അഞ്ച് മാസങ്ങൾക്ക് മുൻപ് മകന്റെ വേർപാട്; ഉള്ളുനീറി ജാനകിയമ്മയുടെ മരണവും

അഞ്ച് മാസങ്ങൾക്ക് മുൻപാണ് എസ് ജാനകിയുടെ മകൻ മുരളികൃഷ്ണ വിടപറഞ്ഞത്. ജാനകിയമ്മയുടെ ഏക മകനായിരുന്നു മുരളികൃഷ്ണ. അന്ന് മരണവിവരം പങ്കുവെച്ചത് ഗായിക ചിത്രയായിരുന്നു. ഇന്ന് ജാനകിയമ്മയുടെ മരണവിവരം പങ്കുവെച്ചത് കൊച്ചുമകളായ അപ്‌സരയാണ്.
ഗിറ്റാറിസ്റ്റായിരുന്നു മുരളീകൃഷ്ണ ദീർഘകാലം ചികിത്സയിൽ കഴിഞ്ഞതിനുശേഷമായിരുന്നു വിടപറഞ്ഞത്. 65 വയസ്സായിരുന്നു. മകന്റെ വേർപാടിൽ നീറിയായിരുന്നു ജാനകിയമ്മയുടെ പിന്നീടുള്ള ജീവിതം. അധികം വൈകാതെ അമ്മയും വിടപറഞ്ഞു.
പതിനേഴ് ഭാഷകളിലായി നാൽപ്പത്തിയെണ്ണായിരത്തോളം ഗാനങ്ങൾ ആലപിച്ചാണ് എസ്. ജാനകി സിനിമാലോകത്തിന്റെ വാനമ്പാടി ആയത്. 2017-ൽ നവാഗതനായ മിഥുൻ ഈശ്വറിന് വേണ്ടി പാടിയതിന് ശേഷമാണ് പിന്നണിഗാന രംഗത്തുനിന്ന് വരമിച്ചത്. തുടർന്ന് അവസാനമായി മൈസൂരുവിൽ വിരാമ സംഗീതനിശ നടത്തിയിരുന്നു.
‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് സിനിമയിലൂടെയാണ് ജാനകിയമ്മയുടെ ചലച്ചിത്രപ്രവേശനം. പക്ഷെ ആദ്യചിത്രത്തിലെ ഗാനം പുറത്തുവന്നില്ല. കുട്ടിയുടെ ശബ്ദത്തിലും പുരുഷ ശബ്ദത്തിലുമൊക്കെ ആലപിച്ച ഗാനങ്ങളിലും എസ്. ജാനകി എന്ന കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. കേവലം പത്ത് മാസം മാത്രം സംഗീതം പഠിച്ചാണ് എത്ര കടുകട്ടിയുമുള്ള ഗാനങ്ങൾ എസ്. ജാനകി പാടിയത് എന്നാണ് മറ്റൊരു അത്ഭുതം.
'മലയാളത്തിന്റെ ദത്തുപുത്രി'യായാണ് എസ്. ജാനകിയെ മലയാളികൾ കരുതിയത്. പൊതുവെ പലരും പറയുമ്പോലെ ‘നാക്കുളുക്കുന്ന’ മലയാളഭാഷ കഷ്ടപ്പെട്ട് പഠിച്ചു പാടിയ എസ്. ജാനകി, മലയാളിക്കൊപ്പം മലയാളം മാധുര്യത്തോടെ സംസാരിക്കുകയും ചെയ്തിരുന്നു. അവരുടെ പ്രൊഫഷണലിസത്തിന് ഉദാഹരണമായി നിരവധി സംഭവങ്ങൾ ചലച്ചിത്രപ്രവർത്തകർ ഇന്നുമോർക്കുന്നു. 'മൂടൽമഞ്ഞി'ലെ ഗാനങ്ങൾ റെക്കോഡ് ചെയ്യാൻ മുംബൈയിലെത്തിയ എസ്. ജാനകി അസുഖം മൂലം കിടപ്പിലായി. എങ്കിലും അവർ സ്റ്റുഡിയോയിലെത്തുകതന്നെ ചെയ്തു. സ്റ്റുഡിയോയിലെ സോഫയിൽ കിടന്ന് വിശ്ര മിച്ചതിനുശേഷം നേരെ പോയി മൂന്നു ഗാനങ്ങൾ റെക്കോഡ് ചെയ്തു.
എം.എസ്. ബാബുരാജിന്റ മികച്ച ഗാനങ്ങൾ ഭൂരിഭാഗവും ആലപിച്ചത് എസ്. ജാനകിയാണ്. ‘തളിരിട്ട കിനാക്ക'ളും ‘വാസന്തപഞ്ചമി നാളും’ ‘സൂര്യകാന്തി’യും ‘ഒരുകൊച്ചു സ്വപ്നത്തിൻ ചിറകു’മൊക്കെ ആയി നിരവധി രത്‌നങ്ങൾ അവർ ഇരുവരും മലയാളത്തിന് നൽകി. തെന്നിന്ത്യൻ സിനിമയിലെ മഹാരാജതന്നെ ആയ ഇളയരാജയുടെ ആയിരത്തി ഇരുന്നൂറോളം ഗാനങ്ങൾ എസ്. ജാനകി ആലപിച്ചിട്ടുണ്ട്. 'പതിനാറു വയതിനിലേ' എന്ന തമിഴ് സിനിമയിലെ ഇളയരാജ ചിട്ടപ്പെടുത്തിയ 'സിന്ദൂരപ്പൂവേ...' എന്ന ഗാനത്തിലൂടെയാണ് ആദ്യത്തെ ദേശീയ പുരസ്‌കാരം എസ്. ജാനകിക്കു ലഭിക്കുന്നത്. പിന്നീട് നിരവധി പുരസ്‌കാരങ്ങൾ അവരുടെ സംഗീതത്തിന് കൂട്ടായി എത്തി. എങ്കിലും വളരെ വൈകിവന്ന 'പദ്മഭൂഷൺ' തനിക്ക് ആവശ്യമില്ലെന്നു പറയാനുള്ള ആർജ്ജവം അവർ കാണിച്ചിരുന്നു.
Content Highlights: Celebrated career spanning 48,000 songs in 17 languages., Known as the 'Adopted Daughter of Malayalam' for her linguistic dedication., Professional legacy including collaborations with M.S. Baburaj and Ilaiyaraaja., National Award winner for 'Sindhoora Poove' from Pathinaru Vayathinile., Refused Padma Bhushan due to it being awarded late in her career.