'അച്ഛന് മൂത്ത മകനായിരുന്നു ചിറ്റപ്പന്‍, ഞാന്‍ ഇളയവനും'

#രഞ്ജന കെ
-
-

ഇന്ന് ജൂലൈ 2. സംഗീതസംവിധായകനും പിന്നണിഗായകനുമായിരുന്ന എം.ജി രാധാകൃഷ്ണന്റെ പത്താമത്തെ ഓർമ്മദിനം. മറന്നാലല്ലേ ഓർമ്മ എന്ന വാക്കിന് അർഥമുണ്ടാവുകയുള്ളൂവെന്ന് പറയുകയാണ് എം.ജി രാധാകൃഷ്ണന്റെ മകനും ദേശീയ പുരസ്കാരജേതാവായ സൗണ്ട് എഞ്ചിനീയറുമായ എം ആർ. രാജാകൃഷ്ണൻ. എം ജി രാധാകൃഷ്ണന്റെയും ഗാനരചയിതാവും എഴുത്തുകാരിയുമായ പത്മജ രാധാകൃഷ്ണന്റെയും മൂത്ത മകൻ. ചെന്നൈയിലെ ഫോർ ഫ്രെയിംസ് എന്ന പ്രസിദ്ധ ശബ്ദമിശ്രണസ്ഥാപനത്തിലെ അതിലും പ്രശസ്തനായ ശബ്ദമിശ്രകൻ. തെന്നിന്ത്യൻ ഭാഷകളിലും, എന്തിന്, ബോളിവുഡ് ചിത്രങ്ങളിലെ ശബ്ദവിന്യാസങ്ങൾ വരെ ക്രമപ്പെടുത്തിയിട്ടുളള പ്രതിഭ.. ദേശീയ പുരസ്കാരജേതാവ്... ഇതൊക്കെയെങ്കിലും എം.ജി രാധാകൃഷ്ണന്റെ മകൻ എന്നു തന്നെയാണ് പലർക്കിടയിലും താൻ അറിയപ്പെടുന്നതെന്നും ''അച്ഛൻ എങ്ങും പോയിട്ടില്ല'', തന്നോടൊപ്പം തന്റെ ജീവിതത്തിലുടനീളമുണ്ടെന്നും രാജാകൃഷ്ണൻ പറയുന്നു.

അച്ഛനോടൊപ്പം ഒരു മണിക്കൂർ സംസാരിച്ചിരിക്കുന്ന ഒരാൾക്ക് തീർച്ചയായും ഒരു അനുഭവം പറയാനുണ്ടാവും. അത് സിനിമാമേഖലയിലെ അച്ഛന്റെ സുഹൃത്തുക്കൾ ആരുമായിക്കൊള്ളട്ടെ. ആ നിലയ്ക്ക് എന്റെ കാര്യം പറയേണ്ടല്ലോ. അച്ഛന്റെ സംഗീതമാണ് എന്റെ ജീവിതത്തിന്റെ അടിത്തറ. പൂർണമായും അച്ഛന്റെ പാതയല്ലെങ്കിലും ആ പാതയോരത്തുകൂടെയൊക്കെയാണ് ഞാനും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സിനിമാശബ്ദമിശ്രണമാണ് എന്റെ മേഖല. 'എം ജി രാധാകൃഷ്ണന്റെ മകനെന്നല്ലാതെ രാജാ കൃഷ്ണന്റെ അച്ഛനെന്ന പേര് നീ എന്നെങ്കിലും കേൾപ്പിക്കുമോ?' അച്ഛനെന്നോട് പലപ്പോഴും ചോദിക്കാറുണ്ടായിരുന്നു. ആ ചോദ്യത്തിനു മറുപടി നൽകണമെന്ന വാശിയിൽ എനിക്ക് സാധിക്കുന്നതിന്റെ പരമാവധി ഞാൻ മുമ്പോട്ടു പോയിട്ടുണ്ട്. എന്നാൽ ഇന്നും ഒരാളെ പരിചയപ്പെടുമ്പോൾ സൗണ്ട് എഞ്ചിനീയറാണ്, ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. എന്നൊക്കെ പറയും. അപ്പോഴൊന്നും അവരുടെ കണ്ണുകളിൽ കാണാത്ത തിളക്കം എം ജി രാധാകൃഷ്ണന്റെ മകനാണ് എന്നു പറയുമ്പോൾ കാണാം. അച്ഛന്റെ പാട്ടുകളുടെ ശക്തിയാണത്. സോഷ്യൽമീഡിയയിലും യുവജനതയുടെ ഹരമായ ടിക്ടോക്കിലൂടെയും അച്ഛൻ ഈണമിട്ട പാട്ടുകൾ കേൾക്കുമ്പോൾ സന്തോഷം തോന്നാറുണ്ട്. വൈറൽ ഗായകർക്കൊന്നും ഒരുപക്ഷേ അത് അച്ഛൻ ഈണമിട്ടതാണെന്നറിയില്ലായിരിക്കും. 'അമ്പലപ്പുഴേ' മുതൽ അച്ഛൻ പണ്ടെങ്ങോ ചെയ്തുവച്ച 'കക്കക്കക്കക്കാവതിക്കാക്ക' വരെ ടിക് ടോക്കിലോടുന്നുണ്ട്.

