ഇനിയും വരാനുണ്ട് അച്ചാമ്മ വർഗീസും രാജമ്മ സക്കറിയയും; പല വേഷത്തിൽ പല ഭാഷകളിൽ

എത്ര കണ്ടാലും എത്ര കൊണ്ടാലും മതിവരാത്ത ജാഗ്രതകളുടെ കണ്ണുപൊത്തിക്കളിക്കാൻ, ഇനിയും വരാനുണ്ട് രാജമ്മ സക്കറിയമാർ. പല വേഷത്തിൽ, പലഭാഷകളിൽ, പലവടിവുകളിൽ. അതാണു ലോകനിയമം.
ഏറക്കുറെ അൻപതുവർഷം മുമ്പാണ്. ആലപ്പുഴയിൽ ഞങ്ങളുടെ മൂന്നാമത്തെ വാടകവീട്. ഞങ്ങൾ എന്നാൽ, അച്ഛനും അമ്മയും എന്റെ രണ്ട് ജ്യേഷ്ഠന്മാരും ഞാനും. ഏകദേശം ഒരേക്കറിലധികം വരുന്ന വിസ്തൃതമായ പുരയിടം. അതിന്റെ രണ്ടുകോണിലായി രണ്ടുവീടുകൾ. ഒന്ന് പുതിയ വീടാണ്. അന്നത്തെ ഭാഷയിൽ ടെറസിട്ട വീട്. ഗ്രില്ലുവെച്ച കണ്ണാടി ജനാലകൾ. മുന്നോട്ടിറക്കിയ കാർപോർച്ച്. പുറം ചുവരുകൾക്ക് ഇളം പിങ്ക് നിറം. അകത്ത്, മുറിച്ചുവരുകൾക്ക് ചന്ദനനിറം. സൺഷെയ്ഡുകൾക്ക് ചുവപ്പുബോർഡർ. തറയിൽ മൊസൈക്ക്. വെൺകളി പൂശിയ മേൽത്തട്ടിൽ തൂങ്ങുന്ന സീലിങ് ഫാനുകൾ. ഇനാമൽ പെയിന്റിന്റെയും വാർണിഷിന്റെയും മണം.
പത്തുവയസ്സിന്റെ കൺമിഴിപ്പോടെ ഞാൻ എത്രയോ നേരം നോക്കിനിന്ന മഹാദ്ഭുതം. നെടുമുടി എന്ന കുഗ്രാമത്തിലെ കൂട്ടുകുടുംബപ്പൊറുതി പൊട്ടിച്ചു നഗരത്തിലേക്കുവന്നതാണ് ഞങ്ങളുടെ കുടുംബം. ആ പുരയിടത്തിലെ പഴയ വീട്ടിലെ വാടകക്കാരാണ് ഞങ്ങൾ. അച്ഛനുമമ്മയും അധ്യാപകർ. അന്നൊക്കെ തുച്ഛശമ്പളക്കാർ. ഞങ്ങളുടെ വീടിന്, പ്രതിമാസവാടക അൻപതു രൂപ. പുതിയ വീടിന്, അതിന്റെ മൂന്നിരട്ടി കാണും വാടക. ഒരുദിവസം ആ പുതിയ വീടിനു മുന്നിലേക്ക് ഒരു ലോറി നിറയെ വീട്ടുപകരണങ്ങൾ വന്നു. റെഫ്രിജറേറ്റർ, കുക്കിങ് റേഞ്ച്, സോഫാ കം ബെഡ്, അരിപ്പെട്ടിയുടെ വലുപ്പത്തിൽ ഒരു റേഡിയോ. ലോറിയിൽ ഒപ്പംവന്ന പണിക്കാർ ഓരോന്നായി ചുമന്ന് ഇറക്കുന്നു.
പിന്നാലെ ഇളം നീല പെയിന്റടിച്ച കാർ വന്നുനിന്നു. ആദ്യം ഇറങ്ങിയത് പ്രൗഢയായ ഒരു സ്ത്രീ. ഞാൻ അന്നോളം കണ്ടിട്ടുള്ള ഏറ്റവും വലിയ സ്ത്രീരൂപം എന്റെ അമ്മയുടെ ചേച്ചിയാണ്. അവരെക്കാൾ ഉയരവും വലുപ്പവും തലയെടുപ്പുമാണ് ഈ പുതിയ വാടകക്കാരിക്ക്. കാറിന്റെ ഡോർ തുറന്നിറങ്ങിയ പാടേ, അവരുടെ ശബ്ദമുയർന്നു.
സാധനങ്ങൾ ഇറക്കുന്ന ജോലിക്കാരുടെ നേർക്ക്, കർശനമായ കല്പനകൾ. ജോലിക്കാർ അവരുടെ ശബ്ദത്തെ ഭയന്നതുപോലെ. ഉച്ചിയിലേക്ക് എടുത്തുകെട്ടിയ മുടിവട്ടം, അവരുടെ ഉയരം വർധിപ്പിക്കുന്നുണ്ട്. വലിയ മുഖം. മുഴങ്ങുന്ന സ്ത്രീ ശബ്ദത്തിന് മുമ്പെവിടെയും കേട്ടിട്ടില്ലാത്ത ഗാംഭീര്യം. കൈയിറക്കില്ലാത്ത (സ്ലീവ്ലെസ്) ബ്ലൗസ് ധരിച്ച ഒരു സ്ത്രീയെ ഞാൻ ആദ്യമായി കാണുകയാണ്. മുഖം പാതി മറച്ച് കറുത്ത കൂളിങ് ഗ്ലാസ്. കൈത്തണ്ട നിറയെ തടിച്ചുരുണ്ട സ്വർണവളകൾ. കഴുത്തിൽ കട്ടിച്ചെയിൻ. കടുംനിറത്തിൽ വലിയ പൂക്കൾ വിരിഞ്ഞ സാരി.
കാതിന്റെ പാതി മറച്ച് വലിയ സ്റ്റഡ്ഡുകൾ.നാരുപോലെ ഒരു മാലയും വളകളൊഴിഞ്ഞ കൈത്തണ്ടയുമായി എന്റെ അമ്മ അവരുമായി സംസാരിച്ചുനിൽക്കുമ്പോഴെല്ലാം എനിക്ക് വലിയ നാണക്കേടു തോന്നുമായിരുന്നു. പുതിയ വീട്ടിലെ പുതിയ താമസക്കാരിയുടെ പേര് രാജമ്മ സക്കറിയ (പകുതി സാങ്കല്പികം). അവർക്കൊപ്പം, ഭർത്താവും ഒരു മകനും ഒരു മകളും ഉണ്ട്. ഭർത്താവിന് അവർക്കുപിന്നിൽ ഒരു നിഴലിന്റെ സ്ഥാനമേയുള്ളൂ. കാറിന്റെ പിൻസീറ്റിൽ ഇടതുവശം ഡോറിനു പുറത്തേക്കു കൈത്തണ്ട ചാരിയാണ് രാജമ്മ സക്കറിയയുടെ സഞ്ചാരം.
അവരുടെ ഡ്രൈവർ ജോണിന് ഏതോ സിനിമയിൽനിന്ന് ഇറങ്ങിവന്നതുപോലെ വില്ലൻ മീശയും ആകാരവും. ആഡംബര സമൃദ്ധികളാണ് പുതിയ താമസക്കാരുടെ ജീ വിതം. അത് ഞങ്ങളുടെ വീടിനെ വീണ്ടും ചെറുതും നിസ്സാരവുമാക്കി. അവരുടെ അടുക്കളയിൽനിന്നു നിരന്തരം ഇറച്ചിയും മീനും വേവുന്നമണം. പലവിധത്തിൽ, കൊതിപ്പിച്ച്, പാകം വരുന്ന കേക്കുകളുടെ ഗന്ധം. അതിഥികൾ, വിരുന്നുകാർ, സത്കാരങ്ങൾ. ഇടയ്ക്കിടെ രാത്രി പുലരുവോളം സന്ദർശകർ. ഉറക്കെയുറക്കെ ചിരികളും റെക്കോഡ് പ്ലെയർ സംഗീതവും സംസാരവും. പോർച്ചിലും പുറത്തും കാറുകൾ. ചിലപ്പോൾ അധികാരമുദ്രകൾ പതിച്ച വാഹനങ്ങൾ. പോലീസ് ജീപ്പുകൾ. അങ്ങനെ എന്നും ആഘോഷപൂർവമാണ് രാജമ്മ സക്കറിയയുടെ പാർപ്പിടവും അവിടത്തെ രാപകലുകളും.
അവരുടെ വീടിനുപിന്നിലെ സ്റ്റെയർകെയ്സിനു ചുവട്ടിലേക്കു പടിയിറക്കപ്പെട്ട ഒഴിഞ്ഞ ബ്രാണ്ടിക്കുപ്പികളുടെ എണ്ണം നിത്യേന അധികരിച്ചു. പേരറിയാത്ത പലഹാരങ്ങളായും പാലൈസ്ക്രീം സ്റ്റിക്കുകളായും ഫ്രിഡ്ജിൽ തണുപ്പിച്ച വെള്ളമായും ചില പങ്കുെവപ്പുകൾ ഇടയ്ക്കിടെ ഞങ്ങളുടെ വീട്ടിലേക്കും വരാൻ തുടങ്ങി.
സത്കാരരാവുകളിൽ വന്നുപോകുന്നത് എവിടെ നിന്നൊക്കെയോ ഉള്ള പ്രമാണിമാരോ വമ്പൻ കച്ചവടക്കാരോ ഒക്കെയാണ്. ചിലപ്പോൾ അറിയപ്പെടുന്ന ചില പോലീസ് ഉദ്യോഗസ്ഥർ. അസമയം സമയമാക്കി മുഖപരിചയം തോന്നിപ്പിച്ച് ആരൊക്കെയോ ചില നേതാക്കൾ. പിന്നെ, പൊടുന്നനെ ഒരുദിവസം രാജമ്മ സക്കറിയ അപ്രത്യക്ഷയായി. വീടിന്റെ മുൻവാതിൽ അകത്തുനിന്നു പൂട്ടിക്കിടന്നു. രാജമ്മയും ഭർത്താവും ഡ്രൈവർ വില്ലനും പോർച്ചിൽ കാറുമില്ലാത്ത വീട്ടിൽ, കുട്ടികളും ജോലിക്കാരിയും മാത്രം. എവിടേക്കോ ദൂരയാത്ര പോയി എന്നു ജോലിക്കാരിയുടെ ആദ്യമൊഴി. പിന്നീട് ഇങ്ങോട്ടുവന്ന് അരിയും പഞ്ചസാരയും അമ്മയോടു കടംവാങ്ങാൻ അവർ ധൈര്യപ്പെട്ടു. അതോടെ ആ വീടിന്റെ സമൃദ്ധികൾ അവസാനിച്ചു എന്നു സങ്കടത്തോടെ തിരിച്ചറിഞ്ഞു.
അധികംവൈകാതെ ഒരുദിവസം, രാവിലെ പത്രം നിവർത്തിെവച്ച് അച്ഛൻ അമ്മയെ അടുത്തു വിളിച്ചുകാണിച്ചു. കള്ളനോട്ടുസംഘം അറസ്റ്റിൽ. നീളൻ തലക്കെട്ടിനുചുവടെ അടിയേറ്റു നീരുവീർത്ത മുഖവുമായി രാജമ്മ സക്കറിയ. ഒപ്പം, ഭർത്താവ്, ഡ്രൈവർ ജോൺ, മറ്റു ചിലർ. കള്ളക്കറൻസി അടിക്കാൻ ഉപയോഗിച്ച അച്ചുകൂടത്തിന്റെയും പിടിച്ചെടുത്ത നോട്ടുകളുടെയും ചിത്രം വേറെയും. ജാമ്യംവാങ്ങി ഇറങ്ങിയ രാജമ്മയും ഭർത്താവും വാടകവീട്ടിലേക്ക് വൈകാതെ മടങ്ങിവന്നു. പഴയ തലയെടുപ്പില്ല. ശബ്ദത്തിനു മുഴക്കമില്ല. കല്പനകളില്ല. െെകയിൽ വളകളില്ല. മുഖത്ത് അടിയേറ്റു കരിനീലച്ചപാട് ഒട്ടുമങ്ങിയിട്ടില്ല. ഗേറ്റിലെ കാഴ്ചക്കാരുടെ നേർക്ക് അവരുടെ നോട്ടം ഉയർന്നില്ല.
കുട്ടികൾ കരഞ്ഞുകലങ്ങിനിന്നു. ഉടൻ വീടൊഴിയണമെന്ന താക്കീതുമായി വീട്ടുടമയുടെ കാര്യസ്ഥൻ വന്നുപോയി. കാഴ്ചക്കാരൊഴിഞ്ഞപ്പോൾ രാജമ്മ, എന്റെ അമ്മയെ കാണാൻവന്നു. അമ്മയുടെ ചുമലിലേക്ക് മുഖംചായ്ച്ച് കുറേനേരം കരഞ്ഞു. പലതും പറഞ്ഞു. കരുതലോടെ, ഭാവവ്യത്യാസമോ ഈർഷ്യയോ ഇല്ലാതെ അമ്മ അവരെ കേട്ട് ഏറെനേരം ഇരുന്നു. അവർക്കു കുറച്ചുപണം വേണ്ടിയിരുന്നു. വലിയ നീക്കിയിരിപ്പില്ലാത്ത വീടാണു ഞങ്ങളുടേത്. എങ്ങനെയൊക്കെയോ അമ്മ സഹായിച്ചുകാണണം. വീടൊഴിഞ്ഞുപോകും മുമ്പ്, അമ്മയുടെ എതിർപ്പുകൾ കേൾക്കാൻ നിൽക്കാതെ ഒരു തടിയലമാരയും തേക്കിൽ പണിത ഒരു കസേരയും ഞങ്ങളുടെ മുറ്റത്തേക്ക് എടുത്തു വയ്പിച്ച്, കടംവീട്ടി രാജമ്മ സക്കറിയ യാത്ര പറഞ്ഞിറങ്ങി.
അവരെക്കുറിച്ച് പിന്നീടു കേട്ടിട്ടില്ല. ജീവിച്ചോ മരിച്ചോ എന്നുതീർച്ചയില്ല. വേറെ ഏതെങ്കിലും നഗരത്തിൽ വേറൊരു പേരിൽ അവതരിച്ചോ എന്നും അറിയില്ല. അന്നുമുതൽ എന്റെ മനസ്സിൽ മരിക്കാതെ ജീവിച്ച രാജമ്മ സക്കറിയയെ ഞാൻ പിന്നീട്, വർഷങ്ങൾക്കുശേഷം, കണ്ടതു വെള്ളിത്തിരയിലാണ്. ദാമോദരൻ മാസ്റ്റർ എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ഇൻസ്പെക്ടർ ബൽറാമിൽ. മാഡം എന്ന വിളിപ്പേരിൽ മഞ്ജുള എന്ന നടിയിൽ പരകായ പ്രവേശം ചെയ്തതുപോലെ രാജമ്മ സക്കറിയ. അല്ലെങ്കിൽ രാജമ്മയെ കൊത്തിെവച്ചതുപോലെ മഞ്ജുള അവതരിപ്പിച്ച മാഡം എന്ന കഥാപാത്രം. രാജമ്മ സക്കറിയയോളം തലയെടുപ്പും മുഴക്കവുമില്ല എങ്കിലും അത്രതന്നെ ധാർഷ്ട്യം.
മദ്യം, മയക്കുമരുന്ന്, അധികാരം, അധോലോകം, സത്കാരങ്ങൾ, വശ്യം, പോലീസ്ബന്ധം, രാഷ്ട്രീയസ്വാധീനം, സോഷ്യൽ സ്റ്റാറ്റസ്. ആണിനെ നിഴലാക്കി നിഷ്പ്രഭമാക്കുന്ന അധീശത്വം. ദാമോദരൻ മാസ്റ്റർ എഴുതിയ ‘മാഡം’ എല്ലാ അർഥത്തിലും രാജമ്മ തന്നെ. വലുതും ചെറുതുമായ രാജമ്മ സക്കറിയമാർ ഇന്നും ഉണ്ട്; എമ്പാടും. അധികാരത്തിന്റെ കൊത്തളങ്ങൾ അവർക്കായി യഥേഷ്ടം വാതിലുകൾ തുറന്നുെവക്കുന്നു. കല്പനകളും നിയമങ്ങളും നിയമപാലകരും അവർക്ക് ഇരിക്കാൻ കസേര വലിച്ചിട്ടുകൊടുക്കുന്നു.
ഞാൻ എഴുതിയ പല കഥാപാത്രങ്ങളിലുമുണ്ട്, ഞാൻ ചെറുപ്രായത്തിൽ കണ്ട രാജമ്മ സക്കറിയയുെടെ അംശങ്ങൾ. ആണിലും പെണ്ണിലും അച്ചാമ്മ വർഗീസിലും അഡ്വക്കേറ്റ് ശ്രീലതാവർമയിലും സാധ്വി ഹേമാംബരയിലും മോഹൻ തോമസിലുമുണ്ട്, ഞാൻ രാജമ്മയിൽ കണ്ട അഹങ്കാരഗരിമകൾ. കള്ളപ്പണവും കള്ളക്കടത്തും അഴിമതിയും അധികാരവും മയക്കുമരുന്നുമെല്ലാം കൈകോർക്കുന്ന ഇരുണ്ട ഇടങ്ങൾ, തങ്ങളുടെ കാര്യസാധ്യങ്ങൾക്ക് ഇനിയും രാജമ്മമാരെ സൃഷ്ടിക്കും. പുതിയ പേരുകളിൽ, പുതിയ മേഖലകളിൽ, അവർ രാജമ്മമാർക്ക് ഇടം കൊടുക്കും. ആകസ്മികമായി പൊട്ടിയൊലിക്കുന്ന നാണക്കേടുകൾ കൊണ്ട് രാജമ്മമാർ ഇനിയും സർക്കാരുകളുടെ ശിരസ്സു കുനിപ്പിക്കും. മാധ്യമങ്ങൾ ഓരോ പുതിയ രാജമ്മയിലും മറിയം റഷീദമുതൽ മാതാഹരിവരെയുള്ള ഓർമകളുടെ മദാലസതകൾ പുരട്ടി വാർത്തച്ചന്തയിൽ വിൽക്കും. അണിയറക്കഥകളിലും അന്തഃപുരക്കഥകളിലും കിടക്കവിരിച്ചുളിവുകളിലും മേഞ്ഞുതളർന്നു സത്യാന്വേഷണ ക്യാമറകൾ കണ്ണടച്ചു തുടങ്ങുമ്പോൾ, പുതിയൊരു പേരിൽ, പുതിയൊരു രാജമ്മവരും.
അധികാരഗർവങ്ങളെ അവർ ആഭിചാരം ചെയ്യും. ആൺകോയ്മകളുടെ കടുംകെട്ടുകൾ അവർക്കുമുന്നിൽ ഇനിയുമിനിയും അഴിഞ്ഞുകൊടുക്കും. അഴിഞ്ഞു വഴങ്ങാത്ത കടുംകെട്ടുകളെ അവർ വലിച്ചുപൊട്ടിക്കും. ആരോടും മാർദവമില്ലാത്ത നെഞ്ചുറപ്പുകൾപോലും അവരെ കേൾക്കാൻ അവർക്കു പറയാൻ, കാതുകൊടുക്കും. അങ്ങനെയാണു ചരിത്രം. അങ്ങനെയാണ് ഭൂതവും വർത്തമാനവും. അങ്ങനെത്തന്നെയാവും ഭാവിയും. എത്ര കണ്ടാലും എത്ര കൊണ്ടാലും മതിവരാത്ത ജാഗ്രതകളുടെ കണ്ണുപൊത്തിക്കളിക്കാൻ, ഇനിയും വരാനുണ്ട് രാജമ്മ സക്കറിയമാർ. പല വേഷത്തിൽ, പലഭാഷകളിൽ, പലവടിവുകളിൽ. അതാണു ലോകനിയമം.
Content Highlights: Renji Panicker writes about Female Villain Characters, Cinema, politics, Rajamma varghese, Achamma Varghese, Inspector Balram, Commissioner Malayalam movie
Content Highlights: