'ചെയ്ത സിനിമകളുടെ എണ്ണമല്ലല്ലോ, കാലത്തെ അതിജീവിക്കുന്നതല്ലേ പ്രധാനം'

സംഗീത് ശിവനും സന്തോഷ് ശിവനും -ഒന്നിച്ചേ അവരെ എനിക്ക് ഓർക്കാൻ സാധിക്കാറുള്ളൂ. രണ്ടുപേരും എന്റെ സിനിമാജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടുനിൽക്കുന്നവരാണ്. സന്തോഷ് ഇപ്പോഴും ഒന്നിച്ച് ജോലിചെയ്യുന്നു. ഇറങ്ങാൻ പോകുന്ന ‘ബറോസ്’ എന്ന സിനിമയുടെ ഛായാഗ്രഹണവും സന്തോഷാണ്.
ഇപ്പോഴും ആളുകൾ കണ്ടുകൊണ്ടേയിരിക്കുന്ന സിനിമയാണ് ‘യോദ്ധ.’ അത്രയ്ക്ക് മനോഹരമായിരുന്നു അതിന്റെ കഥയും തിരക്കഥയും ദൃശ്യങ്ങളും. കേരളത്തിലും നേപ്പാളിലുമായി നടക്കുന്ന ഈ കഥയിൽ ബുദ്ധിസത്തെയും ലാമമാരുടെ ലോകത്തെയും അതിസമർഥമായി ഇണക്കിച്ചേർത്തിരിക്കുന്നു. സംഗീത് അതിന്റെ സംവിധാനവും സന്തോഷ് ഛായാഗ്രഹണവും നിർവഹിച്ചു. എ.ആർ. റഹ്‌മാന്റെ മറക്കാനാവാത്ത പാട്ടുകളും പശ്ചാത്തലസംഗീതവും യോദ്ധയെ മറ്റൊരുതലത്തിലേക്കുയർത്തി. സിനിമയ്ക്കുപരി നേപ്പാളിലെ ആ ചിത്രീകരണകാലം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. സംഗീതും സന്തോഷും അമ്പിളിച്ചേട്ടനും(ജഗതി ശ്രീകുമാർ), എം.എസ്. തൃപ്പൂണിത്തുറയുമെല്ലാം ചേർന്നുള്ള ഹിമാലയൻദിനങ്ങൾ.
പിന്നീട് ഞങ്ങൾ ഗാന്ധർവം, നിർണയം എന്നീ സിനിമകളും ഒന്നിച്ചുചെയ്തു. രണ്ടും തീർത്തും വ്യത്യസ്തമായ സിനിമകളായിരുന്നു. സംഗീത് അതിനുമുമ്പുചെയ്ത ‘വ്യൂഹം’ എന്ന സിനിമയും മലയാളി അതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രമേയവും ട്രീറ്റ്‌മെന്റുമായിരുന്നു. സംഗീത് അധികം സിനിമകൾ ചെയ്തില്ല. ചെയ്തസിനിമകൾ ഒരിക്കലും മറക്കാത്തതായി. എണ്ണമല്ലല്ലോ പ്രധാനം. കാലത്തെ അതിജീവിക്കുക എന്നതാണ്.
ബുധനാഴ്ച രാവിലെയും ഞാൻ സന്തോഷ് ശിവനുമായി സംസാരിച്ചിരുന്നു. അസുഖം കുറച്ചധികമാണെന്ന് സന്തോഷ് പറഞ്ഞറിഞ്ഞു. സംവിധായകൻ എന്നനിലയിൽ സംഗീത് ശിവൻ എന്നും ഓർമിക്കപ്പെടും. എന്നെ സംബന്ധിച്ചിടത്തോളം സംവിധായകൻ എന്നനിലയിൽ മാത്രമല്ല, നല്ല സുഹൃത്ത് എന്നനിലയിലും അദ്ദേഹം എപ്പോഴും ഓർമ്മയിൽ ജീവിക്കും.
Content Highlights: mohanlal about late director sangeeth sivan and their yodha movie