അമ്മയോടായിരുന്നു എനിക്ക് അടുപ്പം കൂടുതൽ. അച്ഛനോട് ഭയവും ആദരവുമാണെനിക്ക്. അച്ഛന്റെ പിന്നാലെ നടക്കാനായിരുന്നു എനിക്കിഷ്ടം. അച്ഛനാകട്ടെ എന്റെ തോളിൽ കൈയിട്ടു നടക്കാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. ഇന്നിപ്പോൾ വീണ്ടും ജൂലൈ 2 വന്നപ്പോൾ ജീവിതത്തിലിതുവരെ എല്ലാ കാര്യത്തിനും ഒപ്പമുണ്ടായിരുന്ന അമ്മയും ഞങ്ങളെവിട്ട് പോയി എന്ന വിഷമം കൂടിയാകുന്നു. ഉടനെ ചെന്നൈയിലേക്ക് തിരിച്ചുപോകുന്നില്ല. കൊച്ചിയിലിരുന്നാണ് കുറച്ച് ജോലി ചെയ്യുന്നത്.

മുറ്റത്തെ മുല്ലയായിരുന്നു എനിക്ക്. പാട്ട് പഠിച്ചുതുടങ്ങിയത് അപ്പച്ചി(ഡോ ഓമനക്കുട്ടി ടീച്ചർ)യിൽ നിന്നാണെങ്കിലും അച്ഛന്റെ സംഗീതം കണ്ടാണ് വളർന്നത്. കൊട്ടിൽ ബാക്ക് അപ് തന്നത് അച്ഛനാണ്. പത്തു വർഷത്തിധികം കാലം മൃദംഗം പഠിച്ചിട്ടുണ്ട്. പാട്ടിൽ തകർക്കണമെങ്കിൽ ഇവരേക്കാളുമൊക്കെ നന്നായി പാടണമല്ലോ. അത്രയ്ക്കില്ലാത്തത് കൊണ്ട് മറ്റു മേഖലകളിലേക്ക് തിരിഞ്ഞു. (ചിരിക്കുന്നു)

ഒരു സെക്കന്റ് മതി അച്ഛന് പാട്ടുണ്ടാക്കാൻ. അതു കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി ട്യൂണിടാൻ ഇരുന്നലും രണ്ടു ദിവസത്തിൽ കൂടുതൽ പോകില്ല. അതിനുള്ളിൽ പടം മുഴുവൻ തീർക്കും. അച്ഛന്റെ ആ കഴിവ് എനിക്കില്ല എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മീഡിയയും ഫെയ്സ്ബുക്കും ഒന്നു ഇല്ലാത്ത കാലത്താണ് അച്ഛന് സംഗീതത്തിൽ വലിയ സ്വാധീനം കൊണ്ടു വരാൻ സാധിച്ചത്. സംഗീതപാരമ്പര്യത്തിന്റെ പിൻബലത്തോടെ പിന്നണിസംഗീതത്തിന്റെ സാങ്കേതികതയിലേക്ക് തിരിഞ്ഞപ്പോൾ എനിക്കവിടെ ഒരു ലോകമുള്ളതായി തോന്നി. ഞാൻ പറയുന്നതിന് ആളുകൾ വില കല്പിക്കുന്നതായി കണ്ടു. ആ യാത്ര ഇന്നും തുടരുന്നു.

അച്ഛന്റെ ആരാധികയായിരുന്നു അമ്മ. അന്ധമായ ആരാധനയായിരുന്നു. അമ്മയുടെ പാട്ടുകളിലും അച്ഛനോടുള്ള ആ ആരാധന തന്നെയാണ് നിഴലിച്ചിരുന്നത്. 'ഒരു മാത്ര ഞാനൊന്നു കണ്ടേയുള്ളൂ' എന്ന ഗാനം അമ്മ എഴുതിയതാണ്. അച്ഛന്റെ മരണശേഷം അമ്മ എഴുതി ജയേട്ടൻ(എം ജയചന്ദ്രൻ) സംഗീതം നൽകിയതാണ് 'നിന്നെ ഞാൻ കാണുന്നു'എന്ന പാട്ട്.

അമ്മ വിമൻസ് കോളേജിൽ പഠിക്കുന്ന കാലത്താണ് അച്ഛൻ ആകാശവാണിയിൽ ജോലി ചെയ്തിരുന്നത്. അച്ഛനന്ന് 18 വയസ്സ്. പതിവായി വിമൻസ് കോളേജിന്റെ മുമ്പിൽകൂടിയേ അച്ഛൻ പോകുമായിരുന്നുള്ളൂ. അമ്മ എഴുതിയ ഒരു പാട്ട് കമ്പോസ് ചെയ്യുന്നതിലൂടെയാണ് അവർ പരിചയപ്പെടുന്നത്. പാട്ടെഴുത്തും ചെറുകഥകളും. അതായിരുന്നു അമ്മയുടെ ഇഷ്ടങ്ങൾ.

അച്ഛനും അമ്മയും ചേർന്ന് ലളിതഗാനങ്ങളടക്കം നിരവധി പാട്ടുകൾ ചെയ്തിട്ടുണ്ട്. അമ്മ വരികളെഴുതും, അച്ഛൻ ട്യൂൺ ചെയ്യും. അതെല്ലാം ഏതെങ്കിലും സിനിമയിൽ പാട്ടായി വന്നിരുന്നെങ്കിൽ എന്നു തോന്നിപ്പോയിട്ടുണ്ട്.

കുട്ടിക്കാലത്തൊക്കെ ഓരോ തവണയും റെക്കോർഡിങ് കഴിഞ്ഞ് അച്ഛൻ ചെന്നൈയിൽ നിന്നു തിരിച്ചു വരുന്നത് കാത്ത് എയർപോർട്ടിലിരിക്കും. അച്ഛനെ കാണുന്നതിലും എക്സൈറ്റ്മെന്റ് അച്ഛൻ സംവിധാനം ചെയ്ത പുതിയ ഈണം കേൾക്കാനായിരുന്നു. കൈയിൽ കരുതിയിട്ടുണ്ടാകും കാസറ്റ്. പുതിയ പാട്ടിന്റെ ഈണമുണ്ടാകും അതിൽ. ചിലപ്പോൾ തന്നന്നാ എന്നൊരു ട്യൂണേ ഉണ്ടാകൂ. അതൊരു പൂർണഗാനമായി ഉടലെടുക്കുന്നതിനു മുമ്പേ ആ ഈണം കേൾക്കാനുളള ആകാംക്ഷയിലായിരിക്കും ഞാൻ. പിന്നീട് ഒരാഴ്ച്ച ആ ഈണം തന്നെയായിരിക്കും വീട്ടിൽ മുഴുവൻ. ടേപ്പ് റെക്കോഡറിൽ അതിങ്ങനെ ആവർത്തിച്ചാവർത്തിച്ച് വച്ചു കേൾക്കും. അതൊക്കെ ഒരു കാലം.

