അന്ന് നിറത്തിന്റെപേരിൽ ഒറ്റപ്പെടുത്തി, ഇന്ന് സിനിമയിലെ നായിക; ഇത് തൻഹയുടെ അതിജീവനകഥ

ഒപ്പനയ്ക്ക് മണവാട്ടിയാകാൻ കൊതിച്ചുചെന്ന പെൺകുട്ടി ‘അതിന് നീ കറുപ്പല്ലേ’ എന്ന ഒറ്റ ചോദ്യത്തിനുമുന്നിൽ തലകുനിച്ച് മടങ്ങി. അപകർഷതയുടെ തട്ടംമൂടി അവൾ ഒറ്റയ്ക്കിരുന്ന് കരഞ്ഞു. തുണിക്കടയിൽ ഇഷ്ടനിറമുള്ള ഉടുപ്പെടുക്കുമ്പോൾ, വെയിലത്ത് ഓടിക്കളിക്കുമ്പോൾ അശരീരിപോലെ കറുപ്പിന്റെ ഇകഴ്ത്തൽ അവൾക്കുചുറ്റും കൈകൊട്ടിപ്പാടി.
ഇന്നവൾ ഒരു സിനിമയിലെ നായികയാണ്-സ്വന്തം അനുഭവങ്ങൾ പറയുന്ന കഥാനായിക. ഷൂട്ടിങ് പൂർത്തിയാക്കിയ ‘കുരുവി പാപ്പ’ എന്ന സിനിമയാണ് കുഞ്ഞുമനസ്സുകളിൽ പൊള്ളലുണ്ടാക്കുന്ന നിറത്തിന്റെ രാഷ്ട്രീയം ചർച്ചചെയ്യുന്നത്.
കളമശ്ശേരി ഗവ. എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിനി തൻഹ ഫാത്തിമയാണ് താൻ നേരിട്ട ശാരീരികാവഹേളനത്തിന്റെ യഥാർഥകഥയുമായി സ്ക്രീനിലെത്തുന്നത്. മകളുടെ ദുരനുഭവങ്ങളിൽ ഉള്ളുലഞ്ഞ അച്ഛൻ ബഷീറാണ് സിനിമയുടെ നിർമാതാവ്. വിനീത്, ലാൽജോസ്, സന്തോഷ് കീഴാറ്റൂർ, മുക്ത തുടങ്ങിയ താരനിരയും ചിത്രത്തിൽ ഒരുമിക്കുന്നു.
കുട്ടിക്കാലംമുതൽ അടുത്തബന്ധുക്കളും കൂട്ടുകാരും അധ്യാപകരുമൊക്കെ തമാശ ചാലിച്ച് അവളുടെ ഇരുണ്ടനിറത്തെ ഓർമിപ്പിച്ചുകൊേണ്ടയിരുന്നു. തൻഹ എന്ന പേരിന്റെ അർഥംപോലെ അവൾ ഒറ്റപ്പെടലിൽ അഭയംതേടി. ഒടുവിൽ, അത് പാരമ്യത്തിലെത്തിയപ്പോൾ ആ പെൺകുട്ടി ഒരു കടുംകൈ ചെയ്തു. അതിന്റെ വേദനയിൽനിന്നാണ് ഈ കുടുംബം സിനിമ എന്ന ആശയത്തിലേക്കെത്തിയത്.
കൈയിൽ പൊള്ളലേറ്റ അടുത്തബന്ധുവിനെ കാണാൻചെന്നപ്പോൾ, പൊള്ളലേറ്റ ഭാഗം വെളുത്തിരിക്കുന്നതു ചൂണ്ടി ആരോ തൻഹയോടു പറഞ്ഞു: “കണ്ടോ, പൊള്ളിയാൽ വെളുക്കും.” മറ്റുള്ളവർക്കത് നിർദോഷ ഫലിതമായിരുന്നെങ്കിലും അവളുടെ ഉള്ളിലത് തിണർത്തുകിടന്നു. സ്കൂളിലെ ഒപ്പന ടീമിൽനിന്ന് മാറ്റിനിർത്തിയ ദിവസം വീട്ടിലെത്തിയ തൻഹ ആരും കാണാതെ വെള്ളം തിളപ്പിച്ച് സ്വയം പൊള്ളിക്കാൻ ശ്രമിച്ചു. തലനാരിഴയ്ക്ക് അപകടം ഒഴിവായെങ്കിലും ആ സംഭവം കുടുംബത്തിൽ നീറിക്കൊണ്ടിരുന്നു. നന്നായി നൃത്തംചെയ്യുന്ന തൻഹയ്ക്ക് മലയാളത്തിലെ ഒരു റിയാലിറ്റി ഷോയിൽ ഇടംകിട്ടാതെപോയതും നിറത്തിന്റെ പേരിലായിരുന്നു. പിന്നീട് ഒരു തമിഴ് ചാനലിൽ റിയാലിറ്റി ഷോയിൽ ജിംനാസ്റ്റിക് ഡാൻസിൽ വിജയിയായി അവൾ മറുപടിപറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന പനീർശെൽവം പൊതുപരിപാടിക്കിടെ തൻഹയെ തിരിച്ചറിഞ്ഞ് വേദിയിലേക്കു വിളിച്ച് അഭിനന്ദിച്ചു. അന്ന് അദ്ദേഹം വാത്സല്യത്തോടെ വിളിച്ച ‘പാപ്പാ’ എന്ന പ്രയോഗം തൻഹ തന്റെ പേരിനൊപ്പം ചേർത്തു. ബിസ്മിത് നിലമ്പൂരിനൊപ്പം തിരക്കഥയിൽ മകളുടെ അനുഭവങ്ങൾ ചേർത്ത് അമ്മ ജാസ്മിനും പങ്കാളിയായി. ജോഷി ജോൺ ആണ് സംവിധാനം.
Content Highlights: real life story of kuruvipappa movie actress thanha