെ തന്നെ കാമുകി അവന്റെ മനസിലെ പ്രണയം തിരിച്ചറിയുന്നു. പറഞ്ഞറിയേണ്ടതല്ല, അനുഭവിച്ചറിയേണ്ടതാണ് യഥാര്‍ഥ പ്രേമം എന്ന ധ്വനിയുണ്ടായിരുന്നു സിനിമക്ക് വേണ്ടി വര്‍മ്മ കുറിച്ച വരികളില്‍: 'ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ ഒരു വേള നിന്‍ നേര്‍ക്ക് നീട്ടിയില്ലാ; എങ്കിലും എങ്ങനെ നീയറിഞ്ഞൂ എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്'.
അസാധ്യ വരികളായിരുന്നു വര്‍മ്മയുടെത്- ഉണ്ണി പറയുന്നു. 'ഉള്ളിലെ ടെന്‍ഷന്‍ മാറി ഒരു തരം വാശി കയറിവന്നത് ആ വരികള്‍ വായിച്ച ശേഷമാണ്. കവിതയുടെ ആശയം അനായാസം ശ്രോതാവില്‍ എത്തിക്കുന്ന ഒരു ഈണം കണ്ടെത്തണം ഇനി. അത് വളരെ ലളിതവുമാവണം'. മൂന്നു ട്യൂണുകളില്‍ പാട്ട് ചിട്ടപ്പെടുത്തിയ ശേഷം ഫോണില്‍ കവിയെയും സംവിധായകനേയും വിളിച്ചു കേള്‍പ്പിക്കുന്നു സംഗീതസംവിധായകന്‍. ഇരുവര്‍ക്കും ഇഷ്ടമായത് ഒരേ ട്യൂണ്‍. ശ്രീരാഗത്തിന്റെയും മധ്യമാവതിയുടെയും സ്പര്‍ശമുള്ള ആ ഈണം സ്വന്തം ശബ്ദത്തില്‍ ചെന്നൈയിലെ സ്വന്തം സ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്യുന്നു ഉണ്ണിമേനോന്‍. പാട്ടിന്റെ പശ്ചാത്തല വാദ്യവിന്യാസം നിര്‍വഹിച്ചത് പ്രശസ്ത സംഗീതസംവിധായകന്‍ ശരത്.
ഉണ്ണിമേനോന്‍ റെക്കോഡ് ചെയ്തയച്ച പാട്ടിന്റെ അസംസ്‌കൃതരൂപം പടത്തിന്റെ സംവിധായകന്‍ ശരത് കേള്‍പ്പിച്ചു തന്നത് ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു. 'ഉണ്ണിയെ സംഗീതസംവിധായനായി പരീക്ഷിക്കാനുള്ള തീരുമാനത്തിന്റെ പേരില്‍ ഏറെ പഴി കേട്ടിട്ടുണ്ട് ഞാന്‍', സംവിധായകന്റെ വാക്കുകള്‍. 'പലര്‍ക്കും വിശ്വാസമുണ്ടായിരുന്നില്ല ഉണ്ണിയുടെ കഴിവുകളില്‍. അതുകൊണ്ട് തന്നെ പാട്ട് കേട്ട് രവിയുള്‍പ്പെടെ പലരും ഗംഭീരമായി എന്ന് വിലയിരുത്തിയപ്പോള്‍ എനിക്ക് സന്തോഷം തോന്നി. എങ്ങനേയും അത് സിനിമയില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു അപ്പോഴത്തെ ആഗ്രഹം'.
തീര്‍ന്നില്ല. ഇനിയുള്ള കഥ ഉണ്ണിമേനോന്റെ വാക്കുകളില്‍: 'രണ്ടു പാട്ടുകള്‍ കൂടി ഞാന്‍ ആ പടത്തിനു വേണ്ടി കമ്പോസ് ചെയ്തു. ഒന്ന് സുജാത പാടിയ ഓടലെണ്ണ വിളക്കില്‍ ആ മുഖം ആദ്യമായി കണ്ടു. രചന വര്‍മ്മയുടേത് തന്നെ. പിന്നെ അല്‍പം ചടുലമായ മറ്റൊരുഗാനം കൂടി. പടത്തിന്റെ ഷൂട്ടിങ് തീര്‍ന്ന ശേഷമാണ് ഹൃദയഭേദകമായ ഒരു സത്യം അറിയുന്നത്. മൂന്നു പാട്ടും ചിത്രീകരിക്കാന്‍ സാധ്യതയില്ല. ഫണ്ട് ഇല്ലാത്തതാണത്രേ കാരണം. ദേഷ്യവും സങ്കടവും ഒരുമിച്ചു വന്ന സന്ദര്‍ഭം. ആദ്യമായി ചെയ്ത പാട്ടുകള്‍ ആരും കേള്‍ക്കാതെ പോകുക എന്ന് വെച്ചാല്‍ എന്തൊരു കഷ്ടമാണ്'.
