എന്തുകൊണ്ട് തനിക്കെപ്പോഴും തീവ്രവാദിയും വാടക കൊലയാളിയും; കസാന്‍ ഖാന്റെ പരിഭവം

തെന്നിന്ത്യന്‍ സിനിമയില്‍ ഒട്ടേറെ ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയ കസാന്‍ ഖാന്റെ വിയോഗവാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലയാളത്തില്‍ ഗാന്ധര്‍വ്വം എന്ന ചിത്രത്തിലൂടെയായിരുന്നു കസാന്‍ ഖാന്റെ അരങ്ങേറ്റം. സിഐഡി മൂസ, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന് മര്യാദരാമന്, തുടങ്ങി ഒട്ടേറെ സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. ഒട്ടുമിക്കതും വില്ലന്‍ കഥാപാത്രങ്ങളായിരുന്നു.
കസാന്‍ ഖാനൊപ്പം രണ്ടു സിനിമകളില്‍ പ്രവര്‍ത്തിച്ചയാളാണ് സംവിധായകനും നടനുമായ ജോണി ആന്റണി. 2003 ല്‍ അദ്ദേഹം സംവിധാനം ചെയ്ത സിഐഡി മൂസയിലും 2013 ല്‍ മാസ്റ്റേഴ്സിലും. സിനിമയിലെ വില്ലന്‍ യഥാര്‍ഥ ജീവിതത്തില്‍ ഒരു നിഷ്കളങ്കനായ വ്യക്തിയായിരുന്നുവെന്ന് ജോണി ആന്റണി പറയുന്നു. ഒരുമിച്ച് ജോലി ചെയ്ത രണ്ടു സിനിമകളിലും നന്നായി സഹകരിച്ച നടനാണ് കസാന്‍ ഖാന്, അദ്ദേഹത്തെ മറക്കാനാവില്ലെന്ന് ജോണി ആന്റണി മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
നമ്മള് പൊതുവേ തമാശയായി പറയാറില്ലേ, സിനിമയിലെ വില്ലന്മാര് ജീവിതത്തില്‍ പാവങ്ങളായിരിക്കുമെന്ന്. അതിന് ഉദാഹരണമാണ് കസാന്‍ ഖാന്. ഒരു സാധുവായ മനുഷ്യനായിരുന്നു. തിളങ്ങുന്ന കൃഷ്ണമണികളുള്ള സുന്ദരനായ നടന്. എല്ലാവരോടും നന്നായി ഇടപെടുന്ന, കഥാപാത്രത്തെ പരമാവധി നന്നായി അവതരിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന ഒരു ആര്‍ട്ടിസ്റ്റ് ആയിരുന്നു അദ്ദേഹം. ഒന്നിന് പിറകെ ഒന്നായി സിനിമ ചെയ്തിരുന്ന ഒരു നടനായിരുന്നില്ല അദ്ദേഹം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ സിനിമയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഫൈറ്റ് രംഗങ്ങളെല്ലാം നന്നായി ചെയ്യുമായിരുന്നു. മലയാള സിനിമയോട് വലിയ ഇഷ്ടവുമായിരുന്നു. ഇവിടുത്തെ ആര്‍ട്ടിസ്റ്റുകളോട് പ്രത്യേക സ്നേഹമുണ്ടായിരുന്നു. 'കിങ്' എന്ന സിനിമയിലെ വിക്രം ഘോര്‍പ്പടെ എന്ന കഥാപാത്രമായാണ് അദ്ദേഹത്തെ മലയാളികള്‍ ഓര്‍ക്കുന്നത്. അതുകൊണ്ടു തന്നെ കസാന്‍ ഖാന് എന്ന പേര് ഇവിടെ പലര്‍ക്കും അറിയുമായിരുന്നില്ല. ആളുകള്‍ അദ്ദേഹത്തെ വിക്രം എന്ന് വിളിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
മലയാളത്തിന് പുറമേ തമിഴിലാണെങ്കിലും കന്നടയിലാണെങ്കിലും എല്ലാത്തിലും അന്യദേശത്ത് നിന്ന് വരുന്ന വില്ലനായിരിക്കും കാസാന്‍ ഖാന്റെ കഥാപാത്രം. പ്രത്യേകിച്ച് ബോംബെയിലെ അധോലോകത്ത് നിന്ന്. എന്തുകൊണ്ടാണ് തനിക്ക് എപ്പോഴും തീവ്രവാദി, വാടക കൊലയാളി, ഷാര്‍പ്പ് ഷൂട്ടര്‍ തുടങ്ങിയ വേഷങ്ങള്‍ മാത്രം ലഭിക്കുന്നത് എന്ന പരിഭവം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ടൈപ്പ് കാസ്റ്റാകുന്നത് ഒട്ടുമിക്ക ആര്‍ട്ടിസ്റ്റുകള്‍ക്കും ഇഷ്ടമാകില്ല. അദ്ദേഹത്തിന്റെ ചോദ്യം ന്യായമാണ്. ഒരിക്കല്‍ ഈ കാര്യം ഞാന്‍ അദ്ദേഹം എന്നോട് പങ്കുവച്ചു. അന്നു ഞാന്‍ പറഞ്ഞു, 'താങ്കളുടെ ശരീരപ്രകൃതി വേറിട്ടതാണ്. നമ്മുടെ നാട്ടിലെ ഒരു റബര്‍ വെട്ടുകാരനോ പലചരക്കുകടക്കാരനോ തെങ്ങുകയറ്റക്കാരനോ ആയ കഥാപാത്രങ്ങള്‍ താങ്കള്‍ക്ക് ചേരുകയില്ല, അതുകൂടാതെ ഭാഷയും വഴങ്ങില്ലല്ലോ' എന്ന്. എന്റെ മറുപടി കേട്ട് അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്.
സിഐഡി മൂസ റിലീസ് ആയി 20 വര്‍ഷവും മാസ്റ്റേഴ്സ് റിലീസായി പത്ത് വര്‍ഷവും കഴിഞ്ഞു. മാസ്റ്റേഴ്സിന് ശേഷം രണ്ടുമൂന്ന് വട്ടം അദ്ദേഹം എന്നെ വിളിച്ചിട്ടുണ്ട്. ഒരു അന്പത്തിയഞ്ചു വയസ്സിന് താഴെ മാത്രമേ അദ്ദേഹത്തിന് പ്രായമായിട്ടുണ്ടാകുകയുള്ളൂ. മരണപ്പെട്ട വാര്‍ത്ത കേട്ടപ്പോള്‍ അതിയായ ദുഖം തോന്നി. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു- ജോണി ആന്റണി പറഞ്ഞു.
Content Highlights: Kasan Khan actor , south Indian actor, villain characters, Kazan Khan filmography, gandharvam