കടുത്ത ഫഹദ് ആരാധകന്‍, 'പുഷ്പ 2'ല്‍ അല്ലുവും ഫഫയും നിങ്ങളെ അത്ഭുതപ്പെടുത്തും; സുകുമാര്‍ അഭിമുഖം

വര്‍ഷം 2004, സുകുമാര്‍ എന്ന നവാഗത സംവിധായകന്‍ തെലുങ്ക് സിനിമാ കുടുംബത്തിലെ ഇളമുറക്കാരനായ യുവനടനെ നായകനാക്കി ആര്യ എന്ന ചിത്രം സംവിധാനം ചെയ്യുന്നു. ചിത്രം ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റായി മാറുന്നു. അവിടെ തെന്നിന്ത്യന്‍ സിനിമയിലെ സ്റ്റൈലിഷ് സ്റ്റാര്‍ പിറവി കൊള്ളുകയാണ്. അല്ലു അര്‍ജുന്‍ എന്ന നടനെ തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാക്കി മാറ്റിയ അതേ സംവിധായകന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അല്ലുവിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവാകുന്ന ചിത്രവുമായി എത്തിയിരിക്കുന്നു. ചന്ദനക്കടത്തുകാരന്‍ പുഷ്പരാജിന്റെ കഥയുമായെത്തിയ പുഷ്പ ദ റൈസ് തീയേറ്ററുകളില്‍ ബോക്‌സോഫീസ് കളക്ഷനുകള്‍ ഭേദിച്ച് മുന്നേറുമ്പോള്‍ സുകുമാര്‍ മാതൃഭൂമി ഡോട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ നിന്നും
ബണ്ണിയുടെ പുഷ്പ
പുഷ്പ ബണ്ണി (അല്ലു അര്‍ജുന്‍)ക്കൊപ്പമുള്ള എന്റെ മൂന്നാമത്തെ ചിത്രമാണ്. ആര്യയിലാണ് ഞങ്ങള്‍ ആദ്യം ഒന്നിച്ചത്. എന്റെ ആദ്യ ചിത്രവും ബണ്ണിയുടെ കരിയറിലെ രണ്ടാമത്തെ ചിത്രവുമായിരുന്നു ആര്യ. കണക്ക് അധ്യാപനം ഉപേക്ഷിച്ചാണ് ഞാന്‍ സിനിമയിലെത്തുന്നത്. ആര്യയില്‍ ഞാന്‍ പഠിപ്പിച്ച് കൊടുക്കുന്നതെന്തോ അത് ചെയ്തു കാണിക്കുകയായിരുന്നു ബണ്ണി. എന്നാലിന്ന് ഏറെ സന്തോഷത്തോടെ ഞാന്‍ പറയുന്നു അത് നേരെ തിരിച്ചായി മാറിയിരിക്കുന്നു. ഇന്ന് ബണ്ണി എന്നെ പഠിപ്പിക്കുകയും ഞാനത് പഠിച്ചെടുക്കുകയുമാണ്. അത്രയേറെ ഒരു നടനെന്ന നിലയില്‍ ബണ്ണി വളര്‍ന്നിരിക്കുന്നു. ഒന്നിച്ച് ചിത്രങ്ങള്‍ ചെയ്താലും ഇല്ലെങ്കിലും ഞങ്ങള്‍ എന്നും സൗഹൃദത്തിലായിരുന്നു. പല കാര്യങ്ങളും പരസ്പരം സംസാരിക്കും. എന്റെ ആത്മാര്‍ഥ സുഹൃത്ത്. എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും പരസ്പരം താങ്ങാവുന്ന രണ്ട് പേരാണ് ഞങ്ങള്‍. ഞങ്ങളുടെ ആ ബന്ധം ഇന്നും ഊഷ്മളമായി തുടരുന്നു.
ആര്യ 2 പുറത്തിറങ്ങി 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുഷ്പ വരുന്നത്. പക്ഷേ ആ ഇടവേള ഞങ്ങളുടെ സൗഹൃദത്തില്‍ അനുഭവപ്പെട്ടിട്ടില്ല. ആര്യ 2-ന് ശേഷം എന്റെ മനസിലുണ്ടായിരുന്ന കഥാപാത്രമായിരുന്നു പുഷ്പ. വ്യത്യസ്തമായ ഒരു റോളിലൂടെ അല്ലുവിന് തന്റെ തന്നെ അഭിനയ സാധ്യതകള്‍ കൂടുതല്‍ കണ്ടെത്താന്‍ അവസരം നല്‍കണമെന്നുണ്ടായിരുന്നു. അതിനൊരു അവസരം വന്നപ്പോള്‍ ആ കഥാപാത്രത്തെ മുന്‍ നിര്‍ത്തി ചിത്രം ചെയ്യാന്‍ തീരുമാനിച്ചു. ആര്യയ്ക്ക് ശേഷം ബണ്ണി അറിയപ്പെടുന്നത് 'സ്‌റ്റൈലിഷ് സ്റ്റാര്‍' എന്നാണ്. എന്നാല്‍ എനിക്കത് മാറ്റണമെന്നുണ്ടായിരുന്നു. അങ്ങനെ പുഷ്പയിലൂടെ ബണ്ണി 'ഐക്കോണിക് സ്റ്റാര്‍' ആയി. പുഷ്പയായുള്ള ബണ്ണിയുടെ മെയ്‌ക്കോവര്‍ അപാരമായിരുന്നു. ഗ്ലാമര്‍ പരിവേഷം ഒട്ടുമില്ലാത്ത കഥാപാത്രമാണ്. പക്ഷേ ഒരിക്കല്‍ പോലും അതില്‍ അദ്ദേഹം പരിഭവം പറഞ്ഞിട്ടില്ല.
കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത പുഷ്പ
പുഷ്പയ്ക്ക് കിട്ടിയ ഈ സ്വീകരണം ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. പക്ഷേ ബണ്ണിക്കത് ഉറപ്പായിരുന്നു. ഞങ്ങളുടെ നിര്‍മാതാക്കള്‍ക്കും അത് ഉറപ്പായിരുന്നു. അവര്‍ക്ക് പുഷ്പയെ മറ്റ് ഭാഷകളിലും അവതരിപ്പിക്കണമെന്നും ഒരേസമയം റിലീസും ചെയ്യണമെന്നുമുണ്ടായിരുന്നു. പക്ഷേ എനിക്ക് ആശങ്കയായിരുന്നു. തെലുങ്കില്‍ മാത്രമായി ചിത്രമൊരുക്കാനാണ് ഞാന്‍ തീരുമാനിച്ചത്. മറ്റ് ഭാഷകളില്‍ മൊഴിമാറ്റം ചെയ്യാമെന്നും. പല സമയത്തും ഡബ്ബിങ്ങും മറ്റുമായി പല ഭാഷകളില്‍ പ്രശ്‌നങ്ങള്‍ വന്നപ്പോഴും അവര്‍ തീരുമാനത്തില്‍ തന്നെ ഉറച്ച് നിന്നു. പ്രത്യേകിച്ച് ബണ്ണി. അവരുടെ എല്ലാം ആത്മവിശ്വാസത്തിന്റെ ഫലമാണ് പുഷ്പയ്ക്ക് ലഭിച്ച് ഈ സ്വീകരണം. സത്യത്തില്‍ ഈ കളക്ഷന്‍ റിപ്പോര്‍ട്ടെല്ലാം എന്നെ ഞെട്ടിച്ചു കളഞ്ഞു.
കടുത്ത ഫഫ ആരാധകന്‍
മഹേഷിന്റെ പ്രതികാരം കാണുന്നത് വരെ ഫഹദ് ഫാസില്‍ എന്ന നടനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ മഹേഷിന്റെ പ്രതികാരം കണ്ട ശേഷം ഞാനദ്ദേഹത്തിന്റെ കടുത്ത ആരാധകനായി മാറി. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും കാണാന്‍ തുടങ്ങി. അതെന്റെ ആരാധന കൂട്ടി. ഞാനും എന്റെ ഭാര്യയും എന്റെ സുഹൃത്തുക്കളും എല്ലാം ഫഫയുടെ ആരാധകരാണ്. തെലുങ്കില്‍ ഫഫയ്ക്ക് വലിയൊരു ആരാധകവൃന്ദമുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? പല പെണ്‍കുട്ടികളുടെയും പ്രൊഫൈല്‍ ചിത്രങ്ങള്‍ ഫഹദിന്റേതാണ്. അദ്ദേഹം പോലും അത് വിശ്വസിച്ചിരുന്നില്ല. ഞാന്‍ കള്ളം പറയുകയാണെന്നാണ് കരുതിയത്. പിന്നീട് പലരും വന്ന് കാണിച്ചു കൊടുത്തപ്പോഴാണ് അദ്ദേഹം അത് വിശ്വസിച്ചത്. ഓട്ടോഗ്രാഫ് വാങ്ങാനും സെൽഫിയെടുക്കാനും ആളുകൾ തിങ്ങിക്കൂടുകയായിരുന്നു.
ബന്‍വാര്‍ സിങ്ങ് ഷെഖാവത്തിനായി ഞങ്ങള്‍ ഫഹദിനെ സമീപിച്ചയുടനെ തന്നെ അദ്ദേഹം സമ്മതം അറിയിച്ചു. കഥ പോലും ചോദിച്ചില്ല. പിന്നീടാണ് അദ്ദേഹത്തിന് ഞാന്‍ കഥ പറഞ്ഞു കൊടുക്കുന്നത്.പ്രോംപ്റ്റിങ്ങ് ഇല്ലാതെയാണ് ഫഹദ് അഭിനയിച്ചത്. ബന്‍വാര്‍ സിങ്ങ് ആയി ഫഫ ഞെട്ടിച്ചു കളഞ്ഞു. ആദ്യ ഭാഗത്തില്‍ ഫഹദിന് അധികം സ്‌ക്രീന്‍ സ്‌പേസ് ഇല്ലാത്തത് ആരാധകര്‍ക്ക് അല്‍പം നിരാശ നല്‍കിയെന്നറിഞ്ഞു. പക്ഷേ രണ്ടാം ഭാഗം മുഴുവനും പുഷ്പയും ബന്‍വാര്‍ സിങ്ങും തമ്മിലുള്ളതാണ്. പുഷ്പ 2വില്‍ ഇരുവരുടെയും ആരാധകര്‍ക്ക് തങ്ങളുടെ പ്രിയ താരങ്ങളെ മുഴുവന്‍ സമയവും സ്‌ക്രീനില്‍ കാണാം.
മല്ലു അര്‍ജുന്റെ പുഷ്പ
അല്ലു അര്‍ജുന്‍ അല്ലല്ലോ നിങ്ങള്‍ക്ക് അദ്ദേഹം മല്ലു അര്‍ജുന്‍ അല്ലേ? മികച്ച പ്രതികരണമാണ് കേരളത്തിലെ ജനങ്ങള്‍ ചിത്രത്തിന് നല്‍കുന്നത്. പ്രദര്‍ശനത്തിന്റെ ആദ്യ ദിനം സാങ്കേതിക തകരാറുകള്‍ മൂലം ഞങ്ങള്‍ക്ക് മലയാളം പതിപ്പ് പുറത്തിറക്കാനായില്ല. കേരളത്തിലെ തീയേറ്ററുകളില്‍ തമിഴ് പതിപ്പാണ് ആദ്യ ദിവസം പ്രദര്‍ശിപ്പിച്ചത്. പക്ഷേ അതും ഇവിടുത്തെ ജനങ്ങള്‍ സ്വീകരിച്ചു. അത്രയ്ക്ക് സ്‌നേഹം അവര്‍ മല്ലു അര്‍ജുനും ഫഫയ്ക്കും നല്‍കുന്നുണ്ട്. കേരളത്തില്‍ ഇത്രയും കുറഞ്ഞ ദിനങ്ങള്‍ക്കുള്ളില്‍ ലഭിച്ച കളക്ഷന്‍ അതിന്റെ തെളിവാണ്.
ഡിഎസ്പി എന്ന സോള്‍മേറ്റ്
ആര്യ മുതല്‍ എന്റെ സംഗീത സംവിധായകനാണ് ദേവിശ്രീ പ്രസാദ്. സോള്‍മേറ്റ് എന്നൊക്കെ നമ്മള്‍ പറയില്ലേ. എനിക്കതാണ് ഡിഎസ്പി. ഞാനൊരു സംഗീതജ്ഞന്‍ അല്ല. പക്ഷേ എനിക്കെന്താണോ ചിത്രത്തില്‍ വേണ്ടത് അത് നല്‍കാന്‍ ഡിഎസ്പിക്ക് സാധിക്കും. ഞാന്‍, ഡിഎസ്പി, ഗാനരചയിതാവ് ചന്ദ്രബോസ് ഗാരു ആര്യ മുതല്‍ ഞങ്ങള്‍ ഒന്നിച്ചാണ്. പാട്ട് ചെയ്യാന്‍ ഞങ്ങള്‍ ഒന്നിച്ചിരിക്കുന്നത് ഒരു വെക്കേഷന്‍ പോലെയാണ്. സിനിമ ചെയ്യുന്നതിനേക്കാള്‍ ഞാനിഷ്ടപ്പെടുന്നത് ഈ മ്യൂസിക് സെഷനുകളാണ്. ആര്യ 2ന് ശേഷം ബണ്ണി ഞങ്ങള്‍ക്കൊപ്പം ചേരുന്നു എന്ന പ്രത്യേകത കൂടി പുഷ്പയ്ക്കുണ്ട്.
സാമന്ത സെന്‍സേഷന്‍
പുഷ്പയിലെ ഡാന്‍സ് നമ്പര്‍ പ്രത്യേകത നിറഞ്ഞതാകണമെന്ന് നിര്‍മാതാക്കള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സാമന്തയെപ്പോലെ ഇത്രയധികം ആരാധകരുള്ള ഒരു താരം ഈ ഗാനരംഗത്തില്‍ വന്നാല്‍ അത് സെന്‍സേഷനാകുമെന്ന് എനിക്ക് തോന്നി. അവര്‍ ഇന്നേ വരെ ഒരു ചിത്രത്തിലും ഇത്തരമൊരു ഗാനരംഗം ചെയ്തിട്ടില്ല. പക്ഷേ എന്നും പുതുമയുള്ള വേഷങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്ന താരമാണവര്‍. മികച്ചൊരു നടിയും അസാധ്യ കലാകാരിയുമാണവര്‍. എന്റെ ഏറ്റവും പ്രിയപ്പെട്ട നായികയാണ്. ഈ ഡാന്‍സ് നമ്പറിനായി സമീപിച്ചപ്പോള്‍ ആദ്യം സാമന്തയ്ക്ക് ആശങ്കകള്‍ ഉണ്ടായിരുന്നു. ഇത് ശരിയാകില്ല എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് അവരെ പറഞ്ഞ് മനസിലാക്കിച്ചു. സാമന്ത പുഷ്പയുടെ ഭാഗമായി. ആ ഗാനരംഗം ചിത്രത്തിന്റെ മൈലേജ് വര്‍ധിപ്പിച്ചു എന്ന് തന്നെ പറയാം.
പുഷ്പയും ബന്‍വാര്‍ സിംഗും നേര്‍ക്കുനേരെത്തുന്ന പുഷ്പ 2
ഫെബ്രുവരി അവസാനത്തോടെ പുഷ്പ 2ന്റെ ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയിടുന്നത്. 2022 ഡിസംബര്‍ 17ന് ചിത്രം തീയേറ്ററുകളില്‍ എത്തിക്കാനാവുമെന്നാണ് പ്രതീക്ഷയും. ഒരു ഇമോഷണല്‍ ഡ്രാമ ആയിരിക്കും പുഷ്പ 2. എന്റര്‍ടെയ്ന്‍മെന്റ് എന്നതില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അവര്‍ക്ക് ചിരിക്കാനും കരയാനും, ആക്ഷന്‍ രംഗങ്ങള്‍ ആസ്വദിക്കാനുമുള്ള വകയ്‌ക്കൊപ്പം പ്രണയവും പ്രണയ ഗാനങ്ങളുമെല്ലാം നിറഞ്ഞതാണ് ഒരു ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ ചിത്രമെന്ന് പറയുന്നത്. മറ്റേതൊരു ലോകസിനിമാ ശൃംഖലയിലും ഇതെല്ലാം ഒത്തിണങ്ങി നിങ്ങള്‍ക്ക് കാണാനാകില്ല. അതാണ് നമ്മള്‍ നല്‍കുന്നത്. എന്തായാലും രണ്ടാം ഭാഗത്തില്‍ അല്ലുവും ഫഫയും നിങ്ങളെ അത്ഭുതപ്പെടുത്തും. പുഷ്പയും ബന്‍വാര്‍ സിങ്ങും തമ്മില്‍ നടക്കുന്ന വലിയ കളികള്‍ക്കാണ് നിങ്ങള്‍ പുഷ്പ 2ല്‍ സാക്ഷ്യം വഹിക്കുക.
Content Highlights : Pushpa director Sukumar Interview Allu Arjun Fahadh Faasil Rashmika Samantha
Content Highlights: