കോഴിക്കോടിന്റെ മണ്ണില്‍ 'കൊത്ത്' ഒരുങ്ങുമ്പോള്‍

സിബി മലയിൽ സംവിധാനം ചെയ്യുന്ന ആസിഫ് അലി സിനിമ 'കൊത്ത്' കോഴിക്കോട്ട് പുരോഗമിക്കുന്നു. സിനിമയെക്കുറിച്ച് സിബി മലയിൽ, രഞ്ജിത്ത്, ആസിഫ് അലി, ഹേമന്ത്‌കുമാർ എന്നിവർ സംസാരിക്കുന്നു| ഫോട്ടോ: ബിജിത്ത് ധര്‍മടം
സിബി മലയിൽ സംവിധാനം ചെയ്യുന്ന ആസിഫ് അലി സിനിമ 'കൊത്ത്' കോഴിക്കോട്ട് പുരോഗമിക്കുന്നു. സിനിമയെക്കുറിച്ച് സിബി മലയിൽ, രഞ്ജിത്ത്, ആസിഫ് അലി, ഹേമന്ത്‌കുമാർ എന്നിവർ സംസാരിക്കുന്നു| ഫോട്ടോ: ബിജിത്ത് ധര്‍മടം

സിബി മലയിൽ സംവിധാനം ചെയ്യുന്ന ആസിഫ് അലി സിനിമ ‘കൊത്ത്’ കോഴിക്കോട്ട് പുരോഗമിക്കുന്നു. സിനിമയെക്കുറിച്ച് സിബി മലയിൽ, രഞ്ജിത്ത്, ആസിഫ് അലി, ഹേമന്ത്‌കുമാർ എന്നിവർ സംസാരിക്കുന്നു

കോഴിക്കോടിന്റെ മണ്ണിൽനിന്ന് വീണ്ടുമൊരു സിബി മലയിൽ ചിത്രം... ഗോൾഡ് കോയിൻ മോഷൻ പിക്ച്ചേഴ്സ് നിർമിക്കുന്ന ‘കൊത്ത്’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കോഴിക്കോടിന്റെ പൂമുഖത്തിരുന്ന് സാമൂതിരിനാടിന്റെ ഓർമകൾ പങ്കുവെച്ച് സിബി മലയിൽ സംസാരത്തിന് തുടക്കമിട്ടു. ‘‘സിനിമയുമായി ചേർന്ന് വ്യക്തിപരമായി ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ച നാടാണെനിക്കിത്. ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും ജനപ്രിയതയും നേടിത്തന്ന ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’, ‘ഭരതം’, ‘സദയം’, ‘കാണാക്കിനാവ്...’ എന്നിങ്ങനെ ഒരുപാട് ചിത്രങ്ങളുടെ തട്ടകം കോഴിക്കോടായിരുന്നു.’’ സിനിമാചിത്രീകരണത്തിന്റെ ഇടവേളയിൽ നടന്ന സൗഹൃദസംഭാഷണത്തിലേക്ക് കൊത്തിലെ നായകൻ ആസിഫ് അലിയും നിർമാതാക്കളിലൊരാളായ രഞ്ജിത്തും കഥാകൃത്ത് ഹേമന്ത് കുമാറും പങ്കുചേർന്നു.

ആസിഫ് അലി: ഭക്ഷണം,സൗഹൃദം,കഥകൾ... അങ്ങനെ ഈ നാടുമായി അടുപ്പിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്.അതുകൊണ്ടുതന്നെ സന്തോഷത്തോടെയാണ് ലൊക്കേഷനിലേക്ക് എത്തിയത്.സിബിസാറിനൊപ്പം എന്റെ നാലാമത്തെ സിനിമയാണ്.അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇത്രയും വൈകാരികമായ കഥാസന്ദർഭങ്ങൾ ഉൾപ്പെടുന്ന ചിത്രം ആദ്യമായിട്ടാണ്.സമപ്രായക്കാർക്കൊപ്പം ബഹളമുണ്ടാക്കി അഭിനയിക്കുന്നതാണ് എന്റെ സ്ഥിരം രീതി. സിബി സാറും രഞ്ജിയേട്ടനുമെല്ലാമുള്ള സെറ്റിൽ ഞാൻ കുറച്ചുകൂടി അടുക്കുംചിട്ടയോടെയും പെരുമാറുന്നതായി തോന്നുന്നു.വർഷങ്ങൾക്കുശേഷം സിബിമലയിലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു എന്നത് കൊത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

സിബി മലയിൽ: ‘‘ഞാനും രഞ്ജിയും ഒരുപാട് സിനിമകൾക്കായി ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ‘എഴുതാപ്പുറങ്ങൾ’ എന്ന എന്റെ സിനിമയിൽ രഞ്ജി നടനാണ്. രഞ്ജിത്ത് കഥയും തിരക്കഥയുമെഴുതിയ ‘മായാമയൂരം’ ഞാൻ സംവിധാനംചെയ്ത സിനിമയാണ്. ‘സമ്മർ ഇൻ ബത്‌ലഹേമി’ന്റെ തിരക്കഥ രഞ്ജിത്തിന്റേതാണ്. ‘ഉസ്താദ്’ സിനിമയുടെ രചയിതാവും നിർമാതാവുമായി രഞ്ജിത്ത് ഉണ്ടായിരുന്നു. ഇടവേളയ്ക്കുശേഷം ഞങ്ങൾ വീണ്ടും കൊത്തിലൂടെ കൈകോർക്കുന്നുവെന്നത് സന്തോഷത്തോടെയാണ് കാണുന്നത്.”

