മരണത്തിന്റെ ദൂതനോ ഓപ്പന്‍ഹൈമര്‍? അതോ വേട്ടയാടപ്പെട്ടവനോ?

ആണവായുധങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൻഹൈമറുടെ ജീവിതത്തെ അടിസ്ഥാനമാക്കി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത 'ഓപ്പൻഹെയ്മർ' 81ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ഓപ്പൻഹെെമറായെത്തിയ കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരവും 'ഓപ്പൻഹെയ്മറി'നാണ്. ക്രിസ്റ്റഫർ നോളനാണ് മികച്ച സംവിധായകൻ.
യു.എസ് അറ്റോമിക് എനർജി കമ്മീഷൻ അംഗം ലൂയിസ് സ്റ്റോസ്സിനെ അവതരിപ്പിച്ച റോബർട്ട് ഡൗണി ജൂനിയർ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി.
ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം ലുഡ്‌വിഗ് ഗൊരാൻസൺ നേടി.
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തില്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ച് ആയിരക്കണക്കിന് ആളുകളെ കൊന്നത് സ്‌കൂള്‍ കാലഘട്ടം മുതല്‍ സാമൂഹ്യപാഠ പുസ്‌കത്തിലൂടെ വായിച്ചറിഞ്ഞ ചരിത്രമാണ് ഒട്ടുമിക്കവര്‍ക്കും. എന്നാല്‍, ആണവായുധത്തിന്റെ ചരിത്രം എന്തെന്ന് തിരഞ്ഞു പോകുമ്പോള്‍ എത്തിച്ചേരുന്നത് ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമര്‍ എന്ന വ്യക്തിയിലാണ്. ആണവായുധത്തിന്റെ പിതാവ് എന്ന പേരില്‍ ആഘോഷിക്കപ്പെടുകയും പിന്നീട് വേട്ടയാടുകയും ചെയ്യപ്പെട്ട ഭൗതിക ശാസ്ത്രജ്ഞന്‍.
ആരാണ് ഓപ്പന്‍ഹൈമര്‍? അണുബോംബ് കണ്ടുപിടിക്കുന്നതിന് മുന്‍പും ശേഷവും അദ്ദേഹത്തിന്റെ ജീവിതം എങ്ങിനെയായിരുന്നു? അംഗീകാരങ്ങളുടെ നെറുകയിലെത്തിയ ഓപ്പന്‍ഹൈമര്‍ പിന്നീട് എങ്ങിനെ ഒറ്റുകാരനായി?. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശ്രമിക്കുകയാണ് ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍. കൈ ബേര്‍ഡ്, മാര്‍ട്ടിന്‍ ജെ ഷെര്‍വിന്‍ എന്നിവര്‍ രചിച്ച 'അമേരിക്കന്‍ പ്രോമിത്യൂസ്: ദ ട്രൈംഫ് ആന്‍ഡ് ട്രാജഡി ഓഫ് ജെ റോബര്‍ട്ട് ഓപ്പന്‍ഹൈമര്‍' എന്ന 2005-ല്‍ പുറത്തിറങ്ങിയ ജീവചരിത്രത്തെ ആധാരമാക്കിയാണ് നോളന്‍ ചിത്രമൊരുക്കിയത്.
കിലിയന്‍ മര്‍ഫിയാണ് ചിത്രത്തില്‍ ഓപ്പന്‍ഹൈമറെ അവതരിപ്പിക്കുന്നത്. റോബര്‍ട്ട് ഡൗണി ജൂനിയര്‍, എമിലി ബ്ലണ്ട്, മാറ്റ് ഡാമന്‍, ഫ്ലോറന്‍സ് പഗ്ഗ്, ജോഷ് ഹാര്‍ട്ട്നെറ്റ്, കേസി അഫ്ലെക്, റാമി മാലിക്ക്, കെന്നത്ത് ബ്രനാഗ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഓപ്പന്‍ഹൈമറിന്റെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റയിലെ വിദ്യാഭ്യാസകാലം മുതലാണ് സിനിമ ആരംഭിക്കുന്നത്. ഹാര്‍വാര്‍ഡിലെ പഠനം അദ്ദേഹത്തിന് സംതൃപ്തി നല്‍കുന്നില്ല. തുടര്‍ന്ന് ക്വാണ്ടം മെക്കാനിക്സില്‍ തല്‍പ്പര്യം തോന്നിയ ഓപ്പണ്‍ഹൈമര്‍ പ്രമുഖ ഭൗതികശാസ്ത്രജ്ഞനായ മാക്സ് ബോണിന്റെ ശിക്ഷണത്തില്‍ ജര്‍മനിയിലെ ഗോട്ടിംഗന്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി പൂര്‍ത്തിയാക്കുന്നു. ആ കാലയളവില്‍ ക്വാണ്ടം മെക്കാനിക്സില്‍ അദ്ദേഹം ധാരാളം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ജര്‍മനിയില്‍നിന്ന് പഠനം അവസാനിപ്പിച്ച് തിരിച്ചുവരുന്ന ഓപ്പന്‍ഹൈമര്‍ പിന്നീട് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്കെലിയില്‍ അധ്യാപകനായി ജോലിയ്ക്ക് കയറുന്നു. സര്‍വ്വകലാശാലയിലെ തിരക്കുകള്‍ക്കിടയിലാണ് ജീന്‍ ടാറ്റ്ലോക് എന്ന മെഡിക്കല്‍ വിദ്യാര്‍ഥിയുമായി പ്രണയത്തിലാകുന്നത്. അമേരിക്കയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിലെ സജീവപ്രവര്‍ത്തകയാണ് ടാറ്റ്ലോക്. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ഓപ്പന്‍ഹൈമര്‍ ആകൃഷ്ടനാകുന്നത് അങ്ങനെയാണ്. എന്നാല്‍ ജീന്‍ ടാറ്റ്ലോകുമായുള്ള പ്രണയത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല, തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ കിറ്റി എന്ന യുവതിയെ വിവാഹം കഴിക്കുന്നു. മരണംവരെ അദ്ദേഹത്തിന്റെ പങ്കാളിയായിരുന്നു കിറ്റി.
ഒരു ഘട്ടമെത്തിയപ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍നിന്ന് പൂര്‍ണമായും മാറി നില്‍ക്കുന്ന ഓപ്പന്‍ഹൈമര്‍ ഗവേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുന്നു. ആ കാലഘട്ടത്തില്‍ തന്നെയാണ് ഹിറ്റ്ലറിന്റെ നാസി ഭരണത്തിലുള്ള ജര്‍മനി അണുബോംബ് നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. ഇത് അമേരിക്കയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞരെ പരിഭ്രാന്തരാക്കുന്നു. ബോംബ് നിര്‍മാണത്തില്‍ ജര്‍മനിയ്ക്ക് മുന്‍പേ സഞ്ചരിച്ചില്ലെങ്കിൽ അമേരിക്കയ്ക്ക് ഭീഷണിയാകുമെന്നതായിരുന്നു അവരുടെ ആശങ്ക. അങ്ങനെയാണ് മാന്‍ഹട്ടണ്‍ പ്രൊജക്ട് എന്ന ആശയത്തിലേക്ക് എത്തുന്നത്.
ഈ പ്രൊജക്ടിന്റെ ചുമതല വഹിച്ചിരുന്ന ലെസ്ലി ഗ്രോവ്സ് ആണ് ലോസ് ആലാമോസ് ലബോറട്ടറിയുടെ ഡയറക്ടറായി ഓപ്പന്‍ഹൈമറുടെ പേര് നിര്‍ദ്ദേശിക്കുന്നത്. പരിചയക്കുറവും കമ്മ്യൂണിസ്റ്റ് ബന്ധവും ആരോപിച്ച് ഓപ്പന്‍ഹൈമറിന്റെ നിയമനത്തെ പലരും വിമര്‍ശിച്ചുവെങ്കിലും അതിനെയെല്ലാം മറികടന്ന് മുന്നോട്ടുപോവുകയായിരുന്നു ലെസ്ലി ഗ്രോവ്സ്. ലോസ് ആലാമോസ് ലബോറട്ടറില്‍ ഓപ്പന്‍ഹൈമറും സംഘവും അണുബോംബ് നിര്‍മിക്കാനായി നടത്തുന്ന സംഭവബഹുലമായ യാത്രയാണ് ചിത്രത്തെ ഉദ്വേഗജനകമാക്കുന്നത്. ഹിരോഷിമ-നാഗസാക്കി സ്‌ഫോടനത്തിന് ശേഷം ഹീറോ ആകുന്ന ഓപ്പന്‍ഹൈമറിനെ തൊട്ടുപിന്നാലെ രാജ്യദ്രോഹിയായി ചിത്രീകരിച്ച് വേട്ടയാടുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് കഥ പിന്നീട് സഞ്ചരിക്കുന്നത്.
ഒരു പക്കാ നോളന്‍ സിനിമയല്ല ഓപ്പന്‍ഹൈമര്‍. നോണ്‍ ലീനിയറായി കഥ പറയുന്ന ചിത്രത്തെ നാല്ഘട്ടങ്ങളായി വേര്‍തിരിക്കാം. സിജിഐ-വിഎഫ്എക്സ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ അതിപ്രസരമില്ലാതെ കെട്ടുറപ്പുള്ള തിരക്കഥയും മനോഹരമായ അവതരണവുമാണ് ഓപ്പന്‍ഹൈമറെ വത്യസ്തമാക്കുന്നത്. നോളന്റെ മറ്റു സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ സംഭാഷണങ്ങള്‍ ഏറെയുള്ള ചിത്രമാണ് ഓപ്പന്‍ഹൈമര്‍. ഈ സംഭാഷണങ്ങള്‍ക്കിടയില്‍ പശ്ചാത്തല സംഗീതത്തെയും നിശബ്ദതയെയും അതിസമര്‍ഥമായാണ് ഉപയോഗിച്ചിരിക്കുന്നത്. ലുഡ്‌വിഗ് ഗൊരാന്‍സണാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഹായ്‌ട്ടെ വാന്‍ ഹൊയ്ട്ടാമയാണ് ഛായാഗ്രഹണം. ജെന്നിഫര്‍ ലാം എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു.
ഓപ്പന്‍ഹൈമറായി കിലിയന്‍ മര്‍ഫി മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ഓപ്പന്‍ഹൈമറിന്റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടാണ് ഹിരോഷിമ-നാഗസാക്കി ദുരന്തത്തിന്റെ തീവ്രത പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 'ഞാന്‍ മരണമാകുന്നു; ലോകത്തിന്റെ അന്തകന്‍ ' എന്ന വാക്കുകളിലൂടെ ആയിരക്കണക്കിന് ജപ്പാന്‍കാരുടെ മരണത്തിന് താന്‍ നിമിത്തമായല്ലോ എന്ന കുറ്റബോധം ഓപ്പന്‍ഹൈമറെ വേട്ടയാടുന്നത് കാണാം. അതിവൈകാരികമായ ഈ രംഗങ്ങളിലെല്ലാം കിലിയന്‍ മര്‍ഫിയെന്ന പ്രതിഭയുടെ കൈകളില്‍ ഭദ്രമായിരുന്നു. ആറ്റോമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാനായെത്തുന്ന റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്.
Content Highlights: robert oppenheimer, hollywood Cinem, Golden Globe awards, best actor director movie