ടൊറന്റോയിൽ ചരിത്രമെഴുതി നാഗാലാൻഡ് ചിത്രം Angh, പ്ലാറ്റ്ഫോം പുരസ്കാരവും 2027 ഓസ്കറിലേക്ക് നേരിട്ടുള്ള എൻട്രിയും

#മൂവി ഡെസ്ക്
ആങ് എന്ന ചിത്രത്തിന്റെ പോസ്റ്റർ, സംവിധായകൻ തേജ റിയോ | ഫോട്ടോ: X, Getty Images
ആങ് എന്ന ചിത്രത്തിന്റെ പോസ്റ്റർ, സംവിധായകൻ തേജ റിയോ | ഫോട്ടോ: X, Getty Images

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF 2026) ചരിത്രനേട്ടം കൈവരിച്ച് നാഗാലാൻഡ് ചലച്ചിത്രം 'ആങ്' (Angh). നവാഗതനായ തേജ റിയോ (Theja Rio) സംവിധാനം ചെയ്ത ഈ ചിത്രം 2026-ലെ ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ പ്രശസ്തമായ പ്ലാറ്റ്‌ഫോം കോംപറ്റീഷൻ (Platform Competition) പുരസ്‌കാരമാണ് സ്വന്തമാക്കിയത്. ഈ മേളയിലെ പ്ലാറ്റ്‌ഫോം വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രം കൂടിയായിരുന്നു ഇത്. ഈ അംഗീകാരത്തോടെ, 2027-ലെ ഓസ്കാർ പുരസ്‌കാരങ്ങളുടെ ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് നേരിട്ടുള്ള പ്രവേശനവും ഈ ഇന്ത്യൻ ചിത്രത്തിന് ലഭിച്ചു. എന്നാൽ ചിത്രം അടുത്തവർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയല്ല. അക്കാദമിയുടെ തുടർന്നുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ചിത്രം കൂടുതൽ മുന്നോട്ട് പോകുമോ എന്ന് നിർണ്ണയിക്കപ്പെടുക.

ഈ വർഷത്തെ 12 ചിത്രങ്ങൾ ഉൾപ്പെട്ട പ്ലാറ്റ്‌ഫോം മത്സര വിഭാഗത്തിലെ ഒരേയൊരു ഇന്ത്യൻ ചിത്രമായിരുന്നു ആങ്. ട്രോഫിയും 20,000 കനേഡിയൻ ഡോളറുമാണ് (ഏകദേശം 13.86 ലക്ഷം രൂപ) സമ്മാനമായി ലഭിക്കുന്നത്. ചിത്രത്തിന്റെ കാഴ്ചപ്പാടിനേയും ചലച്ചിത്ര നിർമാണത്തിലെ കരുത്തിനേയും ആഴത്തിലുള്ള ചിത്രീകരണത്തിനേയും പ്ലാറ്റ്ഫോം ജൂറി പ്രശംസിച്ചു.

അതിലുപരി, നാഗാലാൻഡിന്റെ ചരിത്രവും സംസ്കാരവും മാറിക്കൊണ്ടിരിക്കുന്ന വ്യക്തിത്വവും ആ പ്രദേശത്തിനപ്പുറമുള്ള പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുകയാണ് സംവിധായകൻ റിയോ. നാഗാലാൻഡിലെ കോന്യാക് സമൂഹത്തിന്റെ കഥപറയുന്ന ചിത്രത്തിൽ ഈ വിഭാഗത്തിൽനിന്നുള്ള ആങ്‌ലോങ് കൊന്യാക് (Anghlong Konyak) ആണ് പ്രധാനവേഷത്തിൽ.
 

എന്താണ് ‘ആങ്’?

തേജ റിയോതന്നെ സംവിധാനംചെയ്ത് 2021-ൽ പുറത്തിറങ്ങി ക്ലെർമോണ്ട്-ഫെറാൻഡ് അന്താരാഷ്ട്ര ഹ്രസ്വചിത്ര മേളയിൽ ജൂറി പുരസ്കാരം നേടിയ ഹ്രസ്വചിത്രത്തിന്റെ ഫീച്ചർ ഫിലിം രൂപമാണ് ആങ്.

1960-കളുടെ തുടക്കത്തിൽ ഇന്ത്യ-ബർമ അതിർത്തിയിലുള്ള നാഗാലാൻഡിലെ ഒരു വിദൂര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. പഴയ രീതികൾക്കും അതിവേഗം മാറിമറിയുന്ന ലോകത്തിനുമിടയിൽ പെട്ടുപോയ ഒരു സമൂഹത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗ്രാമവാസികൾ ഉപേക്ഷിച്ചുപോയ ഗ്രാമത്തിൽ തന്റെ രോഗിയായ ഭാര്യയോടും ചെറിയ മകനോടുമൊപ്പം കഴിയുന്ന അവിടത്തെ അവസാനത്തെ ഗ്രാമത്തലവനായ ആങ്ബയുടെ (Anghba) ജീവിതമാണ് ചിത്രം ആവിഷ്കരിക്കുന്നത്. ഡഗ്ലസ് ഹെൻഷാൾ (Douglas Henshall) അവതരിപ്പിക്കുന്ന അമേരിക്കൻ മിഷനറിയുടെ വരവോടെ അവിടെ സംസ്കാരത്തിലും ജീവിതരീതിയിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. പാരമ്പര്യ വിശ്വാസങ്ങളും പുതിയ മാറ്റങ്ങളും തമ്മിലുള്ള സംഘർഷവും, മിഷനറിയുടെ സ്വാധീനത്തിലേക്ക് ആകർഷിക്കപ്പെടുന്ന മകനും ആങ്ബയും തമ്മിലുള്ള വൈകാരിക ബന്ധവുമാണ് ചിത്രത്തിന്റെ പ്രധാന വിഷയം.

ഡഗ്ലസ് ഹെൻഷാൾ, സോബിനോ റെങ്മ, ജെൻപായ് കൊന്യാക്, അമ കൊന്യാക്, വാങ്ടൺ കൊന്യാക് എന്നിവരും അഭിനയിച്ചിട്ടുണ്ട്. നാൻസി നിസ ബെസോയും തെജ റിയോയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Also Read: ഹോർഹെ ലൂയിസ് ബോർഹെസിന്‍റെ ജീവിതകഥ; ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേള 2026-ലെ ദൈർഘ്യമേറിയ ചിത്രം

ആരാണ് സംവിധായകൻ തേജ റിയോ?

നാഗാലാൻഡുകാരനായ റിയോ, യുകെയിലെ നാഷണൽ ഫിലിം ആൻഡ് ടെലിവിഷൻ സ്കൂളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. 'ഡിസോസിയേറ്റ്', 'ചെക്ക്‌പോസ്റ്റ്', 'അംഗ്', 'ആഡ (ഓൺ എ സൺഡേ)' എന്നിവയാണ് അദ്ദേഹത്തിന്റെ മുൻചിത്രങ്ങൾ. അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ സാധാരണയായി ഇടംപിടിക്കാത്ത വടക്കുകിഴക്കേ ഇന്ത്യയിലെ കഥകളിലും ശബ്ദങ്ങളിലുമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ നിരന്തരം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമയിൽ നാഗാലാൻഡിന്റെയും വടക്കുകിഴക്കൻ മേഖലയുടെയും കഥകളും സംസ്‌കാരവും ആഗോളതലത്തിൽ പ്രതിനിധീകരിക്കപ്പെടുന്നത് അപൂർവ്വമായതിനാൽ ഈ ചിത്രം വലിയ പ്രാധാന്യമാണ് അർഹിക്കുന്നത്. 16 എംഎം (16mm) ഫിലിമിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സ്വന്തം നാടിനോടും ജനങ്ങളോടുമുള്ള സ്‌നേഹത്തോടെയാണ് ചിത്രം നിർമ്മിച്ചതെന്നും, അച്ഛനും മകനും തമ്മിലുള്ള ബന്ധത്തോടൊപ്പം വിട്ടുനൽകലും ജീവിതത്തിന്റെ അസ്ഥിരതയുമാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നും സംവിധായകൻ തേജ റിയോ അഭിപ്രായപ്പെട്ടു.

‘ആങ്’ എന്തുകൊണ്ട് പ്രസക്തമാകുന്നു?

നാഗാലാൻഡും വിശാലമായ വടക്കുകിഴക്കേ ഇന്ത്യയും ഇന്ത്യൻ സിനിമയിൽ അന്താരാഷ്ട്ര തലത്തിൽ വളരെ അപൂർണ്ണമായി മാത്രമേ പ്രതിനിധീകരിക്കപ്പെട്ടിട്ടുള്ളൂ. നാഗ സംസ്കാരവും ചരിത്രവും സ്വത്വവും ചിത്രത്തിന്റെ കേന്ദ്രഭാഗത്ത് പ്രതിഷ്ഠിക്കുകയാണ് 'അംഗ്' ചെയ്യുന്നത്. കൂടുതൽപേരിലേക്ക് എത്താൻ അർഹതയുണ്ടെന്ന് വിശ്വസിക്കുന്ന ഒരു സംസ്കാരത്തെയും ജീവിതരീതിയെയും രേഖപ്പെടുത്താനുള്ള ഒരു മാർഗ്ഗം കൂടിയാണ് സംവിധായകൻ റിയോയ്ക്ക് ഈ ചിത്രം. സിനിമയെ അദ്ദേഹം വിശേഷിപ്പിച്ചത് ഓർമ്മയുടെയും അഭിമാനത്തിന്റെയും സാന്നിധ്യത്തിന്റെയും ഒരു അടയാളപ്പെടുത്തൽ” എന്നാണ്. ചിത്രത്തിനെ പ്രശംസിച്ചുകൊണ്ട് സംവിധായകൻ അനുരാഗ് കശ്യപും രംഗത്തെത്തി.
 

പിന്നണിയിൽ...

രാജ്കുമാർ കന്ദമുദിയും സംവിധായകൻ റിയോയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlights: Nagaland filmmaker Theja Rio's debut feature Angh, centered around the Konyak Naga community in the 1960s, won the prestigious Platform Prize at the 2026 Toronto International Film Festival (TIFF), earning direct qualification for consideration in the International Feature Film category at the 2027 Academy Awards.