ലണ്ടനിൽനിന്ന് ശാലിനിയെത്തി, മുത്തശ്ശി പാടിയ ‘എല്ലാരും ചൊല്ലണ്’ പഠിക്കാൻ

#ടി. രാമാനന്ദകുമാർ
ജാനമ്മ ഡേവിഡ്, കുന്നുകുഴി മണി, രവിമേനോൻ എന്നിവർക്കൊപ്പം ശാലിനി രാജൻ | ഫോട്ടോ: മാതൃഭൂമി
ജാനമ്മ ഡേവിഡ്, കുന്നുകുഴി മണി, രവിമേനോൻ എന്നിവർക്കൊപ്പം ശാലിനി രാജൻ | ഫോട്ടോ: മാതൃഭൂമി

‘എല്ലാരും ചൊല്ലണ് ആ പാട്ട് നന്നായിരുന്നെന്ന്. എന്നാൽ എനിക്ക് പാടിയ അമ്മൂമ്മയെക്കുറിച്ചും പാട്ടിനെക്കുറിച്ചും അറിയില്ല. അതു തേടിയാണ് തലസ്ഥാനത്തെത്തിയത്’. പറയുന്നത് ‘നീലക്കുയിൽ’ സിനിമയിലെ പ്രശസ്ത ഗാനങ്ങൾ ആലപിച്ച് വിസ്മൃതിയിലേക്ക് മറഞ്ഞ ജാനമ്മ ഡേവിഡിന്റെ ചെറുമകൾ ശാലിനി രാജൻ.

ചെറുപ്പത്തിൽ അമ്മൂമ്മയെ കണ്ടിരുന്നെങ്കിലും പാട്ടിനെക്കുറിച്ച് അറിയാനുള്ള ഓർമയുണ്ടായിരുന്നില്ല. ദീർഘകാലമായി ലണ്ടനിൽ താമസിക്കുന്ന, മലയാളം അറിയാത്ത ശാലിനിക്ക് ഇപ്പോൾ പാട്ടിനെക്കുറിച്ച് അറിയാൻ മോഹം.

ഇന്ത്യയിലെ സുഹൃത്ത് മൂലം സംഗീതഗവേഷകനായ രവിമേനോനുമായി അവർ ബന്ധപ്പെട്ടു. തലസ്ഥാനത്തെത്തിയ ശാലിനി ദളിത് ചരിത്രകാരനായ കുന്നുകുഴി മണിയെ വസതിയിൽ ചെന്നു കണ്ടു. അമ്മൂമ്മയുടെ ചരിത്രം ആദ്യം രേഖപ്പെടുത്തിയ അദ്ദേഹത്തിൽനിന്ന് വിവരങ്ങൾ കേട്ടറിഞ്ഞു. ഒരു പുസ്തകമെഴുതാനുള്ള മോഹവുമായി അവർ മടങ്ങി.

ജാനമ്മ ഡേവിഡിന്റെ മൂത്തമകൻ രാജൻ ജോർജിന്റെ മകളാണ് ശാലിനി. ചെന്നൈയിൽ ബിസിനസ് നടത്തിയിരുന്ന രാജനൊപ്പം വേളാച്ചേരിയിലെ വീട്ടിലായിരുന്നു അവർ അവസാനകാലം ചെലവിട്ടത്. 40-കാരിയായ ശാലിനി അന്ന് കുഞ്ഞായിരുന്നു. അമ്മ നേരത്തേ മരിച്ചു. ബിസിനസ് തകർന്നതോടെ ജീവിതം ദാരിദ്ര്യത്തിലായി. രണ്ട് സഹോദരങ്ങൾക്കൊപ്പം പോരാടി കഷ്ടപ്പെട്ട് പഠിച്ച് ശാലിനി ഇംഗ്ലണ്ടിൽ ജോലിക്കുപോയി.

ലണ്ടനിൽ ടി.സി.എസിൽ ക്ലയന്റ് മാനേജ്‌മെന്റ് വിഭാഗത്തിലാണ് ശാലിനി ജോലിചെയ്യുന്നത്. ഭർത്താവ് വാഞ്ചി ബാലകൃഷ്ണനും ലണ്ടനിലാണ്. അനുഭൂതി, അരിമാൻ എന്നിവർ മക്കൾ.

സഹോദരങ്ങളായ സൗമ്യ രാജൻ അമേരിക്കയിലും സന്ദീപ് രാജൻ ഇംഗ്ലണ്ടിലുമാണ്. ആദ്യകാലഗായിക ശാന്ത പി. നായരുടെ ചെറുമകൾ എഴുത്തുകാരിയായ അനുപമ ശാലിനിയുടെ സഹപാഠിയാണ്. അവരിലൂടെയാണ് അമ്മൂമ്മയുടെ പാരമ്പര്യമന്വേഷിച്ച് കണ്ടെത്തിയത്.

കൈക്കുഞ്ഞായ ശാലിനിയും ജാനമ്മ ഡേവിഡും

ജാനമ്മ ഡേവിഡിനെ ഓർക്കുമ്പോൾ

‘നീലക്കുയിലി’ലെ ‘എല്ലാരും ചൊല്ലണ്’; ‘കുയിലിനെത്തേടി’ എന്നീ രണ്ടു ഗാനങ്ങളിലൂടെയാണ് ജാനമ്മ ഡേവിഡ് എന്ന ഗായിക മലയാളിയുടെ മനസ്സിൽ ഇടംപിടിച്ചത്.

1954-ൽ ആ പാട്ടുകൾ പാടുമ്പോൾ അവർ മദ്രാസ് ആകാശവാണിയിലെ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു. 1997 മാർച്ച് 23-ന് അന്തരിച്ചു.

Content Highlights: shalini rajendran about her grandmother singer janamma david