രഞ്ജിത്ത്: ‘‘അയ്യപ്പനും കോശിയും, നായാട്ടും കഴിഞ്ഞ് അടുത്ത നിർമാണത്തെക്കുറിച്ച് ആലോചിക്കുമ്പോഴാണ്, സിബിമലയിൽ തുടങ്ങാനിരിക്കുന്ന പുതിയ സിനിമയെക്കുറിച്ചറിഞ്ഞത്. നിർമാണം ഏറ്റെടുക്കുന്ന സിനിമകളുടെ പ്രമേയം ശക്തമാകണമെന്ന് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ നല്ല കഥ ലഭിച്ചാൽമാത്രം മുന്നോട്ടുപോകാമെന്നായിരുന്നു തീരുമാനം. കഥ കേട്ട് ഇഷ്ടമായാൽ നിർമാണത്തെപ്പറ്റി ആലോചിക്കാമെന്നാണ് സിബിച്ചായനോടു പറഞ്ഞത്. കഥ കേട്ടപ്പോൾ കൂടുതലായി ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.അടുത്ത പ്രോജക്ട് ഇതുതന്നെയെന്ന് ഞാനെന്റെ പാർട്‌ണർ ശശിധരനെ വിളിച്ചുപറഞ്ഞു. കഥ നൽകുന്ന ആത്മവിശ്വാസം ഇന്ന് ഈ സിനിമയുമായി ചേർന്ന് പ്രവർത്തിക്കുന്നവരിലും കാണുന്നു.’’

സിബി മലയിൽ സംവിധാനം ചെയ്യുന്ന ആസിഫ് അലി സിനിമ ‘കൊത്ത്’ കോഴിക്കോട്ട് പുരോഗമിക്കുന്നു. സിനിമയെക്കുറിച്ച് സിബി മലയിൽ, രഞ്ജിത്ത്, ആസിഫ് അലി, ഹേമന്ത്‌കുമാർ എന്നിവർ സംസാരിക്കുന്നു| ഫോട്ടോ: ബിജിത്ത് ധര്‍മടം

സിബി മലയിൽ: ‘‘കോവിഡ് ഭീതിയെത്തുടർന്ന് കൊത്തിന്റെ ചിത്രീകരണം തുടങ്ങിയശേഷം താത്കാലികമായി നിർത്തിവെക്കുകയായിരുന്നു. ഒരുവർഷത്തോളം കാത്തിരിപ്പ് നീണ്ടുപോയി. എങ്കിലും വീണ്ടും ആരംഭിച്ചപ്പോൾ പെട്ടെന്നുതന്നെ എല്ലാവരും കഥാപാത്രങ്ങളിലേക്ക് ഇറങ്ങിച്ചെന്നതായി തോന്നി. ഇടവേള സംഭവിച്ചിട്ടില്ലാത്തപോലെയാണ് ആസിഫ് അലിയെല്ലാം വൈകാരികരംഗങ്ങളുടെ തുടർച്ച അവതരിപ്പിച്ചത്. അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും മനസ്സിൽ കഥാപാത്രങ്ങൾ കയറിക്കൂടിയെന്നറിയുമ്പോൾ സന്തോഷം. സിനിമയിൽ മറ്റൊരു പ്രധാനവേഷം ചെയ്യുന്ന നടൻ റോഷൻ മാത്യു ഒരുവർഷത്തിനിടെ പലതവണ വിളിച്ച് കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുമായിരുന്നു. ഞാൻ ചെയ്ത നല്ല സിനിമകളുടെ പട്ടികയിലേക്ക് ഉൾപ്പെടുത്താവുന്ന ചിത്രമായിരിക്കും കൊത്ത്. നിർമാതാക്കളിലൊരാൾ എന്നതിനുപുറമേ കഥയിൽ ശക്തമായൊരു വേഷം രഞ്ജിത്ത് ചെയ്യുന്നുണ്ട്.’’

രഞ്ജിത്ത്: ‘‘അയ്യപ്പനും കോശിയും ചിത്രത്തിന്റെ നിർമാണപ്രവർത്തനങ്ങൾ മുന്നോട്ടുപോകവേ, മുൻപ് കണ്ടുവെച്ച ഒരു നടന്റെ അഭാവത്തിൽ പകരക്കാരനായി കയറി അഭിനയിച്ചതാണ് കോശിയുടെ അച്ഛൻ കുര്യൻ ജോണിന്റെ വേഷം. എന്നാൽ, ഈ കഥയുടെ നിർമാണം ഏറ്റെടുക്കാമെന്ന് ഉറപ്പിക്കുംമുൻപേ അഭിനയിക്കേണ്ട വേഷത്തെക്കുറിച്ച് സിബി മലയിൽ സൂചിപ്പിച്ചിരുന്നു.’’

ആസിഫ് അലി: ഷാനു എന്നുവിളിക്കുന്ന ഷാനവാസ് എന്ന കണ്ണൂരുകാരനെയാണ് കൊത്തിൽ അവതരിപ്പിക്കുന്നത്. പാർട്ടിഗ്രാമത്തിൽ ജനിച്ചുവളർന്ന പാർട്ടിക്കാരൻ. അയാളുടെ ബന്ധങ്ങളും സൗഹൃദങ്ങളും നേരിടുന്ന പ്രശ്‌നങ്ങളുമെല്ലാമാണ് സിനിമപറയുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുൾപ്പെടെ പലപ്പോഴായി നമ്മളൾ നടുക്കത്തോടെ വായിച്ച വാർത്തകളുമായി ചേർന്നു നിൽക്കുന്നുണ്ട് കഥാസന്ദർഭങ്ങൾ

ഹേമന്ത് കുമാർ: ‘‘സിനിമയുടെ സർവകലാശാലയിൽ ഫീസില്ലാതെ പഠിക്കാനെത്തിയ വിദ്യാർഥിയാകുന്ന അനുഭവമാണെനിക്ക്. സിബി സാറിനെപ്പോലുള്ളൊരാൾ എന്റെ കഥ അംഗീകരിക്കുക, അദ്ദേഹം അത് സംവിധാനം ചെയ്യുക, എല്ലാ ജോണറിലും സിനിമകൾ ചെയ്തിട്ടുള്ള രഞ്ജിയേട്ടനെപ്പോലെയുള്ള ആളുടെ പ്രൊഡക്‌ഷൻ ഹൗസ് നിർമാണം ഏറ്റെടുക്കുക എന്നതെല്ലാം ഭാഗ്യമാണ്. കൊത്തിലൂടെ സമകാലികപ്രസക്തിയുള്ള വിഷയമാണ് മുന്നോട്ടുവെക്കുന്നത്. കൊത്ത് എന്നത് ഒരു കണ്ണൂർ പ്രയോഗമാണ്. വെട്ടുകയെന്നർഥം. ജനാധിപത്യരാജ്യമെന്ന് പറയുമ്പോഴും മനുഷ്യൻ മനുഷ്യനെ കൊല്ലുകയെന്നത് പരിഷ്കൃതസമൂഹത്തിന് യോജിച്ചതല്ല. രാഷ്ട്രീയപകപോക്കലിൽ അനാഥമാകുന്ന കുടുംബങ്ങൾ നമുക്കുമുന്നിലുണ്ട്. അക്രമരാഷ്ട്രീയത്തിനെതിരേയാണ് ഈ കഥ.’’

സിബി മലയിൽ: ‘‘ഹേമന്ത് കുമാർ പങ്കുവെച്ച വിഷയത്തിന്റെ ഗൗരവംതന്നെയാണ് കഥയിലേക്കടുപ്പിച്ചത്. ഞങ്ങൾ രണ്ടുപേരുംചേർന്ന് വേറെയും ഒന്നുരണ്ട് കഥകൾ ചർച്ചചെയ്തിരുന്നെങ്കിലും ഇതാണ് ആദ്യം ഒരു പ്രോജക്ടായി രൂപപ്പെട്ടത്. മനസ്സിനിഷ്ടപ്പെട്ട ഒരു വിഷയം ലഭിച്ചുകഴിഞ്ഞാൽ എഴുത്തുകാരനെ അയാളുടെ സ്വാതന്ത്ര്യത്തിനു വിടുന്നതാണ് എന്റെ രീതി. ആദ്യത്തെ രചനാഘട്ടം പൂർത്തിയായശേഷം മാത്രമാണ് ചർച്ചകൾക്കായി ഇരിക്കുക.’’

രഞ്ജിത്ത്: ‘‘കോഴിക്കോട്ടും തളിപ്പറമ്പിലുമായി കൊത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പൊളിറ്റിക്കൽ സിനിമ എന്നതിനപ്പുറം മനുഷ്യരുടെ വൈകാരികതലങ്ങൾക്ക് കഥ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. കുടുംബബന്ധങ്ങൾക്കുള്ളിലെ സന്തോഷങ്ങൾ, വേദന, നഷ്ടം, പ്രണയം എന്നിവയെല്ലാം കഥയ്ക്ക്‌ അകമ്പടിയായി എത്തുന്നു. നിഖില വിമലാണ് നായിക. ഇന്നത്തെ സാഹചര്യങ്ങൾക്ക് അല്പംകൂടി അയവുവന്ന് കോവിഡ് ഭീതികളെല്ലാം അടങ്ങുന്ന സാഹചര്യത്തിൽ തിയേറ്റർ റിലീസായി കൊത്ത് പ്രേക്ഷകരിലേക്കെത്തും.’’

Content Highlights: Kothth Movie, Asif Ali, Sibi Malayil, Renjith, Hemanth Kumar, Nikhila Vimal

Content Highlights: