സർപ്രൈസ് ഹിറ്റായി വാഴ 2, തിയേറ്ററുകൾ നിറച്ച് ആടും ദൃശ്യവും; ആറുമാസംകൊണ്ട് 1000കോടി കടന്ന് മലയാളസിനിമ

ഒരു ഇലകൊഴിയുംപോലെ 2026-ന്റെ ആദ്യ പകുതി പിന്നിട്ടിരിക്കുന്നു, ബോളിവുഡും കോളിവുഡും ടോളിവുഡും വമ്പൻ റിലീസുകളും ആഘോഷങ്ങളുമില്ലാതെ ചെറുവിജയങ്ങളിൽ മുന്നോട്ടുപോയപ്പോൾ മലയാള സിനിമ പ്രതീക്ഷിതവിജയങ്ങളും അപ്രതീക്ഷിതഹിറ്റുകളുമായി ആദ്യപാദം ആഘോഷമാക്കി. ബോളിവുഡിൽ ദുരന്ധർ-2 ഉം കോളിവുഡും സൂര്യ ചിത്രം കറുപ്പും അർജുൻ ചിത്രം ബ്ലാസ്റ്റുമാണ് വിജയത്തിന്റെ അലയൊലികൾ തീർത്തത്. 2025 ക്രിസ്മസിന് പ്രദർശനവിജയം നേടിയ നിവിൻ പോളി-അഖിൽ സത്യൻ ചിത്രം സർവ്വംമായയുടെ വിജയാഘോഷങ്ങളുടെ ആരവംനിറച്ചാണ് മലയാള സിനിമ 2026 പുതുവർഷത്തെ വരവേറ്റത്. ജനുവരിയിൽ റിലീസിനെത്തിയ ചിത്രങ്ങളിൽ പ്രധാനം റിങ് റെസ്ലിങ്ങിനെ ആസ്പദമാക്കി അദ്വൈത് നായർ സംവിധാനം ചെയ്ത ചത്ത പച്ച ആയിരുന്നു, യുവതാരങ്ങളോടൊപ്പം മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ടു. ജനുവരിയിൽ പ്രദർശനത്തിനെത്തിയ വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രം പ്രകമ്പനം തിയേറ്ററുകളിൽ അപ്രതീക്ഷിത വിജയം നേടി. 20 ചിത്രങ്ങളാണ് ജനുവരിയിൽ പ്രദർശനത്തിനെത്തിയത്. ഫെബ്രുവരിയിൽ 27 സിനിമകൾ പ്രദർശനത്തിനെത്തിയെങ്കിലും ഒരുചിത്രം പോലും തിയേറ്റർ വിജയം നേടിയില്ല. അബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ, രാജേഷ് മാധവൻ സംവിധാനം ചെയ്ത പെണ്ണും പൊറാട്ടും, കൃഷാന്ത് സംവിധാനം ചെയ്ത മസ്തിഷ്ക മരണം എന്നീ ചിത്രങ്ങൾ അവതരണപ്പുതുമകൊണ്ട് പ്രമേയത്തിലെ വ്യത്യസ്തകൊണ്ടും നിരൂപക പ്രശംസനേടി. തിയേറ്ററിൽ പ്രദർശനവിജയം നേടാനായില്ലെങ്കിലും പിന്നീട് ഒ.ടി.ടി. വഴി പ്രദർശനത്തിനെത്തിയപ്പോൾ ഇവയെല്ലാം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു.
ആഘോഷം ‘ആട്’
17 ചിത്രങ്ങളാണ് മാർച്ചിൽ തിയേറ്ററിലേക്കെത്തിയത്. അതിൽ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന മിഥുൻ മാനുവൽ-ജയസൂര്യ ചിത്രം ആട്-3യും ഉണ്ടായിരുന്നു. പ്രേക്ഷകരെ നിരാശരാക്കാതിരുന്ന ചിത്രം 2026-ലെ ആദ്യ സൂപ്പർഹിറ്റായി. ഫാന്റസി, കോമഡി ജോണറിൽ അണിയിച്ചൊരുക്കിയ ചിത്രം നൂറുകോടി കളക്ഷൻ നേടുന്ന ആദ്യ ജയസൂര്യ ചിത്രമായി മാറി. മാർച്ചിൽ പ്രദർശനത്തിനെത്തിയ ചിത്രങ്ങളിൽ ഏറെ നിരാശപ്പെടുത്തിയത് ബി. ഉണ്ണികൃഷ്ണൻ സംവിധാനംചെയ്ത് നിവിൻ പോളി നായകനായ പ്രതിച്ഛായയായിരുന്നു. ഏറെ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം പക്ഷേ, നിലംതൊട്ടില്ല. ജിത്തു സതീഷൻ മംഗലത്ത് സംവിധാനം ചെയ്ത് അഷ്കർ അലി നായകനായ സംഭവം അധ്യായം ഒന്ന് എന്ന ചിത്രം അവതരണത്തിലെ പുതുമകൊണ്ട് ഏറെ പ്രേക്ഷക പ്രശംസനേടി.
തിയേറ്റർ നിറഞ്ഞ ‘വാഴ’
അവധിക്കാല റിലീസുകളുടെ മേളമായിരുന്നു ഏപ്രിലിൽ, 13 സിനിമകളാണ് തിയേറ്ററിലെത്തിയത്. പുതുമുഖ നിരയെെവച്ച് ഒരുക്കിയ വാഴ-2 മലയാളത്തിലെ കളക്ഷൻ റെക്കോഡുകളെല്ലാം തകർത്ത് സർപ്രൈസ് ഹിറ്റടിച്ചു. 200 കോടിക്കുമുകളിൽ കളക്ഷൻ നേടിയ ചിത്രം സമീപകാലത്ത് മലയാളം കണ്ട ഏറ്റവും വലിയ പണംവാരിച്ചിത്രങ്ങളിലൊന്നായി. മുൻനിരതാരങ്ങളൊന്നുമില്ലാതെ ചെറിയ മുതൽമുടക്കിൽ വലിയ വിജയം സാധ്യമാണെന്ന് വാഴ-2 ഒരിക്കൽക്കൂടി മലയാള സിനിമാലോകത്തെ ബോധ്യപ്പെടുത്തി. സൈജുകുറുപ്പിന്റെ മോഹിനിയാട്ടം, ഭരതനാട്യം-2 എന്ന ചിത്രവും ഏപ്രിലിൽ പ്രദർശനത്തിനെത്തി ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചു. ഏറെ പ്രതീക്ഷയോടെ വിഷു റിലീസായെത്തിയ ടൊവിനോ തോമസിന്റെ പള്ളിച്ചട്ടമ്പി, കുഞ്ചാക്കോ ബോബൻ ചിത്രം ഒരു ദുരൂഹ സാഹചര്യത്തിൽ എന്നീ രണ്ടു സിനിമകളും വലിയ പരാജയം ഏറ്റുവാങ്ങി.
വിജയം തുടരും
ഏറെക്കാലത്തിനുശേഷം മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്ത പേട്രിയേറ്റിന്റെ റിലീസോടെയാണ് മേയ് തുടങ്ങിയത്. ആദ്യ ദിനങ്ങളിൽ മികച്ച കളക്ഷൻ നേടിയ ചിത്രത്തിന്, എന്നാൽ സമ്മിശ്ര പ്രതികരണത്തെത്തുടർന്ന് തുടർ ദിവസങ്ങളിൽ തിയേറ്ററുകളിലേക്ക് ആളൊഴുക്ക് കുറഞ്ഞു. വലിയ താരനിര അണിനിരന്നപ്പോൾ വലിയ വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രം എന്നാൽ, ആവറേജ് ഹിറ്റിൽ ഒതുങ്ങി. അരുൺ അനിരുദ്ധിന്റെ സംവിധാനത്തിൽ ബേസിൽ ജോസഫ്, ടൊവിനോ തോമസ് ടീം ഒന്നിച്ച അതിരടി തൊട്ടുപിന്നാലെ തിയേറ്ററിലെത്തുകയും വലിയ വിജയം നേടുകയും ചെയ്തു. കാമ്പസ് കോമഡി എന്റർടെയ്നറാക്കി ഒരുക്കിയ ചിത്രം ബോക്സോഫീസിൽ ലക്ഷ്യംകണ്ടു. 2026 മലയാളസിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജീത്തു ജോസഫ്, മോഹൻലാൽ ചിത്രം ദൃശ്യം-3 മേയ് 21 പ്രദർശനത്തിനെത്തിയത്. തിയേറ്ററിൽ മികച്ച അഭിപ്രായം നേടിയ ചിത്രം അക്ഷാർഥത്തിൽ വീണ്ടും തിയേറ്ററുകൾ നിറച്ചു. 200 കോടിക്കു മുകളിൽ കളക്ഷൻ നേടിയ ചിത്രം ഒരിക്കൽക്കൂടി മോഹൻലാൽ എന്ന ബ്രാൻഡിന്റെ ബോക്സോഫീസ് പവർ അടയാളപ്പെടുത്തി. 17 സിനിമകൾ പ്രദർശനത്തിനെത്തിയ മേയിലെ വലിയ പരാജയം ആന്റണി പെപ്പൈ നായകനായ കാട്ടാളന്റേതായിരുന്നു.
മികവിന്റെ ജൂൺ
15 സിനിമകളാണ് ജൂണിൽ റിലീസ് ചെയ്തത്. മഞ്ഞുമ്മൽ ബോയ്സിനുശേഷം ചിദംബരം ഒരുക്കിയ ബാലൻ; ദി ബോയ് 2026-ലെ ഏറ്റവും മികച്ച ചിത്രമെന്ന വിശേഷണത്തോടെ തിയേറ്ററിൽ പ്രദർശന വിജയം നേടുകയാണ്. നസ്ലിൻ ചിത്രം മോളിവുഡ് ടൈംസും ജൂണിലെ ശ്രദ്ധേയ ചിത്രമായി. ഇന്ദ്രൻസ്, മധുബാല ചിത്രം ചിന്ന ചിന്ന ആസൈയും നിരൂപക പ്രശംസ നേടി. ആറുമാസം പിന്നിടുമ്പോൾ ആയിരം കോടിയിലേക്ക് ഒരിക്കൽക്കൂടി മലയാളം ബോക്സോഫീസ് കളക്ഷൻ ചുവടുവെക്കാൻ ഒരുങ്ങുകയാണ്. 2026-ന്റെ രണ്ടാം പാദത്തിൽ ഐ നോ ബഡി, ഖലീഫ, അയാം ഗെയിം, ബത്ലഹേം കുടുംബയൂണിറ്റ്, അതിമനോഹരം, തുടക്കം തുടങ്ങി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളാണ് പ്രദർശനത്തിനെത്താനുള്ളത്.
തിയേറ്ററാണ് പ്രധാനം
കുറച്ചുവർഷങ്ങളായി തിയേറ്റർ കളക്ഷൻ കിട്ടിയില്ല എങ്കിലും ഡിജിറ്റൽ, സാറ്റ്ലൈറ്റ്, ഒ.ടി.ടി. ബിസിനസ് വഴി സിനിമ ലാഭമാക്കാം എന്നൊരു രീതി മലയാളത്തിലുണ്ടായിരുന്നു. എന്നാൽ, തിയേറ്ററിൽ വിജയിച്ച ചിത്രങ്ങൾക്ക് മാത്രമേ മറ്റു ബിസിനസ് സാധ്യതകളും ഉള്ളൂ എന്ന് 2026 മലയാള സിനിമലോകം അടിവരയിടുകയാണ്. തിയേറ്റർ വീണ വൻ താര ചിത്രങ്ങൾ വരെ ഒ.ടി.ടി. പ്ലാറ്റ്ഫോമിൽപ്പോലും മോക്ഷം കിട്ടാതെ അലയുകയാണ്. ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ വാങ്ങുന്ന മലയാള സിനിമകളുടെ എണ്ണത്തിലും വലിയ കുറവ് വന്നിട്ടുണ്ട്.
ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ സിനിമകളുടെ റിലീസിനുശേഷമാണ് കൂടുതലും വിറ്റുപോകുന്നതാണ് പുതിയ ട്രെൻഡ്. അതുകൊണ്ടുതന്നെ കൂടുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളിലുംതന്നെ കൂടുതൽ കളക്ഷൻ നേടുക എന്ന രീതിയിലേക്ക് സിനിമയുടെ വിപണി മാറുകയാണ്.
Content Highlights: Leaving behind major Indian film industries like Bollywood, Kollywood, and Tollywood, the Malayalam film industry (Mollywood) has scripted a phenomenal golden run in the first half of 2026. Powered by massive blockbusters, surprise underdog hits, and historic sequels, the Kerala box office is rapidly zooming towards the glorious ₹1000 crore business milestone.