ശ്രീനിവാസന്റെ അരങ്ങേറ്റചിത്രം, കാലത്തെ അതിജീവിച്ച അനശ്വരസൃഷ്ടി; മണിമുഴക്കത്തിന് 50 തികയുമ്പോൾ

#എം.സി. രാജനാരായണന്‍
മണിമുഴക്കം ചിത്രത്തില്‍നിന്ന് | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
മണിമുഴക്കം ചിത്രത്തില്‍നിന്ന് | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

ലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ഓളവും തീരവും നിർമിച്ചുകൊണ്ടാണ് പി.എ. ബക്കർ സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. അദ്ദേഹം സംവിധാനം ചെയ്ത കബനി നദി ചുവന്നപ്പോൾ എന്ന ചിത്രം സംസ്ഥാന പുരസ്‌കാരം നേടി. അടിയന്തരാവസ്ഥക്കാലത്താണ് കബനി നദി ചുവന്നപ്പോൾ സെൻസർ ചെയ്യപ്പെട്ടത് (1975). അതുകൊണ്ടുതന്നെ നിരവധി കട്ടുകൾക്ക് ശേഷമാണ് പടത്തിന് പ്രദർശനാനുമതി ലഭിച്ചത്. അക്കാലത്തെ നക്‌സലേറ്റ് പ്രസ്ഥാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കബനി, കട്ടുകൾകൊണ്ട് വികലമാക്കപ്പെട്ടിട്ടും പ്രേക്ഷക-നിരൂപക ശ്രദ്ധമേടുകയും പി.എ. ബക്കർ നിർമാതാവിൽനിന്ന് സംവിധായകനിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കുകയുംചെയ്തു.

കബനീ നദി ചുവന്നപ്പോൾ എന്ന പടത്തിന്റെ മറ്റൊരു സവിശേഷത അതിലെ നായകൻ പിന്നീട് വിഖ്യാതസംവിധായകനായ ടി.വി. ചന്ദ്രനാണ് എന്നതാണ്. സിനിമയുടെ ആരാധകരും ഉൽപ്പതിഷ്ണുക്കളുമായ ഒരു സംഘം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് പി.എ. ബക്കറുടെ സംരംഭങ്ങൾക്ക് ഊർജം നൽകിയത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹം സാക്ഷാത്കരിച്ച മണിമുഴക്കം എന്ന പടം.

കബനി നദി ചുവന്നപ്പോൾ എന്ന പ്രഥമചിത്രത്തിലൂടെ തന്നെ അംഗീകാരം നേടിയ ബക്കർ, സാറ തോമസിന്റെ മുറിപ്പാടുകൾ എന്ന നോവലിനെ ആധാരമാക്കി ഒരുക്കിയ മണിമുഴക്കം സമാന്തര സിനിമയിലെ മഹത്തായ സൃഷ്ടിയാണ്. സിനിമയ്ക്ക് ആവശ്യമായ മാറ്റങ്ങളോടെയാണ് ബക്കർ നോവലിന്റെ മൊഴിമാറ്റം നടത്തിയത്, സിനിമ സംവിധായകന്റെ കലയാണെന്ന് വാദത്തിന് അടിവരയിട്ടുകൊണ്ട്. അസ്തിത്വവാദപരമായ ഉൾക്കാഴ്ചകൾ നിലനിൽക്കുമ്പോൾ തന്നെ വ്യക്തിദുഃഖങ്ങളും പ്രയാസങ്ങളും ഇഴചേർന്ന ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള അവതരണമാണ് മണിമുഴക്കത്തിൽ ദൃശ്യമായത്. വ്യവസ്ഥാപിതമായ കഥാകഥനത്തിന് വിട നൽകി, നവീനമായ ആവിഷ്‌കാരത്തിന്റെ പാത കണ്ടെത്തുകയാണ് ബക്കർ ചെയ്തത്. 70-കളിലെ നവസിനിമയുടെ പതാകവാഹകനും വക്താവും പ്രയോക്താവുമായി പി.എ. ബക്കർ മാറി.