അച്ഛനോടൊപ്പമുള്ള എന്റെ സംഗീതയാത്ര ആരംഭിക്കുന്നത് മണിച്ചിത്രത്താഴിലാണ്. ഞാനന്ന് തിരുവനന്തപുരത്ത് മാർ ഇവാനിയോസിൽ ഡിഗ്രിക്ക് പഠിക്കുകയാണ്. ചെന്നൈയിൽ വച്ചായിരുന്നു കമ്പോസിങ്ങും റെക്കോർഡിങ്ങുമെല്ലാം. നല്ല ഓർമ്മയുണ്ട്. എന്റെ ആദ്യ ചെന്നൈ യാത്ര. കോളേജിൽ പഠിക്കുന്ന പയ്യന്റെ കൗതുകത്തോടെ മുഴുവൻ സമയവും ഞാൻ സ്റ്റുഡിയോയിലുണ്ടായിരുന്നു. റെക്കോർഡിങ് ഇടവേളകളിൽ യേശുദാസ് മാമനും പ്രഭ ആന്റിയുമാണ് അന്ന് ചെന്നൈ നഗരം എനിക്ക് കാട്ടിത്തന്നത്.

കമ്പോസിങ് മാത്രമുണ്ടായിരുന്ന ഒരു ദിവസം. മുറിയിൽ അച്ഛനോടൊപ്പമിരുന്ന എന്നെ വിളിച്ച് ദാസ് മാമൻ സ്റ്റുഡിയോയിലെത്തി. അന്ന് മാമന് ഔസേപ്പച്ചൻ സാറിന്റെ ഒരു പാട്ട് റെക്കോർഡിംഗുണ്ടായിരുന്നു. കൈതപ്രം സാറും സ്റ്റുഡിയോയിലുണ്ടായിരുന്നു. ഞാനും അവിടെയിരുന്നു അതു മുഴുവൻ കേട്ടു. റെക്കോർഡിംഗ് കഴിഞ്ഞ് ദാസ് മാമൻ പ്രഭയാന്റിയെ വിളിച്ചു വരുത്തി. കൈയിലെ പെട്ടിയിൽ നിന്നും ഒരു കവറെടുത്ത് പ്രഭയാന്റിയെ ഏൽപ്പിച്ചു. എന്നെയും കൊണ്ട് ചെന്നൈ മുഴുവൻ കറങ്ങണമെന്നും ആവശ്യമുള്ളതെന്തും വാങ്ങിക്കൊടുക്കണമെന്നും പറഞ്ഞേൽപ്പിച്ചു. സെൻസർ പ്ലാസ എന്ന മാൾ കണ്ടതൊക്കെ ഓർമ്മയുണ്ട്. പിന്നീട് ദാസ് മാമനും ഷോപ്പിങ്ങിനൊപ്പം ചേർന്നു.

സ്വാതിതിരുനാൾ സംഗീതകോളേജിലെ പഠനകാലം തൊട്ടേയുള്ള സൗഹൃദമാണ് അച്ഛനും ദാസ് മാമനും തമ്മിൽ. സംഗീതസംവിധായകൻ രവീന്ദ്രനും അച്ഛന്റെ ബാച്ച്മേറ്റായിരുന്നു. അച്ഛന്റെ ആയുസ്സിനെ തല്ലിക്കെടുത്തിയ മദ്യപാനം എന്ന ദുശ്ശീലം ഇല്ലാതാക്കാൻ ദാസ് മാമനും ഏറെ ശ്രമിച്ചിട്ടുണ്ട്. അച്ഛൻ മദ്യപിക്കുന്നതിന് ദാസ് മാമൻ എന്നും എതിരായിരുന്നു. അതേച്ചൊല്ലി റെക്കോർഡിംഗിനിടയിൽ പോലും അവർ തമ്മിൽ വഴക്കു നടക്കാറുണ്ടായിരുന്നു. അച്ഛൻ മദ്യപിക്കുന്നുണ്ടോ എന്നു നോക്കാൻ ദാസ് മാമൻ എന്നെയും പറഞ്ഞേൽപ്പിക്കുമായിരുന്നു.

പഠനം കഴിഞ്ഞ് ഇനിയെന്ത് എന്ന ആലോചനയിലിരിക്കുന്ന കാലം. സംഗീതമാകും വഴിയെന്നറിഞ്ഞിരുന്നില്ല. കാരണം എനിക്ക് ശബ്ദത്തേക്കാൾ വിഷ്വലുകളിലായിരുന്നു താത്‌പര്യം. ഛായാഗ്രഹണം പഠിക്കണമെന്നും സന്തോഷ് ശിവനെ അസിസ്റ്റ് ചെയ്യണമെന്നുമുള്ള മോഹവുമായി നടന്ന എന്നെ ശബ്ദസാങ്കേതികതയുടെ ലോകത്തേക്ക് വിട്ടത് പ്രിയദർശനങ്കിളാണ്. ചെന്നൈയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഫോർഫ്രെയിംസിന്റെ പണികൾ ആരംഭിച്ചകാലമാണ്. എന്റെ ഭാവിപരിപാടികളെക്കുറിച്ച് ചോദിച്ചറിയുകയാണ് അങ്കിൾ. ഞാനെന്റെ ക്യാമറാസ്വപ്നങ്ങൾ അറിയിച്ചു. ക്യാമറ പഠിക്കാൻ എത്രനാളെടുക്കുമെന്നായി അങ്കിൾ. മൂന്നുനാലു വർഷമെടുക്കുമെന്ന് ഞാൻ പറഞ്ഞു. അതു കഴിഞ്ഞ് എത്രകാലം നീ സന്തോഷ് ശിവന്റെ സഹായിയായി ജോലി ചെയ്യും, അപ്പോൾ നിനക്കെത്ര വയസ്സാകുമെന്നൊക്കെ ചോദിച്ചു. മുപ്പത് വയസ്സു കഴിഞ്ഞ് നിൽക്കുന്ന നിനക്ക് അന്ന് ആരു സിനിമ തരുമന്നും ചോദിച്ചു. അങ്കിൾ തരുമെന്നായി ഞാൻ. അന്നെനിയ്ക്ക് സിനിമയുണ്ടാകുമെന്ന് നിന്നോടാരാ പറഞ്ഞത് എന്ന് അങ്കിൾ. അതെന്റെ ഊഹമാണെന്ന് ഞാനും പറഞ്ഞു. അപ്പോൾ അങ്കിളാനെന്നോട് പറഞ്ഞത്- 'സിനിമയെന്താണെന്ന് അച്ഛനും ചിറ്റപ്പനും പറഞ്ഞുതന്നിട്ടുള്ള അറിവല്ലേ നിനക്കുള്ളൂ. ഒരു ആറുമാസം നീ ഈ സ്റ്റുഡിയോയിലിരുന്ന് സിനിമയെന്താണെന്ന് പഠിക്ക്.. ചെലവൊക്കെ ഞാൻ വഹിച്ചോളാം' എന്നു പറഞ്ഞ് എന്നെ സ്വന്തം സ്ഥാപനമായ ഫോർ ഫ്രെയിംസിലേക്ക് ക്ഷണിച്ചത് അദ്ദേഹം തന്നെയാണ്. സൗണ്ട് എഞ്ചിനീയറിങ്ങിൽ വലിയ പിടിയൊന്നുമില്ലായിരുന്നു. കോളേജ് പഠനം കഴിഞ്ഞ് ചെന്നൈയിൽ പോകുന്നതിനു മുമ്പ് മൂന്നുമാസം സമയം കിട്ടി. അത് തൃശ്ശൂർ ചേതനയിൽ ചെലവഴിച്ചു. കാര്യങ്ങൾ മനസ്സിലാക്കി. കോഴ്സ് ആയൊന്നും പഠിച്ചിട്ടില്ല.

