വൈവിധ്യസമ്പന്നമായ ആലാപനപ്രപഞ്ചം, വിഖ്യാതസംഗീതസംവിധായകരെ അതിശയിപ്പിച്ച എസ്. ജാനകി

ദീർഘകാലം തന്റെ വിലോഭനീയമായ സ്വരസൗഭാഗ്യത്താൽ ദക്ഷിണേന്ത്യൻ ചലച്ചിത്രഗാനശാഖയെ സമൃദ്ധമാക്കി, ആത്മസംതൃപ്തിയോടെ വിട പറഞ്ഞ എസ്. ജാനകിയെ അടുത്തുനിന്നും അകന്നുനിന്നും കേട്ടുപരിചയിച്ചവർ നടത്തിയ ആരാധനാപൂർണമായ വിലയിരുത്തലുകൾ വായിച്ചതിനുശേഷവും എന്റെ മനസ്സിൽ ബാക്കിയായ ചില സന്ദേഹങ്ങളും ആകാംക്ഷകളുമാണ് ഈ ലേഖനത്തിനാസ്പദം. ഗായികയാരെന്ന് അറിയാതെയെങ്കിലും കുട്ടിക്കാലത്ത് എന്റെ മനസ്സിൽ പതിഞ്ഞ പാട്ടായിരുന്നു ശിങ്കാരവേലനേ ദേവാ... അല്പം മുതിർന്നപ്പോൾമാത്രമാണ് ഇതുപാടിയത് എസ്. ജാനകിയാണെന്നും ചരണസ്വരങ്ങളിൽ അവരോട് മത്സരിച്ച് നാഗസ്വരത്തിൽ കിരണാവലി തീർക്കുന്നത് സാക്ഷാൽ കാരൈക്കുടി അരുണാചലമാണെന്നും തിരിച്ചറിഞ്ഞത്. ഇവരിരുവരും ആഭേരിരാഗത്തിൽ ചേർന്നൊരുക്കിയ ‘താരസ്വരസല്ലാപം’ ഏറെക്കാലം എന്നെ പിന്തുടർന്നു. ഇന്നും ഈ ഗാനം കേൾക്കുന്നമാത്രയിൽ എന്നെ ലഹരിപിടിപ്പിക്കുന്നു. പിന്നീടെന്നെ പിടിച്ചിരുത്തിയ ഗാനം താമരക്കുമ്പിളല്ലോ മമ ഹൃദയം. ഹൈസ്കൂൾ വിദ്യാർഥിയായിരിക്കേ ഗോപുരമുകളിൽ വാസന്തചന്ദ്രൻ എന്ന ഗാനവും. രണ്ടും പാടിയത് ജാനകി. എഴുതിയത് പി. ഭാസ്കരനും. എന്തൊരു യാദൃച്ഛികത! സ്വർണവളകളിട്ട കൈകളാൽ എന്ന ഗാനം ഇന്നും കേൾക്കുമ്പോൾ ആ സ്വരകാന്തിയിൽ ഞാൻ നഷ്ടപ്പെട്ടുപോവുന്നു. പിൽക്കാലം കർണാടകസംഗീതത്തിന്റെ സമുദ്രവ്യാപ്തിയിൽ നിമഗ്നനായപ്പോഴും മലയാളചലച്ചിത്രഗാനങ്ങളിൽനിന്ന് ഞാൻ ഒഴിഞ്ഞുപോയില്ല. കർണാടക-കഥകളി സംഗീതങ്ങൾ സമ്മാനിച്ച പാഠങ്ങളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ സിനിമാഗാനങ്ങളുടെ ഉൾത്തലങ്ങളിലേക്ക് ഞാൻ മെല്ലെ മെല്ലെ കടന്നുചെന്നു. തംബുരുവിന്റെ ശ്രുതിയും യേശുദാസിന്റെ മന്ദ്രസ്ഥായിയും ചേരുമ്പോൾ കാളിദാസന്റെ രഘുവംശത്തിലെ പ്രഥമശ്ലോകമായ ‘വാഗർഥാവിവ സംപൃക്തൗ’ മറ്റൊരു ധ്വനിവിശേഷമായി പരിണമിക്കുമല്ലോ എന്നുതോന്നി. ഗായികമാരിൽ എസ്. ജാനകിയോടൊപ്പംതന്നെ പി. സുശീലയുടെ ഭാവോജ്ജ്വലഗാനങ്ങളും എന്റെ ദിനചര്യയുടെ ഭാഗമായി. പി. ലീലയുടെ പല പാട്ടുകളും എനിക്ക് പ്രിയപ്പെട്ടവയായി.
നാദസ്വരൂപം
ഏതൊരു ഗായകന്റെയും ഗായികയുടെയും ശാരീരത്തെ ജൈവികമെന്നും ദൈവികമെന്നും രണ്ടായി തരംതിരിക്കുന്നതിൽ സാമാന്യയുക്തിയില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. അതേസമയം, കേൾവിക്കാരനെന്നനിലയിൽ ആർജിച്ചിട്ടുള്ള അനുഭവസീമയിൽനിന്നുകൊണ്ട് അത്തരത്തിലൊരു വിഭജനത്തിന് മുതിരാൻ ഞാൻ നിർബന്ധിതനാവുന്നു. അങ്ങനെ നോക്കുമ്പോൾ എസ്. ജാനകിയുടെ നാദധാരയെ ‘ദൈവികം’ എന്ന ഗണത്തിൽപ്പെടുത്താനാണ് എനിക്ക് താത്‌പര്യം. മന്ദ്ര-മധ്യ-താര സ്ഥായികളിൽ അനായാസേന സഞ്ചരിക്കുന്ന ആ സ്വരഘടനയുടെ വേരുകളെവിടെയെന്ന് എനിക്കിന്നും പിടികിട്ടിയിട്ടില്ല. അവരുടെ മനസ്സിന്റെ അഗാധതയിൽനിന്നാണോ ആ ശബ്ദവീചികൾ ഉദിച്ചുയരുന്നതെന്ന് നിർണയിക്കാൻ എനിയ്ക്ക് കഴിയുന്നില്ല. പകരം ആ ശബ്ദസംസ്കാരം സംഗീതദേവത അവരുടെ കണ്ഠത്തിൽ നിക്ഷേപിച്ചതാണ് എന്ന നിഗമനത്തിലാണ് എന്നെക്കൊണ്ടെത്തിച്ചിരിക്കുന്നത്. അതുകൊണ്ടായിരിക്കുമോ അവർ നിഷ്ഠയായി, സ്തോഭരഹിതയായി, നിന്നനിൽപ്പിൽ ഏതൊരു ഗാനവും ആലപിക്കുന്നത്? വിശേഷിച്ചൊന്നും സംഭവിക്കാത്തതുപോലെ കുട്ടികളുടേതടക്കം വ്യത്യസ്തശബ്ദങ്ങളിൽ പാടാൻ അവർക്ക് സാധിക്കുന്നത്?
പി. ലീലയ്ക്കോ പി. സുശീലയ്ക്കോ ജാനകിയെപ്പോലെ ഇത്രയും ആയാസരഹിതമായി ഒരു പാട്ടും പാടാനാവില്ല; ജാനകീഭക്തയായ കെ.എസ്. ചിത്രയ്ക്കുപോലും. അതിന്റെ മുഖ്യകാരണമായി ഞാൻ ധരിക്കുന്നത് ഇപ്പറഞ്ഞ മൂന്നുഗായികമാരും കർണാടകസംഗീതം വഴിക്കുവഴി ഹൃദിസ്ഥമാക്കിയശേഷം സിനിമാസംഗീതമണ്ഡലത്തിൽ എത്തിച്ചേർന്നവരാണ് എന്ന വസ്തുതയാണ്. അപാരമായ സംഗീതവാസനയും ഗ്രഹണശേഷിയുംകൊണ്ട് അനുഗൃഹീതയായിരുന്ന ജാനകിക്ക് കർണാടകസംഗീതശിക്ഷണം ആവശ്യപ്പെടുന്ന കരുതലുകൾ അറിയേണ്ടതായി വന്നിട്ടേയില്ല. എങ്കിൽപ്പോലും നാട്ടിലെ ഒരു നാഗസ്വരവിദ്വാനിൽനിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ അവർ പഠിച്ചിരുന്നതായി സൂചനയുണ്ട്. ചെറുപ്രായത്തിൽ, ചെറിയ കാലയളവിലായാൽപ്പോലും, ഇതൊരു ചെറിയ കാര്യമല്ല. അതിരിക്കട്ടെ, നമ്മുടെ കൺമുന്നിലുള്ള സത്യമെന്താണ്? മുൻ-പിൻ നോക്കാതെ ഏതൊരു ഗാനവും അവരിൽ ക്ഷിപ്രസാധ്യമായി. ഒറ്റടേക്കിൽത്തന്നെ ഭദ്രവും മുഗ്ധവുമായി അവർ പാടിയ പാട്ടുകളേറെയും. ഉച്ചാരണസുഭഗതയാൽ ഗാനരചയിതാക്കളെയും ഓരോ ഈണവും സൂക്ഷ്മമായി പകർത്താനുള്ള ശേഷിയാൽ സംഗീതസംവിധായകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ പോരുന്നതായി ജാനകിയുടെ ഗാനപരിചരണം. നായികയ്ക്കോ ഉപനായികയ്ക്കോ ആയി മാറ്റിവെച്ച ഗാനങ്ങൾ ജാനകിയെക്കൊണ്ട് പാടിച്ചപ്പോൾ സംഗീതസംവിധായകന്റെ പണി എളുപ്പമായി. ഫലം മികവുറ്റതായി. സിനിമാവ്യവസായത്തിൽ സമയലാഭം ചെറിയ സംഗതിയല്ല. ചുരുക്കംപറഞ്ഞാൽ കഴിഞ്ഞനൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ, എണ്ണത്തിൽ, മത്സരിച്ചുമുന്നേറിയിരുന്ന മുഖ്യധാരാസിനിമയിൽ, ജാനകിയുടെ സാന്നിധ്യം അനിവാര്യമായി.
ഭാഗ്യദേവത
മലയാളചലച്ചിത്രമണ്ഡലത്തിൽ അപ്രതിമരായിമാറിയ ഗായികമാരിൽ അഗ്രഗണ്യയായി എസ്. ജാനകി. അതിനൊരു മൂലകാരണം അവർക്കുകൈവന്ന സുവർണാവസരങ്ങളാണ്. പി. ഭാസ്കരൻ രചിച്ച ലളിതവും രമണീയവുമായ ആദ്യകാലഗാനങ്ങൾക്ക് എം.എസ്. ബാബുരാജ്, എന്നിവരാണ് ഈണമൊരുക്കിയത്. കേൾക്കുന്ന മാത്രയിൽത്തന്നെ ഏതൊരു സാധാരണമലയാളിയുടെയും മനസ്സിനെ കീഴടക്കിയ തളിരിട്ട കിനാക്കൾതൻ’, മഞ്ഞണിപ്പൂനിലാവിൽ തുടങ്ങിയ ഒട്ടേറെ ഗാനങ്ങൾ. ജാനകി പാടിയിട്ടുള്ള സകലഗാനങ്ങളുടെയും ക്രെഡിറ്റ് അവർക്കുമാത്രം അവകാശപ്പെട്ടതല്ല. ഭാസ്കരൻമാസ്റ്റർക്കും ഒ.എൻ.വി.ക്കും ശ്രീകുമാരൻതമ്പിക്കും കാവാലം നാരായണപ്പണിക്കർക്കും ബാബുരാജിനും രാഘവൻ മാസ്റ്റർക്കും എം.ബി. ശ്രീനിവാസനും സലിൽ ചൗധരിക്കും ദക്ഷിണാമൂർത്തിക്കും പുകഴേന്തിക്കും ജോൺസണുംമറ്റും അവകാശപ്പെട്ടതാണ്. പക്ഷേ, സാധാരണജനത കാണുന്നതും കേൾക്കുന്നതുംമാത്രം വിശ്വസിക്കുന്നവരാണ്. അവർ ആകാശവാണിയിലൂടെ കേട്ടതും പലപ്പോഴും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടതും കേട്ടതും ഗായകരെമാത്രം. ഇതിന്റെ മെച്ചം പരമാവധി കിട്ടിയ പഴയതലമുറയിലെ പ്രധാന ഗായികയായിരുന്നു ജാനകി.
ദേവരാജവീഥി
യേശുദാസും എസ്. ജാനകിയും ചേർന്ന യുഗ്മഗാനങ്ങളും ജാനകിയുടെ ഒറ്റയ്ക്കുള്ള ലോലഭാവനിർഭരമായ ഗാനങ്ങളും വെള്ളിത്തിരയിലും മലയാളിമനസ്സിലും നിറഞ്ഞുനിന്ന കാലയളവിൽത്തന്നെ ജി. ദേവരാജൻ എന്ന ഒറ്റയാനായ സംഗീതസംവിധായകൻ, താൻ ചിട്ടപ്പെടുത്തിയ മിക്കവാറും മികച്ച ഗാനങ്ങൾ പി. സുശീലയെക്കൊണ്ടാണ് പാടിച്ചത്. അദ്ദേഹം സുശീലയ്ക്ക് നൽകിയ ഗാനങ്ങളിൽ അന്നും ഇന്നും എന്നെ സാന്ദ്രാനന്ദഭരിതനാക്കുന്നത് ശകുന്തളയിലെ ‘പ്രിയതമാ പ്രിയതമാ’ എന്ന വയലാറിനാൽ വിരചിതമായ ഗാനം. സ്വതേ മലയാളപദങ്ങളുടെ ഉച്ചാരണത്തിൽ വേണ്ടത്ര പ്രസാദമില്ലാത്ത സുശീല ഈ ഗാനം ഉച്ചാരണഭംഗം കൂടാതെ, ഭാവഗരിമയോടെ പാടി. പാട്ടിന്റെ ഭാവപൂർണതയിൽ സുശീലയ്ക്കൊപ്പം മറ്റാരുണ്ട് എന്ന ദേവരാജൻമാസ്റ്ററുടെ ഊറ്റംപങ്കിട്ടവർ ന്യൂനപക്ഷം. അതിൽപ്പെടും പി. ജയചന്ദ്രനും വിശ്രുത കഥകളിഗായകരായിരുന്ന കലാമണ്ഡലം ഹൈദരലിയും വെണ്മണി ഹരിദാസും. ഏറ്റവും ബോധിച്ച മലയാളചലച്ചിത്രഗായികയാരെന്ന എന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് ഇവരുടെ അചഞ്ചലമായ ഉത്തരം ‘പി.സുശീല’ എന്നായിരുന്നു. എന്താണിതിന്റെ ഹേതു എന്ന് വീണ്ടും വീണ്ടും ഞാൻ ആലോചിച്ചു. സുശീലയുടെ ശാരീരം ഭൂമിയിൽ ഉറച്ചുനിൽക്കുന്നു എന്നതാവണം. അവരിലൂടെ ഒഴുകിയെത്തുന്ന ഗമകങ്ങൾക്കും ബൃഗകൾക്കും കമനീയത എന്നതാവാം. കർണാടകസംഗീതത്തിൽ ദ്വാരം വെങ്കടസ്വാമി നായിഡുവിന്റെ കീഴിൽ ശിക്ഷണംനേടിയ സുശീലയുടെ സ്വരഘടനയെ ദേവരാജൻ കൂടുതൽ വിശ്വസിച്ചു എന്നുവേണം കരുതാൻ. ജാനകിയിൽനിന്ന് വ്യത്യസ്തമായി, മലയാളഭാഷയുടെ ഗതിവിഗതികളെ അക്ഷരംപ്രതി അനുസരിക്കാൻ പ്രയാസപ്പെട്ടിരുന്ന സുശീലയെ ഓരോ പാട്ടും പഠിപ്പിച്ചെടുക്കാൻ ദേവരാജൻ മാസ്റ്റർ എത്ര മിനക്കെട്ടിരിക്കണം. എന്നിട്ടും അവർക്ക് ഭാഷ മുഴുവൻ വഴങ്ങിയോ എന്നുസംശയം. കല്പനയാകും യമുനാനദിയുടെ അക്കരെയക്കരെയക്കരെഎന്ന യേശുദാസും സുശീലയും ചേർന്നുപാടിയ പാട്ടുകേട്ടുനോക്കൂ. സുശീല ‘യക്കരെ, യക്കരെ, യക്കരെ’ എന്നാവർത്തിക്കുമ്പോൾ യേശുദാസ് ‘അക്കരെ അക്കരെ അക്കരെ’ എന്ന് ‘തിരുത്തി’പ്പാടുന്നു. പദോച്ചാരണത്തിലെ ഈ വല്ലായ്മയും അവരുടെ ശബ്ദത്തിന് സഹജമായ അനുനാസികയുമാവണം സുശീലയെക്കാൾ ജാനകിയെ ആശ്ലേഷിക്കാൻ പതിനായിരക്കണക്കിന് മലയാളികളെ പ്രേരിപ്പിച്ചത്.
സാമാന്യജനസമ്മതി
രണ്ടുപതിറ്റാണ്ടുകൾക്കപ്പുറം ഒരു പ്രമുഖ മലയാളദിനപത്രത്തിന്റെ വാരാന്ത്യപ്പതിപ്പിൽ മലയാളിസമൂഹത്തിന്റെ പരിച്ഛേദം എന്നുതോന്നുംവിധം കുറച്ചുപേർ അവരുടെ ഏറ്റവും പ്രിയപ്പെട്ട ചലച്ചിത്രപിന്നണിഗായകരെ തിരഞ്ഞെടുത്തുകൊണ്ടുള്ള കുറിപ്പുകൾ കൊടുത്തിരുന്നു. അവരെല്ലാവരുംതന്നെ തങ്ങളുടെ ഇഷ്ടഗായികയായി രേഖപ്പെടുത്തിയത് എസ്. ജാനകിയെ. എനിക്കതിൽ തെല്ലും അദ്ഭുതം തോന്നിയില്ല. ജാനകിയോളം വൈവിധ്യസമ്പന്നമായ ഒരാലാപനപ്രപഞ്ചം ദക്ഷിണേന്ത്യയിലെ മറ്റൊരു ഗായികയ്ക്കും അവകാശപ്പെടാൻ വയ്യ. സിനിമാനിർമാതാക്കളും ഗാനരചയിതാക്കളും സംഗീതസംവിധായകരും സംയുക്തമായി ഓരോ ചലച്ചിത്രത്തിലെയും പാട്ടുകളിൽ ഭൂരിഭാഗവും ജാനകിയെക്കൊണ്ടുതന്നെ പാടിക്കണം എന്നു തീരുമാനിച്ചത് അവരുടെ പൊതുജനപ്രീതി മനസ്സിൽക്കണ്ടിട്ടുതന്നെയാവണം. അവരുടെ പാട്ടുകൾക്കുള്ള വിപണനമൂല്യം കൃത്യമായി അറിഞ്ഞതുകൊണ്ടാവണം. ഒരിക്കൽ പറഞ്ഞുകൊടുത്താൽ ഏതുഗാനത്തിന്റെയും പ്രകൃതം മുഴുവൻ മനഃപാഠമാക്കാനുള്ള ആ വൈഭവം ഇളയരാജയും എം.എസ്.വി.യും എം.ബി.എസും അടക്കമുള്ള വിഖ്യാതസംഗീതസംവിധായകരെ അതിശയിപ്പിച്ചിട്ടുണ്ടാവണം.
Also Read: ദേവരാജൻ മാസ്റ്ററുടെയും ജാനകിയമ്മയുടെയും പിണക്കം മാറ്റിയ ഗാനം, അമ്പിളിക്കിന്നും നിധിപോലെ
മലയാളചലച്ചിത്രകലയിലെ പിൽക്കാലഗായികമാരുടെയും ആരാധ്യദേവതയാണ് എസ്. ജാനകി. പാട്ടിനെച്ചൊല്ലി മാത്രമാവില്ല ജാനകിയോടവർക്കുള്ള ആരാധനയ്ക്ക് കാരണം. വിനയമധുരമായ പെരുമാറ്റവും ശാന്തശീലവും ലാളിത്യവും നിഷ്കളങ്കമായ പുഞ്ചിരിയും ജാനകിയുടെ നൈസർഗികപ്രഭാവത്തിന് മാറ്റുകൂട്ടിയിരുന്നു. സ്വാഭാവികമായും അവരോട് ചേർന്നുനിൽക്കുമ്പോൾ നമ്മുടെ ഗായികമാർക്ക് ഒരുതരം സുരക്ഷിതത്വം അനുഭവപ്പെട്ടിരിക്കാം. ഇവിടെ കൗതുകകരമായ ഒരു സംഗതി ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. കെ.എസ്. ചിത്രയുൾപ്പടെ ഗണനീയരായ മലയാളഗായികമാരുടെ ആലാപനശൈലിയിൽ ജാനകി എന്ന അവരുടെ ആരാധ്യബിംബം തീരേയില്ലെന്നുതന്നെ പറയാം. ചിത്രയെത്തന്നെ ഉദാഹരണമാക്കാം. കർണാടകസംഗീതത്തിന്റെ രീതിശാസ്ത്രം ഗ്രഹിച്ചിട്ടുള്ള ചിത്രയ്ക്ക് ജാനകിയെപ്പോലെ അനൗപചാരികമായ ഒരിടത്തിൽനിന്ന് പൊടുന്നനെ പാടാനാവില്ല. സദസ്സിൽനിന്നുള്ള പ്രേരണയാലോ പെട്ടെന്നുള്ള പ്രതികരണമെന്ന നിലയ്ക്കോ ഒരു പാട്ടുപാടാൻ ചിത്ര പാടുപെടും. അതൊരിക്കലും ഒരു പോരായ്മയായി ഞാൻ കാണുന്നില്ല. മറിച്ച് ഗായികയെന്നനിലയിൽ, അവരുടെ സ്വത്വശക്തിയും സൗന്ദര്യവുമാണ്. താൻ മുപ്പതുവയസ്സിൽ പാടിയ ഒരു ഗാനം അരനൂറ്റാണ്ടുകഴിഞ്ഞ് ഒരു വേദിയിൽ പാടാൻ ആവശ്യപ്പെട്ടാൽ ജാനകി തീർത്തും ക്ലേശരഹിതയായി, പ്രത്യക്ഷത്തിൽ നിസ്സംഗയായിനിന്ന്, പാടിയിരുന്നു.
ചിത്രയുടെ സംഗീതം അത്യന്തം ജൈവികമാണ് (organic). നേരേമറിച്ച് അവരുടെ ആരാധനാമൂർത്തിയായിരുന്ന എസ്. ജാനകിയുടെ സംഗീതം തികച്ചും ദൈവികവും (divine). മറ്റൊരു തരത്തിൽപ്പറഞ്ഞാൽ ചിത്രയുടെ ആലാപനപ്രകൃതിയെ, അതിന്റെ ആസ്പദങ്ങളെ, നമുക്ക് അപഗ്രഥിക്കാനാവും. എന്നാൽ, എസ്. ജാനകിയുടെ ശാരീരവും വ്യവഹാരവും യുക്തിസഹമായ സിദ്ധാന്തങ്ങൾകൊണ്ടൊന്നും അളക്കാനോ പഠിക്കാനോ സാധ്യമല്ല. അതുകൊണ്ടാണ് ഞാൻ തുടക്കത്തിൽ പറഞ്ഞത്, എസ്. ജാനകിയെ ഇത്രയും കാലം കേട്ടിട്ടും എന്റെ സന്ദേഹങ്ങൾക്കും ആകാംക്ഷകൾക്കും ശമനമില്ല.
Content Highlights: This comprehensive study explores the unmatched musical genius and effortless versatility of legendary playback singer S Janaki, analyzing how her naturally divine voice surpassed formal classical boundaries to captivate millions of listeners across South Indian cinema.