അറിഞ്ഞും അറിയാതെയുമുള്ള ചെറുതും വലുതുമായ അന്വേഷണങ്ങളാണ് ജീവിതത്തിന്റെ അകത്തുകയായി മാറുന്നത്. അത് ആന്തരികവും ബാഹ്യവുമാകാം. മലയാള സിനിമയ്ക്ക് സുപരിചിതമായ നായകനല്ല ബക്കറിന്റെ മണിമുഴക്കത്തിലേത്. നോവലിന്റെ പ്രമേയപരമായ പ്രാധാന്യം അതിശക്തമായി തന്നെ ദൃശ്യകലയായ സിനിമയിൽ ആവിഷ്‌കരിക്കപ്പെടുന്നു. സ്വന്തം അസ്തിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ നായകനെ വേട്ടയാടുന്നു. നിലനിൽപ്പിനായുള്ള പോരാട്ടം പോലെ തന്നെ. പലപ്പോഴും വ്യക്തിക്ക് നേരിടേണ്ടി വരുന്നത് സമൂഹത്തിൽ രൂഢമൂലമായ അന്ധവിശ്വാസങ്ങളെ തന്നെയാണ്. എതിർക്കുന്നവരും വഴിമാറി നടക്കുന്നവരുമാണ് ക്രൂശിക്കപ്പെടുന്നത്.

ഭൂത-ഭാവി-വർത്തമാനങ്ങൾ ചേർന്നാണ് ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നത്. അതിൽ കൊഴിഞ്ഞ ഇന്നലെകളുടെ പാഠങ്ങളും ഇന്നിന്റെ രണനീതിയും നാളെയുടെ സ്വപ്‌നങ്ങളും ഉൾച്ചേരുന്നു. ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകൾ ഇല്ലെങ്കിൽ അസ്തിത്വംതന്നെ അർഥശൂന്യമാകുന്നു. അന്യവൽക്കരണത്തിന്റെ ആദിമധ്യാന്തങ്ങൾ അവിടെ ദർശിക്കാനാകുന്നു. മലയാളത്തിലെ താത്വികമാനമുള്ള വ്യത്യസ്തമായ രചനയാണ് ബക്കറുടെ മണിമുഴക്കം.

നഷ്ടപ്രണയവും നായകന്റെ ദിശാബോധത്തിലെ വ്യതിയാനവും പരസ്പര പൂരകങ്ങളാകുന്നു. എം. മുകുന്ദന്റെ കഥയിലെ ഒരു കഥാപാത്രം എല്ലാവരെയും പരിചയപ്പെടുത്തിയ വ്യക്തിയോട് താൻ ആരെന്നു ചോദിക്കുന്നതുപോലെ മണിമുഴക്കത്തിലെ നായകനും ഈ ചോദ്യം സ്വയം ചോദിക്കുന്നത് ആസ്വാദകൻ അറിയുന്നു. അതൊരു സ്ഥായിയായ ചോദ്യം തന്നെയാണ്. സാരത്രിനും കാമുവിനും മുമ്പും ഈ ചോദ്യമുണ്ടായിരുന്നു, അതിന്റെ പ്രസക്തിയും.

ഡൽഹിയിൽ മണിമുഴക്കം പ്രദർശിപ്പിച്ച അവസരത്തിലാണ് പി.എ. ബക്കറെ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞത്. സിനിമയെ കുറിച്ചുള്ള സംസാരത്തിനിടയിൽ അദ്ദേഹം ചോദിച്ചു: 'ഇവിടെ നല്ല മലയാളി ഹോട്ടൽ എവിടെയാണുള്ളത്'.

'കോണോട്ട് പ്ലേസിലെ സൂപ്പർബസാറിനടുത്തുള്ള നവകേരള എന്ന കൃഷ്ണൻകുട്ടിയുടെ ഹോട്ടൽ ഏറ്റവും പഴക്കം ചെന്നതാണ്'.

'നാടൻ ഭക്ഷണം കിട്ടുമോ'.

'അതെ, മീനും ചോറും കറിയും എല്ലാമുണ്ട്'.

'എനിക്ക് നോർത്ത് ഇന്ത്യൻ ഫുഡ് അത്ര പിടിക്കില്ല'.

'കൃഷ്ണൻകുട്ടിയെക്കുറിച്ചും ഹോട്ടലിനെപ്പറ്റിയും വി.കെ.എൻ. എഴുതിയിട്ടുണ്ട്'.

വലിയ പ്രതീക്ഷയോടെയാണ് മണിമുഴക്കത്തെ കുറിച്ച് അന്ന് ബക്കർ പ്രതികരിച്ചത്. 'വിദേശ മേളകളിൽ എൻട്രിക്ക് ശ്രമിക്കുന്നുണ്ട്'.

'ഈ നോവൽ തിരഞ്ഞെടുക്കുവാൻ കാരണം?'.

'ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ അതിൽ ഉണ്ട്'.

പൊന്നാനിക്കാരൻ ആണെന്ന് അറിഞ്ഞപ്പോൾ ബക്കർ പറഞ്ഞു, 'എന്റെ സ്ഥലം തൃശ്ശൂർ ആണെങ്കിലും മലപ്പുറത്തും ധാരാളം സുഹൃത്തുക്കളുണ്ട്'.

ചെമ്മീനിലൂടെ ലോകപ്രശസ്തനും ദേശീയ പുരസ്‌കാര ജേതാവുമായ രാമു കര്യാട്ടിന്റെ സഹായിയായാണ് പി.എ. ബക്കർ സിനിമ ജീവിതത്തിന്റെ ഹരിശ്രീ കുറിച്ചത്. തുടർന്നും രാമു കാര്യാട്ട് പടങ്ങളിൽ ബക്കർ പ്രവർത്തിച്ചു. ഓളവും തീരവും നിർമിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത് 'അതൊരു സാഹസമായിരുന്നെങ്കിലും ഫലം വളരെ സംതൃപ്തി നൽകി'.

മണിമുഴക്കത്തിൽ ശ്രീനിവാസൻ അഭിനയിച്ചിരുന്നു. പിന്നീട് മലയാള സിനിമയിൽ, തിരക്കഥാകൃത്ത്, നടൻ, സംവിധായകൻ എന്നീ നിലകളിൽ നിർണായക സ്ഥാനം കരസ്ഥമാക്കിയ ശ്രീനിവാസന്റെ ആരംഭമായിരുന്നു മണിമുഴക്കം. അദ്ദേഹം പിന്നീട് മെയിൻ സ്ട്രീമിന്റെ നെടുംതൂണുകളിൽ ഒന്നായി മാറി.

മണിമുഴക്കം പി.എ. ബക്കറിന് സംസ്ഥാന ദേശീയ തലങ്ങളിൽ അംഗീകാരം നേടിക്കൊടുത്ത സൃഷ്ടിയാണ്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡിനൊപ്പം മികച്ച മലയാള പടത്തിനുള്ള നാഷണൽ അവാർഡിനും ആ വർഷം മണിമുഴക്കം അർഹമായി.

സംഘഗാനം, പ്രേമലേഖനം, ചുവന്ന വിത്തുകൾ, ശ്രീനാരായണഗുരു, അവസാന ചിത്രമായ ഇന്നലെയുടെ ബാക്കി എന്നിവയാണ് പി.എ. ബക്കർ സംവിധാനം ചെയ്ത രചനകൾ. അമ്പതാം വർഷത്തിന്റെ നിറവിൽ നിൽക്കുന്ന മണിമുഴക്കം ഒരു പുനർകാഴ്ചയും വായനയും ആവശ്യപ്പെടുന്ന സൃഷ്ടിയാണെന്ന് നിസ്സംശയം പറയാം. കാലത്തിന്റെ കുത്തൊഴുക്കിനെ അതിജീവിച്ച് അനശ്വര സൃഷ്ടി തന്നെയാണ് ഇത്.

Content Highlights: Celebrates the 50th anniversary of the landmark parallel cinema 'Manimuzhakkam'. Highlights P.A. Backer's transition from producer to visionary director. Discusses the film's existential themes and departure from conventional storytelling. Features the early career debut of actor/ director Sreenivasan. Analyzes the cultural significance and national award-winning legacy of the film