'ഇന്നുവരെ ആ രഹസ്യം ഞാൻ ആരോടും പറഞ്ഞിട്ടില്ല,ആർക്കും ആ തട്ടിപ്പ് മനസ്സിലായിട്ടില്ല'

മമ്മൂട്ടി, ഐ.വി. ശശി, മോഹൻലാൽ, സീമ, സെഞ്ച്വറി കൊച്ചുമോൻ എന്നിവർ ചേർന്ന കാസിനോ കമ്പനിയുടെ ഹിറ്റ് ചിത്രമായിരുന്നു നാടോടിക്കാറ്റ്. സംവിധായൻ സത്യൻ അന്തിക്കാട് ആ ഹിറ്റിന്റെ കഥ പറയുന്നു
ടി.പി. ബാലഗോപാലൻ എം.എ. എന്ന ചിത്രത്തിനുശേഷമാണ് ഞാനും ശ്രീനിവാസനും മോഹൻലാലും ചേർന്ന ഹിറ്റ് കോമ്പിനേഷൻ ആരംഭിക്കുന്നത്. ആ ചിത്രത്തിലൂടെയാണ് ലാൽ ആദ്യമായി സ്റ്റേറ്റ് അവാർഡ് സ്വന്തമാക്കിയത്. അതിനുമുൻപ് 'അപ്പുണ്ണി'യും 'കിന്നാര'വും 'കുറുക്കന്റെ കല്ല്യാണ'വും ചെയ്തിട്ടുണ്ടെങ്കിലും ഈ ചിത്രത്തിനുശേഷമാണ് ഞാൻ എന്റെ റൂട്ട് തിരിച്ചറിയുന്നത്. അതുകഴിഞ്ഞ് ടി.പി. ബാലഗോപാലൻ എം.എ., സന്മനസ്സുള്ളവർക്ക് സമാധാനം എന്നീ ഹിറ്റ് ചിത്രങ്ങൾ പിറന്നു. അതെല്ലാം ഒന്നിനൊന്ന് മികച്ച ചിത്രങ്ങളായിരുന്നു. \
എന്നാൽ അതിനെത്തുടർന്ന് ഒരുക്കിയ 'ശ്രീധരന്റെ ഒന്നാം തിരുമുറിവ്' ഞങ്ങളുടെ മറ്റ് ചിത്രങ്ങളുടെ ലെവലിലേക്ക് എത്തിയില്ല. അത് ഞങ്ങളുടെതന്നെ കുറ്റമായിരുന്നു. അതിന്റെ ക്ഷീണം നന്നായി ബാധിച്ചു. അടുത്ത സിനിമ സൂപ്പർഹിറ്റാക്കുക എന്നത് എന്റെയും ശ്രീനിയുടെയും അഭിമാനപ്രശ്നമായി. അങ്ങനെ നാടോടിക്കാറ്റിന്റെ കഥ ഒരുക്കാൻ ഒരുവർഷക്കാലം ഞങ്ങൾ ചെലവഴിച്ചു. ഐ.വി. ശശി, മമ്മൂട്ടി, മോഹൻലാൽ, സീമ, സെഞ്ച്വറി കൊച്ചുമോൻ എന്നിവർ ചേർന്ന കാസിനോ പ്രൊഡക്ഷൻ കമ്പനിയായിരുന്നു സിനിമ നിർമിച്ചത്.
കള്ളലോഞ്ചിന്റെ സത്യം
തൊഴിലില്ലായ്മയായിരുന്നു അന്നത്തെ യുവാക്കളുടെ പ്രധാന പ്രശ്നം. അത്തരത്തിലെ നിരവധി കഥകൾ ഞങ്ങൾ ചർച്ചചെയ്തു. പക്ഷേ, പലതും തൃപ്തിപ്പെടുത്തിയില്ല. ഞാൻ അന്ന് മാരുതി കാർ വാങ്ങിയ കാലമായിരുന്നു.തിരുവനന്തപുരത്തെ ഹോട്ടലിലിരുന്ന് കഥ ചർച്ചചെയ്ത് ബോറടിച്ചപ്പോൾ കോഴിക്കോട് കാപ്പാടുവരെ ഒരുരാത്രി ഞങ്ങൾ ഡ്രൈവ് ചെയ്തിട്ടുണ്ട്.
എന്റെ 'പപ്പൻ പ്രിയപ്പെട്ട പപ്പൻ 'എന്ന ചിത്രത്തിന്റെ തിരക്കഥ സിദ്ധിഖ്-ലാൽ ആയിരുന്നു. അതിന്റെ കഥാചർച്ചയ്ക്കിടയിൽ അവർ പറഞ്ഞ മറ്റൊരു കഥയിലെ ഒരുഭാഗം ഞാൻ ശ്രീനിയുടെ ശ്രദ്ധയിൽപെടുത്തി. ആ കഥയിൽ രണ്ട് കഥാപാത്രങ്ങൾ ഗൾഫിലേക്കാണെന്നുപറഞ്ഞ് കള്ളലോഞ്ചിൽ കയറി, ചെന്നൈയിൽപോയി ഇറങ്ങേണ്ടിവന്ന ഭാഗമുണ്ടായിരുന്നു. തൊഴിലില്ലാത്ത യുവാക്കളുടെ, ഞങ്ങളുടെ കഥയിൽ ആ ഭാഗം വന്നാൽ നന്നാകുമെന്ന് തോന്നി. അങ്ങനെ അവരുടെ അനുവാദത്തിൽ ആ ഭാഗംമാത്രം ഞങ്ങളുടെ സിനിമയിൽ ഉപയോഗിച്ചു. ബാക്കിയെല്ലാം ശ്രീനിവാസന്റെ ഭാവനയിൽ പിറന്നതാണ്. അതിന്റെ നന്ദിസൂചകമായി ചിത്രത്തിൽ സ്റ്റോറി, ഐഡിയ എന്ന ക്രെഡിറ്റും , ഞാനും ശ്രീനിയും ചേർന്ന് തരക്കേടില്ലാത്ത പ്രതിഫലവും സിദ്ധിഖ്-ലാൽ ടീമിന് നൽകി.
ഗതികേടിൽ നിന്നുള്ള തമാശകൾ
കഥാചർച്ചയിൽ ചെറുപ്പക്കാരുടെ പ്രതിനിധിയായ കഥാപാത്രങ്ങളായി ദാസനെയും വിജയനെയും കിട്ടി. എഴുതുന്നത് കഥയാണെങ്കിലും ഏത് സീനും ജീവിതവുമായി ബന്ധപ്പെടുത്തി എഴുതാൻ ശ്രീനിവാസന് അപാരമിടുക്കാണ്. ദാരിദ്ര്യത്തിൽ ഹ്യൂമർ കാണാൻ ശ്രീനിയ്ക്ക് കഴിയും. ഗതികേടിൽനിന്നാണ് തമാശകൾ ഉയരുന്നത്. പശുവിനെ വാങ്ങി വളർത്തിയപ്പോൾ അതിന്റ കരച്ചിൽകേട്ട് ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നു എന്ന് പറഞ്ഞവർ പിന്നീട് വിശപ്പടക്കാൻ കഴിയാതെ പശുവിന് കൊടുക്കാൻവെച്ച തേങ്ങാപ്പിണ്ണാക്ക് എടുത്ത് തിന്നുന്നുണ്ട്. ജീവിതത്തിന്റ ശക്തമായ അടിയൊഴുക്കിൽ പിറന്ന ധർമസങ്കടങ്ങളായിരുന്നു ആ ചിത്രത്തിലെ തമാശകൾ. അതുകൊണ്ടാണ് ആ സിനിമയ്ക്ക് ഇന്നും പ്രേക്ഷകരുണ്ടാകുന്നത്.
ഒരു സിനിമയുടെ ത്രെഡ് രൂപപ്പെടുത്തിയതിനുശേഷം തിരക്കഥ, ഷൂട്ടിങ് തലേന്നാൾ എഴുതിത്തരുന്നതാണ് ശ്രീനിയുടെ രീതി. എന്നാൽ ഈ ചിത്രത്തിന്റെ ആദ്യഭാഗത്തിലെ ദാസന്റെയും വിജയന്റെയും ദുബായ് യാത്രവരെയുള്ള കാര്യങ്ങൾ സമയമെടുത്ത് ശ്രീനി ഒറ്റയടിയ്ക്ക് എഴുതിത്തന്ന് എന്നെ അദ്ഭുതപ്പെടുത്തി.
അതിന്റെ ഭംഗി ചിത്രത്തിന്റെ ആദ്യഭാഗങ്ങളിൽ ഉണ്ട്. നാടോടിക്കാറ്റ് എന്ന സിനിമ ഓർമിക്കുമ്പോൾ പ്രേക്ഷകർ ഇന്നും ഓർക്കുന്ന 'ഈ ബുദ്ധി എന്താ നേരത്തെ തോന്നാതിരുന്നത്...' 'എല്ലാത്തിനും അതിന്റെ സമയമുണ്ട് ദാസാ...' 'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം' എന്നീ ഡയലോഗുകൾ ആ ഭാഗത്തിലുള്ളതാണ്. തിരക്കഥ പൂർത്തിയാകുന്നതിന് മുൻപാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. കാരണം ഞങ്ങൾക്കിടയിലെ വിശ്വാസംതന്നെ. മോഹൻലാൽപോലും ചിത്രത്തിന്റെ കഥ കേൾക്കുന്നത് ഷൂട്ടിങ്ങിന് വന്നപ്പോൾ മാത്രമായിരുന്നു.
നാടോടിക്കാറ്റ്
ചിത്രത്തിന് ഒരുപാട് പേരുകൾ ആലോചിച്ചു. പക്ഷേ, അതിലൊന്നും സംതൃപ്തി തോന്നിയില്ല. നാടോടിക്കഥപോലൊരു ചിത്രം എന്ന ആലോചനയിൽനിന്നാണ് നാടോടിക്കാറ്റ് എന്ന ടൈറ്റിൽ എനിക്ക് തോന്നിയത്. എവിടെയും കയറിച്ചെല്ലാവുന്ന കാറ്റ് പോലെ ജീവിക്കുന്ന ചെറുപ്പക്കാരുടെ കഥ എന്ന രീതിയിലാണ് ആ ടൈറ്റിൽ ഞങ്ങൾ ഉറപ്പിച്ചത്. പി.എൻ. മേനോനാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഒരുക്കിയത്. അങ്ങനെ ചിത്രത്തിന്റെ സിക്സ്ഷീറ്റ് പോസ്റ്റർ തിരിച്ചിട്ട് അതിൽ ശ്രീനിവാസനും മോഹൻലാലും അറബിവേഷത്തിൽ നിൽക്കുന്ന പോസ്റ്റർ അടിച്ചു. ഇന്നും ആ സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിലെത്തുന്ന ചിത്രം ആ പോസ്റ്ററാണ്...
പവനായിയും അനന്തൻ നമ്പ്യാരും
മദ്രാസിലും കോഴിക്കോടുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.''വൈശാഖ സന്ധ്യേ''... എന്ന ഗാനത്തോടെ ചെന്നൈയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. ഹ്യൂമറിനെ വേറൊരു രീതിയിൽ കാണാൻ ശ്രമിച്ച സിനിമയായിരുന്നു നാടോടിക്കാറ്റ്. ക്യാപ്റ്റൻ രാജു സ്ഥിരമായി വില്ലനായി അഭിനയിച്ച കാലത്താണ് പവനായി എന്ന കോമഡി ടച്ചുള്ള വില്ലനായി വന്നത്. പവനായിയെ കൊല്ലുന്ന സീനാണ് ഞങ്ങൾ ആദ്യം ഷൂട്ട് ചെയ്തത്. കഥാപാത്രം അല്പം കോമഡി ടച്ചുള്ളതായതിനാൽ ഓടുമ്പോൾ നാവൊക്കെ പുറത്തിട്ട് കോമിക്കായിട്ടായിരുന്നു ക്യാപ്റ്റൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് ക്യാപ്റ്റനെ നിർബന്ധിച്ചാണ് സീരിയസായി അഭിനയിപ്പിച്ചത്. കഥാപാത്രത്തിന്റെ ബിൽഡപ്പിൽ കോമഡിയുണ്ടെന്ന് പിന്നീട് ക്യാപ്റ്റൻ തിരിച്ചറിഞ്ഞു.
ചിത്രത്തിൽ അനന്തൻ നമ്പ്യാർ എന്ന കഥാപാത്രമായാണ് തിലകൻചേട്ടൻ എത്തിയത്. കഥ കേട്ടപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു... ''അനന്തൻ നമ്പ്യാർ മനസ്സമാധാനമില്ലാത്തയാളാണല്ലേ.'' ഞാൻ പറഞ്ഞു ''നമ്മൾ കാണുന്ന പല കോടീശ്വരന്മാരും മനസ്സമാധാനമില്ലാതെ ഉറങ്ങാൻ പറ്റാത്തവരാണ്. പോലീസ് പിടിക്കുമോ, ഇൻകം ടാക്സ് റെയ്ഡ് വരുമോ എന്നൊക്കെയായിരിക്കും അവരുടെ പേടി.'' അതിൽത്തന്നെ തിലകൻചേട്ടന് കഥാപാത്രത്തെ പിടികിട്ടി. പിന്നീട് വളരെ സൂക്ഷ്മതയോടെ ഒരു ഫോൺ റിങ് കേട്ടാലും കോളിങ് ബെൽ കേട്ടാലും ഭയക്കുന്ന കഥാപാത്രമായിട്ടാണ് അദ്ദേഹം അനന്തൻ നമ്പ്യാർ എന്ന കഥാപാത്രത്തെ സ്വീകരിച്ചത്.
തിലകനില്ലാത്ത ക്ലൈമാക്സ്
താരങ്ങളുടെ ഡേറ്റ് പ്രശ്നം കാരണം കുറച്ച് മാസങ്ങളെടുത്താണ് ചിത്രം പൂർത്തിയാക്കിയത്. അതിനിടയിൽ എടുത്ത സീൻ എഡിറ്റ് ചെയ്ത് ഡബ് ചെയ്ത് ഫിനിഷ് ചെയ്ത് വെച്ചു. തിലകൻചേട്ടന്റെ ഡേറ്റ് പ്രശ്നം കാരണം ക്ളൈമാക്സ് ചിത്രീകരിച്ചിരുന്നില്ല. ചിത്രം രണ്ട് മാസം കഴിഞ്ഞ് റിലീസ് ചെയ്യാനായിരുന്നു പ്ലാൻ. എന്നാൽ അതിനിടയിൽ ചാലക്കുടിവെച്ച് തിലകൻചേട്ടന്റെ കാർ ആക്സിഡന്റായി, ഡോക്ടർ മൂന്ന് മാസം അദ്ദേഹത്തിന് റെസ്റ്റ് വിധിച്ചു. അതോടെ റിലീസ് പ്ലാൻ പൊട്ടിയ മട്ടായി. പിന്നീട് തിലകൻ ചേട്ടനില്ലാതെ ക്ളൈമാക്സ് എങ്ങനെ ചിത്രീകരിക്കും എന്നതായി ഞങ്ങളുടെ അന്വേഷണം. കോഴിക്കോട് മഹാറാണിയിലെ 306-ാം നമ്പർ മുറിയിലിരുന്നു പ്രതിസന്ധിമറികടക്കാൻ രണ്ട് ദിവസം ഞങ്ങൾ തലപുകച്ച് ആലോചിച്ചു.
പവനായിയെ കൊണ്ടുവരാൻ അനന്തൻ നമ്പ്യാർ തീരുമാനിക്കുന്ന സീനുണ്ട്. അതാണ് ക്ളൈമാക്സിലേക്ക് നയിക്കുന്നത്. പക്ഷേ, അത് ചെയ്യാൻ തിലകൻചേട്ടന് വരാൻ പറ്റില്ല. ഒടുവിൽ അനന്തൻ നമ്പ്യാരുടെ സഹായിയെക്കൊണ്ട് ഒരു അഡീഷനൽ ഡയലോഗ് പറയിച്ചു. ''ഇനി അനന്തൻ നമ്പ്യാർ പറഞ്ഞത് പോലെ പവനായി വന്നാലേ രക്ഷയുള്ളൂ...'' അതായിരുന്നു ആ ഡയലോഗ്. അങ്ങനെ സീനുകൾ ഇന്റലിജന്റായി പൊളിച്ചെഴുതി. ക്ളൈമാക്സിൽ അനന്തൻ നമ്പ്യാരെ പിടിക്കുന്ന സീനുണ്ട്. ആ സീൻ വന്നപ്പോൾ തിലകൻചേട്ടന്റെ രൂപസാദൃശ്യമുള്ള കോസ്റ്റ്യൂമർ കുമാറിനെ ഡ്യൂപ്പാക്കി വൈഡിൽ ക്യാമറവെച്ചാണ് ആ സീൻ ചിത്രീകരിച്ചത്. ഇന്നുവരെ ആ രഹസ്യം ഞാൻ ആരോടും പറഞ്ഞിട്ടില്ല, ആർക്കും ആ തട്ടിപ്പ് മനസ്സിലായിട്ടില്ല.
കരകാണാ കടലല മേലേ...
വൈശാഘ സന്ധ്യേ..., കരകാണാകടലല മേലേ... എന്നീ രണ്ട് പാട്ടുകളാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. യൂസഫലിയുടെ വരികൾക്ക് ശ്യാമായിരുന്നു സംഗീതമൊരുക്കിയത്. ഞാൻ പാട്ടെഴുതിയ കാലത്ത് കുറെ നല്ല പാട്ടുകൾ ഞങ്ങളൊരുക്കിയിരുന്നു. പാട്ടിനൊപ്പം റീറെക്കോഡിങ്ങിൽ ശ്യാമിനെ നന്നായി ഉപയോഗപ്പെടുത്താം എന്നതായിരുന്നു എന്റെ പ്ലാൻ. ചിത്രത്തിലെ കരകാണാകടലല മേലെ എന്ന ഗാനം ദുബായിലേക്ക് ലോഞ്ച് കയറുന്ന ദാസനും വിജയനും ഉരുവിലിരുന്ന് താളമടിച്ച് പാടുന്ന പാട്ടായി അവതരിപ്പിക്കാനായിരുന്നു ഞങ്ങളുടെ പരിപാടി. എന്നാൽ റെക്കോഡിങ് വേളയിൽ പശ്ചാത്തലസംഗീതത്തോടെ പാട്ട് കേട്ടപ്പോൾ മനസ്സിലെ വിഷ്വൽസ് മാറി. അങ്ങനെയാണത് മണൽപ്പരപ്പിൽ ഐശ്വര്യം സ്വപ്നം കാണുന്നവരുടെ ഗാനമായി മാറിയത്. മദ്രാസിലെ ബി.ജി.ടി. ഗാർഡൻസിലാണ് ആ ഗാനം ചിത്രീകരിച്ചത്.
അങ്ങനെ പെർമിഷനെടുക്കാതെ മദ്രാസിലെ മൗണ്ട് റോഡിൽ ക്യാമറ ഒളിപ്പിച്ചാണ് ചിത്രത്തിലെ പല സീനും ഷൂട്ട് ചെയ്തത്. പലകാലങ്ങളിലായി ചിത്രീകരിച്ചതിനാൽ മൊത്തം സിനിമയുടെ ദൈർഘ്യം മൂന്നുമണിക്കൂറിലേറെയായി. ഒടുവിൽ കുറെ രസകരമായ സീനുകൾ കണ്ണടച്ച് വെട്ടിച്ചുരുക്കിയാണ് ചിത്രം ചെറുതാക്കിയെടുത്തത്.
ഒടുവിൽ ഞാനും ശ്രീനിയും സിനിമയുടെ ഫസ്റ്റ് കോപ്പി മദ്രാസിലെ പ്രസാദ് ലാബിൽ കാണാനിരുന്നു. എന്നാൽ ഒരു സീനിലും ഞങ്ങൾക്ക് ചിരി വന്നില്ല. പടം കഴിഞ്ഞ് പുറത്തിറങ്ങിയതോടെ ശ്രീനി മൂഡൗട്ടായി. ഞാൻ പറഞ്ഞു, കഥ ആലോചിച്ചപ്പോഴും വായിച്ചപ്പോഴും എഡിറ്റ് ചെയ്തപ്പോളും നമ്മൾ ചിരിച്ചിട്ടുണ്ട്. നമ്മൾ ഇതിന്റെ കൂടെ ഒരുപാട് ചിരിച്ചിട്ടുണ്ട്. ഈ ചിത്രം ആദ്യമായി കാണുന്ന പ്രേക്ഷകർ എന്തായാലും ചിരിക്കും... എന്റെ ഉള്ളിൽ പേടി ഉണ്ടെങ്കിലും ഞാൻ ശ്രീനിക്ക് ധൈര്യം പകർന്നു.
ലാലും മമ്മൂട്ടിയും ഹാപ്പി
എന്റെ ഉള്ളിൽ തീവാരിയിട്ട് ശ്രീനി നാട്ടിൽപോയി. പേടികാരണം റിലീസ് സമയം നാട്ടിൽ പോകാൻ തോന്നിയില്ല. സെഞ്ച്വറിയുടെ ഓഫീസിലാണ് താമസം. റിലീസ് ദിവസം മാറ്റിനി കഴിഞ്ഞു. നാട്ടിൽനിന്ന് സിനിമാവിശേഷങ്ങളൊന്നും വന്നില്ല. ടെൻഷൻ കാരണം ഒരിടത്തും ഇരിക്കാൻ കഴിഞ്ഞില്ല. ഫസ്റ്റ് ഷോ കഴിയാൻനേരം ഓഫീസിൽ നിന്നിറങ്ങി എങ്ങാട്ടെന്നില്ലാതെ ഒരു മണിക്കൂർനേരം നടന്നു. തിരിച്ച് സെഞ്ച്വറിയുടെ ഓഫീസിൽ എത്തിയപ്പോൾ കൊച്ചുമോൻ എന്നെ കാത്തിരിക്കുന്നു. പ്രേക്ഷകർ പൊട്ടിച്ചിരിയോടെ ഏറ്റുവാങ്ങിയ നാടോടിക്കാറ്റ് സൂപ്പർ ഹിറ്റായ വാർത്ത അപ്പോഴാണ് ഞാൻ അറിഞ്ഞത്. പിറ്റേന്ന് രാവിലത്തെ വിമാനത്തിൽ ഞാൻ കൊച്ചിയിലെത്തി, എയർപോർട്ടിൽനിന്ന് നേരെ ഷേണായിസ് തിയേറ്ററിലേക്ക് കുതിച്ചു. പവർകട്ട് കാരണം തിയേറ്ററിൽ ചുട്ടുപൊള്ളുന്ന ചൂടായിരുന്നു.കാണികൾ ആ ചൂട് വകവെക്കാതെ ഷർട്ട് ഊരിവീശി ചിത്രത്തിലെ തമാശകൾ കണ്ട് പൊട്ടിച്ചിരിച്ച് കൈയടിക്കുന്നത് കണ്ടു. അപ്പോഴാണ് നാടോടിക്കാറ്റ് കണ്ട് ഞാൻ ആദ്യമായി മനസ്സറിഞ്ഞ് ചിരിച്ചത്.
17-ലക്ഷംകൊണ്ട് പൂർത്തിയാക്കിയ ചിത്രം നൂറ് ദിവസം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. മമ്മൂട്ടി ആ ചിത്രത്തിൽ അഭിനയിച്ചിരുന്നില്ല, എന്നിട്ടും ആ ചിത്രത്തിന്റെ നൂറാം ദിവസത്തിന്റെ മൊമന്റോ മമ്മൂട്ടി ഏറ്റുവാങ്ങി. കാരണം ആ ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായിരുന്നു മമ്മൂട്ടി. മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചുചേർന്ന വിജയാഘോഷം. അവിടെനിന്ന് കിട്ടിയ നല്ലവാക്കുകൾ... ഒരു തുടക്കക്കാരനെന്ന നിലയിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളായിരുന്നു.
ജൂൺ ലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്
Content Highlights : Sathyan Anthikkad About Nadodikkattu Movie Starring Mohanlal Sreenivasan Star And Style
Content Highlights: