നാലുപതിറ്റാണ്ടിന്റെ സംഗീതയാത്ര; 'ബെസ്റ്റി'യിലൂടെ വീണ്ടും ഔസേപ്പച്ചൻ-ഷിബു ചക്രവർത്തി കൂട്ടുകെട്ട്

ഔസേപ്പച്ചന്‍, ഷിബു ചക്രവര്‍ത്തി
ഔസേപ്പച്ചന്‍, ഷിബു ചക്രവര്‍ത്തി

40 വര്‍ഷങ്ങള്‍ക്കുമുന്‍പ്, 1985-ല്‍ 'ശ്യാമ' എന്ന സിനിമയ്ക്കായി സംഗീതസംവിധായകനായ രഘുകുമാര്‍ ഒരുക്കിയ 'ചെമ്പരത്തിപ്പൂവേ ചൊല്ല്...' എന്ന പാട്ടിന് വയലിന്‍ വായിക്കാന്‍ചെന്ന ഔസേപ്പച്ചനെ ആ പാട്ടിന്റെ വരികള്‍ വല്ലാതെ ആകര്‍ഷിച്ചു, മുത്തുപോലെ വരികള്‍ സംഗീതത്തിലേക്ക് കോര്‍ത്തുെവച്ച ഗാനരചയിതാവ് ആരാണെന്ന് ഔസേപ്പച്ചന്‍ ചിന്തിച്ചുനില്‍ക്കെ ഷിബു ചക്രവര്‍ത്തി മുന്നില്‍ പ്രത്യക്ഷനായി സ്വയം പരിചയപ്പെടുത്തി. പിന്നാലെ 'വീണ്ടും' എന്ന ജോഷി-മമ്മൂട്ടി സിനിമയിലെ 'ദൂരെ മാമലയില്‍...' എന്ന പാട്ടൊരുക്കിക്കൊണ്ട് സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍-ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി ടീം പാട്ടിലെ കൂട്ട് തുടങ്ങി.

ഒരു മുത്തശ്ശിക്കഥ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ജനുവരി ഒരു ഓര്‍മ്മ, വന്ദനം, നമ്പര്‍ 20 മദ്രാസ് മെയില്‍, അന്ന, ജൂലായ് 4, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് തുടങ്ങി പിന്നീട് ഒട്ടേറെ സിനിമകള്‍, ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പിറന്നതെല്ലാം ഹിറ്റുകള്‍. സിനിമയിലും ജീവിതത്തിലും സൗഹൃദത്തിന്റെ തോണിയില്‍ ഇവര്‍ യാത്ര തുടങ്ങിയിട്ട് നാലുപതിറ്റാണ്ടുകള്‍ പൂര്‍ത്തിയാകുകയാണ്, 'ബെസ്റ്റി' എന്ന സിനിമയ്ക്കായി സൗഹൃദത്തിന്റെ ഈ നാല്‍പതാംവര്‍ഷത്തില്‍ ഇരുവരും ചേര്‍ന്നൊരുക്കിയ പാട്ടും പ്രേക്ഷകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു.

സൗഹൃദ, സംഗീത യാത്രയെക്കുറിച്ച് സംഗീതസംവിധായകന്‍ ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയും മനസ്സുതുറക്കുന്നു.....

നാലുപതിറ്റാണ്ട് ഒരുമിച്ചുള്ള സംഗീത-സൗഹൃദ യാത്ര, എന്താണ് ഈ കൂട്ടുകെട്ടിന്റെ വിജയ രസതന്ത്രം...

ഔസേപ്പച്ചന്‍: നാലുപതിറ്റാണ്ട് പിന്നിടുന്നു എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ഇത്രവര്‍ഷം തുടര്‍ച്ചയായി ഒരുമിച്ച് സിനിമാസംഗീതത്തില്‍ പ്രവര്‍ത്തിച്ച മറ്റൊരു കൂട്ടുകെട്ട് മലയാളത്തില്‍ ഇല്ലെന്നു തോന്നുന്നു. 40 വര്‍ഷം മുന്‍പ് ശ്യാമ എന്ന സിനിമയുടെ റെക്കോഡിങ് വേളയിലാണ് ഷിബു ചക്രവര്‍ത്തിയെ ഞാന്‍ പരിചയപ്പെടുന്നത്. വീണ്ടും എന്ന സിനിമയിലാണ് ഞങ്ങളൊന്നിച്ച് ആദ്യ പാട്ടുചെയ്യുന്നത്. അരമണിക്കൂര്‍ കൊണ്ടാണ് 'ദൂരെ മാമലയില്‍...' എന്ന ആദ്യപാട്ട് ഞങ്ങള്‍ ചെയ്തത്. അന്നുതന്നെ ഞങ്ങള്‍ തമ്മിലുള്ള കൂട്ടിന്റെ രസതന്ത്രം തിരിച്ചറിഞ്ഞിരുന്നു.

ഷിബു ചക്രവര്‍ത്തി: വിജയ പരാജയങ്ങള്‍ക്കനുസരിച്ച് സൗഹൃദങ്ങള്‍ ഉണ്ടാകുകയും നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു മേഖലയാണ് സിനിമ. എന്നാല്‍, ഞങ്ങളൊരു പാട്ടുണ്ടാക്കുമ്പോള്‍ വിജയപരാജയങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. ജീവിതത്തിന്റെ ഒരുഘട്ടത്തിലും ഉലയാതെനിന്ന സൗഹൃദമായിരുന്നു ഞങ്ങളുടേത്. ഞാനും ഔസേപ്പച്ചനും ഒന്നിച്ച് വര്‍ക്ക് ചെയ്യാത്ത സിനിമകളിലെ പാട്ടുകളുണ്ടാക്കുമ്പോള്‍പോലും ഞങ്ങള്‍ ഒന്നിച്ചിരിക്കാറുണ്ട്. ഉദാഹരണത്തിന് രമേശന്‍ നായര്‍ എഴുതിയ വിചാരണയിലെ 'ഒരുപൂവിരിയുന്ന സുഖമറിഞ്ഞു...' എന്ന പാട്ട് കംപോസ് ചെയ്യാന്‍ ഔസേപ്പച്ചന്റെ കൂടെ ഞാനിരുന്നിട്ടുണ്ട്.

ആകാശദൂതിലെ 'രാപ്പാടീ കേഴുന്നുവോ', 'ഉണ്ണികളേ ഒരുകഥ പറയാം' തുടങ്ങി എത്രയോ സിനിമകളിലെ പാട്ടുകള്‍ കമ്പോസ് ചെയ്യാന്‍ ഔസേപ്പച്ചനൊപ്പം ഞാനുമുണ്ടായിരുന്നു. മറിച്ച് ധ്രുവമടക്കം എന്റെ ഒട്ടേറെ ഹിറ്റ് സിനിമകളിലെ പാട്ടെഴുതുന്ന വേളയില്‍ ഔസേപ്പച്ചന്‍ കൂടെ നിന്നിട്ടുണ്ട്. ട്യൂണിന് വരി ചേരുന്നുണ്ടോ എന്ന് ഔസേപ്പച്ചനാണ് കേട്ട് അഭിപ്രായങ്ങള്‍ പറഞ്ഞുതന്നത്.

ഔസേപ്പച്ചന്‍: അതെല്ലാം സാധ്യമായത് സൗഹൃദംകൊണ്ടാണ്. മറ്റൊരാള്‍ എഴുതുന്ന പാട്ടായാലും സംഗീതം ചെയ്യുന്ന പാട്ടായാലും അതില്‍ ഞാനോ ഷിബുവോ ഭാഗഭാക്കാണ് എങ്കില്‍ അത് ഞങ്ങളുടെ പാട്ടാണ്. അതുകൊണ്ടാണ് അത്തരം ഇടപെടലുകള്‍ സാധ്യമാകുന്നത്. നമ്മുടെ മനസ്സിലെ ചിന്തകള്‍പോലും പലസമയങ്ങളിലും സമാനമാകാറുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒരു മുത്തശ്ശിക്കഥയിലെ പാട്ട് അതിന് ഉദാഹരണമാണ്. ആ സിനിമയുടെ കമ്പോസിങ്ങിനിരുന്നപ്പോള്‍ ആദ്യം വരി എഴുതൂവെന്ന് ഞാനും അല്ല ട്യൂണ്‍ ആദ്യം ഇടൂ എന്ന് ഷിബുവും പറഞ്ഞു.

അവസാനം രണ്ടുപേരും കുറച്ച് സമയം മാറിയിരുന്നു. ഞാനൊരു ട്യൂണ്‍ ഉണ്ടാക്കി, ഷിബു അപ്പോഴേക്ക് വരിയും എഴുതി. ഞാന്‍ ട്യൂണ്‍ പാടാനൊരുങ്ങിയപ്പോള്‍ ഇനി വരി വായിച്ചിട്ട് ട്യൂണ്‍ പാടിയാല്‍ മതി എന്നായി ഷിബു. അങ്ങനെ എന്റെ മനസ്സിലുണ്ടായ ട്യൂണിനനുസരിച്ച് ഞാന്‍ ആ വരികള്‍ പാടി നോക്കി, കണ്ടാല്‍ ചിരിക്കാത്ത കാക്കക്കറുമ്പിയേ കണ്ടാലറിയാമോ കാട്ടുപൂവേ, കരള്‍ കണ്ടൊന്നറിയാമോ കാട്ടുപൂവേ കിറുകൃത്യം ആയിരുന്നു. കേട്ടുനിന്ന പ്രിയദര്‍ശനില്‍പ്പോലും ആ സാമ്യം കൗതുകമുണ്ടാക്കി.

ഷിബു: പല പരീക്ഷണങ്ങളും ഞങ്ങളൊരുമിച്ച് വിജയകരമായി നടത്തിയിട്ടുണ്ട്. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ 'പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം...' എന്ന പാട്ട് അത്തരത്തിലൊന്നായിരുന്നു. ട്രെയിന്‍ യാത്രയുടെ താളമൊക്കെ നിറച്ച് ഔസേപ്പച്ചന്‍ ഒരു ട്യൂണ്‍ ഉണ്ടാക്കി കേള്‍പ്പിച്ചു. വരികളൊന്നും എഴുതി പാട്ടാക്കാന്‍ പറ്റിയ ട്യൂണല്ലെന്നും സിനിമയിലെ പശ്ചാത്തലസംഗീതമാക്കാം എന്നും ഔസേപ്പച്ചന്‍ പറഞ്ഞു. അതിന് വരികളെഴുതി നോക്കിയാലോ എന്ന് അപ്പോള്‍ എനിക്ക് തോന്നി. ''റെക്കോഡിങ്ങിനുപോയി വരൂ ഞാനൊരു പരീക്ഷണം നോക്കട്ടെ'' എന്ന് ഔസേപ്പച്ചനോട് പറഞ്ഞു.

ഞാന്‍ ഈ ട്യൂണിന് വരികളെഴുതുന്നത് തൊട്ടടുത്ത മുറിയില്‍ താമസിച്ച ഒ.എന്‍.വി. സാര്‍ കണ്ടു. ''നിനക്കൊക്കെ എന്താണ് വട്ടാണോ..?'' എന്നാണ് ട്യൂണ്‍ കേട്ട് അദ്ദേഹം ചോദിച്ചത്. കാരണം അദ്ദേഹം ട്യൂണിട്ട് പാട്ടെഴുതുന്നതിനുതന്നെ എതിരായിരുന്നു. പക്ഷേ, വൈകീട്ട് ഔസേപ്പച്ചന്‍ വന്നപ്പോഴേക്കും പാട്ട് റെഡി, ഒരുപക്ഷേ, ഇന്ത്യന്‍ സിനിമയിലെത്തന്നെ ആദ്യ ട്രെയിന്‍ സോങ് ആയിരിക്കും അത്. ആ പാട്ട് വലിയ ഹിറ്റാവുകയും ചെയ്തു.

ബെസ്റ്റിയിലെ പാട്ടിന്റെ പിറവിയെക്കുറിച്ച്

ഔസേപ്പച്ചന്‍: അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട എം.ടി. വാസുദേവന്‍ നായരുടെ മനോരഥങ്ങള്‍ എന്ന ആന്തോളജി സീരിസിലെ ശ്യാമപ്രസാദ് സംവിധാനം ചെയ്ത കാഴ്ച എന്ന സിനിമയ്ക്കുവേണ്ടിയാണ് അടുത്തിടെ ഞങ്ങള്‍ ഒരുമിച്ചത്. ആ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ഞങ്ങളുടെ കൂട്ടുകെട്ടില്‍ തന്റെ സിനിമയില്‍ ഒരുപാട്ട് വേണമെന്ന 'ബെസ്റ്റി'യുടെ നിര്‍മാതാവ് ബെന്‍സി പ്രൊഡക്ഷന്‍ ഉടമ അബ്ദുള്‍ നാസറിന്റെ നിര്‍ബന്ധമാണ് വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെണ്‍കിടാവുപോല്‍... എന്ന പാട്ടിന്റെ പിറവിക്ക് കാരണമായത്.

ഒരുപാട്ട് ചെയ്യാമോ എന്ന് ആദ്യം ചോദിച്ചപ്പോള്‍ ഞാന്‍ പറ്റില്ല എന്ന് പറഞ്ഞിരുന്നു. കാരണം സിനിമയിലെ മറ്റ് പാട്ടുകളെല്ലാം വേറെ ടീമാണ്. എന്നാല്‍, ഷിബു നമുക്കൊന്ന് ചെയ്തുനോക്കിയാലോ എന്ന് ചോദിച്ചപ്പോഴാണ് ഞാന്‍ സമ്മതിച്ചത്. മാത്രമല്ല ബെസ്റ്റിയുടെ സംവിധായകനായ ഷാനു സമദും ഞങ്ങളുടെ പാട്ട് വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. വളരെ നന്നായിത്തന്നെ ആ പാട്ടുവരുകയും യുട്യൂബില്‍ ഒരുമില്യണിലധികം പേര്‍ ഇതിനകം ആസ്വദിക്കുകയും ചെയ്തു. എല്ലാവര്‍ക്കും പാട്ട് ഇഷ്ടപ്പെട്ടു എന്നതില്‍ സന്തോഷമുണ്ട്

ഷിബു: ഇതുവരെ ചെയ്ത സിനിമകളിലെല്ലാം സംവിധായകര്‍ വിശ്വാസപൂര്‍വം ഞങ്ങളെ പാട്ട് ഏല്‍പ്പിക്കുകയായിരുന്നു. പാട്ട് പൂര്‍ത്തിയായശേഷം റെക്കോഡിങ് വേളയിലാണ് പല സംവിധായകരും പാട്ട് കേള്‍ക്കാറുള്ളത്. കാരണം ഞങ്ങളുടെ കൂട്ടുകെട്ടിനെ അവര്‍ അത്രമാത്രം വിശ്വസിച്ചിരുന്നു. ആ വിശ്വാസം ഇപ്പോഴും കാത്തുസൂക്ഷിക്കാന്‍ സാധിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്. ബെസ്റ്റിയിലെ പാട്ടുകേട്ട് മോശമായി എന്ന് ആരും പറഞ്ഞിട്ടില്ല. ഒരുമിച്ച് ഇനിയും ഒട്ടേറെ നല്ല പാട്ടുകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. 

Content Highlights: 40 Years of Ouseppachan-Shibu Chakravarthy Musical Journey