വാസന്തപഞ്ചമിനാളിൽ കിനാവുകണ്ട് കാത്തിരുന്ന കാമിനിമാർ എത്രയോ! ജാനകി, പ്രണയാനുരാഗത്തിന്റെ ശബ്ദം

എസ്. ജാനകിയുടെ പാട്ടുകളെക്കുറിച്ച് ഓർമിക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുക കുട്ടിക്കാലത്തെ ഒരു കളിക്കൂട്ടുകാരിയുടെ മുഖമാണ്. 'ഹരിതപത്രങ്ങൾ' എന്ന കഥയിൽ ഞാൻ അവളെക്കുറിച്ച് എഴുതിയിട്ടുണ്ട്. സൂര്യകാന്തി, സൂര്യകാന്തി/സ്വപ്നം കാണുവതാരെ എന്ന് ഉമ്മറത്തെ അരഭിത്തിയിൽ കയറിനിന്ന് തൂണു പിടിച്ച് നീട്ടിപ്പാടുന്ന അവളാണ് ആദ്യമായി എന്നെ പ്രണയപരാഗം അനുഭവിപ്പിച്ചത്. കാട്ടുതുളസി എന്ന ചിത്രത്തിൽ ബാബുരാജ് സംഗീതം നൽകിയ ആ പാട്ട് ഒരു പ്രണയസാക്ഷ്യമാണ്. ജാനകിയുടെ ശബ്ദത്തിലുള്ള പാട്ടുകളാണ് ഞങ്ങളുടെ തലമുറയ്ക്ക് പ്രണയാനുഭൂതികൾ തന്നത്. സംവിധായകൻ പവിത്രൻ ഒരിക്കൽ തമാശയായി പറഞ്ഞതുപോലെ പ്രീഡിഗ്രിക്ക് പഠിക്കുന്ന ഒരു പാരലൽ കോളേജ് വിദ്യാർഥിനിയുടെ ശബ്ദഭാവമാണ് ജാനകിയമ്മയുടെ പാട്ടിന്. എത്രയോ കാമിനിമാരുടെ കാത്തിരിപ്പിന്റെ വൈവശ്യം ആ പാട്ടുകളിലെ വിഷാദഭാവനയെ നിറപ്പിച്ചു. വാസന്തപഞ്ചമിനാളിൽ വരുമെന്ന് കിനാവുകണ്ട് കിളിവാതിലിൽ മിഴിയും നട്ട് കാത്തിരുന്ന കാമിനിമാർ എത്രയോ!
പി. ഭാസ്കരൻമാഷ് അവരെ മാറിമാറി ഭാഷയിൽ ഉടുപ്പിച്ചു. ഒരാൾ അഞ്ജനക്കണ്ണെഴുതി ആലില താലി ചാർത്തി അറപ്പുരവാതിലിൽ കാത്തിരുന്നു. (തച്ചോളി ഒതേനൻ), മറ്റൊരാൾ തളിരിട്ട കിനാക്കൾതൻ താമരമാലയുമായി തന്റെ വിരുന്നുകാരനെ വിളിച്ചു (മൂടുപടം), ഒരുവൾ ഒരു കൊച്ചു സ്വപ്നത്തിന്റെ ചിറകുമായി അരികിൽ എത്താൻ കൊതിക്കുന്നവൾ (തറവാട്ടമ്മ), മറ്റൊരുവൾ അവിടുന്നെൻ ഗാനം കേൾക്കാൻ ചെവിയോർത്തിട്ടരികിലിരിക്കുമ്പോൾ ഏത് കവിത പാടണമെന്ന് ശങ്കിക്കുന്നവൾ (പരീക്ഷ), വേറൊരാൾ താമരക്കുമ്പിൾപോലുള്ള ഹൃദയത്തിൽ മധു പകരാൻ താതനോട് പ്രാർഥിക്കുന്നവൾ (അന്വേഷിച്ചു കണ്ടെത്തിയില്ല). ഭാസ്‌കരൻമാഷ് പാട്ടെഴുതുമ്പോൾ ഭാവനയിൽ ജയദേവകവിയും ടാഗോറും ചങ്ങമ്പുഴയുമെല്ലാം എത്തിനോക്കും. അപ്പോൾ കാമിനി വാതിലിൽ മുട്ടിവിളിക്കുന്ന മധുമാസം കാണും.
ഉദ്യാനപാലകനെ ഉണർത്തും (മനസ്വിനി) സുമറാണിയെ പ്രേമത്തിൻ മുരളീഗായകൻ വന്നു എന്ന് അറിയിച്ചുണർത്തും (മൂടൽ മഞ്ഞ്) ഹേമന്ദനിദ്രയിൽനിന്നും വിളിച്ചുണർത്തിയെന്നെ/ പ്രേമത്തിൻ പ്രമദവനത്തിൽ ക്ഷണിച്ചിരുത്തി/ഭവാൻ ക്ഷണിച്ചിരുത്തീ എന്ന് ജാനകി പാടുമ്പോൾ ഭാസ്‌കരൻമാഷുടെ പാട്ടിലെ വരിപോലെ പാഴ്മരത്തുണ്ട് തൂമണിവീണയാകുന്നു (അനാഥ).
ഞങ്ങളുടെ ജീവിതകാല ത്തിൽ കേട്ട ഏറ്റവും മധുരിതമായ പ്രണയനാദം ജാനകിയുടെതാണ്. സുശീലയുടെത് കുറേക്കൂടി സുഭദ്രവും പരിപാകവുമാണ്. ആ പ്രണയശബ്ദത്തിന് ഗരിമ കൂടും. അനുഭവങ്ങളും പ്രായവും കൂടുമ്പോൾ സുശീലയുടെ പാട്ടുകളോട് പ്രിയം കൂടുമെന്ന് ഒരിക്കൽ കെ.പി. അപ്പൻ പറഞ്ഞത് ഓർമവരുന്നു.
ബാല്യത്തിലും താരുണ്യത്തിലും യൗവനത്തിലും ഞാൻ ജാനകിയുടെ നാദത്തിൽ നിറഞ്ഞു. നിദ്രതൻ നീരാഴിയും (പകൽക്കിനാവ്)
മഞ്ഞണിപ്പൂനിലാവും (നഗരമേ നന്ദി), സ്വർണവളകളിട്ട കൈകളും (ലക്ഷപ്രഭു), താനേ തിരിഞ്ഞും മറിഞ്ഞും (അമ്പലപ്രാവ്), എന്റെ ആത്മപ്രേമഗാനങ്ങളായി മുഗ്ധാനുരാഗത്തിന്റെ പാനഭാജനം നീട്ടി നൃത്തവിലാസിനി അരികിൽ വന്നു (സ്ത്രീ).
''ആ നിമിഷത്തിന്റെ നിർ വൃതിയിൽ ഞാ
നൊരാവണിത്തെന്നലായ് മാറി
ആയിരമുന്മാദരാത്രികൾ തൻ ഗന്ധ
മാത്മദളത്തിൽ തുളുമ്പീ-ആത്മദളത്തിൽ തുളുമ്പീ'' (ചന്ദ്രകാന്തം) അസാധാരണമായ ആലാപനംകൊണ്ട് മലയാളിയുടെ നെഞ്ച് തുരന്ന എത്രയെത്ര പാട്ടുകൾ!
കവിളത്ത് കണ്ണീർ കണ്ട് മണിമുത്താണെന്ന് കരുതി വിലപേശാനോടിവന്ന വഴിയാത്രക്കാരനോടുള്ള നിവേദനം (അന്വേഷിച്ചു കണ്ടെത്തിയില്ല), വട്ടക്കായലിൽ ഉത്രട്ടാതിയിൽ വള്ളംകളി കാണാൻ പോയ കല്യാണപ്പെണ്ണിന്റെ പാട്ട് (കാക്കത്തമ്പുരാട്ടി), നാഥന്റെ കാലൊച്ച കേൾക്കാൻ കാതോർത്ത നായികയുടെ മോഹങ്ങൾ (ചാമരം), സ്‌നേഹസാഗരതീരത്തലയുന്ന ദാഹമായി പ്രിയമുള്ളവനെ വിളിക്കുന്നവൾ (സന്ധ്യ), എൻ പ്രാണനായകനെ എന്ത് വിളിക്കുമെന്ന് സന്ദേഹിക്കു
ന്നവൾ (പരീക്ഷ). സംഗീതം രാഘവൻ മാഷായാലും ചിദംബരനാഥായാലും ബാബുരാജായാലും സലിൽ ചൗധരിയായാലും ഉഷാഖന്നയായാലും പുകഴേന്തിയായാലും ജാനകി തന്റെ തെളിമലയാളത്തിൽ ആലാപന വിസ്മയം നൽകി. കോന്നിയൂർ ഭാസ് എഴുതിയ 'മോഹം കൊണ്ടു ഞാൻ' എന്ന ഗാനം (കേൾക്കാത്ത ശബ്ദം) ജാനകിയുടെ ശബ്ദത്തിൽ കേൾക്കുമ്പോഴാണ് മറഞ്ഞുപോയ ആ പാട്ടെഴുത്തുകാരന്റെ ഓർമ കാലത്തിൽ തെളിയുന്നത്.
''ഈ മലർ കന്യകൾ മാരനു നേദിക്കും
പ്രേമമെന്ന തേനില്ലേ? അതിൽ
ഒരുതുള്ളി ഒരുതുള്ളി ഞാൻ കവർന്നു
-അതിൽ ഒരുതുള്ളി ഒരുതുള്ളി ഞാൻ
നുകർന്നു'' (മദനോത്സവം)
പാട്ടിൽ മകരന്ദം തന്ന് ജാനകിയമ്മ ശരിയായ സമയത്ത് പാട്ട് നിർത്തി. ആ പ്രണയസരോവരം പറഞ്ഞാലും അറിഞ്ഞാലും തീരാത്തത്. മലയാളികൾ അങ്ങനെ കേൾക്കാതെപോയ രണ്ട് പാട്ടുകൾകൂടി പറഞ്ഞ് നിർത്താം.
''ഉദയചന്ദ്രികേ രജതചന്ദ്രികേ
ഉദ്യാനപുഷ്പത്തിൻ പ്രേമകവാടം
തുറന്നുതരൂ-തുറന്നുതരൂ... തുറന്നുതരൂ'' (അനന്തശയനം)
ശ്രീകുമാരൻ തമ്പി എഴുതിയ ഗാനമാണ്. രാഘവൻമാസ്റ്ററുടെ സംഗീതം. എന്തൊരു പാട്ട് എന്ന് നാം വിസ്മയി ക്കുന്ന ഒന്ന്! ഇപ്പോൾ അത് ആത്മാവിനെ ഗ്രസിക്കുന്നതുപോലെ.
''കാലം മുടിക്കെട്ടിൽ മുല്ലപ്പൂ ചൂടിച്ചാലും
കവിളത്തെ താമര വാടിയാലും
എന്നനുരാഗമാം മയിൽപ്പീലിത്തേന്മാവിനെന്നും എന്നും പതിനാറുതിരുവയസ്സ്''. (കുരുക്ഷേത്രം)
ഭാസ്‌കരൻമാഷിന്റെ വരികൾ, രാഘവൻമാഷിന്റെ സംഗീതം. ആലാപനംകൊണ്ട് ജാനകിയമ്മ കാലയാത്ര കൃത്യമായി
അനുഭവിപ്പിക്കുന്നു. നാം നന്ദിപറയുക,
പാട്ടിന്റെ പ്രേമകവാടം തുറന്നുതന്ന ആ
ജീവിതസംഗീതത്തിന്.
2021 മേയിൽ പ്രസിദ്ധീകരിച്ച മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിൽ വിആർ സുധീഷ് എഴുതിയ ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം
Content Highlights: A nostalgic tribute by writer V.R. Sudheesh exploring how the legendary playback singer S. Janaki’s soulful voice and expressive renditions shaped the concept of love, romance, and longing for an entire generation of Malayalis.