ബാൻഡുകളുടെ സുനാമിക്കുമുൻപേ സ്വന്തം മ്യൂസിക് ബാൻഡ്, കാലത്തിനുമുന്നേ സഞ്ചരിച്ച ചിത്ര അയ്യർക്ക് 60 വയസ്

ചിത്ര അയ്യർ | ഫോട്ടോ: പി. ജയേഷ് \ മാതൃഭൂമി
ചിത്ര അയ്യർ | ഫോട്ടോ: പി. ജയേഷ് \ മാതൃഭൂമി

ഒറ്റയ്ക്കല്ല ചിത്ര അയ്യർ വന്നത്. കൂട്ടിന് സ്വപ്നങ്ങളുമുണ്ടായിരുന്നു. വർണച്ചിറകുള്ള സംഗീത സ്വപ്‌നങ്ങൾ.

മൂന്ന് പതിറ്റാണ്ട് മുൻപൊരു സന്ധ്യക്ക് സുഹൃത്തിനോടൊപ്പം കോഴിക്കോട്ടെ ഞങ്ങളുടെ "ഹിന്ദോള"ത്തിന്റെ പടികടന്നുവന്ന ചിത്രയുടെ കണ്ണുകളിലെ തിളക്കം മറന്നിട്ടില്ല. പ്രസാദാത്മകതയുടെ പ്രതീകമായിരുന്നു ആ യുവഗായിക. ആദ്യകൂടിക്കാഴ്ച്ചയിൽ തന്നെ ചിരപരിചിതയെപ്പോലെ സംസാരം. സംഗീതത്തെ കുറിച്ച് മാത്രമല്ല ആകാശത്തിന് കീഴെയുള്ള ഏത് വിഷയത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കാനുള്ള പൊതുവിജ്ഞാനം. പിന്നെ സാഹിർ ലുധിയാൻവിയുടേയും മജ്‌രൂ സുൽത്താൻപുരിയുടേയും ഗുൽസാറിന്റെയുമൊക്കെ കവിതകളോടുള്ള അടങ്ങാത്ത പ്രണയം. ഇതൊക്കെയാണ് ചിത്രയിലേക്ക് അടുപ്പിച്ച ഘടകങ്ങൾ.
 

ഷഷ്ടിപൂർത്തി തികഞ്ഞു അന്നത്തെ യുവഗായികക്ക് എന്നറിഞ്ഞപ്പോൾ അത്ഭുതം. കാലം എത്ര വേഗം കടന്നുപോകുന്നു.

മേരാ സായയിലെ " ജൂംക്ക ഗീരാരെ" എന്ന ഹിറ്റ് ഗാനം പാടി വേദിയിൽ ചുവടുവെക്കുന്ന ചിത്രയെ ഓർമ്മയുണ്ട്. നൃത്തം ചെയ്തു പാടുന്ന ഉഷ ഉതുപ്പുമാർ അപൂർവതയായിരുന്നല്ലോ അക്കാലത്ത്. ബാൻഡുകളുടെ സുനാമി എത്തും മുൻപേ സ്വന്തം മ്യൂസിക് ബാൻഡുമായി ഇന്ത്യ മുഴുവൻ കറങ്ങി ചിത്ര. മാറുന്ന കാലത്തിനും ഒരു ചുവട് മുന്നിലായിരുന്നു എന്നും ചിത്രയുടെ സഞ്ചാരം. ഇന്നുമതെ.

സിനിമയിൽ തുടക്കം കുറിച്ചത് സാക്ഷാൽ എ.ആർ. റഹ്‌മാന്റെ പാട്ട് പാടി: "തെനാലി"യിലെ അത്തിനി സിത്തിനി (ഹരിഹരനും കമൽ ഹാസനുമൊപ്പം). തുടർന്ന് വിദ്യാസാഗറിനും യുവൻ ശങ്കർ രാജക്കും കാർത്തിക് രാജക്കുമൊക്കെ വേണ്ടി പാടി ചിത്ര. മലയാളത്തിൽ അഫ്‌സലിനൊപ്പം പാടിയ ഇഷ്ടമല്ലെടാ (സ്വപ്നക്കൂട്), ചുണ്ടത്തെ തെച്ചിപ്പൂ (ക്രോണിക് ബാച്ച്ലർ -- എം ജി ശ്രീകുമാറിനൊപ്പം) എന്നിവ ഇറങ്ങിയ കാലത്ത് പുതുതലമുറ ഏറ്റെടുത്ത പാട്ടുകളാണ്. ഇടക്ക് അഭിനേത്രിയായും റിയാലിറ്റി ഷോയിലെ വിധികർത്താവായും ഒക്കെ വൈവിധ്യമാർന്ന വേഷങ്ങളിൽ കണ്ടു ചിത്രയെ. ടെലിവിഷൻ പരമ്പരകൾ വേറെ.

ഞാനറിയുന്ന മറ്റൊരു "സ്‌പെഷ്യൽ" ചിത്ര കൂടിയുണ്ട്. മിണ്ടാപ്രാണികളോട്, വിശേഷിച്ച് ആനകളോടുള്ള ക്രൂരതക്കെതിരെ നഖശിഖാന്തം പൊരുതുന്ന ചിത്ര. സൊസൈറ്റി ഫോർ എലിഫന്റ് വെൽഫെയർ ഇൻ കേരള എന്ന സംഘടനയുടെ സ്ഥാപകയും സജീവ പ്രവർത്തകയുമാണ് അവർ.. അങ്ങനെ എത്രയെത്ര ചിത്രമാർ. ഈ ചിത്രമാർക്കെല്ലാം എന്റെ ഓർമ്മയിൽ നിത്യയൗവനം.

Content Highlights: As popular playback singer, television host, and animal welfare activist Chitra Iyer celebrates her milestone 60th birthday (Shashtipoorthi), close associates and fans fondly look back at her vibrant three-decade-long career that redefined independent music stage shows and delivered unforgettable film hits under AR Rahman and Vidyasagar.