'ലാൽ അഭിനയിക്കുമ്പോള്‍ ലോകത്തെ ഏറ്റവും എളുപ്പമായ ജോലിയാണ് അഭിനയമെന്ന് നമുക്കുതോന്നും'

മോഹൻലാൽ എന്നും ഒരു അതിശയമാണെനിക്ക്. ലാൽ അഭിനയിക്കുന്നതുകാണുമ്പോൾ ലോകത്തെ ഏറ്റവും എളുപ്പമായ ജോലിയാണ് അഭിനയമെന്ന് നമുക്കുതോന്നും. അത്ര അനായാസമായാണ് ലാൽ കഥാപാത്രമായി മാറുന്നത്. ആദ്യചിത്രമായ ‘കുറുക്കന്റെ കല്യാണം’ മുതൽ ഏറ്റവും പുതിയ സിനിമ ‘ഹൃദയപൂർവ്വം’ വരെ ആ വിസ്മയം ഞാൻ നേരിട്ടുകാണുന്നു. വിജയങ്ങൾ ലാലിനെ മത്തുപിടിപ്പിക്കാറില്ല. വിമർശനങ്ങൾ ഒരു തരിപോലും തളർത്താറുമില്ല.
ഇന്ത്യൻ സിനിമയിൽ ഒരു കലാകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഫാൽക്കെ അവാർഡ്. അത് തനിക്കാണ് എന്നറിഞ്ഞപ്പോഴും ‘ദൈവമേ’ എന്നൊരു പ്രാർഥനയേ ആ ചുണ്ടുകളിൽനിന്ന് കേൾക്കാനാകൂ. അറിയാവുന്ന കാര്യങ്ങൾ ആത്മാർഥമായി ചെയ്യുന്നു. അതിനപ്പുറം മറ്റൊന്നുമില്ലെന്ന് ലാൽ പറയാറുണ്ട്. ആ ലാളിത്യംതന്നെയാണ് ലാലിനെ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിക്കുന്നതും.മോഹൻലാലിനെ ക്യാമറയ്ക്കുമുന്നിൽ നിർത്തി അഭിനയിപ്പിക്കാനായതാണ് ഒരു സംവിധായകൻ എന്നനിലയിൽ എന്റെ ഏറ്റവും വലിയ ഭാഗ്യം.
Content Highlights: Sathyan Anthikad written about Mohanlal on Dadasaheb Phalke Award