പ്രതിബന്ധങ്ങള്‍ അവസാനിച്ചിരുന്നില്ല. എങ്കിലും ദൈവനിയോഗം പോലെ അവയെല്ലാം മറികടക്കാനായി 'ചെമ്പനീര്‍പ്പൂ'വിന്. 'ആകെയുള്ള ദുഃഖം അത്രയും മനോഹരമായ പാട്ട്, അതിന്റെ ഭാവമാധുര്യത്തിന് ഇണങ്ങും വിധം ചിത്രീകരിക്കാന്‍ കഴിയാതിരുന്നതില്‍ മാത്രം. ഗാനത്തിന്റെ ദൃശ്യവല്‍ക്കരണം കണ്ടപ്പോള്‍ ഉണ്ണിമേനോന്‍ അതൃപ്തി പ്രകടിപ്പിച്ചു എന്നത് സത്യം തന്നെ. പക്ഷെ മറ്റുപോംവഴിയൊന്നും ഉണ്ടായിരുന്നില്ല മുന്നില്‍',- ശരത്തിന്റെ ഓര്‍മ്മ. എല്ലാ പരീക്ഷണങ്ങളേയും അതിജീവിച്ച് മലയാളിമനസ്സില്‍ പ്രണയസുഗന്ധം ചൊരിഞ്ഞു നില്‍ക്കുന്നു രണ്ടു ദശാബ്ദങ്ങള്‍ക്കിപ്പുറവും ആ ചെമ്പനീര്‍പ്പൂ.
നായകനായ ഉണ്ണിയെക്കാള്‍ സിനിമ കണ്ടവര്‍ ഇഷ്ടപ്പെട്ടിരിക്കുകസംഗീത സംവിധായകനും ഗായകനുമായ ഉണ്ണിയെ ആയിരിക്കുമെന്ന് തീര്‍ച്ച. ചെമ്പനീര്‍ കൊണ്ടുവന്ന പ്രശസ്തിയുടെ നിറവിലായിരുന്നു മലയാള സിനിമയില്‍ ഉണ്ണിമേനോന്റെ രണ്ടാം വരവ്. 'ആസ്വാദക മനസ്സുകളില്‍ എനിക്ക് വീണ്ടും ഇടം നേടിത്തന്ന പാട്ടാണത്. ഇന്നും ലോകത്തിന്റെ ഏതു മൂലയില്‍ ചെന്നാലും കണ്ടുമുട്ടാറുണ്ട് ചെമ്പനീരിന്റെ ആരാധകരെ. ചില വേദികളില്‍നിന്ന നില്‍പ്പില്‍ രണ്ടും മൂന്നും തവണ ആ ഗാനം പാടിയിട്ടുണ്ട്, സദസ്സിന്റെ അഭ്യര്‍ഥന മാനിച്ച്'.
വിരുദ്ധ ധ്രുവങ്ങളില്‍നില്‍ക്കുന്ന ഹൃദയങ്ങളെ വിളക്കി ചേര്‍ക്കാന്‍ പോന്ന എന്തോ ഒരു ഇന്ദ്രജാലം ആ പാട്ടിലുണ്ടോ എന്ന് പോലും സംശയിക്കുന്നു പ്രഭാവര്‍മ്മ. 'പരസ്പരം കലഹിച്ചു പിരിഞ്ഞ എത്രയോ കാമുകീ കാമുകന്മാരും ദമ്പതികളും ചെമ്പനീര്‍ എന്ന പാട്ടിന്റെ പ്രചോദനത്തില്‍ വീണ്ടും ഒന്നിച്ച അനുഭവങ്ങള്‍ ഞാന്‍ കേട്ടു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഫോണിലൂടെ ഒരുമിച്ചു പാടി വീണ്ടും ഒന്നായവര്‍ വരെയുണ്ട് അവരില്‍. എല്ലാം സത്യസന്ധമായ ജീവിതകഥകള്‍. ഒരു സിനിമാപ്പാട്ട് ഇത്രയേറെ തീവ്രമായ വൈകാരിക അനുഭവമായി മാറുന്നു എന്നത് അത്ഭുതമല്ലേ?'.
അത്ഭുതങ്ങള്‍ അവസാനിക്കുന്നില്ല. രചനയിലും സംഗീതത്തിലും ആലാപനത്തിലും ഒരുപോലെ മികവു പുലര്‍ത്തിയ ഗാനത്തിനു ഒരൊറ്റ സംസ്ഥാന അവാര്‍ഡ് പോലും ലഭിച്ചില്ല. 'ഉണ്ണിക്ക് മികച്ച ഗായകനുള്ള അവാര്‍ഡെങ്കിലും പ്രതീക്ഷിച്ചിരുന്നു', പ്രഭാവര്‍മ്മ പറയുന്നു. പക്ഷേ, ബഹുമതികള്‍ ലഭിക്കാതെ പോയതില്‍ ദുഃഖമൊന്നുമില്ല ഉണ്ണിമേനോന്. 'ദിവസവും ഒരു മലയാളിയെങ്കിലും ആ പാട്ട് കേള്‍ക്കുന്നുണ്ടാവണം. എന്റെ കാലം കഴിഞ്ഞാലും അത് ജീവിച്ചുകൊണ്ടേയിരിക്കും. അതിലപ്പുറം ഒരു അവാര്‍ഡുണ്ടോ?'.
ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍, അറിയാതെ മനസ്സ് ആ പഴയ കാലത്തേക്ക് തിരിച്ചുപോകും. മലയാളികള്‍ക്കേറ്റവും പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നിന്റെ പിറവിയില്‍ യാദൃച്ഛികമായെങ്കിലും പങ്കാളിയാകാന്‍ കഴിഞ്ഞ ദിനങ്ങളിലേക്ക്. 'അകമേ നിറഞ്ഞ സ്‌നേഹമാം മാധുര്യം ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല, നിറനീലരാവിലെ ഏകാന്തതയില്‍ നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല, എങ്കിലും നീയറിഞ്ഞു എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്, നിന്നെ തഴുകുന്നതായ്'.
ഉണ്ണിക്ക് സപ്തതി ആശംസകള്‍…
Content Highlights: Surprising story behind the creation of the iconic Malayalam song "Oru Chembaneer" featuring singer Unni Menon