സോമേട്ടാ, സോമണ്ണാ, സോമൻ സാറേ, ഡേയ് സോമാ...; എല്ലാം തുടങ്ങിയത് തിക്കുറിശ്ശിയുടെ സോമനിൽനിന്ന്

‘ജീവിതനൗക’ (1951) പുറത്തിറങ്ങി ഏറെക്കഴിയും മുൻപ് കോഴിക്കോട്ട് പോകേണ്ടി വന്നു തിക്കുറിശ്ശിക്ക്; ഒരു വിവാഹത്തിൽ പങ്കെടുക്കാൻ. കടപ്പുറം റോഡിലൂടെ സുഹൃത്തിന്റെ കാറിൽ യാത്ര ചെയ്യുമ്പോൾ പെട്ടെന്നൊരു മൂത്രശങ്ക. റോഡരികിൽ ഒഴിഞ്ഞ ഒരിടത്ത് കാർ നിർത്തി ശങ്ക തീർക്കാൻ പുറത്തിറങ്ങുന്നു സുകുമാരൻ നായർ. മൂളിപ്പാട്ടും പാടി ദൗത്യ നിർവഹണത്തിന് ഒരുങ്ങവേ, നിനച്ചിരിക്കാതെ ഈണത്തിൽ, താളത്തിൽ പിറകിൽ നിന്നൊരു വിളി: 'സോമേട്ടാ...'
ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ കുപ്പിവള കിലുങ്ങും പോലെ ചിരിച്ചുകൊണ്ട് ഒരു പെൺകൂട്ടം. തലയിൽ മീൻ കുട്ടകളുമായി വീടുവീടാന്തരം നടന്ന് കച്ചവടം നടത്താനുള്ള യാത്രയിലാണവർ. 'ജീവിതനൗക'യിലെ സോമനെ കണ്മുന്നിൽ കണ്ടപ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നിയിരിക്കണം അവർക്ക്. ജാള്യമടക്കി നിന്ന താരത്തെ നോക്കി ചോദ്യങ്ങളുടെ പ്രവാഹമായിരുന്നു പിന്നെ:
'സോമേട്ടൻ ലക്ഷ്മിചേച്ചിയെ കൊണ്ടുവന്നില്ലേ?'
'ആ ജാനുവിനെ വെറുതെ വിടേണ്ടിയിരുന്നില്ല. കൊന്നുകളയാമായിരുന്നില്ലേ?'
'സോമേട്ടാ, ആ വനഗായികേ ഒന്ന് പാടിത്തരുമോ?'
മലയാള സിനിമയിലെ ആദ്യത്തെ 'സൂപ്പർസ്റ്റാർ' പിറന്നുവീണ നിമിഷങ്ങൾ. സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെട്ടു തുടങ്ങിയത് അന്നു മുതലായിരുന്നു എന്ന് തിക്കുറിശ്ശി. പിന്നീട് കുറേക്കാലത്തേക്ക് സോമൻ വിളി ആവർത്തിക്കപ്പെട്ടുകൊണ്ടിരുന്നു. സോമേട്ടാ, സോമണ്ണാ, സോമൻ സാറേ, ഡേയ് സോമാ എന്നിങ്ങനെ.
സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ അവതരിപ്പിച്ച രാജുവിന്റെ ഇളയ സഹോദരൻ സോമന്റെ നന്മ നിറഞ്ഞ വേഷമായിരുന്നു ജീവിതനൗകയിൽ തിക്കുറിശ്ശിക്ക്. കാമുകി ലക്ഷ്മിയായി ബി.എസ്. സരോജ. പങ്കജവല്ലി അവതരിപ്പിച്ച ജാനുവായിരുന്നു സിനിമയിലെ 'വില്ലത്തി.' സോമന്റെ ഏട്ടത്തിയമ്മ. സോമനോടും ലക്ഷ്മിയോടുമുള്ള സ്നേഹവാത്സല്യങ്ങൾ പ്രകടിപ്പിച്ച അതേ മലയാളി പ്രേക്ഷകർ ദുഷ്ടയായ ജാനുവിനെ കണ്ടിടത്തെല്ലാംവെച്ച് കൈകാര്യം ചെയ്യാനും മടിച്ചില്ല. 'അഭിനേത്രി എന്ന നിലയിൽ എനിക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു ആ വെറുപ്പ്', പിന്നീടൊരിക്കൽ പങ്കജവല്ലി പറഞ്ഞു.
സിനിമയും ജീവിതവും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുതുടങ്ങുകയായിരുന്നു മലയാളിയുടെ ജീവിതത്തിൽ. മലയാളത്തിലെ ആദ്യത്തെ മെഗാഹിറ്റ് ചിത്രമായിരുന്നു കെ. വേമ്പു സംവിധാനം ചെയ്ത ജീവിതനൗക. തിരുവനന്തപുരത്തുമാത്രം തുടർച്ചയായി 284 ദിവസം പ്രദർശിപ്പിച്ചു ആ പടമെന്നാണ് കണക്ക്; കോഴിക്കോട്ട് 175 ദിവസവും. അഞ്ചും ആറും തവണ പണം മുടക്കി ടിക്കറ്റെടുത്ത് 'ജീവിതനൗക' കണ്ടവർ കുറവായിരുന്നില്ല അന്ന്.
തിക്കുറിശ്ശിയുടെ സോമന് പിന്നാലെ മലയാളിയുടെ ഹൃദയങ്ങളിൽ എന്നന്നേക്കുമായി ഇടം നേടിയ നൂറുനൂറു കഥാപാത്രങ്ങൾ വന്നു: 'ഓടയിൽ നിന്നി'ലെ പപ്പു, 'അനുഭവങ്ങൾ പാളിച്ചകളി'ലെ ചെല്ലപ്പൻ, 'ഇരുട്ടിന്റെ ആത്മാവി'ലെ വേലായുധൻ, 'വാഴ്വേമായ'ത്തിലെ സുധി, 'ഓളവും തീരത്തി'ലെ ബാപ്പുട്ടി, 'ഇതാ ഇവിടെവരെ'യിലെ വിശ്വനാഥൻ, 'പടയോട്ടത്തി'ലെ തമ്പാൻ, 'ദേവാസുര'ത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, 'ദി കിങ്ങി'ലെ ജോസഫ് അലക്സ്, അമരത്തിലെ അച്ചൂട്ടി, വടക്കൻ വീരഗാഥയിലെ ചന്തു, ആറാം തമ്പുരാനിലെ ജഗന്നാഥൻ... അങ്ങനെയങ്ങനെ.
ഓർക്കാൻ രസമുണ്ട്. എല്ലാം തുടങ്ങിയത് സോമനിൽ നിന്നായിരുന്നല്ലോ. തിക്കുറിശ്ശിയുടെ സോമൻ. എഴുപത്തഞ്ച് വർഷം പഴക്കമുള്ള ഓർമ.
Content Highlights: Thikkurissy Sukumaran Nair experienced his first massive fan encounter in Kozhikode following the release of 'Jeevithanauka' (1951). His portrayal of the character Soman in the film marked the birth of Malayalam cinema's very first superstar. Directed by K. Vembu, 'Jeevithanauka' was Malayalam's first mega-hit, running for 284 days continuously in Thiruvananthapuram and 175 days in Kozhikode. Actress Pankajavalli played the antagonist Janu, whose negative character garnered intense public hatred, which she considered her greatest acclaim. The iconic character of Soman paved the way for generations of memorable Malayalam cinema characters that followed.