എക്കാലവും എന്റെ ബലമായി നിന്ന ഇച്ചാക്ക, ഇനിയും നിങ്ങളിവിടെ വേണം -മോഹൻലാൽ

മോഹൻലാലും മമ്മൂട്ടിയും | ഫോട്ടോ: Instagram
മോഹൻലാലും മമ്മൂട്ടിയും | ഫോട്ടോ: Instagram

സ്നേഹബഹുമാനങ്ങളോടെ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിക്ക്‌ എഴുപത്തിയഞ്ചാം പിറന്നാളാശംസിക്കുന്ന ഈ കുറിപ്പ് ഞാനെഴുതുന്നത് ഫുക്കറ്റിൽ ഇരുന്നാണ്. ഷൂട്ടിങ്ങിനായി ജോർജിയയിലേക്കുള്ള യാത്രാമധ്യേ ഒരു വീട്ടിൽ രണ്ടുദിവസമായി തനിച്ചായിരുന്നു താമസം. അതിന്റെയൊരു സുഖം പറഞ്ഞറിയിക്കാനാവാത്തതാണ്.

അങ്ങനെയിരിക്കുമ്പോൾ പോയകാലത്തെ പലതും ഓർമ്മകളിലേക്ക് തിരിച്ചുവന്നു. അക്കൂട്ടത്തിൽ ഇച്ചാക്കയുണ്ടായിരുന്നു. ഞങ്ങളൊന്നിച്ച് ജീവിക്കുകയും അഭിനയിക്കുകയും ഒരു കുടുംബംപോലെ കഴിയുകയുംചെയ്ത നല്ലകാലങ്ങളുണ്ടായിരുന്നു. കുട്ടികളുടെ കളിചിരികളും വളർച്ചയുമുണ്ടായിരുന്നു.

നായകകഥാപാത്രങ്ങളിൽ അഭിനയിക്കുന്ന രണ്ടുപേർ അമ്പതിലധികം സിനിമകളിൽ ഒന്നിച്ചഭിനയിച്ച ചരിത്രം വേറേയുണ്ടാവും എന്നെനിക്ക് തോന്നുന്നില്ല. തിക്കുറിശ്ശിസാർ മുതൽ കൊട്ടാരക്കരസാർ, എസ്.പി. പിള്ളസാർ, നസീർസാർ തുടങ്ങിയ വലിയ ഒരു ലെഗസിയുടെ തുടർച്ചയായിട്ട് ഞങ്ങൾ രണ്ടുപേർക്കും നിൽക്കാൻ സാധിച്ചു. ഒന്നിച്ചഭിനയിക്കുമ്പോഴും വെവ്വേറെ അഭിനയിക്കുമ്പോഴും ഞങ്ങളെ ഏൽപ്പിച്ച ജോലി നന്നായി ചെയ്യാൻ കഠിനമായി ശ്രമിച്ചിട്ടുണ്ട്. അത് മത്സരമായിരുന്നില്ല. ജോലിയോടുള്ള പാഷനായിരുന്നു. അത് എന്നെക്കാൾ ഉള്ളത് ഇച്ചാക്കയ്ക്കാണ്. ഒട്ടും ചോരാതെ അത് അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.

ഇച്ചാക്കയുടെ പ്രായം ഞാൻ കണക്കാക്കുന്നില്ല. പ്രായത്തെ മറികടന്ന് നിൽക്കാൻ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹം. എത്രവർഷം ജീവിച്ചു എന്നല്ല, എങ്ങനെ ജീവിച്ചു, എന്തുചെയ്തു എന്നതിനൊക്കെ വലിയ ഉദാഹരണമാണ് അദ്ദേഹം. ഒരുപാട് നല്ല സിനിമയുടെ ഭാഗമായി മലയാളസിനിമയ്ക്ക് വലിയ യശസ്സുണ്ടാക്കിക്കൊടുത്തയാളാണ്. ആ കുടുംബവുമായി എല്ലാ കാലത്തും നല്ല ബന്ധമാണ് എന്റെ കുടുംബത്തിന്. ഇച്ചാക്കയുടെ മാതാപിതാക്കളുമായും നല്ല സൗഹൃദം പുലർത്തിയിരുന്നു.

കുറച്ചുകാലം മുൻപ്‌ ഒരു കാർമേഘം ഇച്ചാക്കയുടെ ജീവിതത്തിന് മുകളിലൂടെ കടന്നുപോയി. ആ സമയത്തും ഇനിയും നല്ല സിനിമകൾ ചെയ്യണം എന്ന അഭിനിവേശം തുടിക്കുന്നത് അടുത്തുനിന്ന് ഞാൻ അനുഭവിച്ചിട്ടുണ്ട്. ഒട്ടും ഭയപ്പെടാതെ ‘ഈ കാലവും കടന്നുപോകും’ എന്ന് ഞങ്ങൾ പരസ്പരം ആശ്വസിപ്പിച്ചിരുന്ന നാളുകളായിരുന്നു അത്. ദൈവാനുഗ്രഹത്താൽ അങ്ങനെത്തന്നെ സംഭവിച്ചു. ഞാൻമാത്രമല്ല മലയാളികൾ മുഴുവനും അതിനായി പ്രാർഥിച്ചിരുന്നു.

ഇച്ചാക്ക അപ്പുറമുണ്ട് എന്നത് എല്ലാ കാലത്തും എനിക്കൊരു ബലമായിരുന്നു. ആ തോന്നൽ കൂടുകയേ ചെയ്തിട്ടുള്ളൂ. ഹൃദയംതൊട്ട് സ്നേഹിക്കുന്ന ഒരു സുഹൃത്തായും വിസ്മയിപ്പിക്കുന്ന ഒരു നടനായും ജീവിതത്തിന്റെ ദുർഘടഘട്ടങ്ങളിൽ എന്നെ സഹായിക്കാനെത്തുന്ന ജ്യേഷ്ഠ സഹോദരനായും ഇച്ചാക്കാ, ഇനിയും ഏറെവർഷങ്ങൾ നിങ്ങൾ ഇവിടെ വേണം എന്ന് പ്രാർഥിക്കുന്നു.

അനുജനെന്ന നിലയിൽ, ആസ്വാദകനെന്ന നിലയിൽ, സഹപ്രവർത്തകനെന്ന നിലയിൽ ഹൃദയത്തിൽനിന്നും നേരുന്നു. Happy Birth Day
 

Content Highlights: Mohanlal writes a heartfelt birthday message to Mammootty, affectionately called "Ichakka," reflecting on their shared past and professional journey in the film industry.