ഒരു സിനിമയിലേ ഞാൻ സംഗീതം ചെയ്തുള്ളൂ. സൗണ്ട് എഞ്ചിനീയറിങ്ങിൽ നിലനിൽപ്പായപ്പോൾ, ഇവിടെ സ്വീകരിക്കപ്പെട്ടു തുടങ്ങിയപ്പോൾ സംഗീതസംവിധാനം വിട്ടു. സംഗീത സംവിധായകർ എന്റെ അഭിപ്രായങ്ങൾ പരിഗണിക്കാറുണ്ട്. തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് തെന്നിന്ത്യൻ സിനിമകളിലൊക്കെ അങ്ങനെയാണ്. ബാല സാറിനൊപ്പവും.. രാജ സാറിന്റെ സംഗീതത്തിലും എല്ലാം ജോലി ചെയ്തിട്ടുണ്ട്. സിനിമ തരണേയെന്ന് അഭ്യർഥിച്ചു സംവിധായകരുടെ പിന്നാലെ നടന്നിട്ടുണ്ട്. ആദ്യമൊക്കെ അച്ഛന്റെ പേരു പറഞ്ഞും ചെന്നിട്ടുണ്ട്. എന്നെ ഒരു സിനിമ ഏൽപ്പിക്കുന്ന റിസ്ക് ആദ്യമെടുത്തത് സന്തോഷ് ശിവൻ തന്നെയാണ്. അപരിചിതനിൽ. അന്ന് മോണോ കാലഘട്ടമാണ്. 5.1 ഡിറ്റിഎസ്, ഡോൾബി ഒന്നും വന്നിട്ടില്ല. അപരിചിതൻ റിലീസായി ഡിറ്റിഎസ് തീയേറ്ററുകളിലെല്ലാം സൂപ്പർഹിറ്റായി ഓടി. ആ സിനിമ മലയാളസിനിമാമേഖലയിൽ തന്നെ ഒരു മാറ്റത്തിനു കാരണമായി എന്നു പറയാം. 35 ലക്ഷം രൂപ ചെലവിട്ട് തീയേറ്ററുകാരെല്ലാം ഡിറ്റിഎസ് ആക്കാൻ നെട്ടോട്ടമോടി. അപരിചിതനു ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

അച്ഛൻ അവസാനം സംഗീതം ചെയ്ത സിനിമ അനന്തഭദ്രം തന്നെയാണ്. സംവിധായകൻ സന്തോഷ് ശിവന്റെ നിർബന്ധത്തിനു പുറത്താണ് ആ അവസരം അച്ഛന് ലഭിച്ചത്. കരിയറിൽ ഞാൻ പച്ച പിടിച്ചതും അനന്തഭദ്രം മുതലാണ്. ഗാനങ്ങളെല്ലാം ഹിറ്റുകളാണല്ലോ. ചിത്രത്തിലെ തിര നുരയും ആണ് അച്ഛന്റെ പാട്ടുകളിൽ എനിക്കേറ പ്രിയപ്പെട്ടത്. തിരുവനന്തപുരത്ത് വച്ചായിരുന്നു കമ്പോസിങ്. അച്ഛനോടൊപ്പം എനിക്കും പുരസ്കാരങ്ങൾ ലഭിച്ച സിനിമയായിരുന്നു അത്. അനന്തഭദ്രത്തിനു ശേഷം അച്ഛൻ പകൽ എന്നൊരു സിനിമ ചെയ്തിരുന്നു. ആ സിനിമ അത്ര ഹിറ്റായിരുന്നില്ല. അതിനാൽ ശ്രദ്ധിക്കപ്പെട്ടില്ല. പലരും അച്ഛന്റെ കഴിവിനെ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ല എന്നു തോന്നിയിട്ടുണ്ട്.

സഹോദരി കാർത്തികയും പാടും. ഹരിശങ്കർ ഞങ്ങൾക്ക് കുഞ്ഞനുജനാണ്. ഹരിയുടെ ആദ്യവേദി എന്റെ കോളേജാണ്. മൂന്നു വയസ്സുള്ളപ്പോഴായിരുന്നു അത്. എന്റെ ക്ലാസ്മുറിയിൽ ബഞ്ചിനു മുകലിലിരുന്ന് 'മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ' എന്ന പാട്ടാണ് പാടിയത്. ഹരിയുടെ പാട്ടിന് ഞങ്ങളുടെയൊക്കെ പ്രോത്സാഹനമുണ്ട്.

ചിറ്റപ്പന്റെ(എം ജി ശ്രീകുമാർ) ഗാനമേളയ്ക്കൊക്കെ ഞാനും പോയിരുന്നു. സ്കൂട്ടറിൽ പോയിരുന്നത് ഓർമ്മയുണ്ട്. ഭക്ഷണം മേടിച്ചു തരും. പിന്നണിഗായകനായി അറിയപ്പെട്ടു തുടങ്ങിയ കാലം തൊട്ടേ അങ്ങനെയാണ്. ഞാനും ഗാനമേളയ്ക്കൊപ്പം കൂടാറുണ്ട്. ചിറ്റപ്പനോട് അച്ഛനോളം ആരാധന എനിക്കുണ്ട്. കാല് തിരുമ്മിത്തന്നാൽ ഐസ്ക്രീം വാങ്ങിച്ചുതരാമെന്നു പറയും. ഞാൻ ചെയ്തു കൊടുക്കും. എന്തു മേടിച്ചു തരാനും ചിറ്റപ്പനായിരുന്നു.

അച്ഛൻ കച്ചേരിക്കു പോകുമ്പോൾ ചിറ്റപ്പനും കൂടെയുണ്ടാകും. തംബുരുവും ശ്രുതിപ്പെട്ടിയുമൊക്കെയായി. ഒപ്പം പക്കമേളക്കാരുമുണ്ടാകും. കച്ചേരികൾക്കായി സാധകം ചെയ്യുമ്പോൾ കൂടെയിരുന്നു കേട്ടും കണ്ടുമാണ് ചിറ്റപ്പൻ സംഗീതം പഠിച്ചിട്ടുള്ളത്. മാസത്തിൽ പത്തോ പതിനഞ്ചോ കച്ചേരികളുണ്ടാകും. അച്ഛനും ചിറ്റപ്പനും തമ്മിൽ ഒരുപാട് പ്രായവ്യത്യാസമുണ്ട്. അച്ഛൻ മൂത്തമകനായാണ് ചിറ്റപ്പനെ കണ്ടിട്ടുള്ളത്. ഞാൻ രണ്ടാമത്തെ മകനായിരുന്നു എന്നും.

നെഗറ്റിവിറ്റിയുള്ള രാഗങ്ങൾ ഗുരുക്കൻമാർ പഠിപ്പിക്കില്ല. അതിലൊന്നാണ് ആഹരി. ആഹരി പാടിയാൽ ആഹാരം കിട്ടില്ല എന്നു പണ്ടേ പറയാറുണ്ടല്ലോ. അതിനാൽ തന്നെ ആരും ആ രാഗം ആരും ഉപയോഗിക്കാറില്ല. സിനിമയിൽ അതാദ്യം ഉപയോഗിച്ചത് അച്ഛനാണ്. ആ പാട്ടിനെക്കുറിച്ച് ചോദിച്ചാൽ ഒരു ബ്രാഹ്മണന്റെ കഥയാണ് അച്ഛൻ പറയാറുളളത്. ഒരിക്കൽ ഒരു ബ്രാഹ്മണൻ ആഹരി രാഗത്തിന്റെ ഈ ഒരു കുറവ് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചുവത്രേ. ഭക്ഷണപ്പൊതി കൈയിലെടുത്ത് ഒരു മരച്ചുവട്ടിലിരുന്ന് ആഹരി രാഗത്തിൽ ഒരു കീർത്തനമാലപിച്ചു. ഭക്ഷണപ്പൊതി നിലത്തു വയ്ക്കേണ്ടെന്നു കരുതി അരികിൽ കണ്ട് ഒരു മരക്കൊമ്പിൽ കെട്ടിത്തൂക്കിയിട്ടു. ആ മരം ഒരു മുളയായിരുന്നു. മുളമരം രാത്രി താഴുകയും വെയിലുമൂക്കുമ്പോൾ നിവരുകയും ചെയ്യുമല്ലോ. വിശന്ന ബ്രാഹ്മണൻ നോക്കുമ്പോൾ മുള നിവർന്നു നിൽക്കുകയാണ്. അന്നദ്ദേഹത്തിന് ആഹാരം കഴിക്കാൻ സാധിച്ചില്ല. ഇതൊരു ഐതിഹ്യമാണ്. അന്നത്തിന് തടസ്സമുണ്ടാകും. ഈ സിനിമ ഇറങ്ങിയ ഉടനെയാണ് അച്ഛൻ അസുഖബാധിതനായി ഒന്നരക്കൊല്ലത്തോളം ആശുപത്രിയിൽ കഴിയേണ്ടി വന്നത്. ഗാനരചിയതാവ് ബിച്ചുതിരുമലയും അന്ന് ആശുപ്ത്രിയിൽ കിടക്കുകയുണ്ടായി. രണ്ടുപേരും ആഹാരം കഴിക്കാതെ കിടന്നുവെന്നത് സത്യമാണ്. മണിച്ചിത്രത്താഴ് പോലൊരു ഹിറ്റിനു ശേഷം അച്ഛന് പിന്നെ പടങ്ങളുമുണ്ടായിട്ടില്ല. പഴം തമിഴ് പാട്ടിഴയും എന്ന ആ ഗാനം നന്നെ ശ്രദ്ധിക്കപ്പെട്ടു. ഇന്നും ആളുകൾ നെഞ്ചേറ്റുന്നു. എനിക്കതു പാടാനായില്ലല്ലോ എന്നു ചിറ്റപ്പൻ സങ്കടപ്പെട്ടിട്ടുള്ളത് എനിക്കോർമ്മയുണ്ട്.

അച്ഛനെ തേടി വരുന്ന അവസരങ്ങൾ വിനിയോഗിക്കുകയല്ലാതെ എനിക്കൊരു പടം തന്നൂടേ എന്നു ചോദിച്ച് ആരുടെ മുന്നിലും ചെന്നിട്ടില്ല. എൺപത്തിഒൻപതോളം പാട്ടുകൾ അച്ഛൻ കമ്പോസ് ചെയ്തിട്ടുണ്ട്. ഇത്ര സിനിമകൾ ചെയ്യണമെന്നൊരു ടാർജറ്റുണ്ടായിരുന്നെങ്കിൽ, സ്വപ്നമുണ്ടായിരുന്നെങ്കിൽ 89നൊപ്പം ഒരു പൂജ്യം കൂടി ചേർക്കാമായിരുന്നു.

അച്ഛനിലെ ആ പ്രതിഭ വിധു പ്രതാപ് നേരിൽ കണ്ടിട്ടുണ്ട്. ഒരിക്കൽ മാർ ഇവാനിയോസിൽ പഠിക്കുന്ന കാലത്ത് നാലു പേജ് വരികളെഴുതിയ ഒരു സമൂഹഗാനം കമ്പോസ് ചെയ്യാൻ ഞാനും വിധുവും മഞ്ജു എന്നൊരു സുഹൃത്തും കൂടി അച്ഛന്റെയടുത്ത് ചെന്നു. ഇതെന്താ മാങ്ങ പറിക്കുന്നതു പോലെയാണോ പാട്ട് കമ്പോസ് ചെയ്യുന്നതെന്ന് ആദ്യം ചോദിച്ചങ്കെിലും കമ്പോസ് ചെയ്യാമെന്ന് അച്ഛൻ സമ്മതിച്ചു. എസ് രമേശൻ നായർ എഴുതിത്തന്ന 'സൂര്യാ ഹേ സൂര്യ.. ഏഴു കുതിരകൾ' എന്നു തുടങ്ങുന്ന വരികൾ.. വിധുവിന്റെ കൈയിൽ നിന്നും റെക്കോർഡർ വാങ്ങി ആ നാലുപേജിലെയും വരികൾക്ക് ഈണമിട്ട് പാടിത്തുടങ്ങി. നാൽപ്പതുമിനിട്ട് കൊണ്ട് പാടിത്തീർത്തു. അങ്ങനെയൊരാൾക്ക് 200 പടം ചെയ്യാൻ എന്തു ബുദ്ധിമുട്ട്?

Content Highlights: MR Rajakrishnan interview on MG radhakrishnan 10th death anniversary manichithrathazhu, MG sreekumar santhosh sivan priyadarshan 

Content Highlights: