ചിരിപ്പിച്ചും കരയിപ്പിച്ചും കടന്നുപോയ കാലം; അത്ഭുതമായി ആദമിന്റെ മകൻ അബുവും അച്ഛനുറങ്ങാത്ത വീടും

പറവൂർ ബോയ്സ് ഹൈസ്‌കൂളിൽ തുടങ്ങി മഹാരാജാസിലൂടെ വളർന്ന് മിമിക്രിയിലൂടെ സിനിമയിലെത്തിയ അഭിനയ വഴി. മികച്ച നടനും കഥാകൃത്തിനും ഹാസ്യതാരത്തിനും സഹനടനും തുടങ്ങിയ ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ. സംഭവബഹുലമായിരുന്നു സലിം കുമാർ എന്ന നടന്റെ സിനിമയും ജീവിതവും. കൊച്ചിയിൽ കയർ ബിസിനസ് ആയിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. അച്ഛന്റെ മരണശേഷം അമ്മ കയറുപിരിച്ചാണ് സലിമിനെ വളർത്തിയത്.
പറവൂർ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ 'ഷെൽട്ടർ' എന്ന നാടകത്തിലൂടെയാണ് സലിം ആദ്യമായി നടനായത്. അഭിനയം പിന്നെ ജീവിതമായി. മഹാരാജാസിൽ പഠിക്കുന്ന കാലത്ത് ഏഷ്യാനെറ്റിൽ പരിപാടി അവതരിപ്പിക്കാൻ പോയതാണ് ജീവിതത്തിലെ വഴിത്തിരിവ്. നടൻ നാദിർഷായാണ് സംവിധായകൻ സിദ്ദിഖിനോട് സലിമിനെക്കുറിച്ച് പറയുന്നത്. അങ്ങനെ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന സിനിമയിലൂടെ സലിംകുമാർ എന്ന സിനിമാ നടൻ ജനിക്കുന്നു. കല്യാണപ്പിറ്റേന്നാണ് സലിംകുമാറിനെ 'സിനിമയിലെടുത്തത്.' വിരുന്നിന് വരണം എന്ന് ക്ഷണിച്ചവരോടുള്ള മറുപടി ഇങ്ങനെയായിരുന്നു. 'ഷൂട്ടിങ് കഴിഞ്ഞ് ഫ്രീ ആകുമ്പോൾ വരാം.' കേരളം ചുണ്ടിലേറ്റിയ വലിയൊരു ചിരിയുടെ തുടക്കമായിരുന്നു അത്. റാഫി മെക്കാർട്ടിനേയും ഷാഫിയേയും പോലുള്ള കോമഡി ഹിറ്റ് മേക്കർമാരുടെ രുചിക്കൂട്ടിലെ ഏറ്റവും ആസ്വാദ്യകരമായ ചേരുവയായി സലിം കുമാർ പെട്ടെന്ന് മാറി. വാക്കും നോട്ടവും തുടങ്ങി അടപടലം സലിം കുമാർ ഒരു ചിരിപ്പീസായി.
തെങ്കാശിപ്പട്ടണം, കല്യാണ രാമൻ, പുലിവാൽ കല്ല്യാണം, തിളക്കം, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, മഴത്തുള്ളിക്കിലുക്കം, സിഐഡി മൂസ, മീശമാധവൻ, മായാവി തുടങ്ങിയ അനേകം ചിത്രങ്ങളിലൂടെ സലിം കുമാറിന്റെ കോമഡി മലയാളികളിലേക്ക് ചേക്കേറി. മണവാളനും പ്യാരിയും ഡാൻസ് മാസ്റ്റർ വിക്രമുമെല്ലാം നമ്മുടെ നിത്യജീവിതത്തിലെപ്പോലും ഡയലോഗുകളായി മാറി. സലിം കുമാറെന്ന അഭിനയ പ്രതിഭാസം കോമഡിയിൽ മാത്രമല്ല ഒതുങ്ങിയത്. 'പെരുമഴക്കാല' ത്തിലൂടെയും 'അച്ഛനുറങ്ങാത്ത വീടി'ലൂടെയും നമ്മെ അതിശയിപ്പിച്ചു. സലിംകുമാറിലെ അഭിനേതാവിനെ ആദ്യമായി തുറന്നുകാട്ടിയ ചിത്രങ്ങളായിരുന്നു ഇവ. വെറും കൊമേഡിയൻ എന്ന് ചിരിച്ചു തള്ളിയവരെ സലിം തിരുത്തിപ്പറയിച്ചു. ആ വേറിട്ട പാതയാണ് 'ആദാമിന്റെ മകൻ അബു'വിലൂടെ മികച്ച ദേശീയനടനുള്ള പുരസ്‌കാരത്തിലേക്കാണ് സലിമിനെ കൊണ്ടെത്തിച്ചത്.
മിമിക്രി രംഗത്തെ പ്രകടനങ്ങളുടെ തുടർച്ചയാണ് സിനിമയിൽ കോമഡി രംഗങ്ങൾ. മിമിക്രി രംഗങ്ങൾ അവതരിപ്പിച്ച് കയ്യടി നേടുന്നവർ കോമഡി നടൻമാരായി ജീവിച്ച് മരിക്കുന്ന മലയാളസിനിമയിൽ സ്ഥിരം പാറ്റേണിലുള്ള അഭിനയമാതൃകകളെ തിരസ്‌കരിക്കുകയാണ് ആദാമിന്റെ മകൻ അബുവിലും അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലും സലിം കുമാർ എന്ന നടൻ ചെയ്തത്. സലിം കുമാറിന്റെ കരിയറിലെ നിർണായക വഴിത്തിരിവ് ആയിരുന്നു ആദാമിന്റെ മകൻ അബു. ഒരു സാധാരണ പിതാവിന്റെ വേദനയും നിസ്സഹായതയും അത്രയും സ്വാഭാവികമായി അവതരിപ്പിച്ചപ്പോൾ, അദ്ദേഹത്തെ വെറും ഹാസ്യനടനായി മാത്രം കണ്ടിരുന്ന പ്രേക്ഷകരും വിമർശകരും അത്ഭുതപ്പെട്ടു. ഹജ്ജിന് പോവുകയെന്നത് ഏറ്റവും വലിയ പുണ്യമായി കണക്കാക്കി അതിനുവേണ്ടി ജീവിക്കുന്ന അബുവിന്റേയും ഭാര്യ ഐഷുമ്മയുടേയും കഥയാണ് ആദാമിന്റെ മകൻ അബു. കഥാപാത്രത്തെ പക്വതയോടെ ഉൾക്കൊണ്ട് ഒരു സാധാരണക്കാരന്റെ അചഞ്ചലമായ വിശ്വാസത്തെയും പരിശ്രമങ്ങളേയും ആഹാവിച്ച് അവതരിപ്പിക്കാൻ സലിം കുമാറിനായി.
ലാൽ ജോസിന്റൈ അച്ഛനുറങ്ങാത്ത വീട് പുറത്തിറങ്ങിയപ്പോഴാണ് 'ചാണകത്തിലും പഴത്തൊലിയിലും ചെളിയും ചവുട്ടി വീണ് ഇളിക്കുന്ന' തന്റെ തന്നെ സ്ഥിരം കഥാപാത്രങ്ങളെ സലിംകുമാർ സ്വയം വെല്ലുവിളിച്ചത്. അത്രമേൽ ശ്രദ്ധയും കൃത്യതയും പുലർത്തിയ വേഷമായിരുന്നു അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലും ആദാമിന്റെ മകനിലും അദ്ദേഹം ചെയ്തത്. ഒരുപക്ഷേ വല്ലപ്പോഴുമൊരിക്കൽ സംഭവിക്കുന്ന വെല്ലുവിളിയായി തന്നെയാണ് സലിംകുമാർ എന്ന നടൻ ഇത്തരം വേഷങ്ങളെ കണ്ടിരുന്നതും. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാലത്ത് വന്നുചേർന്ന കഥാപാത്രങ്ങളെ പോലെ സലിമിനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരവും വന്നെത്തി. തനിക്ക് വന്നുചേരുന്ന വേഷങ്ങൾ ജീവിതമാർഗം എന്ന അർഥത്തിൽ അഭിനയിച്ച് ഫലിപ്പിക്കുകയും വല്ലപ്പോഴും വന്നുചേരുന്ന നല്ല കഥാപാത്രങ്ങളിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്തപ്പോഴാണ് സലിം കുമാർ എന്ന നടൻ ഒരേസമയം നടനും താരവുമായി മാറിയത്.
വ്യത്യസ്തമായ നല്ല കഥാപാത്രങ്ങൾ ഒരു നടനെ തേടി വന്നുകൊള്ളണം എന്നില്ല. പക്ഷേ സംവിധായകൻ ലാൽ ജോസ് മുൻപൊരിക്കൽ പറഞ്ഞത് സലിമിൽ കോമാളിയെയല്ല ഗൗരവമുള്ള ഒരു മനുഷ്യനെയാണ് താൻ എപ്പോഴും കണ്ടിട്ടുള്ളത് എന്നാണ്. അതുകൊണ്ടാണ് അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കാൻ സലിം കുമാറിനെ ലാൽജോസ് സമീപിച്ചതും. ഒരുപക്ഷേ ആദാമിന്റെ മകൻ അബുവിനെ തേടി പോകുമ്പോൾ സലിംകുമാറിനെ നായകനാക്കാൻ സംവിധായകൻ സലീം അഹമ്മദിനെ പ്രേരിപ്പിച്ചതും ഈ ധൈര്യമാകാം.
സലിം കുമാറിലെ പ്രതിഭയെ മലയാളികൾ വീണ്ടും വെള്ളിത്തിരയിൽ കണ്ട ചിത്രമായിരുന്നു അദ്ദേഹം തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത കറുത്ത ജൂതൻ എന്ന ചിത്രം. അദ്ദേഹം അവതരിപ്പിച്ച കറുത്ത ജൂതൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തവും ഗൗരവമേറിയതുമായ കഥാപാത്രങ്ങളിലൊന്നാണ്.തന്റെ പതിവ് ഹാസ്യശൈലി പൂർണമായും മാറ്റിവെക്കുന്ന, വലിയ ഡയലോഗുകളോ നാടകീയ പ്രകടനങ്ങളോ ഇല്ലാതെ, നിശ്ശബ്ദതയിലൂടെയും കണ്ണുകളിലൂടെയും വികാരങ്ങൾ പ്രകടിപ്പിക്കുന്ന അഭിനയമാണ് ചിത്രത്തിന്റെ പ്രധാന ശക്തി. ഈ ചിത്രത്തിനായി അക്കൊല്ലത്തെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. മകരമഞ്ഞിലും പത്തേമാരായിലും കന്യക ടാക്കീസിലും ഫയർമാനിലുമെല്ലാം ഈ സലിം കുമാറിനെ പ്രേക്ഷകർ കണ്ടു. ഹാസ്യത്തിൽ നിന്ന് ഗൗരവമുള്ള കഥാപാത്രങ്ങളിലേക്ക് മാറാൻ കഴിയുന്നതല്ല, മറിച്ച് മികച്ച ഹാസ്യനടനും മികച്ച സ്വഭാവനടനും ഒരേസമയം ആകാൻ കഴിഞ്ഞതാണ് സലിം കുമാറിന്റെ പ്രത്യേകത. പല നടന്മാരും ഒരു പ്രത്യേക ഇമേജിൽ കുടുങ്ങിപ്പോകുമ്പോൾ, അദ്ദേഹം ആ ഇമേജ് തകർത്ത് സ്വന്തം അഭിനയശേഷിയുടെ വ്യാപ്തി തെളിയിക്കുകയായിരുന്നു. സലിം കുമാറിന്റെ അപൂർവതയും അതുതന്നെ.
Content Highlights: Evolution from a mimicry artist to a versatile character actor., Breakthrough performances in Achanurangatha Veedu and Adaminte Makan Abu., Recognition as a National Award-winning actor for his nuanced performances., Successful transition from slapstick comedy to serious, emotionally driven roles., Directorial debut and recognition as a screenwriter with Karutha Joothan.